Image

സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ബന്ദികളുടെ മോചനം വൈകുന്നു

Published on 07 February, 2012
സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ബന്ദികളുടെ മോചനം വൈകുന്നു
ദുബായ്‌: കഴിഞ്ഞ ഡിസംബറില്‍ ഒമാന്‍ തീരത്തുനിന്ന്‌ കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ സൊമാലിയന്‍ തീരത്തുള്ളതായി സൂചന. ഫുജൈറയില്‍ നിന്ന്‌ രാസവസ്‌തുക്കളുമായി പോയ ഇറ്റാലിയന്‍ കപ്പലായ `എം.ടി. എന്‍റികോ ലെവോലി' സോമാലിയയിലെ ഗാരകാട്‌ ഗ്രാമത്തിനടുത്ത ധിനൂദിലാണ്‌ നങ്കൂരമിട്ടിരിക്കുന്നത്‌. കണ്ണൂര്‍ പള്ളിക്കുന്ന്‌ നിത്യാനന്ദ നഗര്‍ സുപ്രിയയിലെ പറക്കാട്‌ രൂപേന്ദ്രന്‍ (51) അടക്കം ഏഴ്‌ ഇന്ത്യക്കാരും ആറ്‌ ഇറ്റാലിയന്‍ പൗരന്‍മാരും അഞ്ച്‌ ഉെ്രെകന്‍ സ്വദേശികളുമാണ്‌ കപ്പലിലുള്ളത്‌.

ഇവരെ വിട്ടയക്കുന്നതിന്‌ സോമാലിയന്‍ കൊള്ളക്കാര്‍ വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കപ്പല്‍ ഉടമകളില്‍ നിന്നോ സര്‍ക്കാറുകളില്‍ നിന്നോ ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഇതില്‍ കൊള്ളക്കാര്‍ക്ക്‌ അതൃപ്‌തിയുള്ളതായി സോമാലിയയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതിനിടെ രണ്ട്‌ ബന്ദികളെ കൊള്ളക്കാര്‍ കപ്പലിന്‌ പുറത്തേക്ക്‌ മാറ്റിയതായി സൂചനയുണ്ട്‌. കപ്പലിലെ ക്യാപ്‌റ്റനെയും മറ്റൊരു ജീവനക്കാരനെയുമാണ്‌ കരയിലെ പ്രത്യേക കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. മറ്റ്‌ ജീവനക്കാര്‍ കപ്പലില്‍ തന്നെയാണുള്ളത്‌.

രണ്ട്‌ പേരെ പുറത്തേക്ക്‌ കൊണ്ടുപോയതിന്‍െറ ലക്ഷ്യം വ്യക്തമായിട്ടില്ല. മോചന ദ്രവ്യം എളുപ്പം ലഭ്യമാക്കുന്നതിന്‌ സമ്മര്‍ദം ചെലുത്തുന്നതിന്‍െറ ഭാഗമായോ പ്രാദേശിക മാധ്യമങ്ങള്‍ക്ക്‌ അഭിമുഖം നല്‍കുന്നതിനോ ആകാം ഇവരെ മാറ്റിയതെന്ന്‌ കൊള്ളക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ സൊമാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ബന്ദികളെ വെച്ച്‌ വിലപേശുന്നതിന്‍െറ ഭാഗമായി കടല്‍ക്കൊള്ളക്കാര്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഇവരുടെ അഭിമുഖം അനുവദിക്കാറുണ്ട്‌.

അതേസമയം, ബന്ദികളുടെ മോചനത്തിന്‌ ഇവരുടെ രാജ്യങ്ങള്‍ ശ്രമം തുടരുകയാണ്‌. നാഷനല്‍ യൂനിയന്‍ ഓഫ്‌ സീ ഫെയറേഴ്‌സ്‌ ഓഫ്‌ ഇന്ത്യയും മാരിടൈം യൂനിയന്‍ ഓഫ്‌ ഇന്ത്യയും കപ്പലിന്‍െറ ഉടമകളായ `മര്‍നവി'യുമായി നിരന്തരമായി ബന്ധപ്പെടുന്നതായാണ്‌ ഇവര്‍ രൂപേന്ദ്രന്‍െറ കുടുംബത്തെ അറിയിച്ചിരിക്കുന്നത്‌. ഇറ്റാലിയന്‍ സര്‍ക്കാര്‍ അധികൃതര്‍ കഴിഞ്ഞ ദിവസം സെമാലിയന്‍ പരിവര്‍ത്തന ഫെഡറല്‍ സര്‍ക്കാറിന്‍െറ പ്രധാനമന്ത്രി അബ്ദുവലിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. ബന്ദികളുടെ മോചനത്തിന്‌ വേണ്ടതെല്ലാം ചെയ്യണമെന്ന്‌ ഇറ്റലി സൊമാലിയന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ബന്ദികളുടെ മോചനം വൈകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക