Image

മനസില്‍ പ്രണയം വിതറാന്‍ ഈ 'അനുരാഗ കരിക്കിന്‍ വെള്ളം' (സിനിമാ നിരൂപണം: മുബ് നാസ് കൊടുവള്ളി)

Published on 18 July, 2016
മനസില്‍ പ്രണയം വിതറാന്‍ ഈ 'അനുരാഗ കരിക്കിന്‍ വെള്ളം' (സിനിമാ നിരൂപണം: മുബ് നാസ് കൊടുവള്ളി)
എന്റെ സിനിമാ നിരൂപണം എന്ന് പറഞ്ഞാല്‍ എന്റെ വീക്ഷണമാണ്. ആ സിനിമയെ ഞാന്‍ എങ്ങനെ കാണുന്നു അല്ലെങ്കില്‍ ആ സിനിമ എനിക്ക് എന്താണ് തന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ എഴുതുന്നത്. കരിക്കിന്‍ വെള്ളത്തിന് മധുരമുണ്ടെങ്കിലും ആ കരിക്ക് കേരളത്തിലെ തെങ്ങില്‍ നിന്നുള്ള കരിക്ക് തന്നെയാണോ എന്നൊരു സന്ദേഹം എനിക്കുണ്ട്.  കാരണം, മധുരമുണ്ടെങ്കിലും അത്ര തന്നെ രുചിയായി എനിക്ക് തോന്നിയില്ല. (ചില അന്യ സംസ്ഥാന കരിക്ക് പോലെ ). രുചി തീരെ ഇല്ലെന്നല്ല പറഞ്ഞത്. പ്രേമിക്കുന്നവര്‍ക്കും പ്രേമം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും
പ്രേമിക്കാനാഗ്രഹിക്കുന്നവര്‍ക്കും നിസ്സാര കാരണം കൊണ്ട് പ്രണയം നഷ്ടപ്പെടുത്തുന്നവര്‍ക്കും എല്ലാം  ഒരു സന്ദേശമാണ് ഈ ചിത്രം. ഏത് സിനിമക്കും ഉണ്ടാകും ഒരു പോസിറ്റീവും  നെഗറ്റീവും. അതാണല്ലോ നിരൂപണം...!

ആദ്യം സിനിമയിലെ നല്ല വശങ്ങളെ കുറിച്ചു പറയാം: .
വമ്പന്‍ അഭിനേതാക്കളോ സാങ്കേതിക പ്രവര്‍ത്തകരോ അപ്രതീക്ഷിത ട്വിസ്റ്റുകളോ വിദേശ ഷൂട്ടിങ് സെറ്റുകളോ ഒന്നുമില്ലാതെ വളരെ റിയലിസ്റ്റിക്കായി തന്മയത്തത്തോടെ അനാവശ്യ ചേരുവകളോ അശ്ലീലമോ ക്‌ളീഷേ രംഗങ്ങളോ ഒന്നുമില്ലാതെ  മോശമല്ലാത്ത ഹാസ്യവും ചുറ്റുവട്ട വീക്ഷണങ്ങളും  മാത്രം മുന്‍ നിര്‍ത്തി ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ ഖാലിദ് റഹ്മാനും  എഴുത്തുകാരന്‍ നവീന്‍ ഭാസ്‌ക്കറും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. വളരെ ലാളിത്യമുള്ള ഒരു വിഷയം. ഒരു വീടും ഒരു മെക്കാനിക്ക്  കടയും പിന്നെ രണ്ട് മൂന്ന് പുറത്തെ ലൊക്കേഷനും. പറയാന്‍ അത്രയേ ഉള്ളൂ . അത്ര കണ്ട് ലളിതമാണ്  ഈ ചിത്രം. കൂടാതെ സ്‌നേഹത്തെ കുറിച്ചും പ്രേമത്തെ കുറിച്ചും പ്രണയ സാക്ഷാത്കാരത്തെകുറിച്ചും വളരെ പോസിറ്റീവായ സമീപനമാണ്  എഴുത്തുകാരന്‍ കൈകൊണ്ടത്.  നായകനും (ആസിഫ് അലി) നായികയും (രജീഷ) ഫഌഷ് ബാക്കില്‍ പ്രണയബദ്ധരായിരുന്നു. എന്നാല്‍ പിന്നീട് നായകന് നായികയോട് താല്‍പര്യമില്ലാതാകുന്നു (ഇതിനെ മടുപ്പ് എന്നോ ബോറടി എന്നോ ഒക്കെ പറയാം). നായികയുടെ വിളിയോ മെസ്സേജോ കാണുന്നതേ നായകന് കലിയാണ്, ശല്യമാണ്, ദേഷ്യമാണ്, അസ്വസ്ഥതയാണ്. 

പക്ഷെ തന്റെ പൂര്‍വ കാമുകി മറ്റൊരാളുടേതാകാന്‍ പോകുന്ന നിമിഷം മുതല്‍ നായകന്‍ തളരുകയാണ്, തകരുകയാണ്. പണ്ടാരോ പറഞ്ഞത് പോലെ തനിക്കൊപ്പമുള്ളവരേയും തന്റെ കൂടെയുള്ളവരേയും കാണാനുള്ള കണ്ണോ കാഴ്ചയോ ദൈവം നമുക്ക് തന്നിട്ടില്ല,  അവരെപ്പോഴും  കൂടെ തന്നെയുണ്ടാകുമെന്നുള്ള നമ്മളുടെ  അടിയുറച്ച വിശ്വാസം കാരണം പലപ്പോഴും അവരെ നമ്മള്‍ ശ്രദ്ധിക്കാറോ പരിഗണിക്കാറോ ഇല്ല. അത്‌കൊണ്ട് തന്നെ അവര്‍ വിദൂരയിലേക്ക്  അല്ലെങ്കില്‍ അകലങ്ങളിലേക്ക് പോയി മറയുമ്പോഴാണ് അവരുടെ വില നമ്മള്‍ അറിയുന്നത്. അവര്‍ നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്നറിയുന്നത്. ഇവിടെ നായിക പോകാന്‍ തുടങ്ങുമ്പോഴേക്കും നായകനില്‍ ചില മാറ്റങ്ങള്‍ കണ്ട് തുടങ്ങുന്നു. നായികയില്ലാതെ താന്‍ അപൂര്‍ണനാണ് എന്ന് നായകന്‍ തിരിച്ചറിയുന്നു. പ്രണയത്തെ തമാശയായി മാത്രം  കാണുന്ന ഇന്നത്തെ പല വികൃതി തലമുറക്കും ഒരു പാഠം തന്നെയാണ് ഈ സിനിമ. ദാമ്പത്യ ദൃഢതയെ കുറിച്ചും അതിലുണ്ടാകേണ്ട ചേരുവകളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ട്. വളരെ കര്‍ക്കശക്കാരനും കോപിയുമായ രഘു (ബിജു മേനോന്‍) തന്റെ ഭാര്യയോട് (ആശാ ശരത്) തുടക്കത്തില്‍ മിണ്ടുന്നു പോലുമില്ല. 

എന്നാല്‍ പിന്നീടെപ്പോഴോ തന്റെ പൂര്‍വ കാമുകിയുടെ ഉപദേശപ്രകാരം രഘു തന്റെ ഭാര്യയോട് കാണിക്കുന്ന സ്‌നേഹം കാണുമ്പോള്‍ മനസ്സ് വല്ലാതെ കുളിര്‌കൊണ്ട് പോകുന്നു. ശരിക്കും കോരിത്തരിച്ചുപോകുന്നു. രഘു പാട്ട് പാടുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍.  'അല്ലിയാമ്പല്‍...' എന്ന പാട്ട് രഘു പാടുമ്പോള്‍ തിയേറ്റര്‍ മൊത്തം ചിരിയായിരുന്നു. വളരെ മോശമായിട്ടാണ് രഘു പാടിയത്. എന്നാല്‍ തന്റെ പ്രാണനായ ഭര്‍ത്താവിന്റെ പാട്ട് തെല്ലും മടുപ്പില്ലാതെ കേട്ട ഭാര്യ  അതിനെ ഉപമിച്ചത് യേശുദാസ് പാടിയത് പോലെയുണ്ടെന്നാണ്. അവിടെ ഭാര്യക്ക്  ചിരി വന്നില്ല. അത് തന്നെയാണ് വേണ്ടത്. തന്റെ കഴിവുകളേയല്ല മറിച്ചു കുറവുകളേയാണ് ഒരു ഭാര്യയോ അല്ലെങ്കില്‍ ഭര്‍ത്താവോ സ്‌നേഹിക്കേണ്ടതും അംഗീകരിക്കേണ്ടതും. തന്റെ ഭര്‍ത്താവ് അവര്‍ക്ക്  ഒരേ സമയം യേശുദാസും മമ്മൂട്ടിയും ഒക്കെ ആകണം. തിരിച്ചും ഭാര്യയെ തന്റെ സ്വപ്ന നായികയുടെ പ്രതിബിംബമായി കാണാന്‍ ഭര്‍ത്താവിനും കഴിയണം. എങ്കില്‍ ദാമ്പത്യം നൂറു ശതമാനം വിജയിച്ചു. വളരെ നല്ല രീതിയില്‍ തന്നെ ഈ ആശയം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സാമാന്യം നല്ല തിരക്കഥ, മനോഹരമായ  സംവിധാനം. നല്ല പാട്ടുകള്‍. പശ്ചാത്തല സംഗീതം പലപ്പോഴും കഥയുടെ കൂടെ സഞ്ചരിച്ചു. എഡിറ്റിങ് മികവും എടുത്തു പറയണം. ക്യാമറാമാന്‍ തന്റെ റോള്‍ ഭംഗിയാക്കി. വളരെ മികച്ച ഫ്രയിമുകളൊന്നും ഇല്ലായിരുന്നെങ്കിലും ഉള്ളത് വൃത്തിയാക്കി. കോസ്ട്യൂമും നന്നായിരുന്നു. (പ്രത്യേകിച്ച്  ആസിഫ് അലിയുടെ ടീഷര്‍ട്ടുകള്‍ കഥാപാത്രത്തിന് യോജിച്ചതായി തോന്നി).

ഇനി സിനിമയുടെ നെഗറ്റീവുകളെക്കുറിച്ച്...
ആളുകള്‍ക്ക് സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും കുറച്ചു പേര്‍ ഒത്ത്കൂട്ടുമ്പോഴും എന്തെങ്കിലും ഫങ്ക്ഷന്‍ നടത്തുമ്പോഴും കൂട്ടിന് മദ്യം നിര്‍ബന്ധമാണ് എന്ന മുടന്തന്‍ വൃത്തികെട്ട സിദ്ധാന്തം ഏത് മണ്കൂസനാണ് ആദ്യമായി മലയാളികള്‍ക്ക് പരിചയപ്പെടുത്തടിയത് എന്നെനിക്കറിയില്ല. അത്  ആര് തന്നെയായാലും ആ എമ്പോക്കിയെ ഞാന്‍ ശപിക്കുന്നു. ചിത്രത്തിലുടനീളം ആവശ്യത്തിനും അനാവശയത്തിനും മദ്യം കഴിക്കുന്ന നായകനെയും കൂട്ടുകാരെയും നായകന്റെ അച്ഛനെയും എഴുത്തുകാരനും സംവിധായകനും നിരന്തരം കാണിക്കുന്നുണ്ട്. മദ്യം  വീടിന് ആപത്ത്, നാടിന് ആപത്ത്, രാജ്യത്തിന്  ആപത്ത്, എന്ന് നാഴികക്ക് നാല്‍പത്  വട്ടം ഗീര്‍വാണം മുഴക്കുകയും അതിന് വേണ്ടി പോരടിക്കുകയും ചെയ്യുന്ന നമ്മുടെ പൊതുസമൂഹത്തിന്റെ സ്വപ്നങ്ങങ്ങളേയും പ്രതീക്ഷകളേയും തല്ലിയുടച്ച സമീപനമായിപ്പോയി സംവിധായകന്‍ കൈകൊണ്ടത്. ഒരു സീനില്‍ നായകന്‍ (ആസിഫ് അലി) വെള്ളമടിച്ച്  വീട്ടിലേക്ക്  കയറി ചെല്ലുമ്പോള്‍ അമ്മ മണത്ത്  നോക്കുന്നുണ്ട്, അതും പോരാഞ്ഞ്  വെറും 12 ഓ 13 ഓ  വയസ്സ് മാത്രം പ്രായമുള്ള നായകന്റെ അനിയത്തിയെ കൊണ്ടും അമ്മ മണപ്പിക്കുന്നുണ്ട്. എന്നിട് ആ കൊച്ചു കുട്ടി പറയാണ്: ''ചേട്ടന്‍ മദ്യം കഴിച്ചിട്ടുണ്ടെന്ന്...''  ഇത് കാണുമ്പോള്‍ തിയേറ്ററില്‍ ചിരിക്കുന്ന മുഖത്തേക്കാള്‍ ഏറെ ചിന്തിക്കുന്ന മുഖങ്ങളാണ് ഞാന്‍  കണ്ടത്. നാളെ തങ്ങളുടെ കുടുംബത്തിലേക്ക് കയറിവരുന്ന ഭര്‍ത്താവിനെയും ആണ്‍ മക്കളെയും മണപ്പിച്ച്  നോക്കാതെ അകത്തേക്ക് കടത്തി വിടാന്‍ പറ്റില്ലേ എന്ന ആകുലതകളും വേവലാതികളുമായിരിക്കണം അവരെയൊക്കെ ചിന്തയില്‍ മുഴുകിപ്പിച്ചത്. മദ്യത്തെയും കള്ളുകുടിയേയും സംവിധായാകന്‍ നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്തത്.  

നായികയുടെ അച്ഛന്‍ തന്റെ മകളുമായുള്ള പ്രണയത്തില്‍ നിന്നു നായകനെ പിന്തിരിപ്പിക്കാന്‍ വേണ്ടി കൊണ്ട് കൊടുക്കുന്ന ഗിഫ്റ്റും മദ്യമാണ്. (വേറെ ഗിഫ്‌റ് കിട്ടാഞ്ഞിട്ടായിരിക്കും). നായകനും  കൂട്ടുകാരും ഒത്ത്  കൂടുമ്പോഴെല്ലാം മദ്യമാണ്  കഴിക്കുന്നത് (ഒരു സീനില്‍ ചായ കുടിക്കുന്നുണ്ട്). ഇവര്‍ തട്ട്കടയില്‍ പോയി ദോശയും ഓംലെറ്റും കഴിച്ചാലും വീട്ടിലിരുന്ന് ചായയും ബിസ്‌കറ്റും കഴിച്ചാലും ഈ സീനിനോ കഥാ സന്ദര്‍ഭത്തിനോ സിനിമക്കോ ഒരു മാറ്റവുമുണ്ടാകുമായിരുന്നില്ല. എന്നിട്ടും എന്തിന് വേണ്ടിയാണോ ആനാവശ്യമായ മദ്യ സല്‍ക്കാരം പല സീനിലും കുത്തി നിറക്കപ്പെട്ടത് എന്ന് മനസ്സിലാകുന്നില്ല. ഒഴിവാക്കാന്‍ പറ്റുന്നത് ഒഴിവാക്കണമായിരുന്നു, ഒഴിവാക്കാമായിരുന്നു. 

വര്‍ക്ക്  ഷോപ്പിലെ പല രംഗങ്ങളിലേയും സംഭാഷണങ്ങള്‍ അവ്യകതമായി തോന്നി. എന്നിരുന്നാലും സൗബിന്‍ ഷാഹിറിനെ കാണുമ്പോള്‍ തന്നെ ആളുകള്‍ ചിരിക്കുകയാണ് അത്‌കൊണ്ട് തന്നെ ആ തെളിവില്ലായ്മകള്‍  വലിയ രീതിയില്‍ സിനിമക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. ക്‌ളൈമാക്‌സില്‍ ബിജുമേനോന്‍ ആസിഫിനോട് പറയുന്ന ഡയലോഗ്  വേണ്ടായിരുന്നു. 'അവള്‍ പോട്ടെ, അടുത്തവള്‍ വരും എന്ന്'. എന്നിട്ട് അവളെയും തേച്ചിട്ട്  പോകാം, പിന്നെ വേറൊരുത്തി വരും. പ്രണയത്തിന് അത്രയേ ആത്മാര്‍ത്ഥത ഉള്ളൂ? പ്രേമിച്ചവരെ പകരം വെക്കാന്‍ കഴിയുമോ...? ഷര്‍ട്ട് മാറ്റുന്നത് പോലെ കാമുകിയെയും കാമുകനെയും മാറ്റാമെന്നോ മാറ്റണമെന്നോ പ്രത്യക്ഷത്തിലല്ലാതെ പരോക്ഷമായി ഇന്നത്തെ യുവതലമുറയുടെ മനസ്സില്‍ അവര്‍ പോലുമറിയാതെ ആഴത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു തന്ത്രമോ കുതന്ത്രമോ ആയി ഈ സംഭാഷണത്തെ വ്യാഖ്യാനിച്ചത് എന്റെ മാത്രം പോരായ്മയായോ തെറ്റോ ആണോ അതോ സംവിധായകന്റെ തന്നെ  പോരായ്മയും തെറ്റും തന്നെയാണോ എന്ന് അറിയില്ല.

അഭിനേതാക്കളുടെ കാര്യമെടുത്താല്‍ ആരും മോശമാക്കിയില്ല. ബിജു മേനോന്‍ പതിവ് പോലെ ഭംഗിയാക്കി. ആശാ ശരത്തിന്റെ മുഖത്ത് ഒരു നിശബ്ദത തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. കഥാപാത്രമായി സ്വയം മാറിയതോ അതോ പണ്ടത്തെ സീരിയല്‍ എഫക്ട് ആണോ എന്നറിയില്ല. ആസിഫ് അലി ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു. (പ്രത്യേകിച്ച് നായകനും നായികയും പിരിയുന്ന സീനിലെ ഇമോഷണല്‍) നല്ല പക്വതയുള്ള അഭിനയം. പഴയ ഓര്‍ഡിനറി, അപ്പോത്തിക്കരി തുടങ്ങിയ ചിത്രത്തിലെ സാമാന്യം നിലവാരം കുറഞ്ഞ അഭിനയവുമായി തട്ടിച്ച് നോക്കുമ്പോള്‍ പ്രശംസിക്കാതെ വയ്യ. എങ്കിലും ശരീര ഭാഷയിലെ ഒതുക്കമില്ലായ്മയും അനാവശ്യ ചില മാനറിസങ്ങളും കൂടി ശ്രദ്ധിച്ചാല്‍ ആസിഫ് അലിക്ക് തീര്‍ച്ചയായും ഇനിയും നല്ല ഭാവിയുണ്ട്. സൗബിന്‍ തരംഗം കെട്ടടങ്ങിയിട്ടില്ലെന്ന് തിയേറ്റര്‍ ആരവങ്ങളില്‍ നിന്നും വ്യകതമായി. പക്ഷെ സൗബിന്റെ ചില ഇമോഷണല്‍ ഡയലോഗ് (ശരിക്കും ഇമോഷനലാണോ അതോ തമാശയാണോ) തിരിച്ചറിയാന്‍ പ്രേക്ഷകര്‍ വല്ലാതെ കഷ്ടപെടുന്നുണ്ട്. സൗബിന്‍ പതുക്കെ ചുവട് മാറ്റിയില്ലെങ്കില്‍ ടൈപ് കാരക്ടര്‍ ആയിപ്പോകുമോ എന്നൊരു ആശങ്ക എനിക്കുണ്ട്. ശ്രീനാഥും സുധീറും ഇര്‍ഷാദും എല്ലാവരും തങ്ങളുടെ കഥാപാത്രവുമായി നീതിപുലര്‍ത്തി. 

എടുത്ത് പറയേണ്ടത് എലി (രജീഷ) യെയാണ്. വളരെ മനോഹരമായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജിഷക്ക് കഴിഞ്ഞു. കയ്യില്‍ നിന്നും വഴുതി വീഴാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമായിട്ടും അതിനെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ രജിഷ കാണിച്ച മിടുക്കു അനുമോദനീയമാണ്. നായകനുമായുള്ള ബ്രേക്കപ്പിന് ശേഷം  എലി കാണിച്ചു കൂട്ടുന്ന ഇമോഷണല്‍ കോപ്രായങ്ങള്‍ തിയേറ്ററില്‍ ഒന്നാകെ ചിരിയുണര്‍ത്തുന്നുണ്ട്. ഞാന്‍ ഒരു അധ്യാപകനും ഈ ചിത്രം ഒരു ഉത്തര പേപ്പറുമാണെങ്കില്‍ നൂറില്‍ അറുപത്തി രണ്ട് മാര്‍ക് കൊടുക്കും.
(ലേഖകന്‍ 'മിറക്കിള്‍' എന്ന സിനിമയുടെ സഹസംവിധായകനാണ്)

മനസില്‍ പ്രണയം വിതറാന്‍ ഈ 'അനുരാഗ കരിക്കിന്‍ വെള്ളം' (സിനിമാ നിരൂപണം: മുബ് നാസ് കൊടുവള്ളി)
Join WhatsApp News
MOHAN MAVUNKAL 2016-07-18 13:40:21
Amazing writing!!!!!!!!!!!!!Congratulations!!!!!!!!!!!keep it up!!!!!!!!!!
SAINUDEEN 2016-07-21 04:31:33
മദ്യത്തെ മഹത്യ വൽക്കരിക്കുന്നതിനെതിരെയുള്ള താങ്കളുടെ വിമർശനം വളരെ നന്നായിട്ടുണ്ട്....  സിനിമയിലെ മറ്റ് നെഗറ്റീവ് കാരാങ്ങളെയും ഇഴകീറി വിമർശിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ.... 
mubnas 2016-07-21 05:01:57
thnku bro
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക