Image

പട്ടയവിതരണം: ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശവും നല്‍കും

Published on 08 February, 2012
പട്ടയവിതരണം: ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശവും നല്‍കും
തിരുവനന്തപുരം: സര്‍ക്കാര്‍ പട്ടയം നല്‍കുന്ന ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശവും ഉടമസ്ഥര്‍ക്ക് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനോടകം വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാര്‍ച്ച് 31 ന് മുന്‍പ് 4900 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1/1/1977 ന് മുന്‍പ് കുടിയേറിയ 1500 പേര്‍ക്കും മറ്റ് 3400 പേര്‍ക്കുമാണ് പട്ടയം വിതരണം ചെയ്യുക. ഭൂമി കൈവശമുള്ളതനുസരിച്ച് 4 ഏക്കര്‍ വരെ പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റീസര്‍വേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നുണ്‌ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിവതും പരാതിക്ക് ഇടനല്‍കാതെ റീസര്‍വേ നടത്താനാണ് ശ്രമിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.

റീസര്‍വേയുടെ കാലതാമസം ഒഴിവാക്കാന്‍ മുഴുവന്‍ ഭൂമിയും അളക്കുന്ന സംവിധാനം ഉപേക്ഷിച്ചു. സര്‍ക്കാര്‍ ഭൂമി മാത്രമാകും മുഴുവനും അളക്കുക. സ്വകാര്യ ഭൂമി ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരിക്കും അളക്കുക. പോക്കുവരവ് നടപ്പിലാക്കാനുള്ള നോട്ടീസ് കാലാവധി മൂന്ന് മാസമെന്നത് ഒരു മാസമായി ചുരുക്കും. പോക്കുവരവ് നടത്താന്‍ കള്ളസത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് തടവും പിഴയും അടക്കമുള്ള കര്‍ശന ശിക്ഷ നല്‍കും.

അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിനായി കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക