Image

ദുബായ്‌ വ്യാപാര മേള: തൃശൂര്‍ സ്വദേശിക്ക്‌ ഫൊട്ടോഗ്രഫി അവാര്‍ഡ്‌

Published on 06 February, 2012
ദുബായ്‌ വ്യാപാര മേള: തൃശൂര്‍ സ്വദേശിക്ക്‌ ഫൊട്ടോഗ്രഫി അവാര്‍ഡ്‌
ദുബായ്‌: ദുബായ്‌ വ്യാപാര മേള (ഡിഎസ്‌എഫ്‌) യോടനുബന്ധിച്ച്‌ നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തില്‍ മലയാളിക്ക്‌ അവാര്‍ഡ്‌. ഗള്‍ഫ്‌ ടുഡേ ഇംഗ്ലീഷ്‌ ദിനപത്രത്തിലെ ഫൊട്ടോഗ്രഫര്‍ തൃശൂര്‍ ചേറ്റുവ സ്വദേശി നിഷാം അബ്‌ദുല്‍ മനാഫിനാണ്‌ സെലിബ്രേഷന്‍ വിഭാഗത്തില്‍ അവാര്‍ഡ്‌. മൊമന്റോയും 3,000 യുഎസ്‌ ഡോളറും (11,000 ദിര്‍ഹത്തോളം) അടങ്ങുന്ന അവാര്‍ഡ്‌ ദുബായ്‌ കള്‍ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അതോറിറ്റി (ദുബായ്‌ കള്‍ചര്‍) ചെയര്‍മാന്‍ ഷെയ്‌ഖ്‌ മാജിദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമില്‍ നിന്ന്‌ നിഷാം ഞായറാഴ്‌ച ഏറ്റുവാങ്ങി.

കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മത്സരത്തില്‍ പങ്കെടുക്കുന്ന നിഷാമിന്‌ ഇതാദ്യമായാണ്‌ അവാര്‍ഡ്‌ ലഭിക്കുന്നത്‌. ഒരു കുടുംബം ഒരു ലോകം ഒരാഘോഷം എന്ന പ്രമേയത്തില്‍ നടന്ന ഡിഎസ്‌എഫിന്റെ ലോഗോ, ഫെസ്‌റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ദുബായ്‌ ക്രീക്കിലെ വെടിക്കെട്ടില്‍ മാനത്ത്‌ വിടര്‍ന്ന ഒരു അഗ്നിപുഷ്‌പം, അലങ്കരിച്ച പശ്‌ചാത്തലം, ഇതിനെല്ലാം സാക്ഷിയായ പൂര്‍ണചന്ദ്രന്‍ എന്നിവ ഒരേ ആംഗിളില്‍ വരുന്ന ഫോട്ടോയാണ്‌ നിഷാമിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. അല്‍ ബയാന്‍ അറബിക്‌ പത്രത്തിലെ ഫൊട്ടോഗ്രഫര്‍ ഇമാത്‌ അലാവുദ്ദീന്‍, ഖലീജ്‌ ടൈംസ്‌ ഇംഗ്ലീഷ്‌ ദിനപത്രത്തിലെ ഗ്രേസ്‌ എന്നിവര്‍ക്കാണ്‌ സെലിബ്രേഷന്‍ വിഭാഗത്തില്‍ യഥാക്രമം രണ്ടും (2,000 ഡോളര്‍) മൂന്നും (1000 ഡോളര്‍) സമ്മാനം. ഷോപ്പിങ്‌ വിഭാഗത്തില്‍ അര്‍ഷദ്‌ അലി, ഹെഡ്രിന്‍, ഹൈദര്‍ ഫവാദ്‌ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി.

ഏഴ്‌ വര്‍ഷമായി ഗള്‍ഫ്‌ ടുഡെയില്‍ ജോലി ചെയ്യുന്ന ഈ 26 കാരന്‍ അബ്‌ദുല്‍ മനാഫ്‌-നജുമ ദമ്പതികളുടെ മകനാണ്‌. മുന്‍വര്‍ഷങ്ങളില്‍ മലയാളി ഫൊട്ടോഗ്രഫറായ കമാല്‍ ഖാസിമിനായിരുന്നു ഇതേ വിഭാഗത്തില്‍ സമ്മാനം.
ദുബായ്‌ വ്യാപാര മേള: തൃശൂര്‍ സ്വദേശിക്ക്‌ ഫൊട്ടോഗ്രഫി അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക