Image

ഗൊണ്ടാനമൊ - ജയന്‍ കെ.സി

ജയന്‍ കെ.സി Published on 07 February, 2012
ഗൊണ്ടാനമൊ - ജയന്‍ കെ.സി
ഇവിടെ സമയം
ഇഴയുന്ന ഒച്ചല്ല

മിന്നിപ്പായുന്ന
തേന്‍ കുരുവിയല്ല

ഇലപ്പച്ചകള്‍ക്കിടയില്‍
കുടുര്‍ന്നുജ്വലിക്കുന്ന
പൂവിന്റെ രക്തമല്ല

അടിവയറ്റില്‍ കുടുങ്ങിയുണരുന്ന
ആധിയാണ്
കണ്ണില്‍ നിന്നു
വാര്‍ന്നു പോകുന്ന
കാഴ്ച്ചയാണ്
അത് സൂചികള്‍ക്കും
സൂചകങ്ങള്‍ക്കും
പിടികൊടുക്കാതെ
വെയിലിന്റെ നിലവിളികളിലേക്ക്
ഊര്‍ന്നുപോകുന്നു

ഓര്‍മ്മയുടെ ചതുപ്പ്
ആഴ്ന്നാഴ്ന്നു പോകുന്ന ദൃശ്യങ്ങള്‍
അവയുടെ മണല്‍ സ്വരങ്ങള്‍

ഇഷ്ടികക്കെട്ടില്‍
നിന്നൊലിച്ചിറങ്ങുന്ന
സൂര്യന്‍

വിരലുകളില്‍
നിന്നിളകിയിറങ്ങുന്ന
നഖങ്ങള്‍

ഒരു ശലഭത്തിന്റെ ആയൂരാരോഗ്യ
പ്രതീക്ഷകള്‍

പൊഴിഞ്ഞിഴയുന്ന
ജീവന്റെ പോളകള്‍

മരണം ചുരത്തുന്ന
ഇലട്രിക് മുള്‍വേലിയില്‍
നിന്നുരുകുന്ന പക്ഷികള്‍

പഴുത്ത മോണയില്‍
പല്ലിരുന്ന കുഴികള്‍

രക്തയോട്ടം നിലച്ച്
അഴുകിത്തുടങ്ങിയ ലിംഗം
വരഞ്ഞു വിണ്ട ചുണ്ടുകള്‍
കറക്കെട്ടിക്കനച്ച നാക്ക്

ഇവിടെ സമയം
ഇഴയുന്ന ഒച്ചല്ല
പുറത്ത്
ലോഹമതിലുകളില്‍
തീ പടരുന്നു
പക്ഷികളുടെ 'ബാര്‍ബിക്യൂ'.
ഗൊണ്ടാനമൊ - ജയന്‍ കെ.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക