Image

ആഗോള പ്രാര്‍ത്ഥനാദിനാചരണം ഫിലാഡല്‍ഫിയായില്‍ മാര്‍ച്ച്‌ 3 ന്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 09 February, 2012
ആഗോള പ്രാര്‍ത്ഥനാദിനാചരണം ഫിലാഡല്‍ഫിയായില്‍ മാര്‍ച്ച്‌ 3 ന്‌
ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിയണിലെ ക്രിസ്‌തീയ സമൂഹം മാര്‍ച്ച്‌ 3 ശനിയാഴ്‌ച്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചുകൊണ്ട്‌ ആഗോളതലത്തില്‍ മാര്‍ച്ച്‌ 2 നു നടക്കുന്ന പ്രാര്‍ത്ഥനാസര്‍വീസുകളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അന്നേദിവസം രാവിലെ 10 മുതല്‍ 12:30 വരെ നടക്കുന്ന പ്രാര്‍ത്ഥനാസര്‍വീസില്‍ എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലുള്ള എല്ലാപള്ളികളിലേയും വനിതകളും, യുവജനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍, പങ്കെടുക്കണമെന്ന്‌ ചെയര്‍മാന്‍ റവ. ഫാ. ജോസ്‌ ദാനിയേല്‍ പെയിറ്റേല്‍, റലിജിയസ്‌ ആക്‌റ്റിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ പുന്നൂസ്‌, സെക്രട്ടറി കോശി വര്‍ഗീസ്‌, വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ലിസി എബ്രാഹം, ആഗോളപ്രാര്‍ത്ഥനാദിന കോര്‍ഡിനേറ്റര്‍ നിര്‍മമല എബ്രാഹം എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. വിശ്വാസസംഹിതകളിലും, ആചാരാനുഷ്‌ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും വൈവിധ്യമുള്ള ക്രിസ്‌തീയവനിതകളുടെ ആഗോളതലത്തിലുള്ള ഒരു എക്യുമെനിക്കല്‍ കൂട്ടായ്‌മയാണു World Day of Prayer (WDP) എന്നപേരില്‍ അറിയപ്പെടുന്നത്‌. 19ാം നൂറ്റാണ്ടില്‍ പലരാജ്യങ്ങളിലായി ചെറിയരീതിയില്‍ തുടക്കമിട്ട്‌ 1927 ല്‍ ഔദ്യോഗികമായി ആരംഭംകുറിച്ച ഈ ക്രിസ്‌തീയ വനിതാമുന്നേറ്റം ഇന്നു വളര്‍ന്നു പന്തലിച്ച്‌ ഇന്ത്യയുള്‍പ്പെടെ 172 ല്‍ പരം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

വടക്കേഅമേരിക്കയിലും യു.കെ.യിലും വനിതാചരിത്രമാസമായി എല്ലാവര്‍ഷവും ആചരിക്കുന്ന മാര്‍ച്ചിലെ ആദ്യവെള്ളിയാഴ്‌ചയാണു ആഗോളതലത്തില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്‌. അന്നേ ദിവസം ക്രൈസ്‌തവവനിതകളുടെ നേതൃത്വത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികളും, പുരുഷന്മാരും, സ്‌ത്രീകളൂം ഉള്‍പ്പെടെയുള്ള ക്രൈസ്‌തവവിശ്വാസികള്‍ അതാതുപ്രദേശങ്ങളില്‍ പൊതുവായ ഒരു സ്ഥലത്ത്‌ ഒത്തുകൂടി സാര്‍വലൗകികസ്‌നേഹത്തിന്റേയും, സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ക്രിസ്‌തീയ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ ലോകനന്മക്കായി കൈകോര്‍ക്കുന്നു. വര്‍ഷത്തില്‍ ഒരു ദിവസം ആഗോളതലത്തില്‍ പൊതുവായ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നതുവഴി വിവിധ രാജ്യങ്ങളിലുള്ള വനിതകള്‍ യേശുക്രിസ്‌തുവിലുള്ള അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും, പല ജാതി, ഭാഷ, വര്‍ഗ, പ്രാദേശിക വ്യത്യാസങ്ങളുള്ള വനിതകള്‍ക്കുതമ്മില്‍ സ്‌നേഹത്തിലൂന്നിയ നല്ലൊരു കൂട്ടായ്‌മ ഉണ്ടാക്കുന്നതിനും, പരസ്‌പരം കൂടുതല്‍ അറിയുന്നതിനും, പ്രവര്‍ത്തിക്കുന്നതിനും ലക്ഷ്യമിടുന്നു. ലോകത്തെമ്പാടുമുള്ള വനിതകള്‍ക്ക്‌ മറ്റു രാജ്യക്കാരുടെ സംസ്‌കാരം മനസിലാക്കുന്നതിനും സ്‌ത്രീകള്‍ തടവറയില്‍ അല്ലെന്നുള്ള ബോധം വളര്‍ത്തിയെടുക്കുന്നതിനും പ്രാര്‍ത്ഥനയുടെ ശക്തിയും സ്വാധീനവും മനസിലാക്കി കൊടുക്കുന്നതിനും ലക്ഷ്യമിടുന്നു. അന്നേദിവസം ആദ്യത്തെ സൂര്യോദയം ദൃശ്യമാകുന്ന രാജ്യത്തു തുടങ്ങി അവസാനമായി സൂര്യന്‍ അസ്‌തമിക്കുന്ന രാജ്യം വരെ സൂര്യന്റെ ഗതിയനുസരിച്ചു മാറി മാറി ഒരു പ്രാര്‍ത്ഥനാചങ്ങല തീര്‍ക്കുന്നു.

ഓരോ രാജ്യത്തെയും വനിതാകമ്മിറ്റികള്‍ മാറിമാറിയാണു ഓരോ കൊല്ലത്തെയും വര്‍ഷിപ്പ്‌ സര്‍വീസിന്റെ പ്രാര്‍ത്ഥന എഴുതിതയാറാക്കുന്നത്‌. 1932, 1947, 1954, 1985 എന്നീ വര്‍ഷങ്ങളില്‍ ഇന്‍ഡ്യയിലെ വനിതാക്കമ്മിറ്റിയായിരുന്നു എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ എഴുതി ഉണ്ടാക്കിയത്‌.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഭൂമദ്ധ്യരേഖക്കു വടക്കായി സ്ഥിതിചെയ്യുന്ന മലേഷ്യയാണു ഈ വര്‍ഷത്തെ ഫോക്കസ്‌. 7% ക്രിസ്‌ത്യാനികളുള്ള മലേഷ്യയിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ 2012 ലെ വര്‍ഷിപ്പ്‌ സര്‍വീസിന്റെ ചിന്താവിഷയം ?Let justice Prevail? എന്നതാണു. പ്രാര്‍ത്ഥനാസര്‍വീസ്‌ തയാറാക്കിയ കമ്മിറ്റിയില്‍ മലയാളികളായ രണ്ടു വനിതകള്‍ ഉണ്ടെന്നുള്ളതും, ഈ വര്‍ഷത്തെ ഫ്‌ളയറിന്റെ ആര്‍ട്ട്‌ വര്‍ക്ക്‌ നിര്‍വഹിച്ചിരിക്കുന്നത്‌ ഹാന്നാ ചെറിയാന്‍ വര്‍ഗീസ്‌ എന്ന മലയാളിയുമാണെന്നുള്ളത്‌ നമുഭിമാനത്തിനു വക നല്‍കുന്നു. വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ എന്ന ആഗോളപ്രാര്‍ത്ഥനാപ്രസ്ഥാനത്തിന്റെ ഉള്‍ക്കാഴ്‌ച്ചയും, അന്തസത്തയും ഉള്‍ക്കൊണ്ട്‌ ആഗോളതലത്തില്‍ കnformed prayer leads to prayerful action എന്ന ആപ്‌തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന WDP പ്രസ്ഥാനം പ്രാര്‍ത്ഥനയും, പ്രവര്‍ത്തിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്നും, രണ്ടിനും ലോകത്തെ മാറ്റിമറിക്കുവാന്‍ സാധിക്കും എന്നും വിശ്വസിക്കുന്നു.

അനുഗ്രഹീത വാഗ്മിയും, ഫിലാഡല്‍ഫിയാ മലയാളികള്‍ക്കു സുപരിചിതനും, ദൈവശാസ്‌ത്രത്തില്‍ ഡ്രൂ യൂണിവേശ്‌സിറ്റി ഗ്രാജുവേറ്റ്‌ വിദ്യാര്‍ത്ഥിയുമായ റവ. ഡീ. ബെന്നി ജോണ്‍ ചിറയില്‍ ആണു ഈ വര്‍ഷത്തെ മുഖ്യാതിഥി. ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള പ്രാര്‍ത്ഥനാസര്‍വീസുകള്‍, ക്രിസ്‌തീയ ഭക്തിഗാനശുശ്രൂഷ, ഈ വര്‍ഷത്തെ ഫോക്കസായ മലേഷ്യയുടെ പ്രത്യേകതകള്‍ വിവരിച്ചുള്ള മുഖ്യാതിഥിയുടെ സമ്പേശം, മലേഷ്യയെക്കുറിച്ചുള്ള പവര്‍പോയിന്റ്‌ പ്രസന്റേഷന്‍, സ്‌നേഹവിരുന്ന്‌ എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍.
ആഗോള പ്രാര്‍ത്ഥനാദിനാചരണം ഫിലാഡല്‍ഫിയായില്‍ മാര്‍ച്ച്‌ 3 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക