Image

'നിങ്ങള്‍ക്ക് സുഖമാണോ'? (ലേഖനം) മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 23 July, 2016
'നിങ്ങള്‍ക്ക് സുഖമാണോ'? (ലേഖനം) മീട്ടു റഹ്മത്ത് കലാം
'നിങ്ങള്‍ക്ക് സുഖമാണോ'? ദൈനംദിന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യമാണിത്. ബന്ധുമിത്രാദികളെ കണ്ടുമുട്ടുമ്പോഴും ഫോണില്‍ ബന്ധപ്പെടുമ്പോഴും ഒരു ശീലം പോലെ നമ്മള്‍ ഓരോരുത്തരും ചോദിക്കുന്ന ഈ ചോദ്യം സ്വയം ചോദിച്ചാലോ? 

സ്വന്തം വേദനകളും പിരിമുറുക്കങ്ങളും ആരെയും അറിയിക്കാതെ കാലത്തിന്റെ വേഗതയ്‌ക്കൊപ്പം പായുമ്പോള്‍ ഹൃദയത്തില്‍ കൈവെച്ച് 'അതെ, എനിക്ക് സുഖമാണ്.' എന്നെത്ര പേര്‍ക്ക് പറയാന്‍ കഴിയും? ആരോഗ്യം എന്നത് ശരീരത്തെക്കാള്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവില്ലാത്തതാണ് ഇന്ന് കാണുന്ന തരത്തില്‍ ജീവിതശൈലി രോഗങ്ങള്‍ പെരുകാനുള്ള കാരണം. ഹൃദയമോ തലച്ചോറോ മറ്റ് അവയവങ്ങളോ പോലെ വ്യക്തമായ രൂപം ഇല്ലാത്ത മനസ്സിന്റെ ആരോഗ്യത്തിന് അല്പം കരുതല്‍ കൂടുതല്‍ വേണമെന്ന് പലര്‍ക്കും അറിയില്ല.

സിസിറോ എന്ന റോമന്‍ തത്ത്വചിന്തകന്‍ അഭിപ്രായപ്പെട്ടതുപോലെ രോഗങ്ങളില്‍ ഏറ്റവും അപകടകാരികളും എണ്ണത്തില്‍ കൂടുതലും ശരീരത്തെക്കാള്‍ മനസ്സിന് പിടിപെടുന്നതാണ്., ഒന്ന് വിരല്‍ മുറിഞ്ഞാലോ ജലദോഷം പിടിപെട്ടാലോ നല്‍കുന്ന പരിഗണന മനസ്സിന്റെ ആരോഗ്യത്തിന് നമ്മള്‍ കൊടുക്കുന്നുണ്ടോ? മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും എത്തിനോക്കാന്‍ കണ്ടെത്തുന്ന സമയം സ്വന്തം മനസ്സിനോട് സംവദിക്കാന്‍ വിനിയോഗിച്ചാല്‍ അത് വലിയൊരു മാറ്റം കൊണ്ടുവരും. സ്വത്വത്തെ അറിയുക എന്ന സന്യാസഭാഷ്യം പോലെ സ്വയം തിരിച്ചറിയുന്നത് ജീവിതത്തിന്റെ ഗതി തന്നെ മാറ്റും. ലക്ഷ്യബോധത്തോടെയുള്ള യാത്ര ജീവിതത്തിന് പുതിയ അര്‍ത്ഥതലം നല്‍കും.

നല്ല ഭക്ഷണം കഴിച്ച് ശരീരത്തെ പരിപാലിക്കുന്നത് ഇന്ധനം നിറച്ച വാഹനത്തോട് ഉപമിക്കാമെങ്കില്‍ നേരായ വഴിയേ അതോടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഡ്രൈവറാണ് മനസ്സ്. അലസമോ അശ്രദ്ധമോ ആയ മനസ്സ്  അപകടത്തിലേയ്ക്ക് നയിക്കും.

ധ്യാനം, യോഗ, പ്രാര്‍ത്ഥന ഒക്കെ പോലെ തന്നെ മനസ്സിനെ നിയന്ത്രണവിധേയമാക്കാന്‍ അതിന് സംതൃപ്തി നല്ലതാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഉദ്യാനപരിപാലനമോ വായനയോ പോലെ ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസികമായ ഉല്ലാസത്തോടൊപ്പം നവോന്മാഷവും നല്‍കും. നിരന്തരമായി മനസ്സുമായി അങ്ങനൊരു ബന്ധം വളര്‍ത്തിയാല്‍ പല അസുഖങ്ങളും ചികിത്സ കൂടാതെ സുഖപ്പെടുമെന്ന് പോലും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 

'സൈക്രാട്രി'-യില്‍ മനോരോഗികള്‍ക്ക് 'സജഷന്‍' കൊടുത്ത് പഴയ ജീവിത്തിലേയ്ക്ക് കൊണ്ടുവരുന്ന ചികിത്സാരീതിയുണ്ട്. ഒരു പരിധി വരെ മാതാപിതാക്കന്മാരും ഗുരുക്കന്മാരും ഇതാണ് ശരി, ഇതാണ് തെറ്റ് എന്ന് പറഞ്ഞ്  ആ രീതിയ്ക്കാണ് തലമുറകളെ വാര്‍ത്തെടുക്കുന്നത്. എന്നാല്‍ പോലും, തനിയെ തീരുമാനങ്ങള്‍ എടുത്ത് തുടങ്ങുമ്പോള്‍ മനസ്സിനെ കൈകാര്യം ചെയ്യാന്‍ അത്യധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.

ഒരു വ്യക്തി തന്റെ മനസ്സിനോട് ചേര്‍ന്ന് എത്ര സഞ്ചരിച്ചു എന്നതിന്റെ ആകെത്തുകയാണ് അയാളുടെ ജീവിതവിജയം. വികാരങ്ങളുടെ കടിഞ്ഞാണ്‍ അവനവനില്‍ നിന്ന് തെന്നി മാറുമ്പോഴാണ് പല ക്രൂര കൃത്യങ്ങളും സംഭവിക്കുന്നത്. നിമിഷനേരം മനസ്സ് കൈവിട്ടതാണ് ഇതുവരെ നടന്നിട്ടുള്ള എല്ലാ ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം. മാനസാന്തരം വന്ന് പുതിയ ജീവിതത്തിലേയ്ക്ക് കടന്നവരുടെ പശ്ചാത്താപത്താല്‍ പൊള്ളുന്ന കണ്ണീരിന് പറയാന്‍ കഴിയും. കൈവിട്ട മനസ്സ് പിച്ചിച്ചീന്തിയ ജീവിതത്തെക്കുറിച്ച്....

മറ്റു ലോഹങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഇരുമ്പിന്റെ കരുത്ത്, അതില്‍ രൂപപ്പെടുന്ന തുരുമ്പ് ഇല്ലാതാക്കും. അതുപോലെ തന്നെയാണ് നമ്മുടെ മനസ്സും നമുക്കല്ലാതെ ആര്‍ക്കും അതിന്റേമേല്‍ നിയന്ത്രണം ഉണ്ടാകാന്‍ പാടില്ല. മറ്റൊന്നിനോടും മത്സരിക്കാതെ മനസ്സിനെ അതിന്റെ ലക്ഷ്യത്തിലെത്തിക്കാന്‍ അവനവനോട് തന്നെയുള്ള മത്സരമാണ് ആവശ്യം. സുഖമാണെന്ന് പൂര്‍ണ്ണമനസ്സോടെ നമുക്ക് പറയാന്‍ കഴിയണം.
 


'നിങ്ങള്‍ക്ക് സുഖമാണോ'? (ലേഖനം) മീട്ടു റഹ്മത്ത് കലാം'നിങ്ങള്‍ക്ക് സുഖമാണോ'? (ലേഖനം) മീട്ടു റഹ്മത്ത് കലാം
Join WhatsApp News
KRISHNA 2016-07-24 00:56:28
Very Good article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക