Image

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് ശ്രമം തുടരും: ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി

Published on 20 July, 2016
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് ശ്രമം തുടരും: ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി
ന്യൂഡല്‍ഹി: യെമനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഫാ. ടോമിനെ തടങ്കലില്‍ വെച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫാദറിന്റെ മോചനത്തിന് സഹായിക്കാന്‍ സന്നദ്ധമായ രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളയിലും വിഷയം വിദേശരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും മാസങ്ങള്‍ക്ക് ശേഷം ഫാ. അലക്‌സിനെ മോചിപ്പിച്ച പോലെ ഫാ. ടോമിനെയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഫാ. ടോമിന്റെ ചിത്രവും വീഡിയോ ദൃശ്യങ്ങളും ചൊവ്വാഴ്ച രാത്രിയോടെ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടെ ഫാ. ടോം ഉഴുന്നാലിന്റെ ഫേ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഫാദറിന്റേതെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമാകുന്നത്. താടിയും മുടിയും വളര്‍ത്തി ഇരു കൈകളും നെഞ്ചോട് ചേര്‍ത്തുവെച്ചുള്ള ഫാദറിന്റെ ചിത്രങ്ങള്‍ ഇന്നലെ ഉച്ചയോടെയാണ് പുറത്തുവന്നത്. വൈകീട്ടോടെ ഫാദറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണുകള്‍ കെട്ടി ഫാദറിന്റെ മുഖത്തും ശരീരത്തും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

ചിത്രത്തിലുള്ളത് ഫാ. ടോം തന്നെയാണന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചിത്രം ഫാദറിന്റേതാണോയെന്നു വ്യക്തമല്ലെന്നും സന്ദേശങ്ങളുടെയും വിഡിയോയുടെയും കൃത്യതയില്‍ സംശയമുണ്ടെന്നുമാണ് സലേഷ്യന്‍ സഭയുടെ നിലപാട്. ഫാദര്‍ ടോം ഉഴുന്നാലിന്റെ പുതിയ ചിത്രം പുറത്തു വിട്ട ഫേസ്ബുക് അക്കൗണ്ട് നേരത്തെ ഹാക്ക് ചെയ്തതാണ്. ഫാദര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഈ അക്കൗണ്ട് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതിനു ശേഷം നിര്‍ജീവമായിരുന്നു. അക്കൗണ്ട് വീണ്ടും ജൂണ്‍ മാസത്തില്‍ സജീവമായി. 

ഫാദര്‍ ടോം മോശം അവസ്ഥയിലാണെന്നും അദ്ദേഹത്തിനു വേണ്ടി ആരും ഒന്നും ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയാണു പോസ്റ്റുകള്‍ വന്നു തുടങ്ങിയത്. ജൂണ്‍ 14ന് ഫാദറിന്റേതെന്നു പ്രചരിപ്പിക്കുന്ന വീഡിയോ ടാജി നോണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് പാലാ രാമപുരം   സ്വദേശിയായ സലേഷ്യന്‍ വൈദികനായ ഫാദര്‍ ടോം ഉഴുന്നാലിനെ തെക്കന്‍ ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനീ സമൂഹത്തിന്റെ കേന്ദ്രത്തില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഫാ. ടോമിനൊപ്പമുണ്ടായിരുന്ന 12 പേരെ ഐഎസ് ഭീകരര്‍ വെടിവെച്ചു കൊന്നിരുന്നു. യെമനിലെ ഏതോ അജ്ഞാത കേന്ദ്രത്തിലാണ് ഫാ. ടോം എന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ലഭിക്കുന്ന വിവരം.

Join WhatsApp News
Mathew V. Zacharia 2016-07-21 06:43:37
My prayer to our God of Abraham, Isaac and Jacob for the safety, comfort and endurance for father Tom through my LORD and SAVIOR JESUS CHRIST.
faithful 2016-07-21 12:35:43
ISIS is doing all the terror in the name of the same god of abraham ......
better to call jesus for help.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക