Image

കാണാന്‍ രസമുണ്ട്, ആന്‍മരിയയുടെ കലിപ്പ്

Published on 09 August, 2016
 കാണാന്‍ രസമുണ്ട്, ആന്‍മരിയയുടെ കലിപ്പ്
കൊച്ചുകുട്ടികളുടെ മനസ് അറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ടോ? അവരുടെ ആഗ്രഹങ്ങള്‍, അവരുടെ മനസിന്റെ സഞ്ചാരങ്ങള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ അറിയാന്‍ എപ്പോഴാണ് മെനക്കെടുക? 

പക്ഷേ കുട്ടികളുടെ മനസില്‍ അവര്‍ ആഗ്രഹിക്കുന്ന പലതുമുണ്ട്. ചില സമയങ്ങളില്‍ അവരുടെ മനസിനേല്‍ക്കുന്ന ചെറിയ മുറിവുകള്‍ പോലും എന്നന്നേയ്ക്കും നീണ്ടു നില്‍ക്കുന്ന വേദന തരുന്നവയായി മാറിയേക്കാം.

സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ എല്ലാവര്‍ക്കും ഉണ്ടാകും മറക്കാന്‍ കഴിയാത്ത ചില അധ്യാപകര്‍. ചിലര്‍ സ്‌നേഹവും കരുതലും കൊണ്ട് ശിഷ്യരുടെ ഇഷ്ടം നേടിയവരായിരിക്കും. 

ചിലരാകട്ടെ കുട്ടികളെ വേദനിപ്പുക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അവരുടെ മനസില്‍ മായാതെ കിടക്കുന്നവരായിരിക്കും. സംവിധായകന്‍ മിഥുന്‍ തന്റെ സിനിമയിലൂടെ കാഴ്ച വയ്ക്കുന്നതും ഇത്തരത്തില്‍ ഒരുനുഭവത്തിന്റെ തുടര്‍ച്ചയായുള്ള കഥ തന്നെയാണ്.

സിനിമയിലെ കേന്ദ്രകഥാപാത്രമായ ആന്‍മരിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലെ പി.ടി മാഷിനെ തല്ലണം, അതും നല്ല വാടകഗുണ്ടയെകൊണ്ടു തന്നെ തല്ലിക്കണം.

 അതാണ് ആന്‍മരിയയുടെ ആഗ്രഹം. ഈയൊരു മാനസികതലത്തിലേക്ക് ആന്‍മരിയ മാറാന്‍ കാരണം അവള്‍ക്കു നേരിട്ട ഒരു ദുരനുഭവമാണ്. സിനിമയുടെ പേരു പോലെ തന്നെ ആന്‍മരിയ കലിപ്പിലാകാനുള്ള കാരണവും ഇങ്ങനെയുളള കുറേ കാര്യങ്ങള്‍ ചേരുന്നതാണ്. തന്റെ ആഗ്രഹം നടപ്പാക്കാന്‍ ആന്‍മരിയ നടത്തുന്ന കുറേ സാഹസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് കഥ പറയുന്നത്.

കുട്ടികളെയും കുടുംബപ്രേക്ഷകരെയും ലക്ഷ്യം വച്ച് ഇറക്കിയ ചിത്രം കണ്ടിരിക്കാന്‍ സുഖമുള്ളതു തന്നെ. കാരണം നമ്മള്‍ നിസാരമെന്നു കരുതി തള്ളിക്കളയുന്ന കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് പിന്നീട് വലിയ വില കൊടുക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ചിത്രം ക്യാമറ തിരിക്കുന്നത്. 

ഡോക്ടര്‍മാരായ റോയ്-ട്രീസ ദമ്പതികളുടെ ഏകമകള്‍ ആണ് ആന്‍മരിയ. പഠിക്കാന്‍ മിടുക്കിയായ ആന്‍ മരിയക്ക് അച്ഛന്‍ റോയിയെ പോലെ തന്നെ കായിക രംഗത്ത് ഒന്നാമതെത്തണമെന്ന് വലിയ ആഗ്രഹമാണ്. 

എന്നാല്‍ സ്‌കൂളിലുണ്ടാകുന്ന ഒരു ചെറിയ സംഭവം ആന്‍മരിയയുടെ കുഞ്ഞുമനസിലെ ആഗ്രഹങ്ങള്‍ തകിടം മറിക്കുകയാണ്. അതോടെ കാര്യങ്ങള്‍ തകിടെം മറിയുന്നു. പിന്നീട് അവളുടെ ജീവിതത്തിലേക്ക് പൂമ്പാറ്റ ഗിരീഷും ആംബ്രോസുമൊക്കെ കടന്നു വരികയാണ്. പിന്നീട് ഇവരുമൊന്നിച്ചുള്ള ആന്‍മരിയയുടെ തന്ത്രങ്ങളും മറ്റുമാണ് കഥ പറയുന്നത്.

കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതെ കരിയറും അതിലെ ഉയര്‍ചയും മാത്രം ലക്ഷ്യം വച്ച് മുന്നേറുന്ന മാതാപിതാക്കളുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ തേടിപ്പോകുന്ന പുതുതലമുറ കുട്ടികളെയും നമുക്ക് ഈ ചിത്രത്തില്‍ കാണാനാകും. 

വളരെ ലളിതമായ ഒരു കഥ ആകര്‍ഷകമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ആന്‍മരിയ ആയി എത്തിയ സാറ അര്‍ജുന്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചിട്ടുളളത്. തന്റെ മുന്‍കാല ചിത്രങ്ങളെ കടത്തി വെട്ടുന്ന പ്രകടനം തന്നെ ഈ പത്തു വയസുകാരി പുറത്തെടുത്തിട്ടുണ്ട്.

ആന്‍മരിയയുടെ അച്ഛനായി സൈജു കുറുപ്പും അമ്മയായി ലിയോണയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് പൂമ്പാറ്റ ഗിരീഷായി എത്തിയ സണ്ണിവെയ്ന്‍, അജു വര്‍ഗീസ് , ധര്‍മ്മജന്‍ എന്നിവരുടെ പ്രകടനമാണ്. ഗിരീഷ് ഗുണ്ടയാണെങ്കിലും ഒരു പേടിത്തൊണ്ടനാണ്. 

സണ്ണിയുടെ കരിയറിലെ ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും പൂമ്പാറ്റ ഗിരീഷ് എന്നു പറയാം. വില്ലനായി എത്തിയ ജോണ്‍ കൈപ്പള്ളിലും ബേബിച്ചായനായി എത്തിയ സിദ്ദിഖും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. അഞ്ജലി അനീഷ്, ഷൈന്‍ ടോം ചാക്കോ, സേതുലക്ഷ്മി, മാസ്റ്റല്‍ വിശാല്‍, വിജയകുമാര്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. 

ഷാന്‍ റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. സൂരജ് എസ്.കുറുപ്പിന്റെ പശ്ചാത്തല സംഗീതവും വിഷ്ണു ശര്‍മ്മയുടെ ഛായാഗ്രഹണവും മികച്ച നിലവാരം പുലര്‍ത്തി.

ആന്‍ മരിയ കലിപ്പികാന്‍ പല കാരണങ്ങളുമുണ്ട്. എന്നാലും കുട്ടികള്‍ക്ക് ഇത്ര കുറുമ്പ് പാടുണ്ടോ എന്നു ചോദിച്ചാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ ഇത്തിരി പ്രയാസമാണ്. കാരണം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നു മുതിര്‍ന്നവര്‍ നിഷ്‌ക്കര്‍ഷിക്കുന്ന നിഷ്‌ക്കളങ്കതയുണ്ട്. 

 അതുവിട്ട് പുറത്തുകടക്കുന്ന കുട്ടികളോട് അല്‍പം ദേഷ്യം തോന്നുക സ്വാഭാവികം. എന്നാലും മാതാപിതാക്കള്‍ക്കും അതോടൊപ്പം സമൂഹത്തിനും ഒരു നല്ല സന്ദേശം നല്‍കുന്ന ചിത്രമെന്ന നിലയില്‍ ആന്‍മരിയ കലിപ്പിലാണ് എന്ന ചലച്ചിത്രം രസകരമായി കണ്ടിരിക്കാം.






 കാണാന്‍ രസമുണ്ട്, ആന്‍മരിയയുടെ കലിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക