Image

മീരാ മേനോന്‍: ഇന്ത്യന്‍ കഥാപാത്രങ്ങളുള്ള ഒരു ചിത്രം സംവിധാനം ചെയ്യും. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 August, 2016
മീരാ മേനോന്‍: ഇന്ത്യന്‍ കഥാപാത്രങ്ങളുള്ള ഒരു ചിത്രം സംവിധാനം ചെയ്യും. (ഏബ്രഹാം തോമസ്)
വളരെ അപൂര്‍വ്വമായാണ് ഇന്ത്യന്‍ വംശജരുടെ പ്രതിഭ ഹോളിവുഡ് ചിത്രങ്ങളില്‍ കാണാറുള്ളത്. മീരാ നായരും ഓംപുരിയും ഇര്‍ഫാന്‍ഖാന്‍ ഒക്കെ സ്ഥിരം സജീവ സാന്നിദ്ധ്യങ്ങളായി മാറിയിട്ടില്ല. ഇടയ്ക്കിടെ  ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്ന ഏഷ്യന്‍ ഇന്ത്യന്‍ കഥാപാത്രങ്ങള്‍ കഷ്ടിച്ചേ സംസാരിക്കാറുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമായ നേട്ടങ്ങളുമായി മീരാ മേനോന്‍ എന്ന സംവിധായിക കടന്നു വരുന്നത്.
ഗ്ലാമര്‍ മാഗസീന്‍ ഹോളിവുഡിലെ ശക്തരായ, 35 വയസില്‍ താഴെപ്രായമുള്ള 35 വനിതകളെ തിരഞ്ഞെടുത്തപ്പോള്‍ അവരില്‍ ഒരാള്‍ മീര ആയിരുന്നു. ട്വൊന്റിയത് സെഞ്ചുറി ഫോക്‌സിന്റെ ഗ്ലോബല്‍ ഡയറക്ടേഴ്‌സ് ഇനിഷിയേററിവിലും മീര തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി സംവിധാനം ചെയ്ത ഫാറ ഗോസ് ബാംഗ് ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെടുകയും അവിടെ മീരയ്ക്ക് നോറ എഫ്രോണ്‍ പ്രൈസ് ഫോര്‍ ഗ്രൗണ്ട് ബ്രേക്കിംഗ് വുമണ്‍ ഫിലിംമേക്കര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.
തന്റെ പുതിയ ചിത്രം എക്വിറ്റിയുടെ പ്രീമിയറിന് ഡാലസില്‍ എത്തിയപ്പോഴാണ് ഞാന്‍ മീരയെ കാണുകയും ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തത്. എക്വിറ്റി നിക്ഷേപ, ഹെഡ്ഫണ്ട് വ്യവസായ രംഗത്തെ കിടമത്സരങ്ങളും അവിടെ നിലനില്‍പിനുവേണ്ടി പൊരുതുന്ന സ്്ത്രീകളുടെ പ്രശ്‌നങ്ങളും, അനാവരണം ചെയ്യുന്നു.

എന്താണ് ഈ പ്രമേയത്തിനോട് താല്പര്യം തോന്നുവാന്‍ കാരണം?
തിരക്കഥ വായിച്ചു. ഇഷ്ടപ്പെട്ടു. ഇന്‍വെസ്റ്റ്‌മെന്റ്, ഹെഡ്ജ് ഫണ്ട് രംഗത്തെ പുരുഷ മേധാവിത്വവും അവിടെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും രംഗത്ത് കൊണ്ടുവരണമെന്ന് തോന്നി. ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഇതിന് ശ്രമിക്കുന്നത്. സ്ത്രീ ശാക്തികരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ചിത്രം ഏവര്‍ക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

എങ്ങനെ സിനിമാരംഗത്തെത്തി? ഹോളിവുഡില്‍ അംഗീകാരം നേടുക പ്രയാസമായിരുന്നോ?
അച്ഛന്‍(താര ആര്‍ട്‌സിന്റെ വിജയന്‍ മേനോന്‍) വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നു. അങ്ങനെ സിനിമയില്‍ ആകൃഷ്ടയായി. ബിരുദത്തിന് ശേഷം ഫിലിം സ്‌ക്കൂളില്‍ പോയി. സംവിധാനം പഠിച്ചു. ഹോളിവുഡില്‍ അവസരങ്ങള്‍ക്ക് വലുതായി ബുദ്ധിമുട്ടുണ്ടായില്ല. നല്ലവരായ സുഹൃത്തുക്കള്‍. അവരുടെ സഹായം ഉണ്ടായിരുന്നു.
എക്വിറ്റിയില്‍ ഇന്ത്യാക്കാരായ കഥാപാത്രങ്ങളെ കണ്ടില്ല. അടുത്ത ചിത്രത്തില്‍ ഇത് പ്രതീക്ഷിക്കാമോ? ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇന്ത്യാക്കാരായ കഥാപാത്രങ്ങളെ വച്ച് ഒരു ചിത്രം സംവിധാനം ചെയ്യുവാന്‍ താല്‍പര്യമുണ്ട്. വളരെ വ്യത്യസ്തമായ പ്രമേയം ആയിരിക്കും ഇത്. ഈ ചിത്രത്തിലെ പ്രമേയവും പശ്ചാത്തലവും ഇന്ത്യന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ കഴിയുന്നതായിരുന്നില്ല.

ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടുതലാണ് എന്ന് അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ?
ഇല്ല എന്റെ അഭിപ്രായത്തില്‍ ഇത്രയും ദൈര്‍ഘ്യം ചിത്രത്തിന് ആവശ്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം ഇതിലും കൂടുതലായിരുന്നു. ഒരു നാല്പത്തി അഞ്ച് മിനിറ്റ് ദൈര്‍ഘ്യം കുറച്ചാണ് ചിത്രം ഈ രൂപത്തില്‍ എത്തിച്ചത്. നിക്ഷേപത്തെയും ഹെഡ്ജ് ഫണ്ടിനെയും കുറിച്ചുള്ള ഒരു ചിത്രം എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടും എന്ന് കരുതുന്നുണ്ട്.

വ്യവസായ രംഗത്തുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. എല്ലാ പ്രേക്ഷകര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ചിത്രം ഒരു സീരിസായി ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആലോചിക്കുന്നതായി കേട്ടു. എപ്പോള്‍ ഇത് സംഭവിക്കും. ടെലിവിഷന്‍ സീരിസില്‍ ഞാന്‍ ഉള്‍പ്പെടുമോ എന്ന് പറയാനാവില്ല. ഒരു പക്ഷെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടായേക്കും. അതില്‍ ഞാന്‍ ഉണ്ടാവും.

ഹോളിവുഡിലെയോ ബോളിവുഡിലെയോ ഏതെങ്കിലും സംവിധായകരില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടിട്ടുണ്ടോ?
എനിക്ക് ഹോളിവുഡില്‍ ബില്ലി വൈല്‍ഡറുടെയും മീരാ നായരുടെയും ചിത്രങ്ങള്‍ ഇഷ്ടമാണ്. ഹിന്ദി, മലയാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ആരില്‍ നിന്നും പ്രേരണ ഉണ്ടായിട്ടുള്ളതായി തോന്നിയിട്ടില്ല. 2010 ലാണ് അവസാനമായി കേരളത്തില്‍ പോയത്. വീണ്ടും പോകാന്‍ ആഗ്രഹമുണ്ട്. അച്ഛന്‍ വിജയന്‍മേനോനെയും താരാ ആര്‍ട്‌സിനെയും അമേരിക്കന്‍ മലയാളികള്‍ അറിയും. അച്ഛന്‍ പാലക്കാട്ടുകാരനാണ്. ഇപ്പോള്‍ ഞങ്ങള്‍ ലോസ് ആഞ്ചലസില്‍ താമസിക്കുന്നു. ഭര്‍ത്താവ് പോള്‍ ഗ്ലീസണ്‍ ഛായഗ്രാഹകനാണ്. ഫിലിം പഠനത്തിനിടെ പരിചയത്തിലായതാണ്. ഒരു മകനുണ്ട്. സഹോദരി ഡോക്ടറാണ്.

മീരാ മേനോന്‍: ഇന്ത്യന്‍ കഥാപാത്രങ്ങളുള്ള ഒരു ചിത്രം സംവിധാനം ചെയ്യും. (ഏബ്രഹാം തോമസ്)മീരാ മേനോന്‍: ഇന്ത്യന്‍ കഥാപാത്രങ്ങളുള്ള ഒരു ചിത്രം സംവിധാനം ചെയ്യും. (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക