Image

കോഴ വാങ്ങുന്നവരാണ് മതനിന്ദകര്‍ : ജ.കെ ടി തോമസ്

Published on 07 February, 2012
കോഴ വാങ്ങുന്നവരാണ് മതനിന്ദകര്‍ : ജ.കെ ടി തോമസ്

ക്രിസ്തുചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് മതനിന്ദകര്‍ : ജ.കെ ടി തോമസ്

കോട്ടയം: യേശുക്രിസ്തുവിന്റെ ചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് യഥാര്‍ഥ മതനിന്ദകരെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ക്രിസ്തുവിനെ സുരക്ഷിതസ്ഥാനത്ത് ഇരുത്തിയശേഷം നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനുമടക്കം കോഴ വാങ്ങുന്നവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ടി തങ്ങളുടെ ബോര്‍ഡില്‍ ക്രിസ്തുവിനെ ഉപയോഗിച്ചതിനെ മറ്റ് പാര്‍ടികള്‍ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, മത നേതാക്കള്‍ എതിര്‍ക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. അന്ത്യഅത്താഴം മാത്രമല്ല രാമനും സീതയുമെല്ലാം പലതരത്തില്‍ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിപിഐ എം സമ്മേളനത്തോടനുബന്ധിച്ച് ക്രിസ്തുവിന്റെ ചിത്രം വച്ചത് യേശു യഥാര്‍ഥ വിപ്ലവകാരിയായത് കൊണ്ടാണ്. ചിത്രം വച്ചതില്‍ തെറ്റില്ലെന്ന് ക്രിസോസ്റ്റം തിരുമേനി പറഞ്ഞിരുന്നു. ധീരമായ അഭിപ്രായമാണത്. അഴീക്കോട് മാഷുണ്ടായിരുന്നെങ്കില്‍ ആ നിലപാടിനൊപ്പം നിന്ന് പോരാടിയേനെയെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിന്റേത് സോഷ്യലിസ്റ്റ് ദര്‍ശനം തന്നെ: മാര്‍ പോളിക്കാര്‍പ്പോസ്

കോട്ടയം: കഷ്ടപ്പെടുന്നവരോട് ചേര്‍ന്നുനിന്ന ക്രിസ്തു സോഷ്യലിസ്റ്റ് ദര്‍ശനത്തിന്റെ വക്താവായിരുന്നെന്ന് യാക്കോബായ സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. കമ്യൂണിസത്തേക്കാള്‍ വലിയ സമത്വഭാവനയാണ് ക്രിസ്തു മുന്നോട്ടുവച്ചത്. നിലനിന്ന വ്യവസ്ഥയുടെ സദാചാരബോധത്തിന് എതിരായ നിലപാടെടുത്ത ക്രിസ്തു അധ്വാനിക്കുന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനം ആഗ്രഹിച്ച് അവരോട് തോളോടുതോള്‍ ചേര്‍ന്നു നിന്നു. സാമൂഹ്യ നന്മക്കുവേണ്ടി യോജിക്കാവുന്ന എല്ലാമേഖലകളിലും കമ്യൂണിസ്റ്റുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നിക്കാനാവണം. പിണറായി വിജയന്‍ പറഞ്ഞതിന്റെ നല്ല വശങ്ങള്‍ ക്രിസ്ത്യാനികള്‍ ഉള്‍ക്കൊള്ളണം. ഔദ്യോഗികമായി സഭകള്‍ അംഗീകരിച്ചിട്ടില്ലാത്തതാണ് ഡാവിഞ്ചി വരച്ച അന്ത്യ അത്താഴചിത്രം. അതിന്റെ പേരിലാണ് വിവാദം. ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചാല്‍ ദോഷം ചെയ്യും. എന്നാല്‍ അതിനെ ചിത്രകാരന്റെ സ്വാതന്ത്യമായി ദര്‍ശിച്ചാല്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതണെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുമതത്തിന്റെയും മാര്‍ക്സിസത്തിന്റെയും അടിസ്ഥാനം അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനം: മാര്‍ കൂറിലോസ്

തിരുവല്ല: അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനമാണ് ക്രിസ്തുമത്തിന്റെയും മാര്‍ക്സിസത്തിന്റെയും അടിസ്ഥാന പ്രമാണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. എന്നാല്‍ , ഇത് പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. യേശുക്രിസ്തു ലോകംകണ്ട ഏറ്റവുംവലിയ വിപ്ലവകാരിയാണ്.ഇക്കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തു രക്ഷകനാണ്. അത് മറ്റെല്ലാവരും അംഗീകരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ചിലര്‍ വിപ്ലവകാരിയായും സാമൂഹ്യ പരിഷ്കര്‍ത്താവായും കാണുന്നു. എല്ലാക്കാലത്തും ഇടതുപക്ഷ ചിന്തകളെ വ്യവസ്ഥാപിത സഭകള്‍ എതിര്‍ത്തിട്ടുണ്ട്. അത് ഇന്നും തുടരുന്നു എന്നേയുള്ളൂ. ക്രൈസ്തവ മതത്തിന്റെ ആശയ അടിത്തറയ്ക്ക് ഇടതുപക്ഷ സ്വഭാവമാണുള്ളതെന്നും വിമര്‍ശനങ്ങള്‍ യഥാര്‍ഥ വിശ്വാസികളും മതേതര സമൂഹവും തിരിച്ചറിയുമെന്നും മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക