Image

'പിന്നെയും' നല്ല സിനിമയുടെ പൂക്കാലം

ആഷ എസ് പണിക്കര് Published on 19 August, 2016
                            'പിന്നെയും' നല്ല സിനിമയുടെ പൂക്കാലം
  അടൂര്‍ സിനിമകളെന്നാല്‍ അവാര്‍ഡ് സിനിമകള്‍ എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ശക്തമായ കഥയും തിരക്കഥയും പിന്‍ബലം നല്‍കുന്ന അടൂരിന്റെ ചിത്രങ്ങളില്‍ എല്ലാ വികാരങ്ങളും സംഭാഷണങ്ങളിലൂടെ വിവരിച്ച് കഥാപാത്രങ്ങളെ വെറുതേ നിര്‍ത്തുന്ന സംവിധായകനല്ല അടൂര്‍.

 ഉള്ളിലെ വികാരവിക്ഷോഭങ്ങളും നിസംഗതയും പൊട്ടിത്തെറിക്കലുകളുമെല്ലാം മുഖത്തു തന്നെ വരണം. അതിന് ചിലപ്പോള്‍ പശ്ചാത്തലദൃശ്യങ്ങളുടെ അകമ്പടി പോലും ഉണ്ടാവുകയില്ല. നടനോ നടിയോ അത് അഭിനയിച്ചു തന്നെ തീര്‍ക്കണം.

വാണിജ്യസിനിമകളുടെ ചട്ടക്കൂടുകളുകള്‍ക്കനുസരിച്ച് ശരീരഭാഷ പോലും രൂപപ്പെട്ടുപോയ നടീനടന്‍മാര്‍ക്ക് അടൂരിന്റെ ഓരോ കഥാപാത്രവും ചെയ്യുമ്പോള്‍ ആദ്യം തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരുന്നത് ഇത്തരം മാനറിസങ്ങള്‍ തന്നെയാണ്.

 ചങ്ങയ്ക്കിട്ടതുപോലെയുള്ള അനുഭവം. ഒരു നടന്റെ ഉള്ളില്‍ നിന്നും എന്താണോ താന്‍ പ്രതീക്ഷിക്കുന്നത് ആ തലത്തിലേക്ക് അയാളെ അല്ലെങ്കില്‍ ആ നടിയെ പാകപ്പെടുത്തിയെടുക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനു കഴിയും. 

അതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്നെയും എന്ന ചിത്രത്തിലെ ദിലീപ് അവതരിപ്പിക്കുന്ന പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രം.

അടൂരിന്റെ ഏറ്റവും പുതിയ സിനിമയായ 'പിന്നെയും' അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളില്‍ നിന്നും കുറച്ചൊക്കെ വഴി മാറി സഞ്ചരിക്കുന്ന സിനിമയാണ്.

 തീവ്രമായ പ്രണയത്തിലധിഷ്ഠിതമായിരിക്കുമ്പോഴും ചില ആകസ്മികതകളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. അറിയാതെ അകപ്പെട്ടു പോകുന്ന ചില കെണികള്‍. 

അതില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മുറുകുന്ന കുരുക്കുകളില്‍ മരണത്തെയും ജീവിതത്തെയും ഒരു നേര്‍ത്ത രേഖയ്ക്കിരുപുറവും നിന്നു കാണേണ്ടി വരുമ്പോഴുള്ള മനുഷ്യന്റെ അവസ്ഥകള്‍. 

ന്യൂജെനറേഷന്‍ സിനിമകളുടെ കാലത്തും പ്രായത്തിന്റെയും അനുഭവപരിജ്ഞാനത്തിന്റെയും പിന്‍ബലത്തില്‍ ഒരു യഥാര്‍ത്ഥ പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് 'പിന്നെയും'. 

ദിലീപും കാവ്യയുമാണ് നായികാനായകന്‍മാരായി എത്തുന്നത്. ഇരുവരും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോടെ കൊന്ന് കാറിലിട്ടു കത്തിച്ചു കളഞ്ഞശേഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരക്കുറുപ്പ് നടത്തിയ ക്രൂരകൃത്യത്തിന്റെ സാക്ഷ്യമാകുന്നുണ്ട് ഈ ചിത്രം. 

പക്ഷേ അതിന്റെ കഥാപാതരിസരം ഒരുക്കുന്നതില്‍ സംവിധാ.കന് പാളിച്ച സംഭവിച്ചോ എന്ന് ചിലപ്പോള്‍ തോന്നിയേക്കാം.

പൂര്‍ണമായും അടൂരിന്റെ സിനിമ തന്നെയാണ് പിന്നെയും. എന്നാലും ഒരു സീനില്‍ മാത്രം വന്നു പോകുന്നവര്‍ക്കും ചിത്രത്തില്‍ തന്റേതായ സംഭാവന നല്‍കാന്‍ കഴിയും വിധമാണ് കഥാപാത്രങ്ങളുടെ നിര്‍മിതി. 

അഭ്യസ്തവിദ്യനായിട്ടും തൊഴില്‍രഹിതനാണ് പുരുഷോത്തമന്‍ നായര്‍ (ദിലീപ്).അയാളുടെ ഭാര്യ ദേവി(കാവ്യാ മാധവന്‍) അധ്യാപികയാണ്. 

അവര്‍ക്ക് ഒരു മകളുണ്ട് ഭാര്യുടെ ശമ്പളത്തിലും അധ്യാപകനായിരുന്ന അമ്മായി അച്ഛന് കിട്ടുന്ന പെന്‍ഷന്‍തുക കൊണ്ടുമാണ് അവരുടെ കുടുംബത്തെ ചെലവുകള്‍ കഴിഞ്ഞു പോകുന്നത്. ഭാര്യയുടെ ചെലവില്‍ കഴിയേണ്ടി വരുന്നതിന്റെ വിഷമം പുരുഷോത്തമനുണ്ട്

പലപ്പോഴും കിടപ്പറയിലും ഊണുമേശയ്ക്കു മുന്നിലും അയാള്‍ക്ക് ഭാര്യയുടെ കുത്തു വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നു.

 ഒരു ജോലി നേടാന്‍ പലവഴിക്കും ശ്രമിക്കുന്നുണ്ടെങ്കിലും പുരുഷോത്തമന് അത് ലഭിക്കുന്നില്ല. ഭര്‍ത്താവിനോട് കുത്തുവാക്കുകള്‍ പറയുന്നുണ്ടെങ്കിലും ഭര്‍ത്താവിന്റെ സഹോദരി ശാരദയുടെ വിവാഹത്തിന് തന്റെ ആഭരണങ്ങള്‍ നല്‍കി ദേവി സഹായിക്കുന്നുണ്ട്.

 ഉത്തരവാദിത്വമില്ലാത്ത ഭര്‍ത്താവിന്റെയൊപ്പം കഷ്ടജീവിതം നയിക്കുന്ന ഭര്‍ത്തൃസഹോദരിക്കും ദേവി തുണയാകുന്നുണ്ട്. അവളിലെ നന്‍മ പ്രകടമാക്കുന്ന പല സന്ദര്‍ഭങ്ങളും സിനിമയിലുണ്ട്. 

കുടുംബം, പ്രണയം, പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തി എന്നിവയാണ് സിനിമയുടെ പ്രധാന പ്രമേയം. കുടുംബത്തെയും അതിന്റെ ഉള്ളിലെ പ്രശ്‌നങ്ങളെ കുറിച്ചുമാണ് സിനിമ പറയുന്നത്. 

പുരുഷോത്തമന് ഗള്‍ഫില്‍ ജോലി കിട്ടുന്നതോടെ കഥയ്ക്ക് വഴിത്തിരിവാകുന്നു. അതോടെ കഥയ്ക്ക് വേഗം ആര്‍ജ്ജിക്കുന്നു ഗള്‍ഫില്‍ പോയി പണം സമ്പാദിക്കുന്നതോടെ പുരുഷോത്തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിഭാവുകത്വമില്ലാതെ തന്നെ അടൂര്‍ വിവരിച്ചു തരുന്നു. 

അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ അയാളെ തേടിയെത്തുന്നു. പണ്ടൊക്കെ കാണുമ്പോള്‍ ഒന്നു ചിരിക്കാന്‍ കൂടി മടി കാണിച്ചിരുന്ന അയല്‍ക്കാര്‍ കുശലം ചോദിക്കുന്നു. വീട്ടിലെപ്പോഴും വിരുന്നുകാര്‍. ആകെ ഒരു ബഹളം. ഇവിടെ മുതല്‍ കഥ ഉദ്വേഗജനകമാകുന്നു.

ദിലീപിന്റെയും കാവ്യയുടെയും ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും പിന്നെയും എന്ന ചിത്രത്തിലേത് എന്നതില്‍ സംശയമില്ല.

 വാണിജ്യ സിനിമകളുടെ ധാരാളിത്തത്തില്‍ നിന്നും പിടിവിട്ട് റിയലിസ്റ്റ്ക്കായി അഭിനയിച്ച ദിലീപ്, പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കി. 

നായികയായി എത്തിയ കാവ്യാ മാധവന്റെ പ്രകടനം പ്രേക്ഷകരെ അതിശയിപ്പിച്ചു കളയും. പ്രണയവും വേദനയും കാത്തിരിപ്പും സങ്കടവുമെല്ലാം ഉള്ളിലും കണ്ണിലുമൊതുക്കുന്ന ദേവിയെന്ന കഥാപാത്രത്തെ കാവ്യ അത്യുജ്ജ്വലമായി തന്നെ അവതരിപ്പിച്ചു. 

ഭാര്യ, അമ്മ, മകള്‍ എന്നീ വേഷങ്ങളില്‍ എത്തുന്ന കാവ്യ ഈ മൂന്നു വേഷപ്പകര്‍ച്ചകളിലും തിളക്കമാര്‍ന്ന അഭിനയം തന്നെ പുറത്തെടുത്തു. വിവാഹത്തേിന്റെ ആദ്യനാളുകളില്‍ ഭാര്യ കാമുകിയെ പോലെ തന്നെയാകുമല്ലോ.

 ആ ഭാവങ്ങളെല്ലാം തികഞ്ഞ കൈയ്യടക്കത്തോടെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ വളരെ തന്‍മയത്വത്തോടെയും അനായാസമായും തന്നെ കാവ്യ അവതരിപ്പിച്ചിരിക്കുന്നു. 

ഒരു അഭിനേത്രയെന്ന നിലയില്‍ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തിയ അഭിനയമികവാണ് കാവ്യ ദേവിക്കായി പകര്‍ത്തിയത്. അടൂരിന്റെ ചിത്രങ്ങളില്‍ രണ്ടാം വട്ടവും അവസരം ലഭിക്കണമെങ്കില്‍ അതിന് പ്രത്യേക അഭിനയകരുത്തും ഭാഗ്യവും വേണം. അതുകൊണ്ടായിരിക്കാം, നാലു പെണ്ണുങ്ങള്‍ക്ക് ശേഷം അടൂര്‍ വീണ്ടും കാവ്യയെ ദേവിയാകാന്‍ ക്ഷണിച്ചതും.

നെടുമുടി വേണു അവതരിപ്പിച്ച പപ്പു പിള്ള, ഇന്ദ്രന്‍സിന്റെ കിട്ടുണ്ണിചച്‌#േട്ടന്‍ എന്നീ കഥാപാത്രങ്ങള്‍ വളരെ മികച്ചതാണ്. ഒരു രംഗത്ത് മാത്രം വന്നു പോകുന്ന നന്ദുവും കൈയ്യടക്കത്തോടെ തന്നെ തന്റെ ഭാഗം അവതരിപ്പിച്ചിട്ടുണ്ട്. 

കെ.പി.എ.സി ലളിത, സുധീര്‍ കരമന, നന്ദ കിഷോര്‍ , സതി പ്രേംജി, സ്രിന്ദ, സുബോധ് ഭാവെ, മീര നല്ലൂര്‍, കൃഷഅണന്‍ ബാലകൃഷ്ണന്‍, രവി വള്ളത്തോള്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. 

എം.ടിയുടെ കഥയിലെ ഗ്രാമ്യഭംഗി നിറയുന്ന സിനിമ കൂടിയാണ് പിന്നെയും. ബിജി പാലിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ആകെയുള്ള മൂഡിന് തികച്ചു അനുയോജ്യമാണ്. 

അടൂര്‍ സിനിമകളുടെ ടച്ച് ഒരോ സീനിലും നിലനിര്‍ത്തിക്കൊണ്ടാണ് പിന്നെയും പ്രേക്ഷകന് മുന്നിലെത്തുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും പിന്നെയും.

                            'പിന്നെയും' നല്ല സിനിമയുടെ പൂക്കാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക