Image

കിളിരൂര്‍ കേസ്: അഞ്ചു പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവ്

Published on 08 February, 2012
കിളിരൂര്‍ കേസ്: അഞ്ചു പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ അഞ്ചു പ്രതികള്‍ക്കും പത്തുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു. ജഡ്ജി ടി.എസ്.പി. മൂസതാണ് ശിക്ഷ വിധിച്ചത്. കിളിരൂര്‍ പീഡനം സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണെന്നും പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പിഴയടയ്ക്കുന്ന തുക ശാരിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രധാന ഇടനിലക്കാരിയും മല്ലപ്പള്ളി സ്വദേശിനിയുമായ ലതാ നായരെയും മുന്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരായ ചേര്‍ത്തല സ്വദേശി പി.പ്രവീണ്‍, തിരുവൈരാണിക്കുളം സ്വദേശി എം.മനോജ്, തൃപ്പൂണിത്തറ സ്വദേശി എ.പ്രശാന്ത് എന്നിവരെയും നാട്ടകം സ്വദേശി കൊച്ചുമോന്‍ എന്ന എ. ബിനുവിനെയുമാണ് കോടതി കുറ്റക്കാരെന്നുകണ്ടെത്തിയത്. ഈ പ്രതികള്‍ ശാരിയെ പീഡിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തിയതായി കോടതി കണ്ടെത്തി.


ഇതിനു പുറമെ പ്രായപൂര്‍ത്തിയാകാത്ത ശാരിയെ മാതാപിതാക്കളുടെ സംരക്ഷണയില്‍നിന്ന് വശീകരിച്ചു കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് പീഡനത്തിന് അവസരമൊരുക്കിയെന്ന കുറ്റം അഞ്ചാം പ്രതി കൊച്ചുമോനെതിരെ കണ്ടെത്തി. ഇതേ കുറ്റം ലതാനായര്‍ക്കെതിരെ സി.ബി.ഐ. കുറ്റപത്രത്തില്‍ ചുമത്തിയിരുന്നെങ്കില്‍ ഈ കുറ്റം തെളിയുമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ കുറ്റം ചുമത്തിയാല്‍ വീണ്ടും തെളിവെടുക്കേണ്ടി വരുമെന്നതിനാല്‍ ലതാ നായര്‍ക്കെതിരെ ഇത് ഒഴിവാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.


പ്രതികളില്‍ ലതാ നായര്‍ ഒഴികയെുള്ളവര്‍ ശാരിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും കോടതി കണ്ടെത്തി. എന്നാല്‍ പ്രതികള്‍ക്കെതിരെ സി.ബി.ഐ. ചുമത്തിയ വഞ്ചനാകുറ്റവും കുറ്റകരമായ ഭീഷണിയും തെളിയിക്കാനായില്ലെന്നും കോടതി വിലയിരുത്തി. കേസിലെ ഏഴാം പ്രതി സോമനെതിരെയുള്ള ആരോപണങ്ങള്‍ സംശയത്തിനതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി നിരീക്ഷിച്ച കോടതി ഇയാളെ വെറുതെ വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക