Image

ഗോധ്ര കലാപം: മോഡി സര്‍ക്കാരിന് ഗുജറാത്ത് ഹൈക്കോടതി വിമര്‍ശനം

Published on 08 February, 2012
ഗോധ്ര കലാപം: മോഡി സര്‍ക്കാരിന് ഗുജറാത്ത് ഹൈക്കോടതി വിമര്‍ശനം
അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ഗുജറാത്ത്് ഹൈക്കോടതിയുടെ വിമര്‍ശനം. ഗോധ്ര കലാപം തടയുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

സംസ്ഥാനത്തെ അഞ്ഞൂറിലേറെ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഉത്തരവിടവേ ആണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്‌ക്കര്‍ ഭട്ടാചാര്യയും ജസ്റ്റിസ് ജെ.ബി.പര്‍ദിവാലയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. ഈ ആവശ്യമുന്നയിച്ച് ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇതു ഭരണഘടനാ നിയമത്തിന്റെ ലംഘനമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു.

കലാപം തടയുന്നതില്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നിഷ്‌ക്രിയത്വവും അവഗണനയുമാണ് വലിയ തോതില്‍ മതസ്ഥാപനങ്ങള്‍ക്കു നാശം വരാന്‍ ഇടയായതെന്ന് കോടതി ചൂണ്ടിക്കാട്ടി.ഇവയ്ക്കു നഷ്ടപരിഹാരം നല്‍കാനും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്താനും ഗുജറാത്ത് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയതുപോലെ സര്‍ക്കാര്‍ മതസ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

ഗുജറാത്തിലെ 26ജില്ലകളിലെ പ്രധാന ജഡ്ജിമാര്‍ അതത് ജില്ലകളില്‍ നിന്നു നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിച്ച് അതിന്‍മേല്‍ തീരുമാനമെടുക്കും. ഈ ജഡ്ജിമാര്‍ ആറ് മാസത്തിനകം തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക