Image

കഞ്ചിക്കോട് ഫാക്ടറിക്ക് ഫിബ്രവരിയില്‍ തറക്കല്ലിടും

Published on 09 February, 2012
കഞ്ചിക്കോട് ഫാക്ടറിക്ക് ഫിബ്രവരിയില്‍ തറക്കല്ലിടും
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഫിബ്രവരിയില്‍ തറക്കല്ലിടും. കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

കഞ്ചിക്കോട് നിര്‍ദ്ദിഷ്ട റെയില്‍ കോച്ച് ഫാക്ടറിക്കായി റെയില്‍വേ കണ്ടെത്തിയ 239 ഏക്കര്‍ ഭൂമി റെയില്‍ മന്ത്രാലയത്തിന് കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായത് ഫിബ്രവരി ഏഴിനാണ്. 33.70 കോടി രൂപ ഇതിനായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് നല്‍കണം. നിശ്ചിതസമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുന്നുവെന്ന് റെയില്‍വേ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.


സ്ഥലം കൈമാറ്റം സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ റെയില്‍ മന്ത്രാലയവുമായി ചര്‍ച്ചചെയ്തശേഷം തയാറാക്കും. 239 ഏക്കര്‍ ഭൂമി റെയില്‍വേ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അളന്നു തിട്ടപ്പെടുത്താന്‍ പാലക്കാട് ജില്ലാ കളക്ടറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.


426 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ആകെ ആവശ്യമുള്ളത്. റെയില്‍വേ കണ്ടെത്തിയതിനു പുറമേ ആവശ്യമുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഓഹരിയായി നല്‍കും. 2008-09 ലെ റെയില്‍വേ ബജറ്റിലാണ് പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക