Image

നവനേതൃത്വത്തില്‍ ഫോമാ ജനകീയ കൂട്ടായ്മയായി മാറണം: തോമസ് റ്റി ഉമ്മന്‍ (എ. എസ് ശ്രീകുമാര്‍)

Published on 15 July, 2016
നവനേതൃത്വത്തില്‍ ഫോമാ ജനകീയ കൂട്ടായ്മയായി മാറണം: തോമസ് റ്റി ഉമ്മന്‍ (എ. എസ് ശ്രീകുമാര്‍)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ദീപശിഖയായ ഫോമാ എന്ന മഹത്തായ പ്രസ്ഥാനം പുതു നേതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ ജനകീയ കൂട്ടായ്മയായി അടിമുടി മാറണമെന്നും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നീങ്ങിയാല്‍ അത്തരത്തിലൊരു സംഘടനയ്ക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാനും മുതിര്‍ന്ന സംഘാടകനുമായ തോമസ് റ്റി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയ പശ്ചാത്തലത്തില്‍ ഇ-മലയാളിയുമായി സംസാരിക്കുകയായിരുന്നു, നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തി സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കിയ തോമസ് റ്റി ഉമ്മന്‍.

ഇന്ന് അമേരിക്കയിലുള്ള സംഘടനാ സംവിധാനങ്ങള്‍ക്കെല്ലാം രൂപംകൊടുത്ത ആദ്യകാല കുടിയേറ്റക്കാര്‍, ഇടക്കാലത്ത് എത്തിയവര്‍, ഇപ്പോള്‍ വളര്‍ന്നുവരുന്ന യുവതലമുറ എന്നിങ്ങനെയുള്ള ഗണത്തില്‍പ്പെട്ട അമേരിക്കന്‍ മലയാളി സമൂഹത്തിന് സമഗ്രമായി ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുക, അവ കാലതാമസമില്ലാതെ കൃത്യമായി നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുകയെന്നത് അടിയന്തരപ്രാധാന്യമുള്ള അജണ്ടയാണെന്ന്, ജനപക്ഷ നിലപാടുകളുടെ ശബ്ദമായി ഫോമാ നാഷണല്‍ കമ്മറ്റിയിലേയ്ക്ക് ജയിച്ചുകയറിയ തോമസ് റ്റി ഉമ്മന്‍ അടിവരയിട്ടു പറയുന്നു. അതുപോലെ തന്നെ ട്രാവല്‍ ഡോക്യുമെന്റിനായി അലയുന്ന പ്രവാസികള്‍ക്ക് ഈ സംഘടന സഹായഹസ്തം നീട്ടണം. ഫോമയെന്ന് പറയുന്നത് മലയാളികളുടെ സംഘടനയാണെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരുടെയും പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കാന്‍ ശക്തമായ നേതൃത്വം ഉണ്ടാവേണ്ടിയിരിക്കുന്നു. ഇപ്പോഴത്തേത് ദുര്‍ബലമായ നേതൃത്വമാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്-തോമസ് റ്റി ഉമ്മന്‍ തുടരുന്നു.

പക്ഷേ, രണ്ടുവര്‍ഷത്തിനപ്പുറത്തുള്ള കാഴ്ചപ്പാടോടെ വേണം ഇനി ഫോമാ പ്രവര്‍ത്തിക്കാന്‍. ഇപ്പോഴത്തെ നിലയില്‍ രണ്ടുവര്‍ഷത്തേക്ക് പുതിയ ഭാരവാഹികള്‍ ഉണ്ടാവുന്നു. ആ ഭരണ കാലാവധി കഴിയുമ്പോള്‍ അവരുടെ കാഴ്ചപ്പാടുകള്‍ അവസാനിച്ചിട്ട്  പുതിയ ചിന്തകളുമായി മറ്റൊരു ടീം വരുന്നു. തന്‍മൂലം പദ്ധതി നടത്തിപ്പുകള്‍ക്ക് തുടര്‍ച്ച കിട്ടുന്നില്ല. ഈ രീതിക്ക് ചെറിയ തോതിലെങ്കിലും മാറ്റമുണ്ടായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടണം. വളര്‍ന്നു വരുന്ന തലമുറയെ മാതൃരാജ്യത്തോടും ആദ്യകാല തലമുറയോടും സജീവമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുവാനും നവചിന്ത ഉണ്ടാവണം. മാതൃഭാഷയും സംസ്‌കാരവുമായിട്ടുള്ള അടുപ്പം ഇന്ന് കുറഞ്ഞുവരികയാണ്. മൂല്യങ്ങള്‍ക്ക് ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള ഇച്ഛാശക്തി കാട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാമുദായിക സംഘടനകള്‍ ശക്തമായി വളരുകയാണ്. അതേ സമയം സെക്യുലറായിട്ടുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് അത്തരത്തിലുള്ള വളര്‍ച്ച ലഭിക്കുന്നില്ല. ഇതേക്കുറിച്ചും കാര്യമായ വിചിന്തനം ആവശ്യമാണിപ്പോഴെന്ന് തോമസ് ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രവാസികള്‍ക്ക് ഒട്ടേറെ നീറുന്ന പ്രശ്‌നങ്ങള്‍ ഉണ്ട്. അതിന് മാര്‍ഗനിര്‍ദേശം കൊടുക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം. നിര്‍ഭാഗ്യവശാല്‍ അതൊന്നും ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് അനുഭവ പാഠം. ഈ രീതിയിലുള്ള കാഴ്ചപ്പാടുമായി അടുത്ത രണ്ടു വര്‍ഷം, പ്രവര്‍ത്തിക്കണമെന്നാണ് ജനകീയാഭിലാഷം. അതിനെക്കാള്‍ മികച്ച രീതിയില്‍ ഭാവികാല പ്രവര്‍ത്തനങ്ങള്‍ക്ക് വളമിടുകയും വേണമെന്ന് തോമസ് ടി ഉമ്മന്‍ തന്റെ സുദീര്‍ഘമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ നിര്‍ദേശിക്കുന്നു.   അമേരിക്കയിലെ പി.സി ജോര്‍ജെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂടും അമേരിക്കയിലെ ഉമ്മന്‍ചാണ്ടിയെന്ന് മാധ്യമ പ്രവര്‍ത്തകരും വിശേഷിപ്പിച്ച തോമസ് ടി ഉമ്മന്റെ മനസ്സില്‍ ഒരുപാട് ഡ്രീം പ്രോജക്ടുകള്‍ ഉണ്ട്. അവ ഒരിക്കല്‍ കൂടി അമേരിക്കന്‍ മലയാളികള്‍ക്കായി പങ്കുവയ്ക്കാം. 

*ആദ്യകാല പ്രവാസികള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങളാണ് ഒന്ന്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തി ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച അന്നത്തെ യുവജനങ്ങളില്‍ പലരും ഇന്ന് നിരാലംബരാണ്. പ്രായാധിക്യത്താലും രോഗത്താലുമൊക്കെ അവശതയനുഭവിക്കുന്ന നമ്മുടെ പൂര്‍വകാല കുടിയേറ്റക്കാരെ കരുതാനുള്ള സംവിധാനമില്ല. അതിനെപ്പറ്റി ചിന്തിക്കാന്‍ പോലും സംഘടകള്‍ തയ്യാറാവുന്നില്ല. മക്കളാരും അടുത്തില്ലാതെ കടുത്ത ഏകാന്തതയനുഭവിക്കുന്ന മുതിര്‍ന്നവരെ വേണ്ട വിധത്തില്‍ കരുതുന്ന ഒരു സംവിധാനം വേണമെന്ന് ഈ പ്രസ്ഥാനങ്ങളൊക്കെ തുടങ്ങിവച്ചവരുടെ പേരിലെങ്കിലും പറയാന്‍ സാധിക്കണം. ഇപ്പോ ഫാദേഴ്‌സ് ഡേയും മദേഴ്‌സ് ഡേയുമൊക്കെ ആഘോഷത്തിന്റെ പേരില്‍ കൊണ്ടാടുമ്പോള്‍ മാത്രമേ പലരും അതെക്കുറിച്ച് ചിന്തിക്കൂ. ഈ ദയനീയ സ്ഥിതി പാടേ മാറ്റി പ്രായമായവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്.

*പ്രവാസികളുടെ നാട്ടിലെ വസ്തുവകകള്‍ക്ക് സംരക്ഷണം നല്‍കുക. ഇതിനായി ഫോമായില്‍ പ്രവാസി പ്രൊട്ടക്ഷന്‍ കമ്മിറ്റി ഉണ്ട്. അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്വസ്വലമായി കൊണ്ടുപോകാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് അടിയന്തിര തീരുമാനമെടുപ്പിക്കാനും സാധിക്കണം. *പുതുതലമുറയ്ക്ക് ജന്മനാടും മാതൃഭാഷയുമായുള്ള ബന്ധം ആവും വിധം ശക്തിപ്പെടുത്തണം. *എച്ച് വണ്‍ പോലുള്ള ജോബ് വിസയില്‍ പുതുതായി അമേരിക്കയിലെത്തുന്ന ചെറുപ്പക്കാര്‍ക്ക് ഇവിടുത്തെ നിയമങ്ങള്‍ അറിയില്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുന്നു. പണ്ട് പ്രശ്‌നമില്ലായിരുനനു. അന്ന് മാതാപിതാക്കളോടൊത്താണ് മക്കള്‍ എത്തിയിരുന്നത്. ഇന്ന് മാതാപിതാക്കളില്ലാതെയാണ് ചെറുപ്പക്കാര്‍ വരുന്നത്. അതിനാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശം അവര്‍ക്ക് ലഭിക്കുന്നില്ല. ഇത്തരക്കാരെ ബോധവത്ക്കരിക്കുകയെന്നതും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. *സംഘടനയില്‍ യുവജനങ്ങളുടെ പ്രാതിനിധ്യത്തോടൊപ്പം അനുഭവസമ്പന്നരായ മുതിര്‍ന്നവരുടെ സാന്നിദ്ധ്യമുറപ്പുവരുത്തണം. അവര്‍ക്കേ യുവജന പ്രാതിനിധ്യമുള്ള ഒരു ടീമിനെ, വേണ്ട ഉപദേശ നിര്‍ദേശങ്ങശ് നല്‍കി വിജയത്തിലേയ്ക്ക് നയിക്കാനാവൂ.

“ഒരു പ്രസ്ഥാനത്തിന്റെ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആയി സ്ഥാനമേറ്റ് പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ ആ നിയോഗത്തിന്് ചില ലിമിറ്റേഷന്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. പ്രസിഡന്റായി ഇരുന്നു കഴിഞ്ഞാല്‍ ആരെയും പിണക്കാതെ പറയുകയും പ്രവര്‍ത്തിക്കുകയും വേണം. കാരണം എന്റെ ഒരു തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടണം. അപ്പോള്‍ ഞാന്‍ വളരെ ഡിപ്ലോമാറ്റിക്കായേ സംസാരിക്കൂ. അതേ സമയം ഒരു കമ്മിറ്റി മെമ്പറാവുമ്പോള്‍ വിമര്‍ശനാത്മകമായി സംസാരിക്കാനും അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുമുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്...” മല്‍സരത്തിനിറങ്ങുംമുമ്പ് തോമസ് റ്റി ഉമ്മന്‍ പറഞ്ഞതിങ്ങനെ.

അതെ, നവപദ്ധതികള്‍ യഥോചിതം അവതരിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കാന്‍ തോമസ് റ്റി ഉമ്മന്റെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്കുള്ള ഈ അര്‍ഹിച്ച വിജയം ഏറെ ഗുണം ചെയ്യുമെന്നുറപ്പ്. തോമസ് റ്റി ഉമ്മന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും സംഘാടക ശേഷിയും സാമൂഹഹിക ബോധവും പആതിബദ്ധതയും ഫോമയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു. തിരുവല്ല, കവിയൂര്‍ സ്വദേശിനിയായ സാറാമ്മയെന്ന ലിസിയാണ് ഭാര്യ. സ്പീച്ച് പതോളജിസ്റ്റും അധ്യാപികയുമായ ലീനയാണ് മകള്‍. മിലിറ്ററി സര്‍വീസില്‍ നിന്നും വിരമിച്ച് ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന ജസ്റ്റിന്‍ മകനാണ്. ഫ്‌ളോറിഡയിലെ പേരെടുത്ത അറ്റോര്‍ണി സഞ്ജയ്, റ്റാമി എന്നിവര്‍ മരുക്കള്‍.

നവനേതൃത്വത്തില്‍ ഫോമാ ജനകീയ കൂട്ടായ്മയായി മാറണം: തോമസ് റ്റി ഉമ്മന്‍ (എ. എസ് ശ്രീകുമാര്‍)
Join WhatsApp News
MOHAN MAVUNKAL 2016-07-15 16:36:33
EXCELLENT VISION,   THANK YOU SO MUCH!!!!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക