Image

സ്വതന്ത്ര്യം അകലെ.....(മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 13 August, 2016
സ്വതന്ത്ര്യം അകലെ.....(മീട്ടു റഹ്മത്ത് കലാം)
ഞായറാഴ്ച പതിവുള്ള ഉച്ചമയക്കത്തില്‍ നിന്ന് ഞാന്‍ ഉണരുന്നതും കാത്ത് എന്റെ കാല്‍ചുവട്ടില്‍ സ്ഥാനം പിടിച്ച് മകള്‍ മുഷിഞ്ഞു. തട്ടിവിളിക്കാന്‍ ശ്രമിക്കാതെ ക്ഷമാപൂര്‍വ്വമുള്ള ആ ഇരിപ്പ് കണ്ടില്ലെന്ന് വയ്ക്കാന്‍ അധികനേരം കഴിഞ്ഞില്ല. കയ്യില്‍ കരുതിയിരിക്കുന്ന പേനയും ബുക്കും കണ്ടപ്പോള്‍ എന്തോ എഴുത്തുകുത്തിന് എന്റെ സഹായത്തിനും വേണ്ടിയുള്ള വിധേയത്വമാണ് അവളുടെ കണ്ണുകളിലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

കൈ കുടഞ്ഞൊന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ മാത്രയില്‍ അമ്മു എന്റെ നേര്‍ക്ക് പ്രതീക്ഷയോടെ അടുത്തു. അച്ഛാ, നാളെ സ്വാതന്ത്ര്യദിനമല്ലെ, ക്ലാസ് ലീഡര്‍ എന്നി നിലയ്ക്ക് പ്രസംഗിക്കാന്‍ കുറച്ച് പോയിന്റ്‌സ് പറഞ്ഞ് തരാമോ? ഞാന്‍ എഴുതി എടുത്തോളാം. അവള്‍ പറഞ്ഞു. 

മാതാപിതാക്കള്‍ പഠിപ്പിച്ചുതരുന്നത് കാണാപ്പാഠം പഠിച്ച് പറയുന്നത് നല്ലതല്ലെന്നും കുട്ടികള്‍ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് ക്ലാസ്മുറികളില്‍ പങ്കുവെയ്‌ക്കേണ്ടതുമെന്ന് ഞാന്‍ ഉപദേശിച്ചു. മൂന്നാം ക്ലാസുകാരിയായ മകള്‍ക്ക് സ്വന്തമായ കാഴ്ചപ്പാട് വേണമെന്ന് ശഠിക്കരുതെന്നും. അവളെ ഇക്കാര്യത്തില്‍ സഹായിക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നുമുള്ള വക്കാലത്തുമായി ഭാര്യ വന്നപ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാനൊന്ന് ഇരുത്തി ചിന്തിച്ചു.

'ഭാരതം എന്ന് കേട്ടാല്‍ 
അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ 
തിളയ്ക്കണം ചോര ഞരമ്പുകളില്‍'

മലയാളം ക്ലാസില്‍ റോസി ടീച്ചര്‍ ബോര്‍ഡില്‍ എഴുതി ആവര്‍ത്തിച്ചുരുവിട്ട ഈ വരികള്‍ അര്‍ത്ഥം ഉള്‍ക്കൊണ്ട് ഏറെ ആഴത്തില്‍ ഹൃദയത്തില്‍ തറച്ച കുട്ടികളില്‍ ഒരാള്‍....-അത് ഞാനാണ് പട്ടാളത്തിലുള്ള അമ്മാവന്‍ കൊണ്ടുവരുന്ന 'പ്യാരി' മിഠായികളില്‍ പോലും ദേശസ്‌നേഹത്തിന്റെ മധുരം അിറഞ്ഞിരുന്ന എട്ടുവയസ്സുകാരന്‍. അന്ന് ചാച്ച നെഹ്‌റുവായി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ തലയെടുപ്പോടെ നിന്ന ത്രിവര്‍ണ്ണ പതാകയില്‍ നോക്കി ആഗ്രഹിച്ചതാണ് വലുതാകുമ്പോള്‍ രാഷ്ട്രത്തെ സേവിക്കുന്ന എന്തെങ്കിലുമായി തീരണേ എന്ന്. 

എന്നിലെ കുട്ടി വളര്‍ന്നുകൊണ്ടിരുന്നു, തിരിച്ചറിവുകളും പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞതും സ്വപ്നത്തില്‍ നെയ്തുകൂട്ടിയതുമായ മാതൃരാജ്യത്തെ അനുഭവിച്ചറിയുമ്പോള്‍, മഹാ•ാര്‍ വിഭാവനം ചെയ്തതില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്ന ബോധ്യം മനസ്സിനെ ഭരിച്ചു തെരഞ്ഞെടുപ്പുകള്‍ കേവലം പരീക്ഷണങ്ങളായി മാറുകയും ഒരു പാര്‍ട്ടിയുടെ ഭരണത്തിലെ അതൃപ്തി എതിര്‍പാര്‍ട്ടിയെ വിജയിപ്പിക്കുകയും ചെയ്യുമ്പോള്‍ രക്ഷ നേടാനാകാതെ കുഴയുന്ന പൊതുജനത്തിന് ജനാധിപത്യം എന്ന പ്രത്യയശാസ്ത്രത്തോട് വിരക്തി തോന്നും.

ചോരതിളയ്ക്കുന്ന യൗവ്വനത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ എന്റെയും മനസ്സ് മടുപ്പിച്ച കാലം. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ച് പുറത്തിറങ്ങിയപ്പോള്‍ തൊഴിലില്ലായ്മയുടെ രൂക്ഷത മാതൃമണ്ണിനെ സ്‌നേഹിച്ചിട്ടും പരരെയും പോലെ എനിക്കും പ്രവാസജീവിതത്തിനുള്ള വിധിയെഴുതി. അകലെ ഇരുന്ന് പ്രതീക്ഷയോടെ നോക്കുമ്പോഴും ഇന്ത്യ ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്ന ചിത്രങ്ങളാണ് തെളിഞ്ഞതില്‍ ഏറെയും. നാനാത്വത്തില്‍ ഏകത്വം എന്നതൊക്കെ വാക്കുകളായി ഒതുങ്ങി.

ആരാണിവിടെ സ്വതന്ത്രരെന്ന് മനസ്സ് ചോദിച്ചു. ജനങ്ങള്‍ തന്നെ അവരെ ആര് ഭരിക്കണെന്ന് തീരുമാനിക്കുന്നതില്‍പ്പരം എന്ത് സ്വാതന്ത്ര്യമാണ് ഒരുവന് വേണ്ടതെന്ന് തോന്നാം. എന്നാല്‍, നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണചക്രം തിരിയുമ്പോള്‍ ചക്രശ്വാസം വലിക്കുന്ന പൊതുജനം സ്വാതന്ത്ര്യം അറിയുന്നുണ്ടോ?
വിഭജനം നടന്നില്ലായിരുന്നെങ്കില്‍ ശാസ്ത്രത്തിലും കായികരംഗത്തും സാമ്പത്തികമേഖലയിലും നമ്മുടെ രാജ്യത്തെ പിന്നിലാക്കുന്ന ശക്തി ഉണ്ടാകുമായിരുന്നില്ല. പാകിസ്ഥാന്‍ എന്ന രാജ്യം ജനിക്കാതിരുന്നെങ്കില്‍ തീവ്രവാദത്തിന്റെ വേരും ഇത്രമാത്രം പടര്‍ന്നു പന്തലിക്കുമായിരുന്നില്ല. ഒരു നിലയ്ക്ക്, ലോകസമാധാനത്തിന് വെല്ലുവിളിയാകുന്ന തീവ്രവാദം നമ്മുടെ രാഷ്ട്രം കീറിമുറിയ്ക്കപ്പെട്ടതിന്റെ അനന്തരഫലമായി കണക്കാക്കാം.

വികസിതരാജ്യം എന്ന സ്വപ്നത്തിലേയ്ക്ക് ഓരോ ചുവടുവെച്ച് അടുക്കുമ്പോള്‍ അതിന് സമ്മതിക്കാതെ പിന്നോട്ട് വലിയ്ക്കുന്ന അഴിമതി എന്ന തുടര്‍ക്കഥയും വര്‍ഗ്ഗീയതയും അതിന്റെ ഏറ്റവും ഭയാനകമായ രൂപത്തോടെ ഇന്ത്യയെ കടന്നാക്രമിക്കുകയാണ്. ബീഫ് നിരോധനത്തിലൂടെ വ്യക്തികള്‍ എന്ത് കഴിക്കണമെന്ന സ്വാതന്ത്ര്യത്തെ നിഷേധിച്ചപ്പോള്‍ ഗോമാതാവിന്റെ പേര് പറഞ്ഞ് ഹിന്ദുമുസ്ലീം മൈത്രി പലയിടങ്ങളിലും തകര്‍ന്ന കാഴ്ച നാം കണ്ടു കഴിഞ്ഞു. ഏഴ് ദശകങ്ങള്‍ക്കടുത്ത് നെഞ്ചോട് ചേര്‍ത്ത് ആലപിച്ച 'ജനഗണമന' യില്‍ ഇസ്ലാം വിരുദ്ധമായ വരികളുണ്ടെന്ന ആരോപണമൊക്കെ ഇന്ത്യയുടെ ശോചനീയമായ അവസ്ഥ പ്രകടമാക്കുകയാണ്. ഈ രാജ്യത്ത് ജീവിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ചജ് ആശങ്കപ്പെട്ട ആമിര്‍ഖാനെപ്പോലെ വിവിദത്തില്‍ അകപ്പെടുമോ എന്ന് ഭയന്നാണ് പലരും എല്ലാം ഉള്ളിലൊതുക്കി പാരതന്ത്ര്യത്തിന്റെ കയ്പുനീര്‍ ഇറക്കുന്നത്.

ഞാന്‍ ഉരുവിടുന്ന വാക്കുകള്‍ എഴുതിയെടുക്കാന്‍ ഉത്സാഹത്തോടെ നില്‍ക്കുന്ന അമ്മുവിന് പറഞ്ഞുകൊടുക്കേണ്ടത് ഞാന്‍ ജീവിക്കുന്ന ഇന്ത്യയെക്കുറിച്ചല്ല, മറിച്ച് ഞാന്‍ സ്വപ്നം കാണുന്ന ഭാരതത്തെക്കുറിച്ചാകണമെന്ന് തീരുമാനിക്കാന്‍ ഒരു കാരണമുണ്ട്. അവളും അവളുടെ പ്രസംഗം ശ്രവിക്കുന്ന കുരുന്നുകൂട്ടുകാരും നാളെയുടെ പ്രതീക്ഷയാണ്. സുരക്ഷിതവും മതനിരപേക്ഷവുമായ രാജ്യത്താണ് കഴിയുന്നതെന്ന പ്രത്യാശയില്‍ അവര്‍ വളരട്ടെ.



സ്വതന്ത്ര്യം അകലെ.....(മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
വിദ്യാധരൻ 2016-08-16 06:53:36

ആന്തരീക സ്വാതന്ത്ര്യം
അതാണെനിക്ക് മുഖ്യം
അവിടെ ഞാനാണരചൻ
അടിച്ചേൽപ്പിക്കും പ്രത്യയശാസ്‌ത്രം,
അടിമത്വത്തിൻ വിലങ്ങൾ
തച്ചുടക്കും സമസ്തവും ഞാൻ
കാത്തു സൂക്ഷിക്കുമെൻ
ചിത്തസ്വാതന്ത്ര്യം
പ്രാണനെന്നെ വെടിയുവോളം .


KRISHNA 2016-08-26 20:48:09
സ്നേഹം എന്തെന്ന് ഇനിയെങ്കിലും നമുക്കൊന്നു ചിന്തിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക