Image

രണ്ടിലത്തുളളികള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 13 July, 2016
രണ്ടിലത്തുളളികള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
മഴപെയ്തു തോര്‍ന്ന മനസ്സുമായെന്നുടെ
പൊന്നങ്കണത്തില്‍ തളിര്‍ത്ത തുളസിപോല്‍
നില്‍ക്കെ മല്‍ചിന്താദളങ്ങളെന്‍ യൗവ്വന­
വല്ലിയില്‍നിന്നു ചിരിയുതിര്‍ത്തീടിനാല്‍
പതിയെഞാനോരോ മലരിതള്‍ മാറ്റിയെന്‍
പ്രിയതോഴിതന്‍ ചാരുചിത്രം നുണയവേ,
കനകാംബരത്തിന്നഴകേറ്റിടുന്നതാം
പൊന്‍പ്രഭാതംകണക്കിന്നാ വദനമെന്‍
ഹൃത്തിലൊന്നാകെയേറ്റീടുന്നതുല്യമാം
സപ്താനുരാഗ നിശകള്‍തന്‍ നിസ്വനം
മണ്‍ചെരാതേറെത്തെളിഞ്ഞുനില്‍ക്കുന്നതാം
നാലമ്പലംചുറ്റിയണയുന്നു തൂമണം.

* * * * *

പുഴകളായ് മാറുന്നതറിയാതെ പിന്നെയും
തഴുകാന്‍ ശ്രമിക്കാതകലുന്ന കാലമേ,
വരികെയെന്നാദിവ്യ കിരണമായാമോദ­
മിഴികളോടരികെയെന്നറിയാതെയെന്മനം
പുലരിയോടോടോ വിചാരങ്ങള്‍ മൊഴിയവേ­
തിരികെവന്നെന്നെ വിളിക്കുന്ന സ്മരണകള്‍
തിരകളാകുന്നതായറിയുന്നു; വിരഹമെന്‍
നെഞ്ചിലായ് ചെറുമഴത്തുളളികള്‍ വീഴ്!ത്തുന്നു
കരളുകള്‍ക്കുളളില്‍ കവനങ്ങളുയരിലും
കരകളിന്നേറേയകന്നുപോയീടുന്നു
തിരികെവന്നെന്നെയുണര്‍ത്തുന്ന മധുരവും
പെരിയ കദനത്തിന്നിലത്തുളളിയാകുന്നു!!
Join WhatsApp News
വിദ്യാധരൻ 2016-07-13 09:53:00
എല്ലാ വിത്തിലും ഉറങ്ങി കിടപ്പുണ്ട്‌ സ്വപ്നങ്ങൾ 
നല്ലൊരു മാരിയിൽ പൊട്ടി തളിർക്കാനായി.
ഉണ്ടെൻ മനസ്സിലും ഒട്ടേറെ സ്വപ്നങ്ങൾ 
പണ്ടു തുടങ്ങി  മയങ്ങി കിടക്കുന്നവ
വന്നില്ലെന്റെ രാജകു 'മാരി' ഇന്നേവരെ 
വന്നെന്നേ പുണരും ഇന്നല്ലേ നാളെ 
തളിരിടുമെൻ സ്വപ്നങ്ങളും നൂനം 
തളിർക്കുമവ മഴയേറ്റു തളിർക്കും തുളസിപോൽ 
കയ്യ് വിട്ടുകൂടാ പ്രതീക്ഷകൾ 
വൈകിയിട്ടില്ലൊന്നും മഴമുകിലുണ്ട് വിഹായസ്സിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക