Image

ജിത്തുവിന്റെ സ്വപ്‌നം പൂവണിയുന്നു; അടുത്തത് മമ്മൂട്ടി ചിത്രം

Published on 23 August, 2016
ജിത്തുവിന്റെ സ്വപ്‌നം പൂവണിയുന്നു; അടുത്തത് മമ്മൂട്ടി ചിത്രം
കാത്തിരിപ്പിന് അവസാനം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജിത്തുജോസഫിന് ഒടുവില്‍ മെഗാതാരം മമ്മൂട്ടി ഡേറ്റ് കിട്ടി. ജിത്തു ഒരുക്കുന്ന പുതിയ ത്രില്ലര്‍ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ തനിക്ക് കിട്ടിയെന്നും പറഞ്ഞ കഥ മമ്മൂട്ടിക്ക് ഇഷ്ടമായിയെന്നും ജിത്തു പറഞ്ഞു.
മിക്കവാറും സൂപ്പറുകളെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ള ജിത്തുവിന്റെ ഇതുവരെ നടക്കാത്ത സ്വപ്നമാണ് മമ്മൂട്ടിസിനിമ എന്നത്. മലയാളത്തിലെ വന്‍ ഹിറ്റുകളില്‍ പെടുന്ന മെമ്മറീസും ദൃശ്യവും ജിത്തു മമ്മൂട്ടിക്ക് വേണ്ടി സൃഷ്ടിച്ചതായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം മെമ്മറീസ് പൃഥ്വിയും ദൃശ്യം മോഹന്‍ലാലും ചെയ്യുകയും രണ്ടും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ദൃശ്യത്തില്‍ അഭിനയിക്കാന്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന മമ്മൂട്ടി ചെയ്യാന്‍ സാധ്യമാകില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ ലാലിനെ നിര്‍ദേശിക്കുകയായിരുന്നു.
ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ള ത്രില്ലറാണ് ജിത്തു മമ്മൂട്ടിക്കായി പ്ളാന്‍ ചെയ്തിരിക്കുന്നത്. രണ്ടുപേരും തമ്മില്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഡേറ്റിന്റെ കാര്യമാണ് അന്തിമമാകാത്തത്. മമ്മൂട്ടിയുടെ ഗ്ളാമറും സ്റ്റൈലുമൊന്നും ഉപയോഗിക്കാതെ തികച്ചും സാധാരണക്കാരനായ ഒരാളായി പ്രേക്ഷകരോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമായിരിക്കും ഇതെന്ന് ജിത്തു പറയുന്നു.
ആദ്യ ചിത്രമായ ഡിറ്റക്ടീവില്‍ സുരേഷ്ഗോപിയെ ഉപയോഗിച്ച ജിത്തു മൈ ബോസില്‍ ദിലീപിനെയും നായകനാക്കി. പൃഥ്വിരാജിനെ നായകനാക്കി ചെയ്യുന്ന ഊഴമാണ് ജിത്തുജോസഫിന്റെ അടുത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം. ഇതിന് പിന്നാലെ ഒരു മോഹന്‍ലാല്‍ ചിത്രം, അതിന് ശേഷം വീണ്ടും പൃഥ്വിരാജ്, പിന്നെ ഒരു ദിലീപ് - കാവ്യാമാധവന്‍ ചിത്രം എന്നിവയാണ് ജിത്തുവിന്റെ പക്കലുള്ളത്. മമ്മൂട്ടിക്കാകട്ടെ ഹനീഫ് അദേനി എന്ന നവാഗതന്റെ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് ചെയ്യാനുള്ളത്. അടുത്തയാഴ്ച ഇത് തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക