Image

കൊച്ചി മെട്രോ പദ്ധതിക്കുള്ള കേന്ദ്രഅംഗീകാരം മാര്‍ച്ച് 31നകം: ഉമ്മന്‍ചാണ്ടി

Published on 08 February, 2012
കൊച്ചി മെട്രോ പദ്ധതിക്കുള്ള കേന്ദ്രഅംഗീകാരം മാര്‍ച്ച് 31നകം: ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്കുള്ള കേന്ദ്രഅംഗീകാരം മാര്‍ച്ച് 31-നകം ലഭിക്കുമെന്ന ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന്റെ മുന്നോടിയായുള്ള പൊതു-നിക്ഷേപകബോര്‍ഡി (പി.ഐ.ബി.)ന്റെ യോഗം ഉടന്‍ നടക്കും. ഈ ഉറപ്പിന്മേല്‍ പ്രാരംഭജോലികള്‍ പുരോഗമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.ഐ.ബി കേന്ദ്രധനമന്ത്രാലയത്തിനു കീഴില്‍ ചെലവുകാര്യസെക്രട്ടറി അധ്യക്ഷനായുള്ള സമിതിയാണ്. ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ചു മാത്രമേ കൊച്ചി മെട്രോപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയ്ക്ക് അനുമതി നല്‍കാനാവൂ. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ പദ്ധതിക്കുള്ള സാമ്പത്തികസഹായത്തിനായി ജപ്പാന്‍ അന്താരാഷ്ട്ര സഹകരണബാങ്കിന് (ജൈക്ക) അപേക്ഷ നല്‍കേണ്ടതുണ്ട്. ഔദ്യോഗികതലത്തിലുള്ള ഈ നടപടിക്രമവും പൂര്‍ത്തിയായെങ്കിലേ കൊച്ചിമെട്രോയുടെ പ്രവര്‍ത്തനം സജീവമാക്കാനാവൂ.


പദ്ധതിക്ക് കേന്ദ്രബജറ്റില്‍ തുക വകയിരുത്തണമെങ്കില്‍ മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, കൊച്ചിമെട്രോയ്ക്ക് കേന്ദ്രബജറ്റില്‍ തുക വകയിരുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രിസഭാനുമതി ലഭിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നുമാണ് ഔദ്യോഗികവിശദീകരണം.


കേന്ദ്രസര്‍ക്കാറിന്റെ ഓഹരിപങ്കാളിത്തമുള്ള ചെന്നൈ മാതൃകയിലാണ് കൊച്ചിമെട്രോപദ്ധതി നടപ്പാക്കാന്‍ ധാരണയായിട്ടുള്ളതെങ്കിലും പി.ഐ.ബി. യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക