Image

തോമായുടെ സുവിശേഷം (അപഗ്രഥനം-6)

ആന്‍ഡ്രൂസ്‌ സി. Published on 05 February, 2012
തോമായുടെ സുവിശേഷം (അപഗ്രഥനം-6)
ഗുരുവില്‍നിന്നും ലഭിച്ച ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ സ്വയം ബോധവാന്മാരായി മാറുകയും തന്‍നിമിത്തം ജീവിതം നന്മ നിറഞ്ഞതാക്കി മറ്റുള്ളവരെ നന്മയിലേക്ക്‌ നയിക്കുന്ന പ്രകാശമായി തീരുകയും ചെയ്യുക എന്നതാണ്‌ മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം. ഏറ്റവും ഉത്തമമായ ജ്ഞാനവും ഇതുതന്നെ. ഈ ചിന്താഗതി ജ്ഞാനവാദം എന്നപേരില്‍ യേശു പ്രസ്ഥാനത്തിലും കടന്നു കൂടിയപ്പോള്‍ യേശുവിന്റെ മാര്‍ഗ്ഗത്തിലൂടെ പിതാവിന്റെ രാജ്യത്ത്‌ എത്തിച്ചേരുക എന്നതാണ്‌ മനുഷ്യന്റെ ലക്ഷ്യം എന്നതായി മാറി. ഈ മതവിശ്വാസത്തെ ജ്ഞാനത്തിന്റെ ലക്ഷണമായി വീക്ഷിക്കാനും തുടങ്ങി. വിശ്വാസം യുക്തിയുടെ പരമമായ ഫലമാണ്‌ എന്ന്‌ വിശ്വസിക്കാനും തുടങ്ങി.
എന്നാല്‍ യുക്തിയും വിശ്വാസവും ഒരിക്കലും കൂടി ചേരാത്ത വ്യത്യസ്ഥ നേര്‍വരകളാണ്‌. യുക്തിയേയും വിശ്വാസത്തേയും ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്‌ വിഡ്ഡിത്തം ആണ്‌ എന്ന്‌ യുക്തിബോധത്തിലൂടെയുള്ള ജ്ഞാനം നമ്മെ മനസ്സിലാക്കിത്തരുന്നു. വിശ്വാസം തെളിവുകളോ ന്യായീകരണമോ ആവശ്യമില്ലാത്ത അന്ധമായ അംഗീകാരം മാത്രമാണ്‌. എന്നാല്‍ ജ്ഞാനവാദികള്‍ യുക്തിയേയും വിശ്വാസത്തേയും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ ദിവ്യാനുഭൂതിയെ കൂട്ടുപിടിച്ചു. ദിവ്യാനുഭൂതിയിലൂടെ വെളിവാകപ്പെടുന്ന ജ്ഞാനം പരമമായ സത്യം എന്നും അതിനാല്‍ അത്‌ ഉത്തമമായ വിശ്വാസം എന്നും അവര്‍ അവകാശപ്പെടുകയും വിശ്വസിക്കുകയും അതനുസരിച്ച്‌ ജീവിക്കുകയും ചെയ്‌തു.
തോമായുടെ സുവിശേഷം ഇത്തരമൊരു ദിവ്യാനുഭൂതിയുടെ ഫലമാണ്‌ എന്നവര്‍ അവകാശപ്പെടുന്നു. യേശുമതം ദിവ്യാനുഭൂതിയുടെ പുതിയ മതം ആണ്‌. യഹൂദമതം തിന്മകള്‍ നിറഞ്ഞതും അന്ധകാരത്തിന്റെ ദൈവത്തിന്റെ സൃഷ്‌ടിയുമാണ്‌. അതിനാല്‍ യഹൂദമതത്തെ ഉപേക്ഷിക്കണം. യേശുവിന്റെ മതത്തെ സ്വീകരിക്കണം. കാരണം യേശു വെളിച്ചത്തില്‍ നിന്നു വന്നു. വെളിച്ചത്തിലേക്ക്‌ നമ്മെ നയിക്കുന്നു. പ്രകാശവും അന്ധകാരവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ ഫലമാണ്‌ ലോകം. നന്മയും തിന്മയും സമ്മിശ്രരൂപത്തില്‍ ലോകത്തില്‍ നിലനില്‍ക്കുന്നു. പ്രകാശത്തിലേക്ക്‌ നയിക്കുന്ന യേശുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമമായ ജ്ഞാനം. ക്രിസ്‌തുമതത്തിന്റെ പ്രഖ്യാപിത വിശ്വാസപ്രമാണം ജ്ഞാനവാദികളില്‍നിന്നും ഉത്ഭവിച്ചതാണ്‌.
ജ്ഞാനവാദികള്‍ തത്വത്തില്‍ ജ്ഞാനത്തെ തേടി എങ്കിലും അവസാനഫലം വളരെ പരിതാപകരമായിരുന്നു. വിശ്വാസത്തില്‍നിന്നും ജ്ഞാനത്തിലേക്ക്‌ നയിക്കേണ്ട പ്രസ്ഥാനം ചെന്നവസാനിച്ചത്‌ കെട്ടുകഥകളുടെ കിനാവള്ളിക്കുടുക്കിലാണ്‌. എല്ലാവരും ദിവ്യാനുഭൂതിയും അതീന്ദ്രിയജ്ഞാനവും അവകാശപ്പെട്ടു. യഹൂദമതത്തിന്റെ തുടര്‍ച്ചയായ യേശുമതവും യേശു എന്ന മനുഷ്യന്റെ സഭയും, യേശു എന്ന ദൈവവും, പിതാവും പുത്രനും റൂഹായും ചേര്‍ന്ന ദൈവവും, മനുഷ്യത്വവും ദൈവത്വവും ഒന്നല്ല രണ്ടാണ്‌ എന്ന സിദ്ധാന്തവുമെല്ലാം പലവിധ അനുഭൂതിക്കാരുടെ സൃഷ്‌ടികളാണ്‌. എല്ലാവരും ആ ദിവ്യാനുഭൂതി അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലാം പരസ്‌പര വിരുദ്ധമായ ആശയങ്ങള്‍ ആണ്‌. സ്വയം തോന്നിയവയെ ദിവ്യാനുഭൂതി എന്ന്‌ തെറ്റിദ്ധരിച്ചു എന്നു മാത്രം.
തോമായുടെ പ്രസ്ഥാനം തുടക്കത്തില്‍ ഇത്തരം ഊരാക്കുടുക്കില്‍ പെടുന്ന ദിവ്യാനുഭൂതിയില്‍നിന്നു വിമുക്തം ആയിരുന്നു. തോമപ്രസ്ഥാനത്തിന്റെ വേദചിന്ത ഇപ്രകാരം ആയിരുന്നു. സൃഷ്‌ടിയുടെ തുടക്കത്തില്‍ തിന്മയുടെയും ഭൗതികതയുടെയും കൂടെ നന്മയും ആത്മീയതയും ചേര്‍ന്ന്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടു. ചില മനുഷ്യര്‍ക്ക്‌ തിന്മയില്‍നിന്നും മുക്തി പ്രാപിച്ച്‌ നന്മയെ തേടാന്‍ സാധിക്കും. രക്ഷകന്‍ വിളിക്കുമ്പോള്‍ വിളികേള്‍ക്കാനും വിളികേട്ട്‌ ഉണരുവാനും സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക്‌ യാത്ര ചെയ്യുവാനും സാധിക്കും. അങ്ങനെ നിത്യമായി സത്യദൈവവുമായി ഒന്നു ചേരുവാനും സാധിക്കും. ഇതേ ചിന്താഗതി യോഹന്നാന്റെ സുവിശേഷം പ്രതിനിധീകരിക്കുന്ന വിഭാഗവും പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരം ചിന്താഗതി ജ്ഞാനവാദികള്‍ ആരംഭിച്ചതല്ല. ലോകചരിത്രത്തിലെ എല്ലാ സംസ്‌ക്കാരങ്ങളിലും സാഹിത്യത്തിലും ഇത്തരം ആശയങ്ങള്‍ നിലനിന്നിരുന്നു.
സ്വര്‍ഗ്ഗസ്ഥനായ ദൈവം ഇടയ്‌ക്കിടെ പല രൂപഭാവങ്ങളില്‍ ഭൂമിയില്‍ ജനിക്കുന്നു. ഏതാണ്ട്‌ എല്ലാ ദൈവങ്ങള്‍ക്കും അത്ഭുതജനനവും കന്യകയില്‍ നിന്നുള്ള ജനനവും ആണ്‌. ചില ദൈവങ്ങള്‍ പീഢ അനുഭവിക്കുന്നു. ചില ദൈവങ്ങള്‍ മരിക്കുന്നു. മരിച്ച ദൈവങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. എല്ലാ ദൈവങ്ങളും അവസാനം സ്വര്‍ഗ്ഗത്തിലേക്ക്‌ തിരികെ പോകുന്നു. ഈ വിശ്വാസം എല്ലാ കാലഘട്ടങ്ങളിലും ഉളവായ സാഹിത്യരചനകളില്‍ ഭാവനയുടെ മൂര്‍ത്തീകരണമായി നിലനിന്നു. എന്നാല്‍ ഇത്തരം ഭാവനയെ ചരിത്രമാക്കാന്‍ ശ്രമിച്ചത്‌ പുതിയ നിയമ എഴുത്തുകാര്‍ മാത്രമാണ്‌. അനേകം സുന്നഹദോസുകളും പല രൂപത്തിലുള്ള സത്യവേദപുസ്‌തകങ്ങളും കര്‍ത്താവിന്റെ സ്വന്തം സഭയായി അനേകം സഭകളും രൂപം കൊണ്ടു. അനേകായിരം തവണ വിശ്വാസപ്രമാണം തലമുറ തലമുറ തോറും ഏറ്റു പറഞ്ഞു. എന്നാല്‍ ഒരിക്കല്‍പ്പോലും ദൈവചിന്തയുടെ ഭാവന, കലയുടെ പരിധി വിട്ട്‌ ചരിത്രമോ സത്യമോ ആയിട്ടില്ല. ശാസ്‌ത്രം എന്ന ഭാവത്തില്‍ അനേകം വേദശാസ്‌ത്രക്കാരും വേദശാസ്‌ത്രവും ഉത്ഭവിച്ചു എങ്കിലും ഇവയൊന്നും ഒരിക്കല്‍പോലും ശാസ്‌ത്രത്തിന്റെ പ്രഥമലക്ഷണം പോലും ഇന്നേവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല.
തോമസിന്റെ സുവിശേഷത്തിലെ യേശു കന്യകയില്‍നിന്നു ജനിക്കുന്നില്ല. മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുന്നില്ല. അതിശയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. യേശു പ്രവചനത്തിന്റെ പൂര്‍ത്തീകരണമല്ല. ആരുടെയും മശിഹ അല്ല. യേശുവിന്റെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ്‌ രക്ഷ. മനുഷ്യന്‍ സ്വയം മനസ്സിലാക്കി തിന്മയെ ഉപേക്ഷിച്ചു. നന്മയെ സ്വീകരിക്കുമ്പോള്‍ തിന്മ പരാജയപ്പെടുന്നു. തിന്മയെ പരാജയപ്പെടുത്തുന്നവന്റെ പ്രതിഫലമാണ്‌ സ്വര്‍ഗ്ഗരാജ്യം. ഇതേ ആശയം തന്നെ മഗ്‌ദലനമറിയത്തിന്റെ സുവിശേഷവും ഘോഷിക്കുന്നു.
തോമായുടെ യേശു പറയുന്നു, അന്വേഷിക്കുന്നവന്‍ കണ്ടെത്തുംവരെ അന്വേഷിക്കണം (വചനം 2). സ്വര്‍ഗ്ഗരാജ്യം ഭാവിയിലെ വാഗ്‌ദാനം അല്ല, സ്വര്‍ഗ്ഗരാജ്യം ഇന്ന്‌ ഇവിടെ തുടങ്ങുന്നു. (വചനം 3). പാരമ്പര്യ ക്രിസ്‌തുമതത്തില്‍നിന്നും വളരെ വിഭിന്നമായ ചിന്താഗതിയാണിത്‌. ശരിയായ ജ്ഞാനത്തില്‍നിന്നും ഉളവായ ശ്രേഷ്‌ഠമായ ചിന്താഗതിയും ആണ്‌. ഇവിടെ ഇന്ന്‌ സ്വന്തം ജീവിതത്തില്‍ സ്വര്‍ഗ്ഗരാജ്യം അനുഭവിക്കാത്തവന്‍ ഒരിക്കലും സ്വര്‍ഗ്ഗരാജ്യം അനുഭവിക്കുകയില്ല. മരണത്തിനുശേഷം പ്രത്യേകമായി നിലനില്‍ക്കുന്ന സ്വര്‍ഗ്ഗരാജ്യം ഭൂമിയിലെ ജീവിതത്തിന്റെ തുടര്‍ച്ച മാത്രമാണ്‌. സ്വന്തം ജീവിതം നരകമയമാക്കുന്നവനും എന്നേക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവര്‍ ആകുന്നു. ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം അനുഭവിക്കാത്തവന്‌ ഭാവിയില്‍ ലഭിക്കും എന്ന്‌ സ്വപ്‌നം കാണുന്ന സ്വര്‍ഗ്ഗരാജ്യം വിഡ്‌ഢികളുടെ സ്വര്‍ഗ്ഗം മാത്രമാണ്‌.
നീ, സ്വയം അറിയണം. സ്വയം അറിയാത്തവന്‍ കുറവുള്ളവനാകുന്നു. അതാണ്‌ ദാരിദ്ര്യം. അറിവില്ലായ്‌മ എന്ന ദാരിദ്ര്യത്തില്‍ നിന്നും വിമുക്തി നേടിയവനുമാത്രമെ സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയുള്ളു. വിജ്ഞാനം ദാരിദ്ര്യത്തില്‍നിന്നും അടിമത്ത്വത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നു. അതാണ്‌ സ്വര്‍ഗ്ഗരാജ്യം. അതാണ്‌ തോമായുടെ സുവിശേഷത്തിന്റെ കാതല്‍. പൂര്‍ണ്ണമായ അറിവ്‌ നന്മ നിറഞ്ഞ പ്രവൃത്തികളിലേക്കു നയിക്കുന്നു. നന്മയിലൂടെ മാത്രമെ ലോകജനത നിലനില്‍ക്കുകയുള്ളു എന്നു മനസ്സിലാക്കുന്നു. നന്മപ്രവര്‍ത്തികള്‍ സമാധാനത്തിലേക്ക്‌ നയിക്കുന്നു. അതാണ്‌ സ്വര്‍ഗ്ഗരാജ്യം.
യേശു ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം ചിന്തിക്കുകയും സ്വയം മനസിലാക്കുകയും ചെയ്യുമ്പോള്‍ ലോകനന്മയെ ലക്ഷ്യമാക്കിയുള്ള ദിവ്യജ്ഞാനം ലഭിക്കുന്നു. ഈ സത്യം മറ്റു സുവിശേഷകര്‍ മനസ്സിലാക്കിയിരുന്നു എങ്കില്‍ യേശുവിനെ കെട്ടുകഥകളില്‍ കെട്ടിയിടുകയില്ലായിരുന്നു. മത്തായിയുടെ സുവിശേഷം ജനിക്കില്ലായിരുന്നു.
യേശുവിന്റെ വചനങ്ങളെ സ്വയം മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്‌ രക്ഷ. സ്‌നാനവും കുമ്പസാരവും കുര്‍ബ്ബാനയും അല്ല രക്ഷയുടെ മാര്‍ഗ്ഗം. (വചനം 13) യേശു കുടിച്ച ദിവ്യജ്ഞാനത്തിന്റെ വറ്റാത്ത ഉറവയില്‍നിന്നും ജീവന്റെ ജലം കുടിക്കുമ്പോള്‍ കുടിക്കുന്നവനു സ്വയം മനസ്സിലാകുന്നു. അവന്‍ നന്മയുടെ വറ്റാത്ത ഉറവിടമായി രൂപാന്തരം പ്രാപിക്കുന്നു. ജീവിതം ഒരു ശാബ്ബതില്‍നിന്നും മറ്റൊരു ശാബ്ബതിലേക്കു ചലിക്കുന്നു. ജീവിതം എന്നും ശാബ്ബതായി മാറുന്നു. അവിടെ നന്മ നിറയുന്നു. അതാണ്‌ ദൈവരാജ്യത്തില്‍ വസിക്കുന്ന അവസ്ഥ. ദൈവരാജ്യം ഭാവിയില്‍ വരുവാനുള്ളതല്ല. ഇന്ന്‌ ഇവിടെ അനുഭവിക്കേണ്ടതും നേടിയെടുക്കേണ്ടതുമായ അവസ്ഥ എന്നറിയുന്നു. കേള്‍ക്കുവാന്‍, കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ തോമായുടെ സുവിശേഷം ആഹ്വാനം ചെയ്യുന്നു.
തോമായുടെ സുവിശേഷത്തില്‍ പറയുന്ന യേശുവിന്റെ വാക്കുകള്‍ പുതിയവയല്ല. സോക്രട്ടീസ്‌ എന്ന്‌ ഗ്രീക്ക്‌ തത്വചിന്തകനും ബുദ്ധതത്വങ്ങളും യേശുവിന്റെ വാക്കുകളോട്‌ വളരെ സാമ്യം പുലര്‍ത്തുന്നു. ഇതേ ആശയം യോഹന്നാനും ആവര്‍ത്തിക്കുന്നു. (യോഹ. 6:63; 8:51; 4:14 നോക്കുക.) ചരിത്രത്തിലെ യേശു ഇപ്രകാരം സംസാരിച്ച സഞ്ചാരഗുരു ആയിരുന്നു എന്ന്‌ അനുമാനിക്കാം. എന്നാല്‍ കാനോനികസുവിശേഷകര്‍ ചരിത്രത്തിലെ യേശുവിനെ കൊന്നു, എന്നന്നേക്കുമായി കബറടക്കി. പകരം സങ്കല്‌പങ്ങളിലെ മശിഹായെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. പുരാണവും ഇതിഹാസവും കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ യഥാര്‍ത്ഥ ഉപദേശം പുരാണങ്ങളുടെ പുറകില്‍ മറഞ്ഞു. എന്നാല്‍ തോമായുടെയും മറിയയുടെയും സുവിശേഷത്തില്‍ യഥാര്‍ത്ഥ യേശു വീണ്ടും ജനിക്കുന്നു. നിത്യജീവന്റെ വറ്റാത്ത ഉറവയിലെ ജലം കൈക്കുമ്പിളില്‍ കോരി യേശു നമ്മെ വിളിക്കുന്നു. വരുവിന്‍ പാനം ചെയ്യുവിന്‍.!
ലൂക്കോസ്‌ 6: 46-49, മത്തായി 7:21, 24-27 ലൂക്കോസ്‌ 10:21-22. മത്തായി 11:25-27 വായിക്കുക. അവയില്‍ വ്യത്യസ്‌തശൈലികള്‍ കാണാം. എന്നാല്‍ തോമായുടെയും മറിയയുടെയും സുവിശേഷങ്ങള്‍ തണ്ടിന്‍മേല്‍ വെച്ച ദീപം പോലെ പ്രശോഭിക്കുന്നു. ഭാവനയുടെയും കെട്ടുകഥകളുടെയും പാറകളിലും കുഴികളിലുംനിന്ന്‌ സത്യത്തിന്റെ സ്വതന്ത്രമായ പാതയിലേക്ക്‌ മേരിയുടെയും തോമായുടെയും സുവിശേഷം നമ്മെ നയിക്കുന്നു.
തോമായുടെ സുവിശേഷം സ്വീകരിച്ച യേശുപ്രസ്ഥാനക്കാര്‍ മറ്റു ക്രിസ്‌തീയ വിഭാഗങ്ങളില്‍നിന്ന്‌ വളരെ വ്യത്യസ്ഥമായി നിലനിന്നിരുന്നു. അവര്‍ ലോകം എന്നും താണപടിയില്‍ ഉള്ളതും ഹീനവും എന്നു കണക്കാക്കി ഈ ചിന്താഗതി അവരുടെ പ്രവര്‍ത്തനരീതിയിലും ജീവിതരീതിയിലും പ്രാവര്‍ത്തികമാക്കി. ഇത്തരം സമൂഹങ്ങള്‍ ഇന്‍ഡ്യ, ഈജിപ്‌റ്റ്‌, ഗ്രീസ്‌, യഹൂദ്യ എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. മനുഷ്യന്‍ ഭൗതികതയുടെയും ആത്മീയതയുടെയും ഭൂമിയിലെ മൂലകങ്ങളുടെയും സമ്മിശ്രമാണ്‌. ഭൗതികത ഭൂമിയിലെ മൂലകങ്ങളോട്‌ ബന്ധപ്പെട്ടതും താണനിലവാരം പുലര്‍ത്തുന്നതും അതിനാല്‍ ദുര്‍പ്രവര്‍ത്തികള്‍ക്ക്‌ വിധേയവുമാണ്‌. ആത്മീയത ദിവ്യതയില്‍നിന്ന്‌ ഉളവായതും ദുര്‍പ്രവര്‍ത്തികളില്‍ നിന്ന്‌ മുക്തവുമാണ്‌, അതിനാല്‍ ശ്രേഷ്‌ഠവുമാണ്‌. അതിനാല്‍ ഭൗതിക ശരീരത്തെ ഉപേക്ഷിച്ചാല്‍ മാത്രമേ ആത്മീയശരീരത്തിന്റെ ഉദ്ധാരണം ഉളവാകുകയുള്ളു. ഉദ്ധാരണം ചെയ്‌ത ആത്മീയശരീരം നിത്യമായ ദിവ്യതയുമായി ഒന്നു ചേരുകയും ചെയ്യുന്നു.
ഭൗതികതയോട്‌ ഇണ ചേര്‍ന്ന്‌ നില്‍ക്കുന്ന ആത്മശരീരം മരണത്തോടുകൂടി മാത്രമേ പൂര്‍ണ്ണ മുക്തി നേടുന്നുള്ളു. ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ ജീവിതം നന്മകളാല്‍ നിറയ്‌ക്കുമ്പോള്‍ നിത്യതയുമായി ഒത്തു ചേരുന്നു എങ്കിലും മരണത്തോടുകൂടി മാത്രമെ പൂര്‍ണ്ണ വിമുക്തി ലഭിക്കുന്നുള്ളു. എന്നാല്‍ പൂര്‍ണ്ണമായ മുക്തി മരണം എന്ന ക്ഷണികത കൊണ്ട്‌ ലഭിക്കുന്നില്ല. അതുകൊണ്ടാണ്‌ ജീവിക്കുമ്പോള്‍ തന്നെ ക്രമേണ നിത്യതയില്‍ ലയിക്കണം എന്നു പറയുന്നത്‌. ഭാരതീയ തത്വശാസ്‌ത്രവും ഇതില്‍ നിന്ന്‌ വിഭിന്നമല്ല.
ഭൗതികശരീരത്തിന്റെ ആഗ്രഹങ്ങളായ കാമം, അമിതഭക്ഷണം, ധനം, സുഖജീവിതം എന്നിവയില്‍നിന്ന്‌ ഭൗതികശരീരം ക്രമേണ മുക്തി പ്രാപിക്കണം. എങ്കില്‍ മാത്രമെ ആത്മീയതയെ കാര്‍ന്നു തിന്നുന്ന അസൂയ, അഹന്ത, അജ്ഞത എന്നിവയില്‍നിന്ന്‌ മോചനം ലഭിക്കുകയുള്ളു. മരണത്തോടുകൂടി പെട്ടെന്ന്‌ ഉണ്ടാകുന്ന വിടുതല്‍ ഭൗതികമായ വിടുതല്‍ ആണ്‌. അത്‌ വ്യക്തിയുടെ പ്രയത്‌നഫലമല്ല. വ്യക്തിയുടെ കഴിവിന്റെ പരിധിയില്‍പെട്ടതുമല്ല. സ്വയം തിരഞ്ഞെടുത്ത മുക്തിയിലൂടെ മാത്രമേ നിത്യതയില്‍ ചേരുകയുള്ളു. അതിനാല്‍ മുക്തിക്കുവേണ്ടി മരണം വരെ കാത്തിരിക്കാതെ ജീവിതത്തിന്റെ തുടക്കം തൊട്ടെ പരിശീലിക്കണം.
ജീവിതം വാര്‍ദ്ധക്യത്തോട്‌ അടുക്കുമ്പോള്‍ ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നതോടുകൂടി ഭൗതികശരീരത്തിന്റെ ആവശ്യങ്ങളും കുറയുന്നു. ഈ അവസ്ഥയില്‍ അവയെ ഉപേക്ഷിക്കുന്നത്‌ സ്വയം തിരഞ്ഞെടുക്കുന്നതല്ല. പ്രകൃത്യാതന്നെ ശരീരത്തില്‍ ഉണ്ടാകുന്ന വ്യതിയാനമാണ്‌. എന്നാല്‍ യൗവ്വനത്തില്‍ തന്നെ അമിതകാമം, അമിതഭക്ഷണം, അമിതസുഖങ്ങള്‍ എന്നിവ ഉപേക്ഷിക്കണം. സ്വയമായി തിരഞ്ഞെടുക്കുന്ന നിയന്ത്രണങ്ങള്‍ മാത്രമെ ജീവിതത്തെ നന്മകളിലേക്കു നയിക്കുകയുള്ളു. കാമാസക്തിയില്‍നിന്ന്‌ വിമുക്തി നേടാന്‍ വാര്‍ദ്ധക്യം വരെ കാത്തിരിക്കരുത്‌. ചെറുപ്പത്തില്‍ തന്നെ നിയന്ത്രണങ്ങളോടുകൂടി ജീവിക്കണം. ഈ തത്വം തിന്മയിലേക്ക്‌ നയിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമാണ്‌. സ്വന്തം ജീവിതത്തെ സ്വയം നിയന്ത്രിക്കുന്നവര്‍ ബലാല്‍ക്കാരമായി സ്വര്‍ഗ്ഗരാജ്യം പിടിച്ചെടുക്കുന്നു.
ശ്രേഷ്‌ഠമായ നന്മകള്‍ നേടിയെടുക്കാന്‍ പ്രാപ്‌തമായ ആത്മശരീരം എങ്ങനെ ഹീനമായ ഭൗതികശരീരത്തില്‍ നിലനില്‍ക്കുന്നു എന്നത്‌ തോമാപ്രസ്ഥാനത്തില്‍ അത്ഭുതമായി തോന്നുന്നു. (തോമ. 29) സന്യാസത്തെ കാര്യമായി തോമപ്രസ്ഥാനം തുടക്കത്തില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല (തോമ 14:104). എന്നാല്‍ ഈജിപ്‌റ്റിലും സിറിയയിലും സന്യാസജീവിതം നയിച്ചവരെ ആശ്വസിപ്പിച്ചതും തോമായുടെ സുവിശേഷമാണ്‌. അതുകൊണ്ടാണ്‌ തോമായുടെ സുവിശേഷം ഈജിപ്‌റ്റുകാരുടെ കോപ്‌റ്റിക്‌ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്യപ്പെടുകയും സിറിയയിലും ഈജിപ്‌റ്റിലും വളരെ പ്രചാരം നേടുകയും ചെയ്‌തത്‌. അതോടുകൂടി തോമാപ്രസ്ഥാനം വളരെ തീവ്രമായ സന്യാസജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
അകം പോലെ തന്നെ പുറം ആയി തീരുന്ന അവസ്ഥ. ഉള്ളില്‍ കപടതയും അഹന്തയും ക്രൂരതയും കാമദാഹവും ധനമോഹവും ഇല്ലാത്ത ജീവിതം (ആധുനിക സന്യാസികളും യഥാര്‍ത്ഥ സന്യാസികളും തമ്മിലുള്ള അന്തരം നോക്കുക), മനസ്സു മുഴുവന്‍ നന്മ നിറഞ്ഞ്‌ നിര്‍മ്മലമാകുമ്പോള്‍ പുറം പോലെ അകവും ശുദ്ധീകരിക്കപ്പെടുന്നു. കണ്ണാടിയിലൂടെ കാണുന്ന അവസ്ഥ; ഒന്നും മറയ്‌ക്കുവാനില്ലാത്ത അവസ്ഥ. സന്യാസി ഇരുപത്തിന്നാലുമണിക്കൂറും വര്‍ഷത്തിന്റെ എല്ലാ ദിവസവും സന്യാസി ആയിരിക്കണം. അവര്‍ എന്നും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ക്രമേണ നിത്യതയുമായി കൂടിച്ചേരുന്ന അവസ്ഥ; (തോമ: 27 നോക്കുക), ശാബ്ബതില്‍നിന്നും ശാബ്ബതിലേക്ക്‌ നയിക്കുന്ന ജീവിതരീതി. ശാബ്ബതിന്‌ ഇടയ്‌ക്കുള്ള ദിവസങ്ങളിലും ശാബ്ബതുപോലെ ശുദ്ധി ഉള്ളവരായി ജീവിക്കണം.. ശുദ്ധതയില്‍നിന്ന്‌ ശുദ്ധതയിലേക്ക്‌ നയിക്കുന്ന ജീവിതം മാത്രമെ നിത്യതയിലേക്ക്‌ നയിക്കുകയുള്ളു. ആറു ദിവസവും പാപത്തില്‍ മുഴുകി ജീവിച്ചതിനുശേഷം ഏഴാം ദിവസം പാപമോചനത്തിനായി ദേവാലയത്തില്‍ കൂട്ടം കൂടുന്നത്‌ വെറും പ്രഹസനം മാത്രം. അങ്ങനെയുള്ളവര്‍ക്ക്‌ പാപമോചനമില്ല. വെറും പൊള്ളയായ തോന്നലില്‍ മാത്രം അവര്‍ ജീവിക്കുന്നു. എന്നാല്‍ ശുദ്ധതയില്‍നിന്ന്‌ അവധി എടുക്കാതെ എന്നും ശുദ്ധതയില്‍ ജീവിക്കുന്നവര്‍ മാത്രമെ നീതിമാന്‍ ആകുന്നുള്ളു.
നിത്യമായ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കാന്‍ പരിശുദ്ധനായ പിതാവിനെ കാണുവാന്‍ പരിശുദ്ധജീവിതം നയിച്ചവര്‍ക്കു മാത്രമെ സാധിക്കുകയുള്ളു. സന്യാസജീവിതം അതിനുള്ള ശക്തി നല്‍കുന്നു. ദൈവത്തെ മുഖാമുഖം കാണുമ്പോള്‍ എപ്രകാരം പെരുമാറണമെന്ന്‌ എസ്‌തനികളും തെറാപുട്ടേകളും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ രഹസ്യപ്രസ്ഥാനക്കാരും പരിശീലിച്ചിരുന്നു (തോമ 15:83). തോമാ പ്രസ്ഥാനക്കാരും ദൈവത്തെ മുഖാമുഖം കാണുവാനുള്ള തയ്യാറെടുപ്പിന്റെ ജീവിതരീതി പാലിച്ചിരുന്നു.
ഇതേ ദിവ്യാനുഭൂതി പൗലൂസിന്‌ ലഭിച്ചതായി പൗലൂസ്‌ 2, കൊരി.
12:2-4 ല്‍ അവകാശപ്പെടുന്നു. നിരന്തരമായി തിന്മ പ്രവര്‍ത്തിച്ച്‌ നടക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ കുറ്റബോധത്തിന്റെ അപകര്‍ഷത പെട്ടെന്ന്‌ മാനസിക വിഭ്രാന്തി ഉളവാക്കുന്നു. അത്രനാളും ശരി എന്നു തോന്നി പ്രവര്‍ത്തിച്ചത്‌ നീതിയും ന്യായവും ഇല്ലാത്ത ഹീനത എന്നു തോന്നുമ്പോള്‍ പെട്ടെന്ന്‌ ഉണ്ടാകുന്ന വ്യതിയാനത്തെ ന്യായീകരിക്കാനാണ്‌ പലരും വെളിപാടിനെ കൂട്ടുപിടിക്കുന്നത്‌. യാതൊരു ന്യായീകരണവും ഇല്ലാത്ത പ്രവര്‍ത്തികളെ ന്യായീകരിക്കുവാനും ചിലര്‍ വെളിപാടിനെ കൂട്ടുപിടിക്കുന്നു.

(തുടരും......)


തോമായുടെ സുവിശേഷം (അപഗ്രഥനം-1)


തോമായുടെ സുവിശേഷം (അപഗ്രഥനം-2)


തോമായുടെ സുവിശേഷം (അപഗ്രഥനം-3)


തോമായുടെ സുവിശേഷം (അപഗ്രഥനം-4)


തോമായുടെ സുവിശേഷം (അപഗ്രഥനം-5)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക