Image

നീതിന്യായപ്പൂമുഖത്തെ അന്യായപര്‍വ്വം (സുനില്‍ കെ ആനന്ദ്)

Published on 31 July, 2016
നീതിന്യായപ്പൂമുഖത്തെ അന്യായപര്‍വ്വം (സുനില്‍ കെ ആനന്ദ്)
ആകാശത്തിനുമപ്പുറം പൊക്കമുണ്ടായിരുന്ന മലയാളിയുടെ ജനകീയ മൂല്യാഭിമാനപ്പെരുമ പാതാളത്തിനുമപ്പുറത്തേക്ക് പതിച്ച, ലോകര്‍ക്ക് മുമ്പില്‍ പരിഹാസ്യരായ കെട്ടുകാഴ്ചകള്‍ രണ്ടാഴ്ച പിന്നിട്ടിട്ടും അനുസ്യൂതം തുടരുകയാണ്. കോടതി വളപ്പില്‍ നിന്നു പോലും മാധ്യമ പ്രവര്‍ത്തകരെ പടിയടച്ച് പിണ്ഡം വച്ചുകൊണ്ടുള്ള ഏതാനും സ്ഥാപിത താത്പര്യക്കാരായ അഭിഭാഷക വൃന്ദത്തിന്റെ ധാര്‍ഷ്ട്യ വിളയാട്ടത്തിന് ഇനിയും തിരശ്ശീല വീണിട്ടില്ല.

അഭിഭാഷകരോടുള്ള എല്ലാ ആദരവും സ്ഫടികതുല്യമായി കാത്തു സൂക്ഷിച്ചു കൊണ്ടാണീ കുറിപ്പ്. ഈ വക്കീല്‍ ലഹളയ്ക്ക് വിത്തു പാകിയവരും, മുള പൊട്ടിച്ചവരും വളമിടുന്നവരും ന്യൂനപക്ഷം വരുന്ന ചില കുടില തന്ത്രജ്ഞരായ അഭിഭാഷകരാണെന്ന്, ബഹുഭൂരിപക്ഷം പേരും അടക്കം പറയുന്നുണ്ട് എന്നതാണ് വാസ്തവം. ഒപ്പം; മാധ്യമ സമൂഹത്തെ നിരുപാധികം വെള്ള പൂശി വിശുദ്ധന്മാരാക്കാനും ഈ കുറിപ്പ് ലക്ഷ്യമിടുന്നില്ല.

ഈ ദാരുണതകള്‍ക്ക് ആധാരമായ അശ്ലീല സംഭവം അങ്ങാടിപ്പാട്ടായ സ്ഥിതിക്ക് വിസ്തരിക്കുന്നില്ല. ഏറ്റവുമൊടുവിലായി, കഥാപുരുഷനായ ഗവ: പ്ലീഡര്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നത് കണ്ടതായുള്ള ഒരു വ്യാപാരിയുടെ ദൃക്‌സാക്ഷി മൊഴിയും നാം കേട്ടു കഴിഞ്ഞു. ആ മഹാത്മാവിനെ മാധ്യമവിചാരണയ്ക്ക് വിധേയമാക്കിയതിനാണല്ലോ ഹൈക്കോടതിയിലെ ചില അഭിഭാഷക പ്രമാണിമാരെ പ്രകോപിപ്പിച്ചതും കോടതി വളപ്പ് കലാപക്കളമാക്കിയതും. അതിന്റെ ആവര്‍ത്തനം വഞ്ചിയൂര്‍ കോടതി മുതല്‍ വിവിധ കോടതികളില്‍ നിര്‍ലജ്ജം നിര്‍ദയം അരങ്ങേറി.

ജനാധിപത്യ വ്യവസ്ഥിതിയില്‍, ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ ഏകപക്ഷീയമായി അടിച്ചമര്‍ത്തി, തിരസ്‌കരിച്ചു കൊണ്ട്, മീഡിയ റൂം അടച്ചു പൂട്ടിയതുള്‍പ്പെടെയുള്ള അപ്രഖ്യാപിത വിലക്ക് ഇപ്പോഴും തുടരുകയാണ്. ഇത്തരുണത്തില്‍ പൊതു സമൂഹത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉത്തരവാദപ്പെട്ടവര്‍ ബാദ്ധ്യസ്ഥമാണ്. മുളയിലേ നുള്ളിക്കളയാമായിരുന്ന ഈ അസംബന്ധപ്പേക്കൂത്ത് ഇത്രയേറെ വഷളായിട്ടും നീതിയുടെ കാവലാളായ ബഹൂമാന്യ ചീഫ്ജസ്റ്റിസ് മൗനത്തിന്റെ വത്മീകത്തിലൊളിച്ചത് ജുഡീഷ്യറിയുടെ സങ്കല്പത്തിനും അന്തസ്സത്തക്കും നിരക്കുന്നതായോ...?  നേരിട്ടിടപെടാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ അസാദ്ധ്യതകളുണ്ടെങ്കിലും, പ്രശ്‌നപരിഹാരത്തിനായി അദ്ദേഹം എ.ജി.യുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപവത്ക്കരിച്ചെങ്കിലും, കുറേക്കൂടി സജീവമായും ആത്മാര്‍ത്ഥമായും ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാമായിരുന്നില്ലേ...? ഏറ്റവും പ്രസക്തമായ ചോദ്യം ഇതൊന്നുമല്ല. ഏതിടപെടല്‍ നടത്തിയാലും പ്രശ്‌നം പരിഹരിക്കപ്പെട്ടാലും ഈ ദാരുണസംഭവങ്ങള്‍ ഉണ്ടാക്കിയ മുറിവ് പെട്ടെന്നുണങ്ങുമോ...? അതുണക്കാനുള്ള ദിവ്യൗഷധം എവിടെ, ആരുടെ പക്കലുണ്ട്...? 

ഈ കുറിപ്പ് എഴുതുന്ന വേളയില്‍ തന്നെ മുറിവില്‍ മുളകരച്ചു പുരട്ടിക്കൊണ്ട്, എരിതീയില്‍ എണ്ണ ഒഴിച്ചു കൊണ്ട് കോഴിക്കോട് കോടതിയും അന്യായപര്‍വം വിരചിച്ചിരിക്കുന്നു. അഭിഭാഷകര്‍ മാത്രമല്ല, പൊലീസും മാധ്യമധര്‍മത്തെ അടിച്ചമര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഒരു സബ്ഇന്‍സ്‌പെക്ടര്‍ പുംഗവന്‍ നിയമത്തെ അക്ഷരാര്‍ത്ഥത്തില്‍ കയ്യിലെടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരെയും, മാധ്യമ വാഹനത്തെയും തടങ്കലില്‍ വച്ചു കൊണ്ട് അഴിഞ്ഞാടുകയായിരുന്നു അവിടെ.

എന്താണിത്...? അറിയാനുള്ള അവകാശത്തെയും, അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യമൂല്യത്തെത്തന്നെയും ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയോ...? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞങ്ങളുടെ ചിന്തയെയും അക്ഷരങ്ങളെയും ചങ്ങലയ്ക്കിടാന്‍ കഴിയില്ല നിങ്ങള്‍ക്ക്. കാരണം, അക്ഷരം അഗ്നിയാണ്. എല്ലാ അടിച്ചമര്‍ത്തലുകളെയും ദഹിപ്പിക്കുന്ന, അതിജീവിക്കുന്ന, ആളിപ്പടരുന്ന അഗ്നി...

Join WhatsApp News
മാധ്യമ സുഹൃത്തുക്കളേ 2016-07-31 14:15:28
മാധ്യമ സുഹൃത്തുക്കളേ.. നിങ്ങൾ ചെയ്തുകൂട്ടിയതു മാപ്പർഹിക്കാത്ത വലിയ അപരാധങ്ങളാണ്, അതിനു നിങ്ങൾ ശിക്ഷ അനുഭവിച്ചേ മതിയാകൂ... ഉമ്മൻ ചാണ്ടി ആരാണ് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ മാത്രമല്ല... കേരളത്തെ ഈ ഒരു അവസ്ഥയിൽ എത്തിച്ചതിന്റെ ശിക്ഷയായി കൂടി കണക്കാക്കാം... ക്ഷണികമായ ചാനൽ റേറ്റിംഗിന് വേണ്ടി എന്തൊക്കെയാണ് നിങ്ങൾ ചെയ്തു കൂട്ടിയത് എന്ന് വല്ല ഓർമ്മയും ഉണ്ടോ... നിങ്ങൾക്ക്...??
madhyama kumar 2016-08-01 08:26:01
മാധ്യമ പ്രവര്‍ത്തകരെ തല്ലുന്നതില്‍ തെറ്റുണ്ടോ? അഭിഭാഷകരെ സ്ഥിരമായി തല്ലണം. മാധ്യമ പ്രവര്‍ത്തകരെ ഇടക്കിടക്കും തല്ലണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക