Image

നഴ്‌സുമാരുടെ സമരം: രോഗി മരിച്ചാല്‍ സംഘടന നഷ്ടപരിഹാരം നല്‍കണമെന്നു കോടതി

Published on 08 February, 2012
നഴ്‌സുമാരുടെ സമരം: രോഗി മരിച്ചാല്‍ സംഘടന നഷ്ടപരിഹാരം നല്‍കണമെന്നു കോടതി
കൊച്ചി: നഴ്‌സുമാരുടെ സമരത്തേത്തുടര്‍ന്നു രോഗി മരിക്കാനിടയായാല്‍ സമരം ചെയ്യുന്നവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. സമരത്തിനെതിരേ ലേക്‌ഷോര്‍ ആശുപത്രി സമര്‍പ്പിച്ച പോലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.

നഴ്‌സുമാര്‍ക്കു നിയമം അനുശാസിക്കുന്ന കുറഞ്ഞ വേതനം നല്‍കുന്നുണ്ടെന്ന മാനേജ്‌മെന്റിന്റെ വാദം വസ്തുതാപരമല്ലെന്നു സമരം ചെയ്യുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ബോധിപ്പിച്ചു.

ആയിരം മുതല്‍ മൂവായിരംവരെ വേതനമുള്ള നൂറോളം പേര്‍ ആശുപത്രിയിലുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. അതേസമയം കുറഞ്ഞ വേതനം നടപ്പാക്കണമെന്ന ആവശ്യം നഴ്‌സുമാര്‍ ഉന്നയിച്ചിട്ടില്ലെന്നു മാനേജ്‌മെന്റ് പരാതിപ്പെട്ടു. 

ഇതേത്തുടര്‍ന്ന് 2009 വിജ്ഞാപനപ്രകാരം കുറഞ്ഞ വേതനം നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മാനേജ്‌മെന്റിനു കോടതി നിര്‍ദേശം നല്‍കി.

ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സമാധാനപരമായി സമരം നടത്താന്‍ നഴ്‌സുമാര്‍ക്കു സൗകര്യം നല്‍കണമെന്നു കോടതി പറഞ്ഞു. 

ആശുപത്രിയില്‍ നിന്നും 50 മീറ്റര്‍ അകലെവേണം സൗകര്യം ഏര്‍പ്പെടുത്തേണ്ടത്. മൈക്രോഫോണോ ലൗഡ് സ്പീക്കറോ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് മറ്റ് ഹര്‍ജികളോടൊപ്പം പരിഗണിക്കാന്‍ മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക