Image

നെവാഡയില്‍ റോംനി: ഹോളിവുഡ് നടന്‍ ബെന്‍ ഗസാര അന്തരിച്ചു; വാള്‍സ്ട്രീറ്റ് ഒഴിപ്പിക്കല്‍ സമാധാനപരം

Published on 05 February, 2012
നെവാഡയില്‍ റോംനി:  ഹോളിവുഡ് നടന്‍ ബെന്‍ ഗസാര അന്തരിച്ചു; വാള്‍സ്ട്രീറ്റ് ഒഴിപ്പിക്കല്‍ സമാധാനപരം
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി നടന്ന നെവാഡാ കോക്കസില്‍ മിറ്റ് റോംനിയ്ക്ക് വിജയം ഉറപ്പാക്കി. 71 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 48 ശതമാനം വോട്ടു നേടിയാണ് റോംനി ആധിപത്യം ഉറപ്പിച്ചത്. 23 ശതമാനം വോട്ടു മാത്രം നേടിയ തൊട്ടടുത്ത എതിരാളി ന്യൂട്ട് ഗിന്‍ഗ്രിച്ച് ഏറെ പിറകിലാണ്. 19 ശതമാനം വോട്ടുമായി റോണ്‍ പോള്‍ മൂന്നാമതും 11 ശതമാനം വോട്ടുമായി റിക് സാന്റോറം നാലാമതുമാണ്. പ്രൈമറികളിലെ റോംനിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ ആഴ്ച നടന്ന ഫ്‌ളോറിഡ പ്രൈമറിയിലും റോംനി വിജയം നേടിയിരുന്നു. ന്യൂ ഹാംപ്‌ഷെയറിലും വിജയം നേടിയ റോംനിയുടെ മൂന്നാമത്തെ പ്രൈമറി ജയമാണ് നെവാഡയിലേത്. കൊളറോഡോ, മിനസ്സോട്ട, മിസൗറി, മെയ്‌നെ എന്നിവിടങ്ങളിലും ഈ ആഴ്ച പ്രൈമറി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഹോളിവുഡ് നടന്‍ ബെന്‍ ഗസാര അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടനും നാടകപ്രവര്‍ത്തകനുമായിരുന്ന ബെന്‍ ഗസാര (81) പാന്‍ക്രിയാസിലെ അര്‍ബുദരോഗബാധ മൂലം അന്തരിച്ചു. യുഎസിലെ മാന്‍ഹട്ടനില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 60 വര്‍ഷം നീണ്ടുനിന്ന ഹോളിവുഡ് കരിയറില്‍ നൂറോളം സിനിമകളിലും ഒട്ടേറെ ടിവി പരമ്പരകളിലും ഗസാര അഭിനയിച്ചിട്ടുണ്ട്. "ഹസ്ബന്‍ഡ്‌സ്', 'ദി കില്ലിംഗ് ഓഫ് എ ചൈനീസ് ബുക്കീ', 'ഓപ്പണിംഗ് നൈറ്റ്' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.

2002ല്‍ എച്ച്ബിഒയില്‍ സംപ്രേഷണം ചെയ്ത "ഹിസ്റ്റീരിക്കല്‍ ബ്ലൈന്‍ഡ്‌നസ്സി'ലെ അഭിനയത്തിന് മികച്ച സഹനടനുള്ള എമ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1985ല്‍ "ആന്‍ ഏര്‍ലി ഫ്രോസ്റ്റ്' എന്ന ടി. വി. ചലച്ചിത്രത്തിലെ അഭിനയത്തിന് എമ്മി നാമനിര്‍ദേശം ലഭിച്ചിരുന്നു. വൈകാരിക സംഘര്‍ഷം അനുഭവിക്കുന്ന കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വിരുതുണ്ടായിരുന്നു. 1930ല്‍ സിസിലിയന്‍ കുടിയേറ്റവംശജരുടെ കുടുംബത്തില്‍ ജനിച്ച ഗസാര, 13ാം വയസ്സുമുതല്‍ അഭിനയരംഗത്ത് സജീവമായി. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാന്‍ഹാട്ടന്‍സ് നാടകശാലയില്‍ ചേര്‍ന്നു. പ്രസിദ്ധമായ ആക്ടേഴ്‌സ് സ്റ്റുഡിയോയില്‍ 1951ല്‍ അംഗമായി. എല്‍കെയാണ് ഭാര്യ. ഒരു മകളുണ്ട്.

വാള്‍സ്ട്രീറ്റ് ഒഴിപ്പിക്കല്‍ സമാധാനപരം

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള പാര്‍ക്കില്‍ ഒക്ടോബര്‍ മുതല്‍ തമ്പടിച്ചിരുന്ന നൂറ്റമ്പതോളം വരുന്ന വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭകരെ ശനിയാഴ്ച ഒഴിപ്പിച്ചു. പാര്‍ക്കില്‍ തമ്പടിക്കാന്‍ പാടില്ലെന്ന നിയമപ്രകാരമായിരുന്നു ഒഴിപ്പിക്കല്‍. അറസ്‌റ്റോ കണ്ണീര്‍വാതക പ്രയോഗമോ ഇല്ലാതെ സമാധാന പൂര്‍വമായിരുന്നു ഒഴിപ്പിക്കലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ഓക്‌ലന്‍ഡില്‍ പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള പോലീസ് നടപടി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

കോര്‍പറേറ്റ് കുത്തകകളുടെ ആര്‍ത്തിക്കും സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക വിടവ് വര്‍ധിക്കുന്നതിലും പ്രതിഷേധിച്ച് ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വൈറ്റ്ഹൗസില്‍ ശാസ്ത്രമേള

വാഷിംഗ്ടണ്‍: രാജ്യമാകെ ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം തുടങ്ങിയവയില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വൈറ്റ്ഹൗസില്‍ ഏഴാം തീയതി ശാസ്ത്രമേള. മുഖ്യാതിഥിയായ പ്രസിഡന്റ് ബറാക് ഒബാമ അന്നു സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ നടത്തുന്ന ശാസ്ത്രപ്രദര്‍ശനവും ഒബാമ വീക്ഷിക്കും.

അഫ്ഗാനിലെ കൊലപാതകം: യുഎസ് ഭടന് എതിരായ കേസ് തള്ളി

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ സാധാരണ ജനങ്ങളെ വെടിവച്ചുകൊന്നെന്ന യുഎസ് ഭടന്‍ മൈക്കിള്‍ വാഗ്‌നന് എതിരെയുള്ള കേസ് സൈന്യം തള്ളി. അഫ്ഗാനില്‍ 2010ല്‍ സൈനികസേവനം നടത്തവേയാണ് സംഭവം. അടുത്തമാസം കേസ് വിചാരണ ആരംഭിക്കേണ്ടണ്ടതായിരുന്നു. കേസ് തള്ളിക്കളയണമെന്നു സൈന്യത്തിന്റെ അന്വേഷണ ഓഫിസര്‍ ശുപാര്‍ശ ചെയ്തിരുന്നു. അഫ്ഗാനില്‍ കാണ്ടഹാര്‍ പ്രവിശ്യയില്‍ നിരായുധരായ മൂന്ന് സാധാരണക്കാരെ വെടിവച്ചു കൊന്ന കുറ്റത്തിന് ലൂയി മച്ചോര്‍ഡ് സ്‌ട്രൈക്കര്‍ ബ്രിഗേഡിലെ നാലു ഭടന്മാരെ നേരത്തെ തടവിനു ശിക്ഷിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക