Image

മറക്കാനാവുമോ മര്‍ഫി സായ്പ്പിനെ, ഇന്ന് സായിപ്പിന്റെ 144-ാം പിറന്നാള്‍, റബര്‍കൃഷി മര്‍ഫിയുടെ സംഭാവന

Published on 02 August, 2016
മറക്കാനാവുമോ മര്‍ഫി സായ്പ്പിനെ, ഇന്ന് സായിപ്പിന്റെ 144-ാം പിറന്നാള്‍, റബര്‍കൃഷി മര്‍ഫിയുടെ സംഭാവന
ഇന്ത്യയില്‍ ആദ്യമായി റബര്‍ കൃഷി ചെയ്തത് കൊച്ചു കേരളത്തിലായിരുന്നു. അതും മുണ്ടക്കയത്തിനടുത്ത് ഏന്തയാര്‍ എന്ന സ്ഥലത്ത്. എന്നാല്‍ ഇതിനു പിന്നിലെ ബുദ്ധി സായ്പിന്റേതായിരുന്നു. 

മര്‍ഫി സായ്പ്പ് എന്നു തദ്ദേശിയര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സാക്ഷാല്‍ ജോണ്‍ ജോസഫ് മര്‍ഫിയുടെ. ഇന്ന് മര്‍ഫി സായിപ്പിന്റെ 144-ാം ജന്മദിനമാണ്. 1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജോണ്‍ മര്‍ഫി-ആന്‍ബ്രയാന്‍ ദമ്പതികളുടെ മകനായി ജനിച്ച മര്‍ഫി സായിപ്പാണ് ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ റബര്‍കൃഷി ചെയ്തത്. 1904ല്ലായിരുന്നു അത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഏന്തയാര്‍, ഇളങ്കാട്, കൂട്ടിക്കല്‍, പാറത്തോട് എന്നീ മേഖലയിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടെയും തുടക്കം ഈ ഇംഗീഷുകാരനില്‍ നിന്നുമായിരുന്നു.

1902ല്‍ നേര്യമംഗലത്തിനടുത്ത് മാങ്കുളത്താണ് ആദ്യമായി മര്‍ഫി സായിപ്പ് റബര്‍ കൃഷി ചെയ്തതെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. പരാജയത്തില്‍ നിന്നു പാഠം പഠിച്ച് വിജയം ലക്ഷ്യമാക്കി സഞ്ചരിച്ച സായിപ്പ് മുണ്ടക്കയത്ത് എത്തുകയും അന്നത്തെ പൂഞ്ഞാര്‍-വഞ്ചിപ്പുഴ രാജാക്കന്മാരില്‍നിന്നു സ്ഥലം കുത്തകപ്പാട്ടത്തിന് വാങ്ങി റബര്‍കൃഷി ആരംഭിക്കുകയുമായിരുന്നു. പരീക്ഷണാര്‍ഥം ആദ്യഘട്ടം ഇളങ്കാട് മുതല്‍ കൂട്ടിക്കല്‍വരെ കൃഷി ആരംഭിച്ചു. വിജയം കണ്ടുതുടങ്ങിയപ്പോള്‍ പിന്നീട് മുണ്ടക്കയത്തും കൃഷി ചെയ്തു. 1910 ആയപ്പോള്‍ ഏകദേശം പന്തീരായിരം ഏക്കര്‍ ഭൂമിയില്‍ റബര്‍കൃഷി വിജയകരമായി ചെയ്തു. കൃഷി വിജയകരമായതിനാല്‍ കൂട്ടിക്കലിനടുത്ത് ഏന്തയാറ്റില്‍ താമസിക്കുവാന്‍ ബംഗ്ലാവും തേയില ഫാക്ടറിയും സ്ഥാപിച്ചു.

തൊഴിലാളി സ്‌നേഹിയായ മര്‍ഫി സായിപ്പ് തന്റെ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് അസുഖമുണ്ടായാല്‍ മധുര, വെല്ലൂര്‍ എന്നീ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുമായിരുന്നു. ഇതിന്റെ ഭാഗമായി ഏന്തയാറ്റില്‍ ഡിസ്‌പെന്‍സറിയും സ്ഥാപിച്ചു.  തൊഴിലാളികളുടെ ഏതൊരാവശ്യവും സാധിച്ചുകൊടുക്കുന്നതില്‍ സായിപ്പ് മടി കാട്ടിയിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു ഇത്.  മതാചാര്യന്മാരെ വിളിച്ച് മതപരമായ ചടങ്ങുകള്‍ നടത്തുകയും ഇതിനായി ധാരാളം പണം ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 1927ല്‍ മുണ്ടക്കയത്ത് സെന്റ് മേരീസ് ലത്തീന്‍ പള്ളിയും നിര്‍മിച്ചു. തൊഴിലാളികളുടെ കുട്ടികളുടെ പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനായി ഏന്തയാറ്റില്‍ സ്കൂളും സ്ഥാപിച്ചു.

എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന തീരുമാനം സായിപ്പിനെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1952ല്‍ പാമ്പാടുംപാറയിലെ ഏലത്തോട്ടം ഉള്‍പ്പെടെയുള്ള കുറെ സ്ഥലങ്ങള്‍ വില്‍ക്കുകയും ചെയ്തു. തന്റെ തൊഴിലാളികള്‍ക്ക് പണവും സ്ഥലവും ദാനമായി നല്‍ക്കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നു. ഇപ്പോള്‍ നിലവിലുള്ള ചില തൊഴിലാളി നിയമങ്ങള്‍, ജലവിതരണം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളില്‍ പലതും മര്‍ഫി സായിപ്പില്‍നിന്ന് അനുകരിച്ചതാണ്.

നാളുകള്‍ക്ക് ശേഷം രോഗബാധയെത്തുടര്‍ന്ന് മര്‍ഫി സായിപ്പിനെ 1957 മേയ് എട്ടിന് മരണം കീഴ്‌പ്പെടുത്തി. തൊഴിലാളികളെ അടക്കം ചെയ്യുന്ന സ്ഥലത്തുതന്നെയാവണം  തന്റെയും അന്ത്യവിശ്രമമെന്ന ആഗ്രഹപ്രകാരമാണ് ഏന്തയാര്‍ സെന്റ് ജോസഫ്‌സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കൂട്ടിക്കലിലെ മാത്തുമലയില്‍ മര്‍ഫി സായിപ്പിനെ അടക്കം ചെയ്തിരിക്കുന്നത്. ഇന്ന് മാത്തുമല മര്‍ഫി മൗണ്ട് എന്നാണ് അറിയപ്പെടുന്നത്.
Join WhatsApp News
mathew v zacharia 2016-08-02 09:59:54
Very informational. History.
Former NY State School Board member (1993-2002)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക