Image

നേരെഴുത്തിന്റെ കണ്ണാടിയായി നീന പനയ്ക്കല്‍ (എ. എസ് ശ്രീകുമാര്‍)

Published on 30 July, 2016
നേരെഴുത്തിന്റെ കണ്ണാടിയായി നീന പനയ്ക്കല്‍ (എ. എസ് ശ്രീകുമാര്‍)
“നൂറ് കിണറുണ്ടാക്കുന്നതിനെക്കാള്‍ ശ്രേഷ്ഠം ഒരു കുളം കുഴിക്കുന്നത്...നൂറ് കുളത്തേക്കാള്‍ ശ്രേഷ്ഠം ഒരു യാഗം....നൂറ് യാഗത്തേക്കാള്‍ ശ്രേഷ്ഠം ഒരു പുത്രന്‍...നൂറ് പുത്രന്മാരേക്കാള്‍ ശ്രേഷ്ഠം ഒരു സത്യം...പണ്ട് വേദജ്ഞാനികള്‍ ആയിരം അശ്വമേധത്തെ സത്യത്തോടൊപ്പം തൂക്കിനോക്കി. അപ്പോള്‍ തുക്കം സത്യത്തിനാണെന്ന് കണ്ടു...”എന്ന് മഹാഭാരതത്തില്‍ പറയുന്നു. ഇവിടെ തന്റെ മൗലികമായ രചനാ വൈഭവം സമൂഹത്തിനു നേരെ തിരിച്ചു വച്ച കണ്ണാടിയാവുമ്പോള്‍ നീന പനയ്ക്കല്‍ എന്ന അമേരിക്കന്‍ മലയാളി സാഹിത്യകാരിയുടെ നോവലുകളും ചെറുകഥകളുമെല്ലാം സത്യത്തിന്റെ, സ്വാഭാവികതയുടെ വിളംബരമാകുന്നു. അമേരിക്കന്‍ സമൂഹത്തിലെ ജീവിത സത്യങ്ങളെ അതിഭാവുകത്വത്തിന്റെ മേമ്പൊടിയില്ലാതെ സര്‍ഗാത്മകതയുടെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തുകയാണ് നീന പനയ്ക്കല്‍.

ജീവിതത്തിന്റെ ആഴവും പരപ്പും വൈരുദ്ധ്യങ്ങളും ഈ എഴുത്തുകാരി മൂര്‍ത്തമായി അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തെ സമസ്ത ചൈതന്യത്തോടും, കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതിയും ചിന്തയും വികാരങ്ങളും യഥാര്‍ത്ഥമായും നീന പനയ്ക്കല്‍ തന്റെ നോവലുകളില്‍ ഉള്‍ക്കൊള്ളിക്കുന്നു. അതേ സമയം കഥയെന്നത് ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചെടുക്കുന്ന മന്ത്രവസ്തുവല്ലെന്നും അത് തികച്ചും ഭൗതികമായ ഭാഷോത്പന്നമാണെന്നും നീന വരച്ചു കാട്ടുന്നു. എഴുതാനുള്ള പ്രേരണ സര്‍ഗാത്മകതയാണ്. ഭാവനയിലുള്ള ഒരു സന്ദര്‍ഭം മനോഹരമായി ചിത്രീകരിക്കുമ്പോള്‍ നീന പനയ്ക്കലിന്റെ ഒരു ചെറുകഥ ജനിക്കുന്നു.

കാനഡയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനിലെ സാഹിത്യ സമ്മേളനത്തില്‍ വച്ച് നീന പനയ്ക്കലിന്റെ അഞ്ചാമത്തെ നോവല്‍ ‘കളേഴ്‌സ് ഓഫ് ലൗ’ പ്രകാശനം ചെയ്യുകയുണ്ടായി. തന്റെ കണ്‍മുന്നില്‍ കാണുന്നതെല്ലാം സര്‍ഗസൃഷ്ടിയുടെ പ്രമേയമാക്കുമെന്ന് തുറന്നു പറയുന്ന നീനയുടെ, പൂര്‍ണമായും അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള, നോവലാണിത്. വാടകയ്ക്ക് ഗര്‍ഭപാത്രം കൊടുക്കുന്ന അമ്മമാരെക്കുറിച്ചുള്ള ചിത്രീകരണമാണിതില്‍ തെളിയുന്നത്. ‘നിറമിഴികള്‍ നീല മിഴികള്‍’ എന്ന നോവലിന് ഇക്കുറി മികച്ച നോവലിനുള്ള ഫൊക്കാന സാഹിത്യ പുരസ്‌കാരവും ലഭിച്ചു. ജനിതക പാരമ്പര്യം വിഷയമാക്കിയുള്ള പ്രസ്തുത നോവല്‍ നീലക്കണ്ണുള്ള പെണ്‍കുട്ടിയുടെ ഭാവോജ്ജ്വലമായ കഥയാണ്. രണ്ടായിത്തില്‍ വനിതയില്‍ പ്രസിദ്ധീകരിച്ച ‘സ്വപ്നാടനം’, ‘ഇലത്തുമ്പിലെ തുഷാരബിന്ദുക്കള്‍’, ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘മല്ലിക’ എന്നിവയാണ് നീന പനയ്ക്കലിന്റെ മറ്റ് നോവലുകള്‍.

ഇതില്‍ സ്വപ്നാടനം എന്ന ആദ്യ നോവല്‍ കൈരളി ടി.വി ‘സമ്മര്‍ ഇന്‍ അമേരിക്ക’ എന്ന പേരില്‍ സീരിയലാക്കിയിട്ടുണ്ട്. മല്ലിക എന്ന നോവലിനെ പറ്റിയുള്ള ഒരു ആസ്വാദനമിങ്ങനെ.... “പല തരത്തിലുള്ള ജീവിത സാഹചര്യങ്ങളെയും അതിജീവിച്ച്, ക്ഷമയും സഹനവും ആയുധമാക്കി ജീവിതത്തെ മുന്നോട്ടു നയിച്ച ഒരു കൂട്ടം മനുഷ്യരുടെ-പ്രത്യേകിച്ചും സ്ത്രീകളുടെ-കഥ. ജീവിതത്തിന്റെ ബഹുമുഖമായ തുറകളില്‍ പലപ്പോഴും നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും ഭാഷയ്ക്കും ദേശത്തിനും അതീതമായി ഒരുപോലെയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ പച്ചയായി ആവിഷ്‌കരിക്കുന്ന കൃതി. ലളിതമായി വായിച്ചുപോകാവുന്ന നോവല്‍...”

സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഒരു വിഷാദ ഗാനം പോലെ, മഴയുടെ സംഗിതം എന്നീ ചെറുകഥാ സമാരാഹങ്ങളും നീന പനയ്ക്കലിന്റേതായുണ്ട്. പുതിയൊരു നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. ഫോമയുടെ മയാമി കണ്‍വന്‍ഷനിലും നീന പനയ്ക്കലിന് മാത്രമായിരുന്നു സാഹിത്യ അവാര്‍ഡ്. തിരുവനന്തപുരം പേട്ട സ്വദേശിനിയായ നീന പനയ്ക്കല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ എണ്ണപ്പെട്ട സാഹിത്യ പ്രതിഭാശാലികളിലൊരാളാണ്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി നോക്കി. 1981 മെയ് മാസത്തില്‍ അമേരിക്കയിലെത്തി. ചെറുപ്പം മുതല്‍ എഴുത്തിനോട് വലിയ കമ്പമുണ്ടായിരുന്നു. അമേരിക്കയിലെത്തിയ ശേഷം ആദ്യത്തെ കഥ അച്ചടിച്ചു വന്നത് രജനി മാസികയിലായിരുന്നു. 1983 മുതല്‍ 23 വര്‍ഷം ഫിലാഡല്‍ഫിയയയിലെ വില്‍സ് ഐ ഹോസ്പിറ്റലില്‍ ജോലി ചെയ്തു.

ജോലിത്തിരക്കിലും കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയിലും എഴുത്തിനോടുള്ള ആഭിമുഖ്യം ഉപേക്ഷിച്ചില്ല. അമേരിക്കന്‍ മലയാള പ്രസിദ്ധീകരിണങ്ങളിലെ സജീവ സാന്നിദ്ധ്യമായി നീന പനയ്ക്കല്‍. ഇപ്പോള്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലഡല്‍ഫിയയിലെ റിസേര്‍ച്ച് വിഭാഗത്തില്‍ സീനിയര്‍ റിസേര്‍ച്ച് ഓഫീസറായി പാര്‍ടൈം ജോലി ചെയ്യുന്നു. ജോലി-കുടുംബ തിരക്കുകള്‍ മൂലം അമേരിക്കന്‍ മലയാളി വനിതകളിലെ കഴിവുള്ളവര്‍ എഴുതാന്‍ മടിക്കുന്നുവെന്ന് നീന പനയ്ക്കല്‍ പറഞ്ഞു. താനും ഒരിക്കല്‍ ഇങ്ങനെയായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. പാര്‍ടൈം ജോലിയായതിനാല്‍ സജീവമായി എഴുതുവാന്‍ ഏറെ സമയമുണ്ട്. പിന്നെ  ഭര്‍ത്താവിന്റെ പ്രോത്സാഹനവും. പ്രോത്സാഹനക്കുറവു മൂലം സര്‍ഗശേഷിയുള്ള പല സ്ത്രീ എഴുത്തുകാരും പുരുഷന്മാരെ അപേക്ഷിച്ച് അറിയപ്പെടാതെ പോകുന്നതില്‍ വിഷമമുണ്ട്-നീന പനയ്ക്കല്‍ പറഞ്ഞു.

വിവിധ സാമൂഹിക സംഘടനകളില്‍ അംഗത്വമുള്ള നീന പനയ്ക്കല്‍ കലാ-സാംസ്‌കാരിക-സാമൂഹിക കൂട്ടായ്മകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഫിലഡല്‍ഫിയയിലെ എഴുത്തുകാരുടെയും, ആസ്വാദരുടെയും സംഘമായ ‘നാട്ടുകൂട്ട’ത്തിലും  പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ സമൂഹത്തിലെ സമസ്തവിഷയങ്ങളും  പ്രമേയമാക്കി രചന നടത്തുമ്പോള്‍ അഭിനന്ദനങ്ങളോടൊപ്പം കടുത്ത വിമര്‍ശനങ്ങളും നീന പനയ്ക്കലിനെ തേടിയെത്താറുണ്ട്. നീനയുടെ കൃതികള്‍ വായിക്കുന്നവര്‍ക്ക്, അത് സ്വന്തം കുടുംബത്തിലെ സംഭവങ്ങളുടെ സത്യസന്ധമായ വിവരണമായി തോന്നുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ചുറ്റുപാടും താന്‍ നിത്യേന കണ്ടും അനുഭവിച്ചും അറിയുന്ന കാര്യങ്ങളാണ് നോവലും ചെറുകഥകളുമായി വായനക്കാരുടെ കൈകളിലെത്തുന്നതെന്ന മറുപടി കൊണ്ടൊന്നും വിമര്‍ശനക്കാരുടെ വായടപ്പിക്കാനാവില്ലെന്നും അത്തരം പ്രതികരണങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളുവെന്നുമാണ് നീന പനയ്ക്കലിന്റെ അഭിപ്രായം.

“അതുകൊണ്ട് എഴുതുക... നിര്‍ഭയം നിരന്തരം എഴുതുക... വിമര്‍ശനങ്ങളും നിരൂപണങ്ങളും അതിന്റെ വഴിക്ക് പോകട്ടെ...” എന്ന് സര്‍ഗധനരോട് അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഈ മുതിര്‍ന്ന എഴുത്തുകാരി അഭ്യര്‍ത്ഥിക്കുന്നു. കാരണം അക്ഷരം അറിവിന്റെ അഗ്നിയാണ്... സര്‍ഗസൃഷ്ടികള്‍ അനുഭവത്തിന്റെ നേര്‍ചിത്രങ്ങളാണ്. എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ മനസിന്റെ വ്യക്തിത്വമാണ് അവരുടെ സൃഷ്ടിയെ അന്തിമമായി നിര്‍ണയിക്കുന്നതെങ്കിലും അതിനുള്ളില്‍ ഒരുപാട് സാമൂഹികമായ ഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാണ് അറിഞ്ഞുകൊണ്ടും അറിയാതെയും എഴുത്ത് സാമൂഹിക പരിണാമത്തിന്റെ... പരിഷ്‌കരണത്തിന്റെ വിശാല മാധ്യമമാവുന്നത്. ഈ ചിന്തയുടെ വഴിയിലൂടെയാണ് നീന പനയ്ക്കലും സഞ്ചരിച്ച് ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നത്.

നാട്ടില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്ത ശേഷം ഫിലഡല്‍ഫിയയില്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ നിന്ന് വിരമിച്ച ജേക്കബ് പനയ്ക്കലാണ് നീന പനയ്ക്കലിന്റെ ജീവിത പങ്കാളി. അബു എബ്രഹാം പനയ്ക്കല്‍, ജിജി ജോര്‍ജ് പനയ്ക്കല്‍, സീന ജോര്‍ജ് എന്നിവര്‍ മക്കള്‍. പിന്നെ ആറ് കൊച്ചുമക്കളുമുണ്ട്.

നേരെഴുത്തിന്റെ കണ്ണാടിയായി നീന പനയ്ക്കല്‍ (എ. എസ് ശ്രീകുമാര്‍)
Join WhatsApp News
Mannickarottu 2016-07-31 14:03:15
Neena is a blessed writer. Congratulations.
sheela n . p 2016-07-30 20:06:35
hearty congrats my dear!keep writing...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക