Image

2 ജി: മാരന്മാര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

Published on 08 February, 2012
2 ജി: മാരന്മാര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയതിന് മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. എയര്‍ടെല്‍-മാക്‌സിസ് കരാറില്‍ 550 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് കേസ്.

മാരന്‍ ടെലികോം മന്ത്രിയായിരിക്കെ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരികളുടെ ഉടമസ്ഥരായ മലേഷ്യന്‍ ബിസിനസ് സ്ഥാപനം മാക്‌സിസും ദയാനിധിയുടെ കുടുംബസംരംഭമായ സണ്‍ ടി.വി.ഗ്രൂപ്പും തമ്മില്‍ 550 കോടിയുടെ ഇടപാടുകള്‍ നടന്നെന്നാണ് ആരോപണമുയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിസ്ഥാനം ദയാനിധി മാരന്‍ രാജിവെച്ചിരുന്നു.


ടെലികോം മന്ത്രിയായിരിക്കെ ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ കേബിളുകള്‍ സണ്‍ ടി.വി.ക്കുവേണ്ടി ദുരുപയോഗപ്പെടുത്തിയെന്നും ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നുമുള്ള ആരോപണവും മാരനെതിരെയുണ്ട്. മാരന്‍ ചെന്നൈയിലെ ബോട്ട്ക്ലബ്ബിലുള്ള സ്വന്തം വീട്ടില്‍ ബി.എസ്.എന്‍.എല്ലിന്റെ 323 ടെലിഫോണ്‍ ലൈനുകള്‍ സംഘടിപ്പിച്ചു. ടെലികോം മന്ത്രിയെന്ന നിലയില്‍ ഡല്‍ഹിയില്‍ ദയാനിധി ഉപയോഗിച്ചിരുന്ന സൗജന്യ ടെലിഫോണ്‍ ലൈനുകള്‍ക്ക് പുറമെയായിരുന്നു ഇത്.


ബി.എസ്.എന്‍.എല്ലിന്റെ ചെന്നൈയിലെ ചീഫ് ജനറല്‍ മാനേജരുടെ പേരിലായിരുന്നു മാരന്‍ ഈ ലൈനുകള്‍ സംഘടിപ്പിച്ചത്. അക്ഷരാര്‍ഥത്തില്‍ ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പോലെ പ്രവര്‍ത്തിച്ച ഈ ടെലിഫോണ്‍ ലൈനുകള്‍ മാരന്‍ സണ്‍ ടി.വി. ഗ്രൂപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക