Image

'കിസ്മത്ത്' കണ്ടു രസിക്കാം ഈ പ്രണയകഥ

ആഷ എസ് പണിക്കര്‍ Published on 05 August, 2016
                                      'കിസ്മത്ത്'  കണ്ടു രസിക്കാം ഈ പ്രണയകഥ

ഏതു ഭാഷയിലായാലും പ്രണയം പ്രമേയമാകുന്ന ചിത്രങ്ങള്‍ 'തികച്ചും വ്യത്യസ്തമായ പ്രണയകഥ' എന്ന പേരിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.

 നവാഗത സംവിധായകനായ ഷാനവാസ് ബാവുക്കുട്ടിയൊരുക്കിയ കിസ്മത്ത് എന്ന ചലച്ചിത്രവും ഇതു തന്നെയാണ് അവകാശപ്പെടുന്നത്.

കണ്ടു പരിചയിച്ച പ്രണയകഥകളില്‍ നിന്നും കിസ്മത്ത് അല്‍പ്പമെങ്കിലും വ്യ.ത്യസ്തമാകുന്നത് അതിലെ സാമൂഹ്യ-രാഷ്ട്രീയ നിലാപാടുകള്‍ കൊണ്ടാണ്.

 അത് വളരെ സത്യസന്ധമായി തന്നെ സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു പ്രണയവും അതിനോട് ചേര്‍ന്നുണ്ടാകുന്ന കുറേ സംഭവവികാസങ്ങളും ചേരുന്ന ഒരു നല്ല കൊച്ചു ചിത്രമാണ് കിസ്മത്ത്.

പതിവു രീതികളില്‍ നിന്നും അല്‍പ്പം മാറിയാണ് ഈ പ്രണയകഥയുടെ സഞ്ചാരം. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയുള്ള പ്രണയങ്ങള്‍ ഇപ്പോള്‍ സര്‍വസാധാരാണമാണ് താനും. നായകന് പ്രായം ഇരുപത്തിമൂന്ന്. 

നായികയുടെ പ്രായം ഇരുപത്തിയെട്ട്. സമൂഹം നെറ്റിചുളിക്കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട. പ്രണയത്തിലും ദാമ്പത്യത്തിലും പുരുഷന് സ്ത്രീയേക്കാള്‍ പ്രായമുണ്ടാകണം എന്നതാണ് സാധാരണ അനുവര്‍ത്തിച്ചു വരുന്ന രീതി. 

ഈ ചിത്രത്തില്‍ അത് പക്ഷേ തിരുത്തിയിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്കും നായകനും വേറെയുമുണ്ട് പ്രശ്‌നങ്ങള്‍. രണ്ടു പേരും വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്. 

ഈ കമിതാക്കളെയും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും ബാധിക്കുന്ന കുറേ സംഭവവികാസങ്ങളും അതിലെ നര്‍മവുമൊക്കെയായി കഥ രസകരമായി പരണമിക്കുന്നുണ്ട്.

അത്ര വലിയ അസാധാരണത്വമൊന്നുമില്ലെങ്കിലും തികഞ്ഞ സ്വാഭാവികതയോടെ തന്നെ കഥ പറഞ്ഞു പോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

പഞ്ച് ഡയലോഗുകളോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ലാത്ത ഒരു നല്ല സിനിമയെന്ന് കിസ്മത്തിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. സിനിമയുടെ തുടക്കം മുതല്‍ കൃത്യമായ ഒരു ചടുലതയുണ്ട്. അത് ആദ്യന്തം കാത്തുസൂക്ഷിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

 കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളോ വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച പ്രണയരംഗങ്ങളോ ആക്ഷന്‍ സീനുകളോ ഒന്നുമില്ലാത്ത ഒരു റിയലിസ്റ്റിക് ചിത്രം തന്നെയാണ് കിസ്മത്ത്. ഇതിലെ കഥാപാത്രങ്ങള്‍ പോലും അങ്ങനെ തന്നെ. 

നായകനായി വേഷമിട്ട ഷെയ്ന്‍ നിഗം, നായികയായി എത്തിയ ശ്രുതി മേനോന്‍, കൂടാതെ പോലീസുകാരനായി എത്തിയ വിനയ് ഫോര്‍ട്ട് എല്ലാവരേയും നമുക്ക് ഏറെ പരിചയമുള്ളതുപോലെ തന്നെ അനുഭവപ്പെടും.

 വിനയ് ഫോര്‍ട്ട് ശരിക്കും അമ്പരപ്പിക്കുന്ന പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. പോലീസുകാരന്റെ ശരീരഭാഷയും സംസാരവുമെല്ലാം അസലായി തന്നെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.

നായകനായി എത്തിയ ഷെയ്ന്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. നായിക ശ്രുതി മേനോന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്.

 മതവും വര്‍ഗീയതയും ആഴത്തില്‍ വേറുറപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ അതിന്റെ നീരാളിക്കൈകള്‍ പ്രണയത്തിലേക്കും ബന്ധങ്ങളിലേക്കും നീണ്ടുചെല്ലുമ്പോഴുള്ള അവസ്ഥകള്‍ കൂടി കിസ്മത്ത് കാട്ടിത്തരുന്നുണ്ട്. 

അതുകൊണ്ടു തന്നെ ശക്തമായ ഒരു രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ചിത്രം കൂടിയാണ് കിസ്മത്ത്.

സംവിധായകന്‍ ഉള്‍പ്പെടെ കുറേ പുതുമുഖങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ കൊച്ചു ചിത്രം. 

കോടികള്‍ മുടക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കൊപ്പം ഇതുപോലുളള കൊച്ചു ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് പ്രേക്ഷകര്‍ തന്നെയാണ്. 

കൊമേഴ്‌സ്യല്‍ ചേരുവകകളില്‍ പെടുത്താതെ തന്റെ സിനിമയെ അതുയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന്‍ എന്ന നിലയ്ക്ക് ഷാനവാസ് അഭിനന്ദനം അര്‍ഹിക്കുന്നു.

 നല്ല പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ച എഡിറ്റിങ്ങും ഈ ചിത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. മുന്‍വിധികളില്ലാതെ പോയാല്‍ നല്ല രീതിയില്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന സിനിമയാണ് കിസ്മത്ത്. സംശയമില്ല. 
                                      'കിസ്മത്ത്'  കണ്ടു രസിക്കാം ഈ പ്രണയകഥ
                                      'കിസ്മത്ത്'  കണ്ടു രസിക്കാം ഈ പ്രണയകഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക