Image

രേഖാ ഫിലിപ്പ്: ഫോമയില്‍ പുത്തന്‍ ചിന്താഗതികളുടെ ഉജ്വല ശബ്ദം

Published on 14 July, 2016
രേഖാ ഫിലിപ്പ്: ഫോമയില്‍ പുത്തന്‍ ചിന്താഗതികളുടെ ഉജ്വല ശബ്ദം
ഫോമാ ഇലക്ഷനില്‍ ജയിച്ചവരും തോറ്റവരും പ്രഗത്ഭരാണെങ്കിലും അവരില്‍ ശ്രദ്ധേയര്‍ മൂന്നു വനിതാ പ്രതിനിധികളാണ്. ഇതാദ്യമായാണ് വനിതാ പ്രതിനിധികളെ കണ്ടെത്താന്‍ ഇലക്ഷന്‍ വേണ്ടി വരുന്നതും. (യുവജന പ്രതിനിധികള്‍ക്ക് മത്സരമൊന്നും ഇല്ലായിരുന്നു എന്നതും മറ്റൊരു സംഭവം. ആരും പത്രിക കൊടുത്തിരുന്നില്ല എന്നതു തന്നെ കാരണം)

വനിതാ പ്രതിനിധികളില്‍ രേഖാ നായര്‍ ഇവിടെ ജനിച്ചു വളര്‍ന്നതാണ്. പക്ഷെ അനായാസം ശുദ്ധ മലയാളം പറയുമ്പോള്‍ അടുത്തയിടക്കു നാട്ടില്‍ നിന്നു വന്നതാണെന്നേ തോന്നൂ. പുതു തലമുറക്കു ഉജ്വല മാത്രുക തന്നെ. മിസ് ഫോമാ മത്സര വേദിയിലും ബോബി കുര്യാക്കോസിനൊപ്പം രേഖ നായര്‍ മികച്ച അവതാരകയായി പ്രവര്‍ത്തിച്ചു.

ബീനാ വള്ളിക്കളത്തിന്റെ നേത്രുപാടവം ഫോമാ കണ്വന്‍ഷന്‍ വേദിക്കു മുന്‍പില്‍ ഒരു അപകടം ഉണ്ടായപ്പോള്‍ കണ്ടതാണ്. അവസരത്തിനൊത്തുയര്‍ന്ന ബീന അദ്ധേഹത്തെ ശുശ്രൂഷിക്കുകയും പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പം പ്രഥമ ശുശ്രൂഷക്കു നേത്രുത്വം നല്‍കുകയും ചെയ്തു. പാരാമെഡിക്‌സ് വരും വരെ അതു തുടര്‍ന്നു. ഭാഗ്യവശാല്‍ പരുക്ക് ഗുരുതരമായിരുന്നില്ല.

മൂന്നാമത്തെയാളായ രേഖാ ഫിലിപ്പ് ചിന്താഗതികളിലും പ്രവര്‍ത്തനത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള വനിതയാണ്. ഫോമാ എങ്ങനെ മുന്നോട്ടു പോകണമെന്നതിനെപ്പറ്റിയും അമേരിക്കന്‍ മലയാളിയുടേ ചിന്താഗതികളില്‍ എങ്ങനെ മാറ്റം വരണമെന്നതിനെപറ്റിയുമൊക്കെ വ്യക്തമായ നിലപാടുകള്‍. അവ മൊത്തം സമൂഹത്തിനു ഗുണകരമാവുമെന്നുറപ്പ്. അതു കൊണ്ടായിരിക്കാം ഇലക്ഷ്‌നില്‍ ഏതൊരു സ്ഥാനാര്‍ഥിയേക്കാളും കൂടുതല്‍ വോട്ട് (241) രേഖാ ഫിലിപ്പിനായിരുന്നു.

സംഘടനകള്‍ ഇവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു ലക്ഷ്യമിടേണ്ടതെന്നു രേഖ ചൂണ്ടിക്കാട്ടുന്നു. നാടിനെ മറക്കണമെന്നല്ല. ജോലി നഷ്ടമായും രോഗം വന്നുമൊക്കെ ദുരിതമനുഭവിക്കുന്ന ഒട്ടേറേ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ കണ്ടില്ലെന്നു നടിക്കരുത്.

കാലത്തിനു അനുസരിച്ചു നമ്മുടെ ചിന്തകള്‍ നാം പുനപരിശോധന ചെയ്യണം. നാം മലയാളികള്‍ അല്ല, അമേരിക്കന്‍ മലയാളികള്‍ ആണ്. കേരളത്തില്‍ ജീവിച്ച പോലെയേ ഇവിടെയും ജീവിക്കൂ എന്നു ശഠിക്കുന്നതു ശരിയോ എന്നു ചിന്തിക്കേണ്ടതുണ്ട്. പലരും കേരളത്തില്‍ ജീവിക്കുന്നവരെക്കാളും ഇടുങ്ങിയ മനസോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയുന്നു എന്നതാണ് ദുഖ സത്യം. മലയാളി ആണെന്നുള്ളത് നമ്മളെ പുറകോട്ടു വലിക്കുന്ന ഒരു നെഗറ്റീവ് ഫോഴ്‌സ് ആകാന്‍ പാടില്ല.

തന്നെ തിരഞ്ഞെടുത്ത എല്ലാവരോടും നന്ദി ഉണ്ട്. മറ്റു രണ്ടു വനിതാ പ്രനിധികളും വളരെ പ്രഗത്ഭരാണ്. ഒരുമിച്ചു നിന്നു തീരുമാനങ്ങള്‍ എടുത്തു കൂടുതല്‍ സ്ത്രികളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളൊരു പ്രവര്‍ത്തന രീതി ആണ് ഞങ്ങള്‍ മുന്‍പില്‍ കാണുന്നത്- രേഖാ ഫിലിപ്പ് പറഞ്ഞു.

കുവൈറ്റില്‍ ഏറെക്കാലം ജീവിച്ച ഈ റാന്നിക്കാരി ബയോടെക്‌നോളജി മാസ്റ്റേഴ്‌സ് ബിരുദധാരിണിയാണ്. ഫിലഡല്‍ഫിയയില്‍ മക്‌നീല്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റില്‍ ജോലിചെയ്യുന്നു. പത്തു വയസുള്ള ജേക്കബ് ഫിലിപ്പ് ജോണ്‍സണ്‍ ഏക പുത്രനാണ്.

ജോലിയും കുടുംബ ജീവിതവുമൊക്കെ ബാലന്‍സ് ചെയ്തു പോകുന്നതിലാണ് കാര്യം. സംഘടകള്‍ നമുക്കു സൗഹ്രുദത്തിന്റെ വാതിലുകള്‍ തുറന്നു തരുന്നു. ഫോമാ കണ്‍വന്‍ഷനും മറ്റും വിദൂരത്തിലുള്ളവരുമായൊക്കെ സൗഹ്രുദം സ്ഥാപിക്കാനും ആശയ വിനിമയത്തിനുമൊക്കെ ഉപകരിക്കുന്നു. ഫോമാ ഒരു രാഷ്ട്രീയ സംഘടന ആയല്ല, മാനുഷികതയുടെ പര്യായമാണ് പ്രവര്‍ത്തിക്കേണ്ടത്. കൊച്ചു കൊച്ചു നന്മകള്‍ ചെയ്താല്‍ തന്നെ വലിയ മാറ്റം വരും.

സംഘടനകളിലും കണ്‍വന്‍ഷനിലുമൊക്കെ പഴയവ ആവര്‍ത്തിക്കപ്പെടുകയാണ്. അതിനൊരു മാറ്റംവേണം-രേഖ ചൂണ്ടിക്കാട്ടുന്നു.

മറ്റുള്ളവരെ പ്രായഭേദമന്യേ ബഹുമാനിക്കാനും സ്ത്രീപുരുഷ വ്യത്യാസം ഇല്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഉള്ള കഴിവാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്. സ്ത്രീകള്‍ ജോലിക്കു പോകാതെ കുട്ടികളെ വളര്‍ത്തി , വീട്ടിലെ കാര്യങ്ങള്‍ നോക്കി കഴിഞ്ഞിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതു കഴിഞ്ഞു പോയി. ഇന്ന് നമ്മളുടെ സ്ത്രീകള്‍ വീട്ടമ്മമാരും അതോടോപ്പോം ഉദ്യോഗസ്ഥരും ആണ്. ഈ മാറ്റത്തിന് അനുസരിച്ചു നമ്മടെ ശീലങ്ങളും മാറേണ്ടതുണ്ട്. പക്ഷെ പലരും പഴയ നിലപാടുകള്‍ വിടാന്‍ മടിക്കുന്നു. രണ്ടാം തലമുറ പോലും അതു കണ്ടു വളരുന്ന അവസ്ഥയുണ്ട്- രേഖ പറയുന്നു.

നമ്മടെ മാതാപിതാക്കള്‍ നമുക്ക് പറഞ്ഞു തന്നിരുന്ന കാര്യങ്ങള്‍ അവരുടെ കാലത്തിലെ അവരുടെ അനുഭവത്തില്‍ നിന്നാണ്. അവരെ കണ്ണും പൂട്ടി അനുസരിക്കാനാണു നമ്മെ പഠിപ്പിച്ചത്. പക്ഷെ ഇവിടെ വളരുന്ന കുട്ടികളെ ആ രീതിയിലാക്കാനാവില്ല. ഏത് ഉപദേശം കൊടുത്താലും എന്തു കൊണ്ട് എന്നവര്‍ ചോദിക്കും. അതിനെ തടയിടാനല്ല, അവരുമായി കൂടുതല്‍ കമ്യൂണിക്കേഷന്‍ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.

അവരെ 
പലപ്പോഴും നമുക്കു മനസിലാക്കാന്‍ കഴിയുന്നില്ല. അവരുടെ നിറം ബ്രൗണ്‍ ആണെങ്കിലും മനസ് അമേരിക്കക്കാരന്റേതാണ്. പലപ്പോഴും നമ്മള്‍ പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് നമുക്കും മനസിലാവുന്നില്ല. അതിലാണു പ്രതിസന്ധി.

ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ നാം അവളെ വ്യത്യസ്ഥയായി കാണുന്നു. ആണ്‍കുട്ടിക്ക് ഉള്ള സ്വാതന്ത്ര്യങ്ങള്‍ അവള്‍ക്കു ഇല്ല. അവള്‍ക്കു പേടിക്കാതെ ജീവിക്കാന്‍ കഴിയുന്ന സഹചാര്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പകരം നാം അവള്‍ക്കു പരിമിതികള്‍ കല്പിക്കുന്നു.

ഇരുപതു വയസാകുമ്പോഴേക്കും വീട്ടുകാ
ര്‍ക്കും പിന്നേ നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും ആവലാതി ആണ് . എന്തു കൊണ്ടു ഈ പെണ്‍കുട്ടിക്കു കല്യാണം ആയില്ല. സമൂഹത്തിന്റെ ഈ സമ്മര്‍ദത്തില്‍ വീഴാത്ത വളരെ കുറിച്ചു മാതാപിതാക്കളേയുള്ളു. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും ഒരു പോലെ വളര്‍ത്തി അവരെ സ്വയം പര്യപ്തരാക്കുക എന്നതാണ് നമ്മുടെ കടമ. പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ നാം പരിശീലിപ്പിച്ചില്ലെങ്കില്‍ അവരുടെ ഭര്‍ത്താവിനോടൊത്തു നിന്നു ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകുവാന്‍ അവര്‍ക്കു കഴിയില്ല. അതു പോലെ ജീവിതത്തില്‍ അപ്രതിക്ഷീകമായി എന്തിങ്കിലും സംഭവിച്ചാല്‍ തളര്‍ന്നു പോകാതെ ജീവിക്കാനും അവര്‍ക്കു കഴിയില്ല.

സ്ത്രി ആയാലും പുരുഷനായാലും ജീവിക്കാന്‍ ഒരു ജീവിതം മാത്രം. അതില്‍ സന്തോഷം കണ്ടെത്താനും, സ്വപ്നങ്ങള്‍ സഫലമാക്കാനും മറ്റുള്ളവരുടെ നന്മക്കായി മുന്നോട്ടു വന്നു പ്രവര്‍ത്തിക്കാനും ഒക്കെ ഉള്ള അവസരം ഉണ്ടാകണം. നാം കാണുന്നതും കേള്‍ക്കുന്നതും ആയ കാര്യങ്ങള്‍, നല്ല സൗഹൃദങ്ങള്‍ നമ്മളുടെ ചിന്തകളെ സ്വാധീനിക്കും.

ഇവിടെയുള്ള നന്മ സ്വീകരിക്കാന്‍ നാം മടിക്കരുത്. തിന്മകള്‍ നമ്മുടെ നാട്ടിലുമുണ്ട്. അന്ധവിശ്വാസങ്ങള്‍ മുതല്‍ ജാതി വരെ എത്രയോ കാര്യങ്ങള്‍.

ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണ് , ഇതിന്റെ ഇടയില്‍ മനസിന്റെ നന്മ കൈമോശം വരാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ളവരോട് കാരുണ്യം കാണിക്കാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ നാം വിജയിച്ചു. ജീവിതം ഒരു മത്സരം അല്ല, അതു സമൂഹത്തെ കാണിക്കാനും ഉള്ളതെല്ല. നമ്മളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പലതാണ്. അതില്‍ ഞാന്‍ ചിന്തിക്കുന്നത് മാത്രമാണ് ശരി, എനിക്കു എല്ലാം അറിയാം എന്നുള്ള ചിന്താഗതി കൊണ്ടു നാം ഒന്നും നേടില്ല.

നമ്മുടെ അടുത്ത തലമുറ എന്തു ചിന്തിക്കുന്നു, എങ്ങനെ പെരുമാറുന്നു, ജീവിതത്തെ എങ്ങനെ കാണുന്നു എന്നുള്ളതെല്ലാം മാതാപിതാക്കളുടെ ജീവിതം കണ്ടാണ് പഠിക്കുന്നത്. നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും പഠിപ്പിച്ചു കെട്ടിച്ചു വിടണം എന്നു ചിന്തിക്കാതെ അവരെ വലിയ സ്വപ്ങ്ങള്‍ കാണാന്‍ ശീലിപ്പിക്കുക , അതു നേടാന്‍ പര്യപ്തരാക്കുക, ജീവിതം അര്‍ത്ഥപൂര്‍ണം ആകാന്‍ സഹായിക്കുക.

സ്ത്രീകളെ ബഹുമാനിക്കുന്ന, അവരോടു മാന്യമായി പെരുമാറുന്ന, അവരെ തുല്യരായികാണുന്ന തലമുറ ആകട്ടേ നമ്മുടേത്.

ഒരു സ്ത്രീയുടെ ത്യാഗം അല്ല സന്തുഷ്ടമായ കുടുംബ ജീവിതം. പരസ്പരം സ്‌നേഹിക്കുകയും കരുതുകവും, ബഹുമാനിക്കുകയും, പ്രോത്സാപ്പിക്കുകയും ചെയ്യുന്ന പങ്കാളിയുടെ കൂടെ ഉള്ള ജീവിതം ആണ്സന്തുഷ്ട കുടുംബ ജീവിതം.

വീട്ടില്‍ ഒതുങ്ങി കൂടാതെ നല്ല കാര്യങ്ങളില്‍ പങ്കാളികള്‍ ആകുക. വാക്കു കൊണ്ടെങ്കിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക. തെറ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുക, നമ്മളുടെ മൗനം കാരണം വേറെ ഒരാള്‍ അതേ സാഹചര്യത്തില്‍ പെട്ടാല്‍ നാമും അതിനു ഉത്തരവാദികള്‍ ആണ്.

സൗന്ദര്യം ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ ആണ്. സ്ത്രീ സൗമ്യതയും വിനയവും ഉള്ളവള്‍ ആയിരിക്കണം എന്നു നാം എപ്പോഴും കേള്‍ക്കാറുണ്ട്. അതോടോപ്പം ധൈര്യവും വിവേകവും ഉള്ളവള്‍ ആണ്. ജീവിതം നമ്മളുടെ നിയന്ത്രണത്തില്‍ അല്ല. എന്തു സംഭവിച്ചാലും പരാജയപെടാതെ ധൈര്യത്തോടെ എന്തിനെയുംനേരിടാന്‍ ഉള്ള കഴിവാണ് നാം നേടേണ്ടത്.

രണ്ടാം തലമുറയില്‍ പലരും വിവാഹം കഴിക്കുന്നില്ല. വീട്ടില്‍ അപ്പനും അമ്മയും തമ്മില്‍ അടി കൂടുന്നതു കണ്ടാണ് പലരും വളരുന്നത്. എന്നാലോ സമൂഹത്തിന്റെ മുന്നില്‍ അവര്‍ മാത്രുകാ ദമ്പതികളായി അഭിനയിക്കുകയും ചെയ്യും.
രേഖാ ഫിലിപ്പ്: ഫോമയില്‍ പുത്തന്‍ ചിന്താഗതികളുടെ ഉജ്വല ശബ്ദം
Join WhatsApp News
MOHAN MAVUNKAL 2016-07-15 16:38:32
GO FOR IT REKHA!!!!!!!!!!BEST EISHES!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക