Image

കെ. മാധവന്‍: ജനപ്രിയതയുടെ താരം

Published on 20 July, 2016
കെ. മാധവന്‍: ജനപ്രിയതയുടെ താരം
ഏറെ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡിന്റെ അധികം അറിയപ്പെടാത്ത സാരഥി. അതാണ് കെ. മാധവന്‍.

ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഇദ്ദേഹം വഹിക്കുന്ന പദവികള്‍ക്കപ്പുറം ഏറെ വ്യക്തിവിവരങ്ങള്‍ ലഭിച്ചെന്നിരിക്കില്ല. എന്നാല്‍ ഈ വ്യക്തി ജനപ്രിയമാക്കിയ, ശക്തമായ ഒരു ബ്രാന്‍ഡിനെ അറിയാത്ത, കാണാത്ത, ആസ്വദിക്കാത്ത മലയാളികള്‍ ഒരുപക്ഷേ കാണില്ല ലോകത്തിന്റെ ഏത് കോണിലും. ടെലിവിഷന്‍ ചാനല്‍ രംഗത്തെ അതിശക്തമായ ബ്രാന്‍ഡ് ഏഷ്യാനെറ്റിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമാണ് മാധവന്‍. ഒപ്പം ബഹുരാഷ്ട്ര മാധ്യമ കമ്പനിയായ സ്റ്റാര്‍ ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ മേധാവിയും. പലകുറി മാറ്റിയ സമയത്തിനൊടുവില്‍ ടീം ധനവുമായി സംസാരിക്കാനിരിക്കുമ്പോള്‍ കെ. മാധവന്‍ പിന്നിട്ടിരുന്നത് അവധി ദിനങ്ങള്‍ പോലും തിരിച്ചറിയാതുള്ള തിരക്കിന്റെ മൂന്നാഴ്ചകളായിരുന്നു. ഒന്നര ദശാബ്ദക്കാലമായി, കൃത്യമായി പറഞ്ഞാല്‍ 2000 മുതല്‍ ഈ തിരക്ക് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ജീവിതം തന്നെയാണ്. 

അതിരൂക്ഷമായ മത്സരമാണ് ടെലിവിഷന്‍ ചാനല്‍ രംഗത്തുള്ളത്. ശക്തന്മാര്‍ പോരടിക്കുന്ന ഈ മേഖലയില്‍ കാലങ്ങളായി ജനപ്രീതിയുടെ കണക്കില്‍ ഒന്നാം സ്ഥാനം ഏഷ്യാനെറ്റിന് സ്വന്തം. തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കി മലയാളി മനസില്‍ ഏഷ്യാനെറ്റ് കുടിയിരിക്കുന്നതിന്റെ മുഖ്യഹേതു പകരം വെയ്ക്കാനാകാത്ത കൃത്യതയോടെയുള്ള അതിന്റെ ചേരുവകളും. 
ഇന്ത്യന്‍ പ്രാദേശിക ഭാഷയിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന് ഒന്നാം സ്ഥാനം പുതുമയല്ല. പക്ഷേ സാങ്കേതികവിദ്യയും ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും അനുനിമിഷം മാറിമറിയുന്ന ഈ ലോകത്ത് സ്ഥിരമായി ഏഷ്യാനെറ്റ് ജനപ്രീതിയോടെ മുന്നില്‍ നില്‍ക്കുന്നതാണ് ശ്രദ്ധേയം.

ബഹുരാഷ്ട്ര മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ റഡാര്‍ കണ്ണില്‍ കേരളത്തിലെ ഒരു പ്രാദേശിക ചാനലിനെ കൂടി കാണിച്ചുകൊടുത്ത് ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗം ഉറ്റുനോക്കിയ ഒരു ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ പിഴയ്്ക്കാത്ത കണക്കുകൂട്ടലുകളുള്ള ബിസിനസ് സാരഥി കൂടിയാണ് മാധവന്‍. 

ദൃശ്യമാധ്യമ രംഗത്ത് പുതിയ ചരിത്രങ്ങളും റെക്കോര്‍ഡുകളും എഴുതി ചേര്‍ത്ത മാധവന്‍ നടന്നുവന്ന വഴികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഏറെ അറിയപ്പെടുന്ന ബ്രാന്‍ഡിന്റെ അധികം അറിയപ്പെടാത്ത സാരഥി ഈ യാത്രയില്‍ സ്വയം തകര്‍ത്ത് പുറത്തുകടന്നത് ഒരു ശരാശരി മലയാളിയെ സംതൃപ്തനാക്കുന്ന സുഖജീവിതത്തിന്റെ വേലിക്കെട്ടുകളാണ്. ഒരു സാധാരണക്കാരന്റെ യാത്രയെന്ന് സ്വന്തം വഴിത്താരകളെ മാധവന്‍ നിര്‍വചിക്കുന്നുണ്ടെങ്കിലും അടുത്തറിയുമ്പോള്‍ അതിനെ ഒരു 'അസാധാരണ വ്യക്തിയുടെ അതിസാഹസികയാത്രകള്‍' എന്ന് മാറ്റി എഴുതേണ്ടി വരും. 

ഏഷ്യാനെറ്റില്‍ വരുന്നതിന് മുമ്പും 

പിന്‍പും. വേണമെങ്കില്‍ ഇങ്ങനെ രണ്ടായി തിരിക്കാം ഈ യാത്രയെ. പക്ഷേ ഫെഡറല്‍ ബാങ്കില്‍ പ്രബേഷണറി ഓഫീസറായി 1982ല്‍ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാള ദൃശ്യമാധ്യമ രംഗത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡിന്റെ സാരഥ്യത്തിലിരിക്കുമ്പോഴും മാറാത്ത ഒന്നുണ്ട് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍. ഏര്‍പ്പെടുന്ന ഏത് മേഖലയുമോടുള്ള പാഷന്‍. ''ജീവിതത്തില്‍ ഇന്നേ തീയതി വരെ ജോലിക്ക് പോകുകയാണെന്ന തോന്നല്‍ പോലും എനിക്കുണ്ടായിട്ടില്ല. നാം
ചെയ്യുന്നതെന്തും അങ്ങേയറ്റത്തെ പാഷനോടെയാണെങ്കില്‍ ഫലം തീര്‍ച്ചയായും അതിനെ പിന്തുടര്‍ന്ന് വരും,'' മാധവന്‍ സ്വന്തം വിശ്വാസപ്രമാണം തുറന്നു വെയ്ക്കുന്നു. 

ഒന്നാംഘട്ടം ബാങ്കിംഗ് പ്രൊഫഷണല്‍

ശങ്കരന്‍ നമ്പ്യാരുടെയും സത്യഭാമയുടെയും മകനായ മാധവന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഫെഡറല്‍ ബാങ്കിലെത്തിയത്. ആദ്യ നിയമനം ഷില്ലോംഗില്‍. അവിടെ ജോലി ചെയ്തതിന്റെ പേരില്‍ പിന്നീടുള്ള നിയമനം ബാങ്ക് ജന്മനാടായ വടകരയില്‍ തന്നെ നല്‍കി. ''അക്കാലത്ത് നാട്ടില്‍ ജനപ്രീതിക്ക് കുറവൊന്നുമുണ്ടായില്ല. ജേസീസ് പോലുള്ളവയില്‍ സജീവ പ്രവര്‍ത്തനം. തട്ടും തടവുമില്ലാത്ത ജീവിതം,'' മാധവന്‍ തന്നെ സുന്ദരമായ ഈ ജീവിതത്തിനിടെ മുംബൈയിലേക്ക് സ്ഥലംമാറ്റത്തിന് സ്വയം ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചു. ''കൂടുതല്‍ വളരാനും ചിന്തകള്‍ കുറച്ചു കൂടി വിശാലമാകാനും കേരളം വിടുന്നതാണ് നല്ലതെന്ന് തോന്നി.'' 

മുംബൈ നഗരം മാധവനിലെ പ്രൊഫഷണലിനെ തേച്ചുമിനുക്കി. അവിടത്തെ ട്രെയ്ന്‍ യാത്ര പോലും ഏറ്റവും മികച്ച ജീവിത, പ്രൊഫഷണല്‍ പാഠങ്ങളാണെന്ന് വിലയിരുത്തുന്ന മാധവന്‍ കണ്ടുമുട്ടിയ ഭിക്ഷക്കാരനില്‍ നിന്നു പോലും ഗ്രഹിച്ചതും അറിഞ്ഞതും മികവിന്റെ പുതിയ തലങ്ങളായിരുന്നു. പിന്നീട് ഫെഡെക്സ് സെക്യൂരിറ്റീസ് എന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് വിഭാഗത്തിലേക്ക് ചേക്കേറിയ ഇദ്ദേഹം അവിടെ നിന്നാണ് 2000ത്തില്‍ പൂര്‍ണമായും ഏഷ്യാനെറ്റിലേക്ക് എത്തുന്നത്. 
രണ്ടാംഘട്ടം ദൃശ്യമാധ്യമ ലോകം

''സാഹചര്യങ്ങള്‍ കൊണ്ട് വന്നുപെട്ടതാണ് ഈ മേഖലയില്‍. കടന്നുവരുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. അങ്ങേയറ്റത്തെ റിസ്‌കായ ഒന്നായിരുന്നു ഈ തീരുമാനം. പക്ഷേ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അവസരങ്ങളാണ് എന്നെ പ്രചോദിപ്പിച്ചത്.'' മലയാളിയുടെ അഭിമാനമായിരുന്ന ഏഷ്യാനെറ്റ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ കാലമായിരുന്നു അത്. ഏഷ്യാനെറ്റിന്റെ സൃഷ്ടാക്കളും നടത്തിപ്പുകാരുമെല്ലാം കൂട്ടത്തോടെ വിട്ടൊഴിഞ്ഞു. പല മാസങ്ങളിലും ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും പ്രയാസപ്പെട്ടു. ആസന്നമായൊരു അവസാനം പലരും പ്രതീക്ഷിച്ചു. പക്ഷേ മാധവന്‍ മാത്രം വിശ്വാസം കൈവിട്ടില്ല. ''കഠിനാധ്വാനം, ആത്മാര്‍പ്പണം ഇവ രണ്ടുമായിരുന്നു അന്നെന്റെ കൂടെയുണ്ടായത്. പ്രാരംഭനാളുകളില്‍ ഏഷ്യാനെറ്റിന്റെ പുളിയറക്കോണത്തെ സ്റ്റുഡിയോയില്‍ തന്നെയായിരുന്നു താമസം. എവിടെ പോയാലും എന്തുകണ്ടാലും അതെങ്ങനെ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഏഷ്യാനെറ്റിലൂടെ കൊണ്ടുവരാം എന്നതായിരുന്നു ചിന്ത. 
പഴുതടച്ച ആസൂത്രണത്തിലൂടെ, കൃത്യമായ മുന്നൊരുക്കത്തോടെ പരിപാടികള്‍ കൊണ്ടുവന്നു,'' അവകാശവാദങ്ങളൊ ന്നുമില്ലാത്ത മാധവന്‍ ഇത് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. പൊതുവേ പത്രങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ടുകിടക്കുന്ന അന്നത്തെ പരസ്യദാതാക്കളെ ദൃശ്യമാധ്യമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഏറെ പണിപ്പെട്ടു മാധവനും ഏഷ്യാനെറ്റും. വലിയ കാന്‍വാസില്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ അത്ഭുതപ്പെടുത്തുന്ന പ്രോഗ്രാമുകള്‍ സ്വന്തം വീട്ടകത്തെ ടെലിവിഷന്‍ സ്‌ക്രീനിലേക്ക് എത്തിച്ചു. കണ്ടന്റിന്റെ ഗുണമേന്മയില്‍ ഒരുതരത്തിലും വിട്ടു വീഴ്ച ചെയ്യാതെ, എപ്പിസോഡിന് ലക്ഷങ്ങള്‍ ചെലവാകുന്നവയായിരുന്നു പല പ്രോഗ്രാമുകളും. ''അന്നും ഇന്നും കൃത്യമായ ആസൂത്രണവും പഴുതടച്ച നടത്തിപ്പുമാണ് ഞങ്ങളുടെ കരുത്ത്. പുറംകരാറുകള്‍ നല്‍കാറില്ല. തികച്ചും ഇന്‍ഹൗസായാണ് എല്ലാം. അതാണ് ഞങ്ങളുടെ കമ്പനിയുടെ കരുത്ത്. ഞങ്ങളുടെ ആത്മവിശ്വാസവും,'' 

ആസൂത്രണത്തിലെ മികവ്അടുത്തവര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന്റെ ആസൂത്രണം പൂര്‍ത്തിയാക്കി കഴിഞ്ഞു ഇപ്പോള്‍ മാധവനും ടീമും. കുറഞ്ഞ സമയം കൊണ്ട് എങ്ങനെയെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വിജയം കൊണ്ടുവരില്ലെന്ന വിശ്വാസമാണ് മാധവനെ മുന്നോട്ടുനയിക്കുന്നത്. 

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ കൊണ്ടു വന്ന് ഗള്‍ഫിലെ വേദിയില്‍ വെച്ച് ഫിലിം അവാര്‍ഡ് ഏഷ്യാനെറ്റ് വിതരണം ചെയ്തപ്പോള്‍ പലരും സംശയിച്ചു ഇതിലും മേലെ ഇനിയെന്ത്? അതിനു മറുപടിയായി മലയാളിയുടെ നടന വിസ്മയം മോഹന്‍ലാല്‍ 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റേജ് ഷോ അവതരിപ്പിച്ചു അടുത്ത ഫിലിം അവാര്‍ഡ് വേദിയില്‍. ഈ പരിപാടി ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്തപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളി ടെലിവിഷന്‍ പ്രേക്ഷകരില്‍ 93 ശതമാനം പേരും കണ്ടത് ഇതായിരുന്നു! ഫിലിം അവാര്‍ഡുകളുടെ സംപ്രേക്ഷണം നടക്കുമ്പോള്‍ ശരാശരി 83 ശതമാനം പേരും കാണുന്നത് അതായിരിക്കും. ഇതാണ് ഏഷ്യാനെറ്റിന്റെ ജനപ്രിയതയുടെ യഥാര്‍ത്ഥ അളവുകോല്‍. 

''ജനങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടത് എന്താണെന്ന് പലപ്പോഴും അറിയില്ല. നാം അവ കണ്ടെത്തി അവരുടെ മുന്നിലെത്തിക്കണം. അവരതിനെ ഇരുകൈയും നീട്ടി സ്വീകരിക്കും. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ തെലുങ്ക് സിനിമ ബാഹുബലി തന്നെയാണ് ഇക്കാര്യത്തിലെ ക്ലാസിക് ഉദാഹരണം. പുതുമയുള്ള കാര്യങ്ങള്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചാല്‍ വിജയം സുനിശ്ചിതം,'' ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ കടുത്ത ആരാധാകന്‍ കൂടിയായ മാധവന്‍ പറയുന്നു. 

ഉള്ളടക്കത്തിലെ പുതുമയും അതിന്റെ ഗുണമേന്മയും, ഏറ്റവും പുതിയ സാങ്കേതിക വിദ്യ, അനുദിനം മികവ് കൂട്ടുന്ന ശൈലി ഇവയ്ക്കൊപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി മികച്ച പ്രതിഭകളെ കൂടെ നിര്‍ത്താനും മാധവന്‍ ശ്രമിച്ചപ്പോള്‍ ഏഷ്യാനെറ്റ് ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. ഇതിനിടെ വളര്‍ച്ചയ്ക്കായുള്ള വഴികള്‍ തിരയാതിരുന്നില്ല അദ്ദേഹം. 

സ്റ്റാര്‍ ഗ്രൂപ്പുമായുള്ള പങ്കാളിത്തവും ഏറ്റെടുക്കലും അങ്ങനെയാണ് സംഭവിച്ചത്. ഏഷ്യാനെറ്റിന്റെ എന്‍ര്‍ടെയ്ന്‍മെന്റ് ചാനലുകളെല്ലാം സ്റ്റാറിന്റെ കുടക്കീഴില്‍ എത്തിയതോടെ ഗ്രൂപ്പ് വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറി. മാധവന്‍ സ്റ്റാര്‍ സൗത്ത് ഇന്ത്യയുടെ സാരഥ്യത്തിലേക്കും കൂടി ഉയര്‍ന്നു. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ ഭാഷകളിലെ വ്യത്യസ്ത മേഖലകളിലെ 12ഓളം ചാനലുകള്‍ക്കാണ് മാധവന്‍ ഇന്ന് നേതൃത്വം നല്‍കുന്നത്. പുതുതായി ചാനലുകള്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലും. സ്റ്റാര്‍ ഇന്ത്യയുടെ വരുമാനത്തില്‍ നിര്‍ണായകമായ പങ്ക് സ്റ്റാര്‍ ദക്ഷിണേന്ത്യ നല്‍കുന്നുമുണ്ട്. 

സിനിമാ തിയേറ്ററിലെ സ്‌ക്രീനില്‍ നിന്ന് പ്രേക്ഷകരെ സ്വീകരണ മുറിയിലെ ടെലിവിഷന്‍ സ്‌ക്രീനുമുന്നില്‍ പിടിച്ചിരുത്തിയ ഏഷ്യാനെറ്റ് ഭാവിയിലെ മാറ്റം കണ്ടറിഞ്ഞ് മൊബീല്‍ സ്‌ക്രീനിലേക്ക് സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. ഹോട്ട് സ്റ്റാര്‍ എന്ന മൊബീല്‍ ആപ്ലിക്കേഷനിലൂടെ. ''ടെക്നോളജി അതിവേഗം മാറുകയാണ്. ബിഗ് സ്‌ക്രീനില്‍ നിന്ന് മിനി സ്‌ക്രീനിലേക്കും ഇപ്പോള്‍ മൊബീല്‍ സ്‌ക്രീനിലേക്കും നടക്കുന്ന ഈ മാറ്റത്തെ മുന്‍കൂട്ടി കണ്ടാണ് ഹോട്ട് സ്റ്റാര്‍ അവതരിപ്പിച്ചിരിക്കുന്നത്,'' മാധവന്‍ പറയുന്നു. നാളെകളെ ഇന്നേ കണ്ട് നടത്തുന്ന ഈ യാത്രകളാണ് മാധവനെ വ്യത്യസ്തമാക്കുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലും സ്റ്റാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി നില്‍ക്കുമ്പോഴും മാധവന്റെ മൊബീല്‍ ഫോണിലേക്ക് ഏത് ടീമംഗത്തിനും നേരിട്ട് വിളിക്കാം. എപ്പോള്‍ വേണമെങ്കിലും. ''പലപ്പോഴും ഡ്രസ് ചേയ്ഞ്ച് ചെയ്യാനാണ് മൂംബൈയിലെ വീട്ടിലെത്തുന്നത്,'' എന്ന് തമാശയായി പറയുന്ന മാധവന്‍ മിക്കപ്പോഴും ആഴ്ചയിലെ ദിവസങ്ങള്‍ പോലും അറിയാറില്ലെന്ന് തുറന്നുപറയുന്നു.

തികഞ്ഞ പ്രൊഫഷണലിസം

എന്താണ് ഏഷ്യാനെറ്റില്‍ മാധവന്റെ സംഭാവന? അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ മുന്നേറുന്ന കരുത്തുറ്റ ബ്രാന്‍ഡായി ഏഷ്യാനെറ്റിനെ വളര്‍ത്തി എന്നതു തന്നെയാകും ഇതിനുള്ള ഉത്തരം. ഈ യാത്രയില്‍ ഫെഡറല്‍ ബാങ്കില്‍ ഒരിക്കല്‍ മാധവനേക്കാള്‍ ഉയര്‍ന്ന പദവിയിലിരുന്ന പലരും ഏഷ്യാനെറ്റില്‍ മാധവന്റെ ടീമംഗമായി കൂടെ ചേര്‍ന്നു. വ്യക്തികളെ ആശ്രയിച്ചു നില്‍ക്കുന്ന പ്രസ്ഥാനം എന്നതിനേക്കാളുപരിയായി രാജ്യാന്തര നിലവാരമുള്ള, സുസ്ഥിര വളര്‍ച്ച നേടുന്ന ബിസിനസ് മോഡല്‍ നിലനില്‍ക്കുന്ന കമ്പനിയായി ഏഷ്യാനെറ്റ് വളര്‍ന്നതിന് പിന്നില്‍ നിര്‍ണായകമായുള്ളത് മാധവന്റെ ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. 

മികവ് ആര്‍ജിക്കാനും അത് നിലനിര്‍ത്താനും കുറുക്കുവഴികളില്ലെന്ന് മാധവന്‍ സ്വന്തം പ്രവര്‍ത്തനം കൊണ്ടാണ് തെളിയിക്കുന്നത്. മാത്രമല്ല ആര്‍ജിച്ചെടുത്ത മികവ് എന്നെന്നും നിലനില്‍ത്താനും പുതിയ ഉയരങ്ങളിലേക്ക് എത്താനും പുതുമയും സാങ്കേതിക വിദ്യാ നവീകരണവും അനുദിന സ്വയം നവീകരണവും അനിവാര്യമാണെന്നും മാധവനും ഏഷ്യാനെറ്റും പറഞ്ഞുവെയ്ക്കുന്നു. 

ചുറ്റും വെല്ലുവിളികള്‍ നിറയുന്ന ഈ കാലത്ത് ബിസിനസ് സാരഥികള്‍ക്കും സംരംഭങ്ങള്‍ക്കും മാധവനില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ആര്‍ജിച്ചെടുക്കാം ഏറെ വിലപ്പെട്ട പാഠങ്ങള്‍.
 
മാധവന്റെ വിജയമന്ത്രങ്ങള്‍
 
മാധവന്‍ എന്ന ബിസിനസ് സാരഥിയെ, മികവുറ്റ പ്രൊഫഷണലിനെ വിജയപാതയിലൂടെ നയിക്കുന്ന ഘടകങ്ങള്‍

വളരെ കൃത്യമായ പ്രോഫിറ്റ് ആന്‍ഡ് ലോസ് സ്റ്റേറ്റ്മെന്റ് തയാറാക്കാതെ ഒരു പദ്ധതി പോലും ആസൂത്രണം ചെയ്യാറില്ല. എല്ലാ പ്രോജക്റ്റില്‍ നിന്നും മികച്ച ലാഭം പ്രതീക്ഷിക്കാനാകില്ല. പക്ഷേ എല്ലാം പ്രോജക്റ്റുകളുടെയും സമാഹാരം ലാഭകരമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. 

ടീമിലേക്ക് തികച്ചും അനുയോജ്യരായവരെ ആകര്‍ഷിക്കുന്നു. അവര്‍ക്ക് പരവമാവധി പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം അവരില്‍  നിന്ന് ഏറ്റവും മികച്ച റിസള്‍ട്ട് ലഭിക്കുന്നുവെന്നതും ഉറപ്പാക്കുന്നു. 

പത്ത് ബുക്കുകള്‍ വായിക്കുന്നതിന് തുല്യമാണ് മികച്ച ആശയങ്ങളും മാറുന്ന ട്രെന്‍ഡുകളും അറിയാന്‍ കഴിയുന്ന നല്ലൊരു ടീമുമായി സംവദിക്കുന്നതെന്ന തിരിച്ചറിവ്. ഇത്തരം പുതിയ അറിവുകള്‍ ലഭിക്കാത്ത കൂട്ടായ്മകളില്‍ നിന്നും നെഗറ്റീവ് ആശയങ്ങളും ചിന്തകളും മനസില്‍ വിതയ്ക്കുന്ന കാര്യങ്ങളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കുന്നു. യുവാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനും മാധവന് ഒരു യുവക്കൂട്ടം തന്നെ കൂട്ടുകാരായുണ്ട്. 

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുകയെന്നതാണ് ഇദ്ദേഹത്തിന്റെ ഇഷ്ട രീതി. ജനങ്ങളെ ബോറടിപ്പിക്കും മുമ്പ് ഏത് ജനപ്രിയ പരിപാടിയും അവസാനിപ്പിച്ച് പുതിയതൊന്ന് അവതരിപ്പിക്കും. 

ടെക്നോളജി അനുനിമിഷം മാറുന്ന ഈ ലോകത്ത് നിരന്തര നവീകരണമാണ് മാധവന്റെ രീതി. ബിസിനസ് സംരംഭങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അപ്ഗ്രഡേഷന്‍ അനിവാര്യമെന്ന് പറയും ഇദ്ദേഹം. 

പൊതുവേ രാവിലെ ആറിന് തുടങ്ങും മാധവന്റെ ദിവസം. എട്ടുമണി വരെ യോഗ, മെഡിറ്റേഷന്‍ തുടങ്ങിവയ്ക്കായി മാത്രം സമയം. പിന്നീട് വെളുപ്പിന് ഒരു മണി വരെ ജോലിയില്‍. ഒരു ദിവസം ശരാശരി ഉറങ്ങുന്നത് നാലര-അഞ്ചു മണിക്കൂര്‍ മാത്രം. സ്‌കൂള്‍ വിദ്യാര്‍ത്ഥി കൃത്യമായി ഹോം വര്‍ക്ക് ചെയ്യുന്നതുപോലെ എല്ലാ ദിവസവും രാത്രി മെയ്ലുകള്‍ പരിശോധിച്ച് മറുപടി നല്‍കിയിരിക്കും.   വര്‍ഷത്തില്‍ രണ്ടാഴ്ച ഏറ്റവും അടുത്ത സുഹൃത് വൃന്ദവുമൊത്ത് ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക് തിരക്കുകള്‍ക്ക് വിടപറഞ്ഞൊരു യാത്ര മുടങ്ങാതെ നടത്തിയിരിക്കും. പക്ഷേ ഈ യാത്രയ്ക്കിടയിലും എല്ലാവരും ഉറങ്ങുമ്പോള്‍ ഉറങ്ങാതിരുന്ന് മെയ്ലുകള്‍ പരിശോധിച്ച് മറുകുറിപ്പ് എഴുതും. 
 
Light and simple. ഇതാണ് മാധവന്റെ നയം. മനസും ശരീരവും എപ്പോഴും ലാഘവത്തോടെ ലാളിത്യത്തോടെ നിലനിര്‍ത്തുക. വിവാഹമോതിരം പോലും കൈവിരലില്‍ അണിയാത്ത മാധവന് വസ്ത്രത്തിന്റെയോ മറ്റ് പേഴ്സണല്‍ ഗാഡ്ജറ്റുകളുടെയോ കാര്യത്തില്‍ ബ്രാന്‍ഡ് ആഭിമുഖ്യമില്ല. പക്ഷേ സ്വയം കെട്ടിപ്പടുത്ത ബ്രാന്‍ഡിനെ അങ്ങേയറ്റം സ്നേഹത്തോടെ, ശ്രദ്ധയോടെ പാഷനോടെയാണ് വളര്‍ത്തുന്നത്.

കടപ്പാട് : ധനം ഇ-മാഗസിന്‍

കെ. മാധവന്‍: ജനപ്രിയതയുടെ താരം
Join WhatsApp News
Krishna Kishore 2016-07-20 12:16:40
Very nice article. Based on my experience of working closely with him all these years and knowing him well, I can say that Mr. Madhavan is one of the sharpest business minds I have met and he is instrumental in the tremendous success of the Asianet brand. His humility, simplicity, and passion for excellence is to be admired by all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക