Image

ജസ്റ്റിസ് കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Published on 12 August, 2016
ജസ്റ്റിസ്  കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാളികളെ  പുകഴ്ത്തിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.  ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ് കേരള എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കട് ജുവിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്‌

'ഒരു മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ കേരളം എന്നും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി വിവിധ രാജ്യക്കാരിലും മതങ്ങളുടെ ഇടയിലും മലയാളികള്‍ പ്രിയപ്പെട്ടവരാകുന്നു. കേരളത്തില്‍ പട്ടികജാതിക്കാര്‍ക്ക് ഒരിക്കലും വിവേചനം നേരിടേണ്ടിവന്നിട്ടില്ല എന്നത് ചരിത്രപരമായി ശരിയല്ല. കേരളത്തില്‍ ഒരുകാലത്ത് തീണ്ടലും തൊടീലും നിലനിന്നിരുന്നു. ജാതിവിവേചനത്തിനും ജന്മിത്വത്തിനുമെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ ഫലമാണ് ഇന്ന് കാണുന്ന കേരളം. അതുകൊണ്ട് കേരളത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്.

പുന്നപ്ര വയലാര്‍, കയ്യൂര്‍, കരിവള്ളൂര്‍, മൊറാഴ, ഒഞ്ചിയം എന്നിവിടങ്ങളില്‍ ഭൂപ്രഭുക്കള്‍ക്കെതിരെയും ജന്മിത്വത്തിനുമെതിരെയും നടന്ന സമരപോരാട്ടങ്ങളില്‍ ആവേശം കൊള്ളാത്തവരില്ല. ജാതിവിവേചനത്തിനെതിരെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെയും ഇടത് പുരോഗമന ശക്തികളും നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാകില്ല.

ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിനായി നടന്ന ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങളും പാലിയം സമരവും കേരളത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്‌. സാമൂഹിക ഉന്നമനത്തിന് വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് ക്രിസ്ത്യന്‍ മിഷണറിമാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമൂഹത്തിനായി അവര്‍ മുന്നിട്ടിറങ്ങി.

കേരളത്തിന്റെ ചരിത്രവും സമരപോരാട്ടങ്ങളും വിവരിച്ചാണ് പിണറായി കട് ജുവിന്‌ നന്ദി പറഞ്ഞ് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

-------------------- നിങ്ങളാണ് ഏറ്റവും മികച്ച മികച്ച ഇന്ത്യക്കാര്‍: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

താന്‍ വെറും വാക്ക് പറഞ്ഞതോ കാര്യസാധ്യത്തിന് വേണ്ടി പുകഴ്ത്തി പറഞ്ഞതോ അല്ല-ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

'മലയാളികളോട് പറഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ വോട്ട് എനിക്ക് വേണ്ട. ഞാന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പിലൊന്നും മത്സരിക്കാന്‍ പോകുന്നില്ല. കേരളത്തിലെന്ന് മാത്രമല്ല എവിടെ നിന്നും ഇലക്ഷനില്‍ ഞാന്‍ മത്സരിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങളെ സുഖിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.

പക്ഷേ പറഞ്ഞത് വസ്തുതയാണ്. അതാണ് സത്യം. നിങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നത്. നിങ്ങളില്‍ ഞാന്‍ കാണുന്നത് ഇന്ത്യയുടെ സത്തയാണ്. അതുകൊണ്ട് തന്നെ നിങ്ങളാണ് ഏറ്റവും മികച്ച മികച്ച ഇന്ത്യക്കാര്‍. എല്ലാ ഇന്ത്യക്കാരും മലയാളികളെ കണ്ടുപഠിക്കണം'. 

മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് കട്ജു ഈ പോസ്റ്റും അവസാനിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക