Image

വായനക്കാര്‍ ശ്രദ്ധിക്കുക! 'കുടിയേറ്റസാരഥികളുടെ സ്മരണദിനം' വരുന്നു.

ഏബ്രഹാം തെക്കേമുറി. Published on 10 August, 2016
വായനക്കാര്‍ ശ്രദ്ധിക്കുക! 'കുടിയേറ്റസാരഥികളുടെ സ്മരണദിനം' വരുന്നു.
നാലു ലക്ഷത്തോളം വെറും മലയാളി. അത്രത്തോളം തന്നെ അമേരിക്കന്‍ ജന്‍ മലയാളി. രണ്ടു ലക്ഷത്തോളം സങ്കരമലയാളി…….ഭൂമിയിലെ സ്വര്‍ഗമായ അമേരിക്കയില്‍ പകല്‍ക്കിനാവ് കണ്ട് പ്രണയിച്ച്, ദൈവങ്ങള്‍ക്ക് കൂടാരങ്ങള്‍ തീര്‍ത്ത് മലയാളത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് അമേരിക്കയെ മലിനീകരിച്ചു, അല്ലെങ്കില്‍ സമ്പന്നമാക്കി ഇവിടെ വാഴുന്നു.

ഓരോ ജനതയ്ക്കും അവരുടേതായ ഒരു കഥ പറയാനുണ്ടാകും. എന്നാല്‍ കുടിയേറ്റക്കാരുടെ അനന്തരതലമുറ കഥയില്ലാത്തവരുടെ ഒരു കഥയാണ്. എന്തെന്നാല്‍ കുടിയേറ്റലോകത്തില്‍ പിടിച്ചുനില്‍ക്കാനുള്ള വെമ്പലില്‍ പിതൃപാരമ്പര്യ കഥകള്‍ മാതാപിതാക്കളില്‍ നിന്നു ലഭിച്ചതുമില്ല, പിറന്നിടത്തുനിന്നും സ്വയമേ ഒന്നും പഠിച്ചതുമില്ല. ഒരുതരം നപുഃസക സംസ്‌കാരിക ഭാവത്തില്‍ ജീവിക്കേണ്ടി വരുന്നു. എന്നാല്‍ അവരുടെ അനന്തരതലമുറ 'കുടിയേറ്റ ഭൂമിയിലെ പൗരന്‍മാരായി'
വാഴുംകാലം ഒരു പക്‌ഷേ ഡി.എന്‍.എ പഠനം നടത്തിയെന്നുവരാം.
ഏതുമാകട്ടെ മലയാളി അമേരിക്കയില്‍ കുടിയേറിയതിന്റെ അമ്പതാം വര്‍ഷത്തിലാണ് നാമിന്ന്. ലിന്‍ഡന്‍. ബി. ജോണ്‍സന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ 1965ല്‍ ഹാര്‍ട്ട് സെല്ലര്‍ ആക്ട് എന്നറിയപ്പെടുന്ന 'ഇമിഗ്രേഷന്‍ ലോ' അവതരിപ്പിക്കയും, പിന്നീട് അത് പാസാക്കുകയും ചെയ്തുവെന്നത് ചരിത്രം. അതിനു മുന്‍പ് (1948ല്‍ വന്നവരുടെ വരെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.) സ്റ്റുഡന്റ് വീസയില്‍ വന്ന നിരവധി പേര്‍ ഉണ്ടെങ്കിലും കുടിയേറ്റത്തിന്റെ ആരംഭം നേഴ്‌സസു് തന്നേ.

കേരളത്തിലെ ചില മീഡിയകളുടെ അഭ്യര്‍ത്ഥന മാനിച്ച് അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റെ ഒരു സമഗ്രവിവരണം തയ്യാറാക്കുന്നതിനായി ഡാളസില്‍ കേരള ലിറ്റററി സൊസൈറ്റി ശ്രമം നടത്തുകയാണ്. 1968 ഡിസംമ്പര്‍ 31ന് മുമ്പ് വന്നവരില്‍ നിന്നും 'ഞാന്‍ കണ്ട അമേരിക്ക' എന്തു തന്നെയായാലും ഇംഗ്‌ളീഷിലോ മലയാളത്തിലോ എഴുതി ബയോഡേറ്റ (ജനിച്ച ദേശം, പഠിച്ച സ്‌കൂള്‍, നേഴ്‌സിംഗ് വിദ്യാഭ്യാസം, സ്‌പോണ്‍സര്‍ ചെയ്ത ഹോസ്പിറ്റല്‍, വന്നിറങ്ങിയ സ്ഥലം) സഹിതം താഴെക്കാണുന്ന അഡ്രസില്‍ അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ വിലപ്പെട്ട അറിവുകള്‍ ഉള്ളവര്‍ക്കും ആധികാരികമായിട്ടുള്ളവ അയക്കാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക. ഇത് അമേരിക്കന്‍ മലയാളി കൊളംമ്പസിനെ കണ്ടെത്താനോ, പൊന്നാട അണിയിക്കാനോ, അവാര്‍ഡ് നല്‍കാനോ എന്നൊക്കെയുള്ള പരിഹാസവിഷയമല്ല.

ഡാളസ് കേരള ലിറ്റററി സൊസൈറ്റി ആഗസ്റ്റ് 14ന് ഞയറാഴ്ച വൈകിട്ട് 530ന് വിപുലമായ പരിപാടികളോടെ ഇതിനു തുടക്കം കുറിക്കയാണ്. വിശിഷ്ടാതിഥിയായി ഡോ. എം.വി.പിള്ള, ആദ്യകാല സ്റ്റുഡന്റസ് റവ.ഡോ.പി.പി.ഫിലിപ്‌സ്, പി.വി.ജോണ്‍(1966) എന്നിവര്‍ക്കൊപ്പം ഡാളസിലെ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ അണിനിരക്കുന്ന വേദിയില്‍ ഡാളസിലെ ആദ്യകാല കുടിറ്റേക്കാരായ ഗ്രേസി ഏബ്രഹാം, ഏലിയാമ ഫിലിപ്‌സ്, ഏലിയാമ ജോണ്‍ (1968) എന്നീ 3 നേഴ്‌സുമാരുടെ സാന്നിദ്ധ്യത്തില്‍  ആഗസ്റ്റ്മാസത്തിലെ രണ്ടാം ഞായറാഴ്ചയെ 'കുടിയേറ്റ സാരഥികളുടെ സ്മരണദിന'മായി വിളംമ്പരം ചെയ്യുന്നതും, അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ 53വര്‍ഷം തികെച്ച ഡോ.എം.എസ്.ടി. നമ്പൂതിരി 'കാന്‍ഡില്‍' തെളിയിച്ചുകൊണ്ട് ആരംഭം കുറിക്കുന്നതുമാണ്.. ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളോടൊപ്പം ഈ സ്മരണദിനവും ആഘോഷിക്കപ്പെടണമെന്നതാണ് കേരള ലിറ്റററി സൊസൈറ്റി നല്‍കുന്ന സന്ദേശം. 
സാംസ്‌കാരിക സാമുദായിക സംഘടനകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. 
Theckemury@yahoo.com. 
Abraham Theckemury 6121 Hagerman Dr Plano Texas 75094.

വായനക്കാര്‍ ശ്രദ്ധിക്കുക! 'കുടിയേറ്റസാരഥികളുടെ സ്മരണദിനം' വരുന്നു.
Join WhatsApp News
വായനക്കാരൻ 2016-08-11 08:03:01

പ്രിയ തെക്കേമുറിചേട്ടന്

ചേട്ടന്റെ സംരഭത്തിന് എല്ലാ ആശംസകളും നേരുന്നു.  ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോൾ അറയ്ക്കും എന്ന് പറഞ്ഞതുപോലെ ഇത് കണ്ടപ്പോൾ തോന്നി ഫൊക്കാനയും ഫോമയും മലയാളി അസോസിയേഷൻറേം  സാഹിത്യസംഘടനകളുടേം പ്രളയം കൊണ്ട് ശ്വാസംമുട്ടി കഴിയുന്ന മലയാളി സമൂഹത്തെ പൊന്നാട മുഖത്തിട്ട് പിടിച്ച പ്ലാക്ക്കൊണ്ട് അടിച്ചു കൊല്ലാനുള്ള മറ്റൊരു സൂത്രമാണെന്ന്. വായനക്കാർ പരിഹസിച്ചെഴുതെണ്ടാ എങ്കിൽ പരിഹാസ പാത്രം ആകാതിരിക്കേണ്ട ഉത്തരവാദിത്വം ഇത്തരം പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവരുടെത്കൂടിയാണ്. എന്തുകൊണ്ട് ജനങ്ങൾ പരിഹസിക്കുന്നു എന്ന് ഞാനടക്കം അമേരിക്കയിലെ മലയാലികളുടെ ഉന്നമനത്തിനായി അഹോരാത്രം ശ്രമിക്കുന്നവർ ചിന്തിക്കേണ്ടതാണ്. ഒരുത്തൻ സ്വയം നേതാവായതുകൊണ്ടു നേതാവാകില്ല;, ഒരുത്തൻ സ്വയം എഴുത്തുകാരനാണെന്നു പ്രസ്താവിച്ചതുകൊണ്ടു എഴുത്തുകാരനാവില്ല.  കുറേപ്പേർകൂടി അങ്ങോട്ടും ഇങ്ങോട്ടും പൊന്നാട അണിയച്ചതുകൊണ്ടോ പ്ലാക്ക് കൊടുത്തതുകൊണ്ടോ ആരും ആരുമായി തീരുന്നില്ല.  ഒരു നേതാവിനെ നേതാവാക്കുന്നതും എഴുത്തുകാരെ എഴുത്തുകാരാനാക്കുന്നതും എഴുത്തുകാരിയാക്കുന്ന്തും 'മാളിക മുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്ന് പറഞ്ഞതുപോലെ ജനങ്ങളാണ്. ജനങ്ങളുടെ പ്രശനങ്ങളുമായി ആവശ്യങ്ങളുമായി നേതാക്കളും എഴുത്തുകാരും നിരന്തരം ബന്ധം ഉള്ളവരായിരിക്കണം അതില്ലാതെ എന്തെങ്കിലും കാട്ടികൂട്ടുന്ന ഒരു വിഭാഗത്തെയാണ് കഴിഞ്ഞ നാൽപ്പതു വർഷത്തിലേറെയായി ഇവിടെ കാണുന്നത്

'അവസര രഹിത വാണി, ഗുണഗണ നാ ശോഭിതെ' (അവസര രഹിതമായ വാക്കുകൾ എത്ര ഗുണം ഉള്ളെതെങ്കിലും ശോഭിക്കില്ല)   എന്ന് പറഞ്ഞതുപോലെ പരിഹാസം എപ്പോഴും ശോഭിക്കില്ല. പക്ഷെ എന്തുകൊണ്ട് പരിഹാസത്തോടെ  പലപ്പോഴും ഫൊക്കാന, ഫോമ, മലയാളം ലിറ്റററി സൊസൈറ്റിയിൽ വിദ്യാധരനെപ്പോലെയുള്ള വായനക്കാർ നിരന്തരം ഈ-താളിൽ  പ്രതികരിക്കുന്നു എന്ന് നേതാക്കന്മാരും എഴുത്തുകാരും ഗാഡമായി ചിന്തിക്കേണ്ടതാണ്.  നിങ്ങളുടെ ഈ -ലേഖനം തന്നെ ഒരു പരിഹാസത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.   "നാല് ലക്ഷത്തോളം വെറും മലയാളി ....സങ്കര  മലയാളി ഇങ്ങനെ ആരംഭിക്കുന്ന ലേഖനം എന്നെപോലെയുള്ള ഒരു മലയാളിയെ നിരുത്സാഹപ്പെടുത്തകയാണ് ചെയ്യുന്നത്.  കാരണം ഞാൻ വെറും ഒരു മലയാളി ആയിട്ടോ സങ്കര മലയാളി ആയിട്ടോ ആല്ല ഇവിടെ കുടിയേറിയത്. വളരെ സ്വപ്നങ്ങളുമായി വന്നു ചിലത് സഫലമായി ചിലത് ജീവിത യഥാർത്ഥ്യങ്ങളുടെ കരിംപാറകളിൽ തട്ടി ചിന്നഭിന്നമായി. ആരോടും പറയാൻ കഴിയാത്ത വേദനകളും നൊമ്പരങ്ങളൂമായി കഴിയുന്ന അനേകം മലയാളികൾ ഇവിടെയുണ്ട്. അവരാരും വെറും മലയാളികളല്ല സങ്കരമലയാളികളും അല്ല എന്ന് നിങ്ങളെപ്പോലെയുള്ള എഴുത്തുകാർ ഓർത്തരിക്കണം. ജനങ്ങളുമായി ബന്ധം സ്ഥാപിക്കാതെ അവരുടെ ജീവിതത്തിന്റെ സത്യമായ വശങ്ങളെ കാണാതെ മനസിലാക്കാതെ  ആരംഭിക്കുന്ന ഒരു പദ്ധതികളും വിജയിക്കില്ല. അതുകൊണ്ടു ചേട്ടൻ അക്കാര്യം ഒരു പ്ലാക്കിൽ എഴുതി എല്ലാവര്ക്കും കാണത്തക്ക രീതിയിൽ ഓഫിസിൽ കെട്ടിത്തൂക്കിയിടുക 'ജനങ്ങൾ ആദ്യം"  PEOPLE FIRST.

ഞാൻ ഇത്രയും എഴുതിയത് നിങ്ങളെ നിരുത്സാഹപെടുത്താൻ അല്ല.  ഈ രാജ്യത്ത് വളരെ നാളായി കണ്ടുവരുന്ന ഒരു പ്രവണതയുടെ അടിസ്ഥാനത്തിൽ എഴുതിയത്.  നിങ്ങളുടെ സംരംഭം ആത്മാർത്ഥതയുള്ളതായിരിക്കട്ടെ അത് വിജയിക്കട്ടെ


jep 2016-08-11 05:43:48

വളരെ നല്ല കാര്യം,രണ്ടു മൂന്നു തലമുറ കൂടി കഴിയുമ്പോൾ  നമ്മുടെ കുട്ടികൾ തങ്ങളുടെ അസ്ഥിത്വം തിരയുമ്പോൾ എന്തെങ്കിലും റഫറൻസ്  വേണമല്ലോ.പണ്ട് വന്നവർ കടന്നു പോയ, രണ്ടു സംസ്കാരങ്ങൾ  പെട്ടെന്ന് തമ്മിൽ ചേർന്നപ്പോൾ ഉണ്ടായ സുനാമിയിൽ കുഴഞ്ഞു വീണു  വിലങ്ങളിടിച്  നിന്ന് പോയ എത്രോയോ ജീവിത യഥാർത്യ നിമിഷങ്ങൾ.ഇതൊക്കെ എവിടെയെങ്കിലും  ഒന്ന് കോറിയിട്ടാൽ അത് അമേരിക്കൻ  മലയാളീ കുടിയേറ്റത്തിനു ഒരു ആമുഖം ആകാം. ഇപ്പോഴത്തെ ഈ സമ്പന്നതയിൽ ഇങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു അവരുടെ മക്കൾക്ക്‌ ഓര്മയുണ്ടാകിലും,പിന്നീട് കടന്നു വന്ന  ന്യൂ ജീ ടെക്കി മലയാളികൾകൾക്ക് ഇവയൊന്നും അറിയില്ലയിലോ.ഇതൊക്കെ  മലയാളത്തിൽ എഴുതി ഇംഗ്ലീഷിൽ പരിഭാഷാ ചെയ്താൽ നന്ന് .നല്ലതു വരട്ടെ .

 

udhesha shudhi 2016-08-11 06:42:45
Let us hope at least next time these people will remember to give at least one picture or some description of those whom they are going to felicitate other than saying , Sosamma, 1968, nurse.
Expected much more thoughtful presentation and reporting from people who work in literary field other than highlighting the reporter and what they going to do while forgetting the subject(s) of reporting. 
വർക്കി ഡാലസ് 2016-08-12 06:35:22

ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നതേയുള്ളു. കാരണം നിങ്ങളുടെ ലേഖനത്തിന്റെ തലക്കെട്ട്തന്നെ.  എനിക്ക് എഴുപത്തിരണ്ടു വയസ്സുണ്ട് പണ്ടത്തെപ്പോലെ കണ്ണ് കാണില്ല. . നിങ്ങളുടെ ലേഖനത്തിന്റെ തലക്കെട്ട് എന്റെ ഭാര്യ  വായിച്ചു കേട്ടത് ഓർമയുണ്ട് പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റൽ ബെഡ്‌ഡിലാണ്. ഡോക്റ്റർ എന്നോട് ചോതിച്ചു എന്ത് പറ്റിയതാണ് മറ്റ് അസുഖം ഒന്നും ഇല്ലല്ലോ എന്ന്. ഞാൻ പറഞ്ഞു ഡോക്ടറെ പേടിച്ചു പോയതാ.  അദ്ദേഹം പറഞ്ഞു നിങ്ങളുടെ ഭാര്യയെ കണ്ടിട്ട് ഒരു സാധു സ്ത്രീയെപ്പോലെ ഇരിക്കുന്നു. അവരെന്തെങ്കിലും ചെയ്തോ?
 
എന്ത് പറയാനാ ഡോക്ടറെ. ഈ-മലയാളിയിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ടു വായിച്ചു കേട്ട് താഴെ പോയതാ.
ഒരു തലക്കെട്ട് വായിച്ചു കേട്ടാൽ താഴെ പോകാൻ എന്തിരിക്കുന്നു.
അത് ഡോക്ടറെ  ഈ മലയാളിയിൽ വരുന്ന പല ലേഖനങ്ങളൂം എന്റെ ഭാര്യയാണ് വായിച്ചു തരുന്നത്. അവൾക്കണക്കിൽ നാക്കിന് ഒരു കെട്ടുണ്ട്. 'സ' എന്ന വാക്ക് വരില്ല. "വായനക്കാർ ശ്രദ്ധിക്കുക കുടിയേറ്റ സാരഥികളുടെ സ്മരണദിനം വരുന്നു എന്ന് അവൾ വായിച്ചത് 'മരണദിനം എന്നാണ് ഞാൻ കേട്ടത്. അതുകൊണ്ടു പറ്റിയതാണ്.
ങ! അത്രെയുള്ളോ അത് ഞാൻ ശരിയാക്കി തരാം. തന്റെ ഭാര്യയുടെ നാക്കിന്റെ കെട്ട്  ഞാൻ ഇന്ന് മുറിച്ചു കളഞ്ഞേക്കാം.
വേണ്ട ഡോക്ടറെ അത് ഇൻഷുറൻസ് കവർ ചെയ്യില്ലല്ലോ.
അത് പേടിക്കേണ്ടെടോ അത് ഞാൻ തന്റെ ബില്ലിൽ ചേർത്തോളം. 
വേണ്ട ഡോക്റ്ററെ ഞാൻ ഇതിന്റെ ലേഖന കർത്താവിനെ വിളിച്ചു പറഞ്ഞോളാം ഇനി ഇതുപോലെ തലകെട്ടിൽ ലേഖനം എഴുതരുതെന്നു
എടോ അയാൾ എഴുതിയില്ലെങ്കിൽ വേറൊരാൾ എഴുതും അവര് ചിലപ്പോൾ 'ആസക്തി' എന്നായിരിക്കും എഴുതുന്നത് അത് തന്റെ ഭാര്യ വായിക്കുമ്പോൾ 'കത്തി' എന്നായിരിക്കും താൻ കേൾക്കുന്നത് അങ്ങനെ തന്റെ ജീവിതം ഹോസ്പിറ്റലിൽ അവസാനിക്കും. അതുകൊണ്ടു "ഞാൻ ഇപ്പോൾ ശരിയാക്കി തരാം" ( ആത്മഗതം -ഇയാൾ എന്താണ് കുതിരവട്ടം പപ്പുവോ ഇപ്പോൾ ശരിയാക്കി തരാൻ )

(ഭാര്യ നാക്കിന്റെ കെട്ട്  മുറിച്ചു വന്നതിന് ശേഷം)
ഇപ്പോൾ എങ്ങനെയുണ്ട് നീ ഇനി ആ തലക്കെട്ട് ഒന്നുകൂടി വായിച്ചേ കേൾക്കട്ടെ

വായനക്കാർ ശ്രദ്ധിക്കുക കുടിയേറ്റ രഥികളുടെ മരണദിനം വരുന്നു
ഇത് പണ്ടത്തെക്കാൾ വഷളായല്ലോ ഇപ്പോൾ 'സ' വരുന്നേയില്ലല്ലോ 'സാരഥി' 'രതിയായി'
സ്മരണ മരണമായി നിൽക്കുന്നു ഇത് എന്തുപറ്റി
അത് ചേട്ടാ അദ്ദേഹം പറഞ്ഞ് അത് കെട്ടിന്റെ കുഴപ്പമല്ല എന്റെ നാക്കിന്റെ നീള കൂടുതൽ കൊണ്ട് സംഭവിച്ചതാ എന്ന്. അതുകൊണ്ട് അദ്ദേഹം നാക്കിന്റെ തുമ്പ് മുറിച്ചു കളഞ്ഞു

ങ് . ഇനി നീ സാ പറഞ്ഞില്ലേലും വേണ്ടില്ല നിന്റെ നാക്കിന്റെ നീളം കുറഞ്ഞു കിട്ടിയല്ലോ

ചാണ്ടി, ന്യുയോർക്ക് 2016-08-12 09:24:27
വർക്കിയുടെ കഥ വായിച്ചതിനു ശേഷം ഈ ലേഖനം വായിച്ചപ്പോൾ എനിക്കും സംശയം ഇത് സ്മരണയാണോ മരണമാണോ എന്ന്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക