Image

തുമ്പിക്കൈയ്യില്‍ സൂചി കുത്തിയ പോലെയാകരുത് ഫൊക്കാനാ തിരഞ്ഞെടുപ്പു് (പി ഡി ജോര്‍ജ് നടവയല്‍)

Published on 18 July, 2016
തുമ്പിക്കൈയ്യില്‍ സൂചി കുത്തിയ പോലെയാകരുത് ഫൊക്കാനാ തിരഞ്ഞെടുപ്പു് (പി ഡി ജോര്‍ജ് നടവയല്‍)
‘ഫൊക്കാനാ’ എന്ന പദം അമേരിക്കന്‍ മലയാളികള്‍ക്ക് ‘നെല്ലരിച്ചോറു’ പോലെ പരിചിതമാണ്. കേരളത്തിലെ സെലബ്രിറ്റികള്‍ക്കും അധികാര രാഷ്ട്രീയക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അമേരിക്കയുമായി ബന്ധപ്പെടുത്തി ഇഷ്ടപ്പെട്ട നാമമാണ് ഫൊക്കാന. കേരളാ സ്‌കൂള്‍ പരീക്ഷകളിലും കേരളാ പബ്ലിക് സര്‍വീസ ് കമ്മീഷന്റെ ചോദ്യക്കടലാസ്സുകളിലും പൊതു വിജ്ഞാന ചോദ്യമായി ‘ഫൊക്കാന’ അവതരിക്കാറുണ്ട.  അമേരിയ്ക്കയിലേയ്ക്ക് വിസിറ്റിങ്ങ് വിസ കിട്ടി ക്ഷണക്കത്തിന് അവസരം പാര്‍ത്തിരിക്കുന്ന കേരള സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും ബാങ്കു മേലാളന്മാര്‍ക്കും അമേരിക്കയില്‍ വന്ന് സ്വീകരണങ്ങളേറ്റു വാങ്ങി പോകാനൊരു മാര്‍ഗമായി ഫൊക്കാനായുടെ അംശങ്ങല്‍ പരിണമിച്ചിരിക്കുന്നൂ. 

ആധുനിക സ്മാര്‍ട്‌ഫോണ്‍ വഴി സാധിക്കുന്ന വിവര വിനിമയ പ്രളയത്തിന്റെ ഇക്കാലഘട്ടത്തില്‍ ഇത്തരം കെട്ടിയെഴുന്നെള്ളിയ്ക്കലുകള്‍ അമേരിക്കന്‍ മലയാളിക്ക് പ്രയോജനരഹിതമായ
ധൂര്‍ത്താണ്. 'എല്ലാ അര്‍ത്ഥത്തിലും അടിച്ചു പൊളിച്ചു തകര്‍ത്തു’ നാടിന്റെ വളര്‍ച്ചയ്ക്ക്  ശാസ്ത്രീയമായ  ഒരു സംഭാവനയും നല്‍കാന്‍ മെനക്കെടാതെ കേരളത്തില്‍ വിലസുന്ന ‘മലയാളികളായ നക്ഷത്രജീവിത ശൈലിക്കാരുടെ കളിപ്പാട്ടമായി’ മാറുന്ന ‘തനിയാവര്‍ത്തനപ്പരിപാടികളാല്‍’ ഫൊക്കാന അമേരിക്കന്‍ മലയാളിയോടുള്ള ചുമതലകള്‍ മറന്നു. ഇത്തരത്തില്‍ ഫൊക്കാനാ കാല്‍ച്ചങ്ങല കുരുങ്ങി മുറിവുകളില്‍ ചലമൊലിക്കുന്ന തലയെടുപ്പു നഷ്ടപ്പെട്ട ഒരു ആനയെപ്പോലെയായി. 

എന്നാലും ഫൊക്കാനാ ആരംഭ കാലത്ത് മുദ്രിതമാക്കി വച്ച ഖ്യാതിയും ആ ഖ്യാതിയിലൂടെ കേരളത്തിലെ പ്രമുഖരുമായി സ്ഥാപിക്കാവുന്ന പരിചയ ബന്ധങ്ങളും ‘ഭൈമീകാമുകന്മാരായ’ ഫൊക്കാനാ നേതൃ മത്സരാര്‍ത്ഥികളുടെ ‘കടിപിടി’ വര്‍ദ്ധിപ്പിച്ചു.
അവനവന് പ്രവര്‍ത്തനാവസരമോ പ്രാമുഖ്യമോ കിട്ടാത്ത സകല പ്രസ്ഥാനങ്ങളെയും (മതമായാലും സാമൂഹിക സംഘടനകളായാലും) പുച്ഛത്തോടെ കാണുന്ന ‘നാല്‍ക്കവലച്ചര്‍ച്ചക്കാരായ’ മലയാളിക്ക് ‘ആക്ഷേപക്കൂത്തുകള്‍’ ചമച്ച് രസിക്കാനുള്ള വിഷയം മാത്രമായി ഫൊക്കാന പല അവസരങ്ങളിലും മാറി.
അപ്പോഴും അമേരിക്കന്‍ മലയാള തലമുറകളുടെ പാരമ്പര്യ സത്സംഗത്തിന്റെയും
പുതു തലമുറയ്ക്ക് മാതൃകകാട്ടുന്നതിന്റെയും ഐക്യത്തിന്റെയും ഒത്തു ചേരലിന്റെയും സ്വത്വബോധത്തിന്റെയും ഉത്സവപ്രതീതിയുടെയും തങ്ക നൂലുകള്‍ ചേര്‍ന്ന ഒരു സുന്ദര സ്വപ്നാമാകും ഫൊക്കാന എന്ന പ്രതീക്ഷ ശുഭാപ്തി വിശ്വാസികളില്‍ നിലനിന്നു പോന്നു.

ഇപ്പോള്‍ ഫൊക്കാനയില്‍ സംഭവിച്ചിരിക്കുന്ന ‘ഇലക്ഷന്‍ കൊമ്പു കോര്‍ക്കല്‍ എപ്പിസോഡ ്’ ഫൊക്കാനയെ തകര്‍ക്കാന്‍ വീണ്ടും കാരണമാകരുത് എന്ന അഭ്യര്‍ത്ഥന ഫൊക്കാനാ അഭ്യുദയകാംക്ഷികള്‍ ഫൊക്കാനാ ഭാരവാഹികളുടെ ശ്രദ്ധയ്ക്ക് പിന്നെയും പിന്നെയും വയ്ക്കുകയാണ്.
സ്വാധീനശേഷികൊണ്ടും സമയ വിനിയോഗ സാമര്‍ത്ഥ്യം കൊണ്ടും ഇന്നത്തെ
കാലത്തിന്റെ നല്ലതും മോശമായതുമായ തന്ത്രങ്ങള്‍ അറിഞ്ഞു മുന്നേറുന്നതില്‍ മികവു നേടിയതുകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും തോല്പ്പിക്കാനാവാത്തതായ ലീഡര്‍ഷിപ് സാമര്‍ത്ഥ്യങ്ങളില്‍ പയറ്റിത്തെളിഞ്ഞ കേരള നേതാക്കളെപ്പോലെ കഴിഞ്ഞ ഒരു ദശാബ്ദമായി ‘ഫൊക്കാനയിലെ കിങ്‌മേക്കര്‍’ സ്ഥാനത്ത് നില ഉറപ്പിച്ചിരിക്കുന്ന പ്രഗത്ഭനും സൗമ്യനുമായ പോള്‍ കറുകപ്പിള്ളിയുടെ ശ്രദ്ധയിലേക്ക് ഈ എഴുത്ത്
ചെല്ലണം. 

പലകാരണങ്ങളാല്‍ ഫൊക്കാനയുടെ വിവിധ സമയങ്ങളിലെ പ്രസിഡന്റുമാരായ് പണവും അദ്ധ്വാനവും ചിന്തകളും ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും സമൂഹ നന്മയ്ക്കും വേണ്ടി കുറഞ്ഞും ഏറിയും ചിലവഴിച്ച മുന്‍ പ്രസിഡന്റുമാരായ ഡോ. എം. അനിരുദ്ധന്‍ (സ്ഥാപക നേതാവ്), രാജന്‍ എം മാരേട്ട്, തോമസ് കീഴൂര്‍, പാര്‍ത്ഥസാരഥി പിള്ള, തോമസ ് കെ. കെ. തോമസ്, മന്മഥന്‍ നായര്‍, ജെ മാത്യൂസ്, കളത്തില്‍ പാപ്പച്ചന്‍, ജോര്‍ജ് കോശി, ജോര്‍ജ് കോരത്, പോള്‍ കറുകപ്പള്ളില്‍, ജി കെ പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി ജോണ്‍ എന്നിവരില്‍ ഇപ്പോഴും ഫൊക്കാനയില്‍ തുടരുന്നവരായ മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയിലേക്കും ഈ എഴുത്ത് ചെല്ലണം.
മേല്‍ പരാമര്‍ശിതരായ മലയാളാഭിമാനികള്‍ അകക്കണ്ണും പുറം കണ്ണും തുറന്ന്
അവസ്ഥകള്‍ നീതിപൂര്‍വം വിലയിരുത്തി അവരുടെ മനോവികാസത്തിന്റെ ഔന്നത്യം ചെലുത്തിയാല്‍ അമേരിക്കന്‍ മലയാളിക്ക് അഭിമാനമായി ഫൊക്കാനാ തുടരും; അതല്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയില്‍ ശിഥിലമാക്കിയിട്ട ശില്പത്തകര്‍ച്ചപോലെ ദുരവസ്ഥ പേറുന്ന ഒരു ദു:ഖ കഥാ ഗ്രന്ഥമായി ഫൊക്കാനാ കുത്തഴിയും.

ഫൊക്കാനയിലെ മുന്‍ പ്രസിഡന്റുമാരില്‍ ചിലര്‍ ഒന്നിലധികം തവണ ഫൊക്കാനാ പ്രസിഡന്റു പദവി വഹിച്ചവരാണ്. ഫൊക്കാനയിലെ മുന്‍  പ്രസിഡന്റുമാരെല്ലാം അമേരിക്കയിലെ ഫിലഡല്‍ഫിയ ഒഴികെയുള്ള വിവിധ
സ്ഥലങ്ങലില്‍ നിന്നുള്ളവരാണ്.
ഫൊക്കാനയുടെ അസ്തിത്വത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പരീക്ഷണ ഘട്ടങ്ങളിലും ചുമതലാ പൂര്‍വം തകര്‍ച്ചയെ അതിജീവിക്കാന്‍ സമര്‍പ്പണം നിര്‍വഹിച്ച സാഹോദര്യ നഗരത്തിലെ - ഫിലഡല്‍ഫിയയിലെ- മലയാളികളുടെ സീനിയര്‍ പ്രതിനിധിയായ തമ്പി ചാക്കോയ്ക്ക് ഇത്തവണ 2016- 2018ലെ ഫൊക്കാനാ പ്രസിഡന്റ് പദം നല്‍കേണ്ടത് സമനീതിയുടെ കാര്യമാണ് എന്നു കരുതുന്നവരാണ് അദ്ദേഹം
പ്രതിനിധാനം ചെയ്യുന്ന പമ്പ എന്ന അംഗ സംഘടന. പമ്പയായിരുന്നു ഫോമാ രൂപീകരണത്തിനു തൊട്ടുള്ള പ്രതിസന്ധിഘട്ടത്തില്‍ നീതിബോധത്തിന്റെ പക്ഷത്ത് ധീര നേതൃത്വം നല്കി ഫൊക്കാനയെ ഉറപ്പിച്ചു നിര്‍ത്തിയത്.

ഫോമാ രൂപീകരണഘട്ടാനന്തര ഫൊക്കാനയിലെ ആദ്യ പ്രസിഡന്റ് തമ്പി ചാക്കോ ആകേണ്ടതായിരുന്നു. ആ പദവി പോള്‍ കറുകപ്പിള്ളി വഹിക്കേണ്ടി വന്നു.
തുടര്‍ന്നും പോള്‍ കറുകപ്പിള്ളി ഫൊക്കാനാ പ്രസിഡന്റായി. ഫൊക്കാനയുടെ എല്ലാ സ്‌കോപ്പുകളും അങ്ങനെ അരച്ചു കലക്കി പഠിക്കുവാന്‍ പോള്‍ കറുകപ്പള്ളിയുടെ പ്രായോഗിക ബുദ്ധിക്ക് കഴിഞ്ഞു. അത് ഫൊക്കാനയ്ക്ക് ഏറ്റവും നല്ല കരുത്തിനു ഉതകേണ്ടതാണ്. പക്ഷേ സമനീതി എന്ന തത്വം പാലിക്കാന്‍ ആ ബുദ്ധി വൈഭവം തടസ്സമായിക്കൂടാ. ഫിലഡല്‍ഫിയയ്ക്ക് (തമ്പി ചാക്കോയ്ക്ക്) ഫൊക്കാനാ പ്രസിഡന്റാകാനുള്ള വഴി തുറന്നുകൊടുക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം മറ്റാരേക്കാളും പോള്‍ കറുകപ്പള്ളിയ്ക്കുണ്ട ്; അദ്ദേഹം ധര്‍മ്മ നിഷ്ഠ കൈവെടിയാത്ത ഫൊക്കാനാ പ്രവര്‍ത്തകനും നേതാവുമാണ് എന്ന് കാലത്തിന്റെ കല്‍ഭിത്തികളില്‍ എഴുതി വയ്ക്കപ്പെടേണ്ടതുണ്ട് എന്നതിനാല്‍. 
തുമ്പിക്കൈയ്യില്‍ സൂചി കുത്തിയ പോലെയാകരുത് ഫൊക്കാനാ തിരഞ്ഞെടുപ്പു് (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
CHUNKATHIL M VARGHESE 2016-07-19 19:42:32
അംഗസംഘടനകളുടെ അഫിപ്രായം മാനിക്കാത്ത നേതൃത്വത്തെ ജനങ്ങൾ അവസാനം കൈയൊഴിയും.ഗുണ്ടായിസം സമൂഹത്തിൽ നടത്തരുത്.ചൂഷണവും,ക്രമക്കേടുകളും ബന്ധപ്പെട്ട അധികാരികളുടെ സ്രെദ്ധയിൽ പെടുത്തി ഇത്തരക്കാരെ നിലക്കുനിർത്തണ്ട സമയം അതിക്രെമിച്ചു.
Jack Daniel 2016-07-20 07:43:00
വെള്ളം അടിച്ചിട്ട് 'അഫിപ്രായം' എഴുതരുത് . വെള്ളം അടിക്കാതെ 'അഭിപ്രായം' എന്നെഴുതണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക