Image

വെട്ടത്തിനും തുട്ടോ.....(ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 06 August, 2016
വെട്ടത്തിനും തുട്ടോ.....(ഡോ.നന്ദകുമാര്‍ ചാണയില്‍)
അടുത്ത വൃത്തങ്ങളില്‍  അപ്പച്ചന്‍ എന്നറിയപ്പെടുന്ന സി.എം.സി, മുഖ്യധാരയിലും പ്രവാസി മലയാളികളുടെ ഇടയിലും അറിയപ്പെടുന്ന ഒരു ചെറുകഥാകൃത്താണ്. സര്‍വ്വകലാശാലകള്‍ വില്‍ക്കുന്ന ബിരുദങ്ങളോ ബിരുദാനന്തരബിരുദങ്ങളോ ചമയങ്ങളായി ഇല്ലാത്ത ഈ കച്ചവടപ്രമാണി(സി.എം.സി.യുടെ വാക്കുകള്‍ കടമെടുക്കാമെങ്കില്‍ 'മരക്കച്ചവടക്കാരന്‍') സാഹിത്യലോകത്തേയ്ക്ക് എങ്ങനെയോ ആകസ്മികമായി എത്തിപ്പെട്ട ഒരാളല്ല. നിരന്തരമായ വായനാതപസ്യയിലൂടെ അദ്ദേഹം നേടിയെടുത്ത അറിവും എട്ടുകൊല്ലത്തെ സായുധസേനയിലേയും മുപ്പത്തിഎട്ടുകൊല്ലത്തെ പ്രവാസി ജീവിതത്തിലേയും അനുഭവസമ്പത്തില്‍ നിന്നും ഉരുത്തിരിഞ്ഞുണ്ടായ സര്‍ഗ്ഗശേഷിയാണ് ശ്രീ.സി.എം.സിയെ അറിയപ്പെടുന്ന അല്ലെങ്കില്‍ കഥ നല്ല വിധത്തില്‍ എഴുതുവാന്‍ കഴിവുള്ളവനാക്കിയത്. കോടാനുകോടി പുഷ്പലതാദികളുള്ള ഊ ഭൂവില്‍ വര്‍ണ്ണാഭമായ പൂക്കള്‍ക്കും സൗരഭ്യമേറിയ പൂക്കള്‍ക്കും അതാതിന്റെ ജനിതകശേഷി ഉടയോന്‍ നല്‍കുന്നു. എന്നാല്‍ ഓരോ എഴുത്തുകാരനും അവനവന്റെ സര്‍ഗ്ഗസൃഷ്ടികളുടെ ജനിതകശേഷി തപസ്യയിലൂടെ നേടി എടുക്കുന്നു....ചിലരെങ്കിലും.

'വെളിച്ചം വില്‍ക്കുന്നവര്‍' എന്ന ശീര്‍ഷകം വളരെ ഉചിതമായിരിക്കുന്നു. കോര്‍പ്പറേറ്റ് അമേരിക്കയില്‍ എന്തും വില്പനച്ചരക്കാണല്ലോ. വെള്ളം കുപ്പികളില്‍ വാങ്ങുമ്പോള്‍ സാധിക്കുന്നതുപോലെ തന്നെ വായുവും ടിന്നുകളില്‍ സംഭരിച്ച് വില്‍പനയ്ക്ക് തയ്യാറാവുന്നതായി ഈയിടെ വാര്‍ത്ത കേട്ടു. അപ്പോള്‍ വെളിച്ചവും വില്‍പനച്ചരക്കാക്കാമല്ലോ. അല്ലേ.

പതിനാല് ഹ്രസ്വകഥകളും അഞ്ചു വിവര്‍ത്തനകഥകളും ഉള്‍ക്കൊള്ളുന്ന 'വെളിച്ചം വില്‍ക്കുന്നവര്‍' എന്ന കഥാസമാഹാരം സി.എം.സി.യുടെ അഞ്ചാമത്തെ കൃതിയാണ്. ഒരു പേജിലൊതുക്കിയ  'സ്‌നേഹത്തിന്റെ രൂപങ്ങള്‍' എന്ന ആദ്യകഥയില്‍ സ്‌നേഹത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ വളരെ ചാരുതയോടെ കഥാകൃത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. സായിപ്പിന്റെ ബേക്കറിയില്‍ റൊട്ടി ചുട്ടെടുക്കുന്ന ഒരു പണിക്കാരന്‍, പണിക്കിടക്ക് അമ്മയെ ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് കയ്യുറ ഇടാന്‍ മറക്കുന്നു. അങ്ങനെ പൊള്ളി വികൃതമായ കയ്യ് കണ്ട് നൊമ്പരപ്പെടുന്ന സര്‍വ്വംസഹയായ അമ്മ പറയുന്നത് എന്റെ മോന്‍ ജോലിക്കിടയ്ക്ക് ഇനിയൊരിക്കലും അമ്മയെ ഓര്‍ക്കേണ്ടെന്നും അതുമൂലം കൈ പൊള്ളിക്കേണ്ടെന്നും പറയുന്നു. ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മകന്റെ കൈയ്യല്ല മനമാണ് പൊള്ളുന്നത്. അതേസമയം പണി മാറ്റിവെച്ചും ജോലിക്കിടയിലും തന്നെ ഓര്‍ക്കുവാന്‍ സങ്കോചമേതുമില്ലാതെ ആവശ്യപ്പെടുന്നു പ്രേയസി. അമ്മയുടെ സ്‌നേഹത്തിന്റെയും ഭാര്യയുടെ സ്‌നേഹത്തിന്റെയും മാറ്റുരക്കാന്‍ കൊച്ചുവാചകങ്ങളിലുള്ള ഈ കൊച്ചുകഥ പദ്യാപ്തമാണ്.

'രാജീവിന്റെ അച്ഛന്‍' എന്ന കഥ ഏറെക്കാലമായി സമ്പര്‍ക്കം നഷ്ടപ്പെട്ട മകനെ പുതുവര്‍ഷാരംഭത്തില്‍ ഒരു പുതുതുടക്കത്തിനായി മകനെ ഫോണില്‍ വിളിക്കുന്നു. എന്തോ നമ്പര്‍ തെറ്റി വേറൊരാളാണ് ഫോണെടുക്കുന്നത്. എങ്കിലും പിതാവിന്റെ അത്യാകാംക്ഷ മറ്റേത്തലക്കലുള്ള ആളിന്റെ ശബ്ദം തന്റെ മകന്റേതായി തോന്നിപ്പിക്കുന്നു, ചങ്ങാതീ രാജീവിനല്ല ഇത്. വിളിച്ച നമ്പര്‍ മാറിപ്പോയീ എന്നൊക്കെ മറ്റേയാള്‍ പറയുന്നുണ്ടെങ്കിലും. സമ്പര്‍ക്കം ശിഥിലമായ പിതാവിന്റെ നൊമ്പരങ്ങള്‍ ചുരുങ്ങിയ വാചകങ്ങളില്‍ വരച്ചു കാണിക്കാന്‍ ശ്രീ.സി.എം.സി.തന്റെ മികവ് തെളിയിക്കുന്നു.

സ്വന്തം എന്ന കഥയില്‍ സ്വന്തമായി ഒന്നുമില്ലാതിരുന്ന, എന്നാല്‍ എല്ലാം എല്ലാവരുടേതുമായി കഴിഞ്ഞു വന്നിരുന്ന ഒരാള്‍ അമേരിക്കയില്‍ എത്തിയിട്ടും താന്‍ ശീലിച്ചുവന്ന പങ്കുവെക്കലും പങ്കുകൊള്ളലും തുടരുന്നു. കുട്ടികളുടെ സൈക്കിള്‍, പുല്ലുവെട്ടുന്ന മെഷീന്‍, സ്വന്തം കാര്‍ ഈ വക സാധനങ്ങള്‍ അയല്‍ക്കാര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്ന സ്വഭാവം കണ്ടിട്ട് ബുദ്ധിമതിയായ ഭാര്യ കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ സ്ഥാനത്ത് മറ്റുവല്ലവരും ആയിരുന്നെങ്കില്‍ ഈ പഴഞ്ചന്‍ വീടിനു പകരം നല്ല ഒന്നാന്തരമൊരു വീട് പണിത് മനുഷ്യരെപ്പോലെ കഴിയുമായിരുന്നു. ഈ വിധമുള്ള കുറ്റപ്പെടുത്തലുകള്‍ അയാളുടെ മനസ്സിന്റെ താളം തെറ്റാനേ ഉപകരിച്ചുള്ളൂ. തന്റെ കഴിവില്ലായ്മ മറ്റുള്ളവര്‍ അറിയരുതെന്ന്  അയാള്‍ ആശിച്ചു. ഒരു മാറിയ മനുഷ്യനാവാനുള്ള ശ്രമത്തിന്റെ ഭാഗമായി അയാള്‍ കുറേ ചങ്ങലകള്‍ വാങ്ങി സൈക്കിളും, ലോണ്‍മോവറും വാനും എല്ലാം ചങ്ങലയിട്ടു പൂട്ടി. വാതിലുകളും ജനലുകളും പൂട്ടിയിടാന്‍ വില കൂടിയ താഴുകള്‍ വാങ്ങി. എല്ലാം ബന്ധനത്തിലാക്കിയ അയാള്‍ പേടിസ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. ചുറ്റും തുടലിട്ടു പൂട്ടിയിരിക്കുന്ന വലിയ ഒരു മാളിക വീട്ടില്‍ അനങ്ങാനാവാതെ ബന്ധനസ്ഥനായ തനിക്ക് കാലനാകാന്‍ സാധിക്കുകയില്ല. ഭാര്യ ഉറങ്ങുകയും....

(തുടരും.....)


വെട്ടത്തിനും തുട്ടോ.....(ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
vayanakaaran 2016-08-07 08:28:23
അമേരിക്കയിൽ എഴുത്തുകാരുടെ എണ്ണം ക്രമാതീതമായി
വർദ്ധിച്ച് വരുന്നതിനെ പ്പറ്റി പല എഴുത്തുകാരും വായനക്കാരും പരിഹാസങ്ങൾ ചൊരിഞ്ഞിട്ടുണ്ട്. നിരൂപകരുടെ എണ്ണമായിരുന്നു കുറവ്. അതും നികത്തികൊണ്ട് അമേരിക്കൻ മലയാള സാഹിത്യം വെന്നിക്കൊടി പാറിക്കട്ടെ. നിരൂപകാ,  ഒരു സംശയം കഥാകൃത്ത് വെളിച്ചത്തെ വിൽക്കുന്നവർ എന്ന്  എഴുതിയത് അക്ഷരാർതഥത്തിൽ മനസ്സിലാക്കണമെന്നാണോ താങ്കൾ പറയുന്നത്. വെള്ളം വിൽക്കുന്നപോലെ, വായു വിൽക്കുന്ന പോലെ വെളിച്ചവും, ഈ വാണിജ്യ ചിന്താഗതിയായിരുന്നോ അനുഗ്രഹീത  എഴുത്തുകാരനായ സി.എം.സി. ക്കുണ്ടായിരുന്നത്. ഒരു സംശയം മാത്രം. നിരൂപകന്മാർ ശ്രദ്ധിക്കുക - വായനക്കാർ എല്ലാം കാണുന്നു, വായിക്കുന്നു, ഇനി മുതൽ അവർ സംശയങ്ങൾ ഉന്നയിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക