Image

കെ.പി. ബ്രഹ്മാനന്ദന്‍: നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മയില്‍

അനില്‍ പെണ്ണുക്കര Published on 09 August, 2016
കെ.പി. ബ്രഹ്മാനന്ദന്‍: നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മയില്‍
എം .എസ് ബാബുരാജ് ഈണം നല്‍കി യേശുദാസ് പാടി ഹിറ്റായ 'ഇന്നലെ മയങ്ങുമ്പോള്‍ ഒരുമണിക്കിനാവിന്റെ 'എന്ന ഗാനം പാടാന്‍ ആദ്യം നറുക്കുവീണ ഗായകന്‍ ആയിരുന്നു കെ.പി. ബ്രഹ്മാനന്ദന്‍ .പക്ഷെ ചില കാരണങ്ങളാല്‍ ആ ഗാനം പിന്നീട് യേശുദാസ് പാടുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അന്ന് കെ.പി. ബ്രഹ്മാനന്ദന്‍ ആ പാട്ടു പാടിയിരുന്നുവെങ്കില്‍ മറ്റൊരു തലത്തിലേക്ക് പാട്ടും ഗായകനും എത്തുമായിരുന്നു എന്നത് തീര്‍ച്ച .എങ്കിലും മലയാളി ബ്രഹ്മാനന്ദനെ മറക്കില്ല.. 

നീലനിശീഥിനിയും,താരക രുപിണിയും മലയാളിക്ക് സമ്മാനിച്ച ആ അനുഗ്രഹീത ഗായകന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു  12 വര്‍ഷം.

കാല്‍നൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകള്‍ മാത്രമേ ബ്രഹ്മാനന്ദന്‍ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സില്‍ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 

 യേശുദാസ്, ജയചന്ദ്രന്‍ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദന്‍ ഇവര്‍ക്കൊപ്പം മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയിരുന്നു.1946 ഫെബ്രുവരി 22ന് തിരുവനന്തപുരം ജില്ലയില്‍ കടയ്ക്കാവൂരില്‍ ജനിച്ച ബ്രഹ്മാനന്ദന്‍ പന്ത്രണ്ടാം വയസ്സില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. 

കടയ്ക്കാവൂര്‍ സുന്ദരം ഭാഗവതര്‍, ഡി.കെ. ജയറാം എന്നിവര്‍ക്കു കീഴില്‍ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദന്‍ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്‌കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 

കെ.രാഘവന്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിനുവേണ്ടി പാടി 1969ല്‍ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ ആലപിച്ച 'മാനത്തേകായലില്‍...' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 'തെക്കന്‍ കാറ്റ്' എന്ന ചിത്രത്തിലെ 'പ്രിയമുള്ളവളേ നിനക്കുവേണ്ടി...', 'ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു' എന്ന ചിത്രത്തിലെ 'താരകരൂപിണീ...' എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.പ്രശസ്ത ഗായകനായിരുന്ന അന്തരിച്ച അയിരൂര്‍ സദാശിവന്‍ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്നു.

ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകള്‍. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങള്‍ക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവന്‍, വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍, എ.റ്റി. ഉമ്മര്‍, ആര്‍.കെ. ശേഖര്‍ എന്നീ സംഗീതസംവിധായകര്‍ക്കു കീഴിലാണ് ബ്രഹ്മാനന്ദന്‍ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാല്‍ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായിരുന്ന ജി. ദേവരാജന്‍ ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്ന ആരോപണമുണ്ട്. 

മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. ഇളയരാജാ, ശങ്കര്‍ ഗണേഷ് എന്നീ സംഗീതസംവിധായകരായിരുന്നു തമിഴില്‍ ബ്രഹ്മാനന്ദന് അവസരം നല്‍കിയത്.
'മലയത്തിപ്പെണ്ണ്', 'കന്നിനിലാവ്' എന്നീ സിനിമകള്‍ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ കന്നിനിലാവ് പ്രദര്‍ശനത്തിനെത്തിയില്ല. 

മലയത്തിപ്പെണ്ണിനുവേണ്ടി അദ്ദേഹം ഈണം പകര്‍ന്ന് ഉണ്ണിമേനോനും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച 'മട്ടിച്ചാറ് മണക്കണ്' എന്ന ഗാനം പ്രസിദ്ധമാണ്.തെക്കന്‍കാറ്റ് എന്ന ചിത്രത്തിലെ പ്രിയമുള്ളവളേ... എന്ന ഗാനം നാം മറക്കുമോ?
മാനത്തെ കായലില്‍ ,ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയോടോ ,ലോകം മുഴുവന്‍ സ്‌നേഹദീപമേ മിഴി തുറക്കൂ,താരക രൂപിണീ,  ഇന്ദുകമലം ചൂടി, താമരപ്പൂ നാണിച്ചു, മാനത്തു താരങ്ങള്‍ തുടങ്ങിയ സിനിമാ ഗാനങ്ങള്‍ക്ക് പുറമെ ,ലളിതഗാനങ്ങള്‍ ,ഭക്തിഗാനങ്ങള്‍ തുടങ്ങി എത്രയോ ഗാനങ്ങള്‍ അദ്ദേഹം മലയാണ്മയ്ക്കു സമ്മാനിച്ചിരുന്നു.

പ്രമേഹബാധിതനായി ചികിത്സയിലായിരുന്ന ബ്രഹ്മാനന്ദന്‍ തന്റെ അന്‍പത്തെട്ടാം വയസില്‍ 2004 ഓഗസ്റ്റ് 10നു കടയ്ക്കാവൂരിലെ വസതിയില്‍ വച്ച് അന്തരിക്കുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ രാകേഷ് ബ്രഹ്മാനന്ദന്‍ സജീവമായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നു .
Join WhatsApp News
SchCast 2016-08-10 09:57:49
No malayalee can ever forget Brhamanandan. His songs brings on emotional tides of colorful diversity over and over. A bouquet of fresh flowers in his everlasting memory.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക