Image

ജൂതദമ്പതിമാര്‍ കൊച്ചിയില്‍ ‍; രാജ്യം വിടണമെന്ന് കളക്ടര്‍

Published on 08 February, 2012
ജൂതദമ്പതിമാര്‍ കൊച്ചിയില്‍ ‍; രാജ്യം വിടണമെന്ന് കളക്ടര്‍
മട്ടാഞ്ചേരി: സംശയകരമായ സാഹചര്യത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ചുവരുന്ന ജൂത ദമ്പതിമാരോട് 15 ദിവസത്തിനകം ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി.

രണ്ടുവര്‍ഷമായി ഫോര്‍ട്ടുകൊച്ചിയില്‍ വാടക വീട്ടില്‍ താമസിച്ചുവരുന്ന യഹൂദനായ സാല്‍മാന്‍ ഷെനോര്‍, ഭാര്യ യാഫാ ഷെനോയ് എന്നിവരോടാണ് നാടുവിടാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്.


2010 മാര്‍ച്ച് മൂന്നിനാണ് ജൂതദമ്പതിമാര്‍ കൊച്ചിയില്‍ എത്തിയത്. 'മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ' യില്‍ എത്തിയ ഇവര്‍ ഫോര്‍ട്ടുകൊച്ചിയില്‍ പ്രതിമാസം 50,000 രൂപ വാടകയ്ക്കാണ് താമസിച്ചിരുന്നതത്രെ.


മുംബൈ ഭീകരാക്രമണത്തില്‍ ജൂതന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ യഹൂദന്മാരുടെ വാസകേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് കേന്ദ്ര ഇന്‍റലിജന്‍സിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.


ഇതനുസരിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗത്തിന്റെയും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പോലീസിന്റെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു കൊച്ചിയിലെ ജൂത ദമ്പതിമാര്‍.


ഇവരുടെ വാടക വീട്ടില്‍, കൊച്ചിയില്‍ സഞ്ചാരികളായെത്തുന്ന ജൂതന്മാരുടെ സംഘം എത്താറുണ്ടെന്നും പലപ്പോഴും രാത്രി വൈകും വരെ യോഗങ്ങള്‍ ചേരാറുണ്ടെന്നും ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുരോഹിതനായ സാല്‍മാന്‍, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കാറുണ്ട്.


ഇസ്രായേലിലെ ഒരു മതസംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.


2011 മാര്‍ച്ച് 3ന് ഇവരുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് 2011 ഏപ്രില്‍ ഒന്നിന് പുതുക്കിയ വിസയുമായി ഇവര്‍ വീണ്ടും കൊച്ചിയിലെത്തുകയായിരുന്നു.


വിസയില്‍ ക്രമക്കേടുകളുള്ളതിനാല്‍ 15 ദിവസത്തിനകം, നാടുവിടണമെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.


കളക്ടറുടെ ഉത്തരവ് ചൊവ്വാഴ്ച ഫോര്‍ട്ടുകൊച്ചി പോലീസ് ജൂതദമ്പതിമാര്‍ക്ക് കൈമാറി.

 നാടുവിടുന്നതിനു മുമ്പായി ഇവരെ ഇന്‍റലിജന്‍സ് വിഭാഗം ചോദ്യംചെയ്യുമെന്നറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക