Image

അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള ഏപ്രില്‍ 10 മുതല്‍ 16 വരെ ദുബായില്‍

Published on 08 February, 2012
അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള ഏപ്രില്‍ 10 മുതല്‍ 16 വരെ ദുബായില്‍
അബൂദാബി: ഏപ്രില്‍ 10 മുതല്‍ 16 വരെ ദുബായില്‍ നടക്കുന്ന അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള(ജിഎഫ്‌എഫ്‌)യ്‌ക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്‌റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബായ്‌ കള്‍ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അതോറിറ്റിയാണ്‌ ഇന്ററര്‍ കോണ്ടിനന്റല്‍ ഹോട്ടല്‍, ക്രൗണ്‍ പ്ലാസ, ദുബായ്‌ ഫെസ്‌റ്റിവല്‍ സിറ്റിയിലെ ഗ്രാന്‍ഡ്‌ ഫെസ്‌റ്റിവല്‍ സിനിമാസ്‌ എന്നിവിടങ്ങളില്‍ മേള സംഘടിപ്പിക്കുന്നത്‌. ഇതിലേയ്‌ക്കായി സിനിമകള്‍ എത്തിത്തുടങ്ങി. ഈ മാസം 29 വരെ സിനിമകള്‍ സമര്‍പ്പിക്കാം.

അറേബ്യന്‍ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങള്‍ അണിനിരക്കുന്ന ചലച്ചിത്രമേളയില്‍ പ്രഫഷനല്‍ സിനിമാക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള ഗള്‍ഫ്‌ മത്സര വിഭാഗം, ഹ്രസ്വചിത്രങ്ങളുടെ രാജ്യാന്തര മത്സരം തുടങ്ങിയവയും ഫെസ്‌റ്റിവലിന്റെ ഭാഗമായി നടക്കും. അഞ്ച്‌ ലക്ഷം ദിര്‍ഹമാണ്‌ സമ്മാനത്തുക. ഗള്‍ഫ്‌ മത്സര വിഭാഗത്തില്‍ യുഎഇ, സൗദി അറേബ്യ, കുവൈത്ത്‌, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യെമന്‍, ഇറാഖ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അണിനിരക്കും. ഗള്‍ഫ്‌ മേഖല പശ്‌ചാത്തലമാക്കി മറ്റ്‌ രാജ്യക്കാര്‍ എടുത്ത സിനിമകള്‍ക്കും ഈ വിഭാഗത്തില്‍ മത്സരിക്കാം. ഫീച്ചര്‍ സിനിമകളും (ഫിക്‌ഷനും നോണ്‍ ഫിക്‌ഷനും) ഹ്രസ്വചിത്രങ്ങളും സമര്‍പ്പിക്കാം.

പഠനത്തിന്റെ ഭാഗമായോ കോളജ്‌ പ്രൊജക്‌ടിന്റെ ഭാഗമായോ വിദ്യാര്‍ഥികള്‍ എടുത്ത ഹ്രസ്വചിത്രങ്ങള്‍ മാത്രമാണ്‌ വിദ്യാര്‍ഥികള്‍ക്കായുള്ള ഗള്‍ഫ്‌ മത്സര വിഭാഗത്തിലേയ്‌ക്ക്‌ സമര്‍പ്പിക്കാവുന്നത്‌. രാജ്യാന്തര മത്സരം ഹ്രസ്വചിത്രങ്ങള്‍ക്ക്‌ (ഫിക്‌ഷനും നോണ്‍ ഫിക്‌ഷനും) മാത്രമാണ്‌. ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഉള്ളവ ആയിരിക്കണം ഫീച്ചര്‍ ഫിലിമുകള്‍. ഹ്രസ്വചിത്രങ്ങള്‍ 59 മിനിറ്റില്‍ കൂടാന്‍ പാടില്ല. ദുബായ്‌ കള്‍ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അതോറിറ്റി ചെയര്‍മാന്‍ ഷെയ്‌ഖ്‌ മാജിദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ്‌ മേള നടക്കുക.
അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള ഏപ്രില്‍ 10 മുതല്‍ 16 വരെ ദുബായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക