Image

അമേരിക്കന്‍ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്‌റ്റോറിയ വുഡ്‌­ഹോള്‍, ചരിത്രവും അവലോകനവും (ജോസഫ് പടന്നമാക്കല്‍)

Published on 10 July, 2016
അമേരിക്കന്‍ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്‌റ്റോറിയ വുഡ്‌­ഹോള്‍, ചരിത്രവും അവലോകനവും (ജോസഫ് പടന്നമാക്കല്‍)
അമേരിക്കയുടെ തിരഞ്ഞെടുപ്പു വാര്‍ത്തകളില്‍ ഒരു വനിത പ്രസിഡന്റാകാനുള്ള സംഭാവ്യതയുടെ ഔദ്യോഗിക പ്രഖ്യാപനം ചരിത്രപരമായിട്ടാണ് കരുതുന്നത്. സ്ത്രീജനങ്ങളില്‍ ദേശീയ ടിക്കറ്റിനുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി 2008ല്‍ സാറാ പാലിനും 1984­ല്‍ ജെറാള്‍ഡിന്‍ ഫെറോറായും മത്സരിച്ചിരുന്നു. എങ്കിലും രാഷ്ട്രത്തിന്റെ ഉന്നതമായ പ്രസിഡന്റ് പദവിയില്‍ സ്ത്രീകള്‍ക്ക് നാളിതുവരെ എത്തപ്പെടാന്‍ സാധിച്ചിട്ടില്ല. ക്ലിന്റന്റെ തിരഞ്ഞെടുപ്പുനേട്ടം പ്രാമാണികമായി ചിന്തിക്കുന്നവര്‍ക്ക് ആശയ കുഴപ്പം സൃഷ്ടിക്കുന്നു. അവര്‍ക്കു മുമ്പേ നോമിനേഷന്‍ കിട്ടിയ മറ്റൊരു വനിതാസ്ഥാനാര്‍ത്ഥിയായ വിക്‌റ്റോറിയ വുഡ്‌ഹോള്‍ (Victoria Woodhull) പ്രസിഡന്റ് യുളീസിസ് ഗ്രാന്റിനെതിരെ (Ulysses S. Grant) മത്സരിച്ച വിവരം ഭൂരിഭാഗം ജനതയ്ക്കും അറിയില്ല. വാഗ്പാടവശാസ്ത്രത്തില്‍ മികച്ച പ്രാസംഗികയെന്ന ചരിത്രപാരമ്പര്യവും 2008­ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിലയിലും 2016 ­ലെ മത്സരത്തില്‍ പ്രസിഡന്റാകാനുള്ള സാധ്യതയുടെ വെളിച്ചത്തിലും മിസസ് ക്ലിന്റന്‍റെ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിവാദം ശ്രദ്ധേയമാണ്. ക്ലിന്റന്റെ അവകാശവാദം തെറ്റെന്നും അമേരിക്കയുടെ ഉന്നതസ്ഥാനമായ പ്രസിഡന്റ് പദവിയില്‍ ആദ്യമായി മത്സരിച്ച സ്ത്രീ മറ്റൊരാളെന്നും വളരെ കുറച്ചു ജനത്തിനേ അറിയുള്ളൂ. 2008­ല്‍ ക്ലിന്റണ്‍ മത്സരിക്കുന്നതിനു 136 വര്‍ഷം മുമ്പ്, 1872­ല്‍ ഒരു പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്ക്കൂടി വിക്‌റ്റോറിയ വുഡ്‌ഹോള്‍' എന്ന സുന്ദരിയായൊരു വനിത ആ പദവി ചരിത്രത്തില്‍ നേടിയിട്ടുണ്ടായിരുന്നു. ക്ലിന്റണ്‍ ജനിക്കുന്നതിനു ഇരുപതു വര്‍ഷം മുമ്പ് വിക്‌റ്റോറിയ മരിച്ചുപോയി. 1922­­ല്‍ പാസാക്കിയ ഭരണഘടനയുടെ പത്തൊമ്പതാം അമന്‍ഡ്‌മെന്റ് പ്രകാരം സ്ത്രീകളുടെ വോട്ടവകാശത്തിനു അമ്പതു കൊല്ലം മുമ്പാണ് അവര്‍ സ്ഥാനാര്‍ത്ഥിനിയായി മത്സരിച്ചത്. 1872 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിക്ടോറിയായ്­ക്ക് വോട്ടവകാശമില്ലായിരുന്നു.

കൂടാതെ വോട്ടിന്റെ സമയത്ത് ഒരു പാസ്റ്റര്‍ക്കെതിരായി അപകീര്‍ത്തിപരമായി ലേഖനമെഴുതിയതില്‍ വിക്‌റ്റോറിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ ലുഡ്‌­ലോ സ്ട്രീറ്റില്‍ ജയിലിലുമായിരുന്നു. 'ഈക്വല്‍ റൈറ്റ്‌സ് പാര്‍ട്ടിയുടെ' (Equal rights) ലേബലിലാണ് അവര്‍ മത്സരിച്ചത്. 1872 മെയ്മാസത്തില്‍ വിക്‌റ്റോറിയായെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നോമിനേറ്റു ചെയ്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി യുളീസസ് ഗ്രാന്റിനും (Ulysses S. Grant) ഡെമൊക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹൊറേസ് ഗ്രീലേക്കുമെതിരായിയാണ് (Horace Greeley) അവര്‍ മത്സരിച്ചത്. അടിമപ്പാളയത്തില്‍നിന്നും രക്ഷപ്പെട്ടയാളും അടിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫ്രഡറിക്ക് ഡഗ്ലസായിരുന്നു അവര്‍ക്കൊപ്പം വൈസ് പ്രസിഡന്റാ യി മത്സരിച്ചത്. വിക്‌റ്റോറിയായുടെ വൈസ് പ്രസിഡന്റ് സ്ഥാനാനാര്‍ത്ഥിയെന്ന പദവിയില്‍ ഡഗ്ലസ് അവര്‍ക്കൊരു സഹകരണവും നല്‍കിയില്ല. പകരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രചരണം നടത്തുകയായിരുന്നു.

സ്ത്രീകളുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ വിക്‌റ്റോറിയ വൂഡ്‌ഹോളിനെ സംബന്ധിച്ചു അധികമൊന്നും അമേരിക്കന്‍ ജനതയ്ക്ക് അറിയാമെന്നു തോന്നുന്നില്ല. വിവര സാങ്കേതിക രംഗത്തും അവരെപ്പറ്റിയുള്ള വിഷയങ്ങള്‍ ചുരുക്കമായേ വിവരിച്ചിട്ടുള്ളൂ. ഇന്നവര്‍ പ്രസിദ്ധയല്ലെങ്കിലും ഒരു കാലത്ത് മറ്റേതു സ്ത്രീകളേക്കാളും അമേരിക്കയുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ അവരുടെ പേര് നിറഞ്ഞുനിന്നിരുന്നു. സ്‌റ്റോക്ക് ബ്രോക്കര്‍, പത്രപ്രവര്‍ത്തക, പൊതുവേദികളിലെ ഉജ്ജല പ്രാസംഗിക, ജ്യോത്സ്യ ശാസ്ത്രജ്ഞ, സാമൂഹിക പ്രവര്‍ത്തക, മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ അവര്‍ ചരിത്രത്തിലെ ഒരു ഇതിഹാസമായിരുന്നു. കൂടാതെ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിക്കുന്നതിനുമുമ്പുതന്നെ അവര്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നുള്ളതും പ്രാധാന്യം അര്‍ഹിക്കുന്നു. സ്വതസിദ്ധമായ ജീവിതരീതികളില്‍ക്കൂടിയും വിപ്ലവാത്മകമായ രാഷ്ട്രീയ ചിന്തകളാലും അവര്‍ക്ക്­ വലിയൊരു സുഹൃദ്‌­വലയം സൃഷ്ടിക്കാന്‍ സാധിച്ചു. ഒപ്പം ശത്രുക്കളും നാടിന്റെ നാനാഭാഗത്തുമുണ്ടായിരുന്നു. വിവാദപരമായ ഒരു ജീവിതം നയിച്ച ഈ അമേരിക്കന്‍ ധീരനായികയെപ്പറ്റി നാം അറിയുന്നുവങ്കില്‍ അത്­ ചരിത്രബോധമുള്ളവര്‍ക്ക് കൂടുതല്‍ മനക്കരുത്തു നല്‍കുമെന്നതില്‍ സംശയമില്ല.

വിക്‌റ്റോറിയാ വൂഡ്‌ഹോളിനു കാര്യമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ പേര് വിക്‌റ്റോറിയാ ക്‌ളഫി എന്നായിരുന്നു. പിന്നീട് വൂഡ്‌ഹോളെന്നു പേര് മാറ്റുകയാണുണ്ടായത്. 1838 സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി പഠിപ്പില്ലാത്ത ഒരു അമ്മയില്‍നിന്നു അവര്‍ ജനിച്ചു. പിതാവ് ചെറിയ കുറ്റങ്ങള്‍ നടത്തിയിരുന്ന അറിയപ്പെട്ടിരുന്ന കുറ്റവാളിയുമായിരുന്നു. മോഷ്ടാവുമായിരുന്നു. പത്തു മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായ വിക്‌റ്റോറിയാ െ്രെപമറി വിദ്യാഭ്യാസം ആരംഭിച്ചത് എട്ടാം വയസിലാണ്. അവിടെ മൂന്നു വര്‍ഷത്തെ പഠനശേഷം സ്­കൂള്‍ പഠനം അവസാനിപ്പിച്ചു. പതിനഞ്ചാം വയസുവരെ പിന്നീട് പഠിക്കാനുള്ള അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവരൊരു ഡോക്ടറെ വിവാഹം ചെയ്തു. എന്നാല്‍ അയാള്‍ ഒരു മദ്യപാനിയും സ്­ത്രീലോലുപനുമായിരുന്നു. അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയും ചെയ്തു. 1854­ല്‍ വിക്‌റ്റോറിയാ മാനസികമായി പ്രശ്‌നമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കി.

വിക്‌റ്റോറിയ വുഡ്‌ഹോള്‍ പിന്നീട് ഭാവികാര്യങ്ങള്‍ പ്രവചിക്കുന്ന ഒരു ജോത്സ്യസ്ത്രീയായി പ്രവര്‍ത്തിച്ചു. അവര്‍ക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നും ഭാവിഫലം പ്രവചിക്കാന്‍ കഴിവുണ്ടെന്നും അക്കാലത്തുള്ളവര്‍ വിശ്വസിച്ചിരുന്നു. ഒഹായോവിലെ ഗ്രാമപ്രദേശങ്ങളില്‍ അവര്‍ കുട്ടിയായിരുന്നപ്പോള്‍ മരിച്ചുപോയ മൂന്നു സഹോദരികളുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ദൃഢമായി വിശ്വസിച്ചിരുന്നു. കൂടാതെ രോഗം ബാധിച്ചവരുടെ അസുഖം ഭേദപ്പെടുത്താന്‍ കഴിവുണ്ടെന്നും ഒരു ധാരണയുണ്ടായിരുന്നു. ഭാവി പ്രവചനങ്ങളിലൂടെയും രോഗികളിലെ പൈശാചിക ബാധ ഒഴിപ്പിക്കുന്ന വഴിയും പണമുണ്ടാക്കാനുള്ള പഴുതുകളും തെളിഞ്ഞു വന്നു. അവരുടെ പിതാവ് പണമുണ്ടാക്കാനായി അവരെയും സഹോദരി ടെന്നസിയേയും ഭാവിഫലം പ്രവചിപ്പിക്കാനും ദുരാത്മാക്കളെ ദൂരീകരിക്കാനും പൈശാചിക സേവ നടത്താനും ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താനും ഒരു വീടെടുത്ത് താമസിപ്പിച്ചു. പൈശാചിക സേവയില്‍ക്കൂടി രോഗങ്ങള്‍ ഭേദപ്പെടുത്തുന്ന ബിസിനസും തുടങ്ങി. മരുന്നിനു പകരം ഒരിക്കലും രോഗം വരില്ലെന്നുള്ള ഉറപ്പില്‍ ഒരുതരം സുഗന്ധദ്രാവകവും വിറ്റിരുന്നു. കാന്‍സര്‍ രോഗറും ആസ്തമായും ഇവരുടെ സഹായത്താല്‍ സുഖപ്പെടുമെന്നും പ്രചരണം നടത്തിയിരുന്നു. നാടുകള്‍തോറും നാടോടികളെപ്പോലെ നടന്നു രോഗങ്ങള്‍ ഭേദമാക്കിയും ഭാവിഫലങ്ങള്‍ പ്രവചിച്ചുകൊണ്ടും ജീവിച്ചിരുന്നതുകൊണ്ട് സാമ്പത്തികമായി വിക്‌റ്റോറിയായും കുടുംബവും നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും അവര്‍ക്കും സഹോദരി ടെന്നസിക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇല്ലിനോയിലുള്ള ഒരു കാന്‍സര്‍ രോഗി അവരുടെ ചീകിത്സാരീതികളില്‍ മരിച്ചതും കുഴപ്പത്തിലാക്കി.

വിക്‌റ്റോറിയായും അവരുടെ സഹോദരിയും പങ്കുചേര്‍ന്ന് വാള്‍സ്ട്രീറ്റ് സ്‌റ്റോക്ക് മാര്‍ക്കറ്റിലും പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെ അമേരിക്കയിലെ ആദ്യത്തെ സ്ത്രീ ബ്രോക്കര്‍മാരെന്ന ക്രഡിറ്റും ഈ സഹോദരികള്‍ക്കു ലഭിച്ചു. 1868­ല്‍ ഇവര്‍ ന്യൂയോര്‍ക്കില്‍ താമസമാക്കുകയും റയില്‍റോഡുകളുടെ നിര്‍മ്മാണ മാടമ്പിയായിരുന്ന കോര്‍ണലിയൂസ് വാണ്ടര്‍ബില്‍റ്റിനു വേണ്ടി ജോലി തുടങ്ങുകയുമുണ്ടായി. വാണ്ടര്‍ബില്‍റ്റ് പൈശാചിക സേവയില്‍ വിശ്വസിക്കുകയും മെഡിക്കല്‍ ഡോക്ടര്‍മാരില്‍ അവിശ്വസിക്കുകയും ചെയ്തിരുന്നു. അത്തരം ദുര്‍മന്ത്രവാദ സേവ നടത്തുകയെന്നായിരുന്നു ഈ സഹോദരികളുടെ ജോലി. ടെന്നസിയും വാണ്ടര്‍ ബില്‍റ്റുമായി പ്രേമത്തിലാവുകയും വിവാഹിതരാകാനുംവരെ തീരുമാനിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ഗ്രാന്റ് സെന്‍ട്രല്‍ ട്രെയിന്‍ നിലയത്തിന്റെ ഒരു വശത്തുകൂടി പോവുന്ന വാണ്ടര്‍ ബില്‍റ്റ് (Vanderbilt) അവന്യൂ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്. 1869­ല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ബിസിനസില്‍നിന്നും ഈ സഹോദരികള്‍ ഏഴു ലക്ഷം ഡോളര്‍ നേടി ധനികരായി മാറി. അക്കാലത്തെ ധനികനായ വാണ്ടര്‍ ബില്‍റ്റിന്റെ സാമ്പത്തിക സഹായത്തോടെ വിക്ടോറിയായും ടെന്നസിയും പ്രസിദ്ധിയേറിയ വുഡ്‌ഹോള്‍ ആന്‍ഡ് ക്ലാപ്പിന്‍ കമ്പനി ആരംഭിച്ചു. ഇതു വാള്‍ സ്ട്രീറ്റില്‍ സ്ത്രീകള്‍ നടത്തിയ ആദ്യത്തെ സ്‌റ്റോക്ക് ബ്രോക്കര്‍ കമ്പനിയായിരുന്നു. എങ്കിലും ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അവര്‍ക്ക് അംഗത്വം നല്‍കിയില്ല. 1967­വരെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്ത്രീജനങ്ങള്‍ക്ക് അംഗത്വം കൊടുക്കുമായിരുന്നില്ല.

1869­ജനുവരിയില്‍ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സഫ്രാഗേറ്റ്‌സ് (Suffragettes) കണ്‍വെന്‍ഷനില്‍ വിക്‌റ്റോറിയ സംബന്ധിക്കുകയുണ്ടായി. പിന്നീട് ആ സംഘടനയില്‍ അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും തുടങ്ങി. 1871 ജനുവരി പതിനൊന്നാം തിയതി സ്ത്രീകള്‍ക്ക് വോട്ടവകാശം നടത്താനുള്ള നിയമഭേദഗതി വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളും അമേരിക്കയിലെ പൗരജനങ്ങളാണെന്നും നികുതി കൊടുക്കുന്നവര്‍ക്ക് ഈ രാജ്യത്തിലെ നിയമനിര്‍മാണത്തില്‍ പങ്കു വേണമെന്നും വിക്‌റ്റോറിയ വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ അന്നത്തെ നിയമ നിര്‍മ്മാതാക്കള്‍ക്ക് അയച്ചുവെങ്കിലും കാര്യമായ പ്രതികരണങ്ങളുണ്ടാകാതെ അതെല്ലാം നിരസിക്കുകയാണുണ്ടായത്. സ്ത്രീകളുടെ സംഘടനയായ സഫ്രാഗേറ്റ്‌സില്‍ അവര്‍ക്ക് സുധീരമായൊരു നേതൃത്വം നല്‍കാനും സാധിച്ചു.

ബ്രോക്കറേജ് കമ്പനി തുടങ്ങിയ രണ്ടു മാസത്തിനുശേഷം വിക്‌റ്റോറിയ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാന്‍ പോകുന്ന വാര്‍ത്ത ജനങ്ങളെ അറിയിച്ചു. സ്ത്രീകളുടെ സഫ്രാഗേറ്റ്‌സ് (Suffragettes) സംഘടയുമായി സഹകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്ത്രീകളുടെ പൗരവകാശങ്ങള്‍ക്കു പുറമെ റയില്‍റോഡുകള്‍ ദേശവല്‍ക്കരിക്കാനും ജോലിക്കാര്‍ക്ക് എട്ടു മണിക്കൂര്‍ ജോലിസ്ഥിരത വരുത്താനും, മരണശിക്ഷ അവസാനിപ്പിക്കാനും നേരിട്ടുള്ള നികുതി വ്യവസ്ഥകള്‍ നടപ്പാക്കാനും സാധുക്കളുടെ ക്ഷേമങ്ങളും തിരഞ്ഞെടുപ്പു പ്രകടന പത്രികകളിലുണ്ടായിരുന്നു. കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കുന്ന പത്രവും പുറത്തിറക്കി. തുല്യാവകാശം മാനദണ്ഡമായി പ്രഖ്യാപിച്ചുകൊണ്ട് ഈക്വല്‍ റൈറ്‌സ് പാര്‍ട്ടിയെന്ന (equal rights patry) രാഷ്ട്രീയ സംഘടനയും അവര്‍ക്കു പൂര്‍ണ്ണമായ പിന്തുണയും നല്‍കി. 1872­മെയ് മാസത്തിലെ ഈക്വല്‍ റൈറ്‌സ് പാര്‍ട്ടി നടത്തിയ കണ്‍വെന്‍ഷനില്‍ വിക്‌റ്റോറിയാ വുഡ്‌ഹോളിനെ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാന്‍ തിരഞ്ഞെടുത്തു. പ്രസിദ്ധനായ അടിമത്വ വിരുദ്ധ പോരാളി ഫ്രഡറിക്ക് ഡഗ്ലാസായിരുന്നു ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അവരോടൊപ്പം മത്സരിച്ചത്. പിന്നീട് വിക്‌റ്റോറിയായ്‌­ക്കൊപ്പം അദ്ദേഹം വൈസ് പ്രസിഡന്റായി മത്സരിച്ച വിവരം വെളിപ്പെടുത്തുകയില്ലായിരുന്നു. കൂടാതെ വിക്‌റ്റോറിയായുടെ സ്വകാര്യ ജീവിതത്തിലും കളങ്കമുണ്ടായി. വിക്‌റ്റോറിയായുടെ രണ്ടാം ഭര്‍ത്താവിനെതിരെ അവരുടെ അമ്മ ഒരു കേസ് ഫയല്‍ ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ വിക്‌റ്റോറിയായുടെ പേര് ബാലറ്റ് പേപ്പറിലുണ്ടായിരുന്നെങ്കിലും എത്ര വോട്ടു കിട്ടിയെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. പല സ്‌റ്റേറ്റുകളിലും അവര്‍ക്കു കിട്ടിയ വോട്ടുകളെണ്ണുവാന്‍ പോലും അധികൃതര്‍ തയാറായില്ല.

1872­ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 'യൂലീസ്സിസ് ഗ്രാന്റ്' രണ്ടാമതും പ്രസിഡന്റായി ഓഫിസില്‍ വരുന്നതിനുമുമ്പ് വിക്‌റ്റോറിയ വുഡ്‌ഹോള്‍ പ്രസിദ്ധനായ ഒരു മതപ്രസംഗകന്‍ ഹെന്‍റി വാര്‍ഡ് ബീച്ചറിനെ കുറ്റപ്പെടുത്തി പത്രത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അയാള്‍ ദുര്‍വൃത്തനും വ്യപിചാര സ്വഭാവമുള്ളവനും കപടമത പ്രസംഗികനുമെന്നായിരുന്നു ആരോപണം. എഴുതാന്‍ പാടില്ലാത്ത കുത്സിത ഭാഷയില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ വിക്ടോറിയായെയും ടെന്നസ്സിയെയും അറസ്റ്റു ചെയ്തു. മറ്റൊരു അപകീര്‍ത്തികരമായ ലേഖനത്തിനും കേസുണ്ടായിരുന്നു. അതില്‍ ഒരു വാള്‍സ്ട്രീറ്റ് ബിസിനസുകാരന്‍ രണ്ടു കൗമാരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കഥയായിരുന്നു. പോലീസ് രണ്ടു സഹോദരികളെയും ജയിലില്‍ അടക്കുകയും ഒരു മാസം ജയില്‍ശിക്ഷ ലഭിക്കുകയും ചെയ്തു. മറ്റൊരു അവസരത്തില്‍ അനുവാദമില്ലാതെ പ്രസംഗിക്കാന്‍ ഒരു സ്‌റ്റേജില്‍ ഒളിച്ചു കയറിയതിനും അറസ്റ്റു ചെയ്തു. പിന്നീട് ഈ സഹോദരികള്‍ കുറ്റക്കാരല്ലെന്നു വിധിയുമുണ്ടായി. അവരുടെ പ്രധാന വിമര്‍ശകരായിരുന്ന ഹാരിയത് ബീച്ചര്‍ സ്‌റ്റോവും ബീച്ചറിന്റെ സഹോദരിയും 'അങ്കിള്‍ ടോം'സ് ക്യാബിന്‍' എന്ന പുസ്തകത്തിന്റെ രചയിതാക്കളായിരുന്നു. വിക്‌റ്റോറിയാ വുഡ്‌ഹോളിനെ അവര്‍ ജയില്‍ കഴുകനെന്നായിരുന്നു വിളിച്ചിരുന്നത്. കൂടാതെ ലജ്ജയില്ലാത്ത ദുര്‍മന്ത്രവാദിനിയെന്നും വിളിച്ചിരുന്നു. കാര്‍ട്ടൂണിസ്‌റ് തോമസ് നാസ്റ്റ് അവരെ 'മിസസ് ശാത്താനായി' ചിത്രീകരിക്കുകയും പരിഹാസരൂപത്തില്‍ കാര്‍ട്ടൂണുകള്‍ രചിക്കുകയും ചെയ്തിരുന്നു.

ലൈംഗിക കാര്യങ്ങളെപ്പറ്റിയും വിക്‌റ്റോറിയാ വുഡ്‌ഹോള്‍ പ്രസംഗിക്കുമായിരുന്നു. സന്തുഷ്ടമല്ലാത്ത വിവാഹ ജീവിതത്തില്‍നിന്നും സ്ത്രീക്ക് മോചനം വേണമെന്നും അവര്‍ പറയുമായിരുന്നു. അവരുടെ ശരീരത്തെ കാത്തു സൂക്ഷിക്കാനുള്ള അവകാശവും വ്യക്തമായി എടുത്തു പറഞ്ഞിരുന്നു. ഒരിക്കല്‍ അവര്‍ പറഞ്ഞു, "നീ ആരാണെങ്കിലും നിങ്ങളുടെയെല്ലാം സ്‌നേഹം ഞാന്‍ കാംഷിക്കുന്നു. യുവാക്കളോ വൃദ്ധരോ ആരുമായിക്കൊള്ളട്ടെ, എനിയ്ക്ക് പ്രശ്‌നമില്ല. കറുത്തവരോ, വെളുത്തവരോ, പേഗനോ, ജ്യൂവിഷോ ക്രിസ്ത്യാനികളോ എനിക്കു പ്രശ്‌നമല്ല. ഞാന്‍ എല്ലാവരെയും സ്‌നേഹിക്കും. അവരുടെ സ്‌നേഹവും ഞാനാഗ്രഹിക്കുന്നു. സ്‌നേഹത്തിന് അതിരുകളില്ലെന്നും മനസിലാക്കണം"

1877­ല്‍ വാണ്ടര്‍ ബില്‍റ്റ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നൂറുമില്യന്‍ ഡോളര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ക്കായി മക്കള്‍ വഴക്കടിക്കാന്‍ തുടങ്ങി. വാണ്ടര്‍ബില്‍റ്റും (Vanderbilt) ടെന്നസിയുമായി പ്രേമബന്ധങ്ങളുണ്ടായിരുന്നതിനാല്‍ സ്വത്തുക്കളുടെ വീതം ടെന്നസിയും വിക്ടോറിയായും പങ്കുപറ്റി കാണും. കോടതിയില്‍ വിസ്താരവേളകളില്‍ ഈ സഹോദരിമാരും പോകണമായിരുന്നു. കോടതി വിസ്തരിക്കാതിരിക്കാന്‍ ഇവര്‍ പണം കൊടുത്തുവെന്നും കിംവദന്തികളുണ്ട്. എന്തുതന്നെയാണെങ്കിലും അതേ വര്‍ഷം ആഗസ്റ്റില്‍ സഹോദരികള്‍ പ്രവാസികളായി ഇംഗ്ലണ്ടില്‍ പോയി. അവിടെ വിക്‌റ്റോറിയാ വുഡ്‌ഹോള്‍ ധനികനായ ഒരു ബാങ്കറെ കണ്ടുമുട്ടി മൂന്നാമതും വിവാഹം ചെയ്തു. 1927 മരണം വരെ അവര്‍ അവിടെ ജീവിച്ചു. സ്വന്തമായ പത്രവും പത്രപ്രവര്‍ത്തകയുമായി പിന്നീടുള്ള ജീവിതകാലം അവിടെ കഴിച്ചുകൂട്ടി. ജോര്‍ജ് വാഷിഗ്ടണ്‍ന്റെ പൂര്‍വികര്‍ താമസിച്ചിരുന്ന ഇംഗ്ലീഷ് ഭവനത്തിന്റെ സംരക്ഷണ ചുമതലകളും വഹിച്ചിരുന്നു. വിക്‌റ്റോറിയായ്ക്ക് വാഹനങ്ങളോട് അതീവ താല്പര്യമായിരുന്നു. അവരുടെ എസ്‌റ്റേറ്റിനു സമീപമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിച്ചിരുന്നു. 1892­ല്‍ വീണ്ടും പ്രസിഡന്റായി മത്സരിക്കാന്‍ അവര്‍ക്കു പദ്ധതിയുണ്ടായിരുന്നു. അതിനുള്ള പിന്തുണയ്ക്കായി അവര്‍ പുറംരാജ്യങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. കൃഷിക്കാര്‍ക്കായി ഒരു സ്­കൂള്‍ സ്ഥാപിച്ചെങ്കിലും അധികകാലം അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിന്നില്ല. ഒന്നാം ലോകമഹായുദ്ധത്തില്‍ റെഡ്‌ക്രോസ്സില്‍ വോളന്റീയറായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന സംഘടനയായ സഫ്രാഗേറ്റ്‌സുകളുടെ (Suffragettes) പിന്തുണ പിന്നീട് വിക്‌റ്റോറിയാ വുഡ്‌ഹോളിന് നഷ്ടപ്പെട്ടു. അന്നത്തെ സ്ത്രീകളുടെ സഫ്രാഗേറ്റ്‌സ് മുന്നേറ്റത്തിന്റെ പ്രമുഖ നേതാക്കളായ സൂസന്‍ ബി ആന്റണി, എലിസബത്ത്­ കാഡി സ്റ്റാന്റന്‍ മുതലായവര്‍ വിക്‌റ്റോറിയ പ്രസിഡന്റായി മത്സരിച്ച വേളയില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകളുടെ പ്രതിനിധികളടങ്ങിയ സഭാസംബന്ധമായ വിഷയങ്ങളില്‍ നേതൃത്വവും നല്‍കിയിരുന്നു. അവരെല്ലാം വിക്‌റ്റോറിയായുടെ രാഷ്ട്രീയ സ്ഥാനകാംക്ഷയയെയും അധികാര മോഹത്തെയും ലോകപ്രശസ്തയാകാനുള്ള തീവ്രാഭിലാഷങ്ങളേയും വെറുത്തിരുന്നു. തന്മൂലം പ്രസിഡന്റാകാനുള്ള വിക്ടോറിയായുടെ പദ്ധതിക്കുള്ള പിന്തുണ പിന്‍വലിച്ചു. ആദ്യത്തെ പ്രസിഡന്റ് മത്സരത്തിനുശേഷം സഫ്രാഗേറ്റ്‌സുകാര്‍ അവരെ ഒരു പ്രതിനിധിയോഗങ്ങളിലും ക്ഷണിച്ചിരുന്നില്ല. ബ്രിട്ടീഷ് സഫ്രാഗേറ്റ്‌സ് നേതാവിന് അവരെപ്പറ്റി ആന്റണി ഒരു പരാതിയെഴുതി അയക്കുകയും ചെയ്തു. "രണ്ടു സഹോദരികളും ദുര്‍നടപ്പുകാരും കാമാതുരരും അന്തസില്ലാത്ത സ്ത്രീകളെന്നുമായിരുന്നു" എഴുത്തിലെ ചുരുക്കം. കൂടാതെ ആന്റണിയും സ്റ്റാന്റനും മറ്റില്‍ഡാ ഗാജുവും ഒത്തൊരുമിച്ച് സഫ്രാഗ (suffrage movement) മുന്നേറ്റത്തിന്റെ ചരിത്രം 1880­ല്‍ പൂര്‍ത്തിയാക്കിയിരുന്നു. ആ പുസ്തകത്തില്‍ വിക്‌റ്റോറിയാ വുഡ്‌ഹോളിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.

വിക്‌റ്റോറിയാ വുഡ്‌ഹോള്‍ പ്രസിഡന്റായി മത്സരിച്ച വേളയില്‍ മുപ്പത്തിനാലു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഭരണഘടന ആര്‍ട്ടിക്കിള്‍­2­ നിയമപ്രകാരം അമേരിക്കന്‍ പ്രസിഡന്റാകാന്‍ കുറഞ്ഞ പ്രായം മുപ്പത്തിയഞ്ചു വയസ്സായിരിക്കണം. അവരുടെ ബാല്യത്തിലും യൗവ്വനത്തിലുമുള്ള തെരുവുജീവിതവും മോഷ്ടാവായ പിതാവും മൂന്നു വിവാഹം കഴിച്ചതും ലൈംഗിക അരാജകത്തില്‍ ജീവിച്ചതുകൊണ്ടും പ്രത്യേകിച്ചു ജോലിയോ വീടോ ഇല്ലാതെയും പിശാചു ബാധയൊഴിവാക്കിയും പ്രേതങ്ങളോട് സംസാരിച്ചും ഭാവിപ്രവചനങ്ങള്‍ നടത്തിയും നാടോടിയായി അലഞ്ഞു തിരിഞ്ഞു നടന്നതിനാലും ചരിത്രത്തില്‍ അവര്‍ക്ക് വലിയ സ്ഥാനം കല്പിച്ചിട്ടില്ല. അവരുടെ പിതാവ് ഒരു കള്ളനും മക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന മനുഷ്യനുമായിരുന്നു. അവരുടെ മാതാവ് 'ആനി' തെരുവു വേശ്യയെപ്പോലുള്ള ഒരു സ്ത്രീയായിരുന്നുവെന്നും ചരിത്രം കുറിച്ചിരിക്കുന്നു. പിതാവ് പാമ്പിന്റെ തൊലികളില്‍ നിന്നും കടഞ്ഞെടുത്ത ഓയിലുമായി വീടുകള്‍തോറും നടന്നു വില്‍പ്പന നടത്തിയിരുന്നു. ഡോക്ടറെന്നും വക്കീലെന്നും സ്വയം പറഞ്ഞു മറ്റുള്ളവരെ കബളിപ്പിച്ചും നടക്കുമായിരുന്നു. പ്രാകൃത ജീവിതമായിരുന്നു ആ കുടുംബം നയിച്ചിരുന്നത്.

സോഷ്യല്‍മീഡിയ അന്നുണ്ടായിരുന്നെങ്കില്‍ വികാരാധീനയായി വിക്‌റ്റോറിയാ വുഡ്‌ഹോള്‍ പറയുമായിരുന്നു, "ആരെയും സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമെനിക്കുണ്ട്. സ്‌നേഹത്തിനൊരു അതിരില്ല. സ്‌നേഹം അല്പകാലമോ ദീര്‍ഘകാലമോ ആവാം. സ്വതന്ത്രയായ ഞാന്‍ നിരുപാധികമായ എന്റെ സ്‌നേഹം ആര്‍ക്കും വാരിക്കൊടുക്കും. ആരെയും സ്‌നേഹിക്കാനുള്ള എന്റെ അവകാശം അന്യാധീനപ്പെടുത്താനും സാദ്ധ്യമല്ല. സ്ത്രീകള്‍ നിലവിലുള്ള ചട്ടത്തിനെതിരെ പ്രതികരിക്കുന്നുവെങ്കില്‍, അവര്‍ പുരുഷ മേധാവിത്വത്തില്‍ നിന്നും വിമോചനം ആഗ്രഹിക്കുന്നുവെങ്കില്‍ പുരുഷന്‍ അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. പുരുഷനില്‍നിന്നും വേര്‍പെടാന്‍ ആഗ്രഹിച്ചാലും നിയമപരമായും സഹകരിക്കണം. സ്ത്രീയുടെ സ്‌നേഹമെന്നു പറയുന്നത് ഒരു പുരുഷനു മാത്രമുള്ളതല്ല. പുരുഷനെപ്പോലെ തന്നെ അവള്‍ക്കും അനേക പുരുഷന്മാരുടെ സ്‌നേഹലാളനകള്‍ ലഭിക്കാനുള്ള മോഹങ്ങളുമുണ്ട്." അവരുടെ പ്രസംഗ പീഠങ്ങളിലുള്ള ഉദ്ധരണികള്‍ ഇന്നും കാലത്തെ അതിജീവിക്കുന്നു. "നല്ല കാലം വരണമേയെന്നു മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കര്‍മ്മനിരതയായി എന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകിയിരിക്കും. പ്രതീക്ഷകളുടേതായ ആ സ്വപ്നങ്ങള്‍ക്ക് വിശ്രമമില്ലാതെ പണിയെടുക്കും." സ്ത്രീകളുടെ അവകാശങ്ങള്‍ നേടാനായി അവര്‍ ഭരണ വര്‍ഗങ്ങളോട് ചോദിച്ച ചോദ്യമാണ്, 'അമേരിക്കന്‍ പൗരാവകാശത്തെ അവഗണിച്ചുകൊണ്ട് സ്ത്രീക്ക് വോട്ടവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്കെന്തവകാശമാണുള്ളത്?' 'നിയമത്തിന്റെ മുമ്പില്‍ സ്ത്രീ പുരുഷനു തുല്യമെങ്കില്‍ അവളുടെ എല്ലാ അവകാശങ്ങളും പുരുഷനെപ്പോലെ തുല്യമായിരിക്കണം.' ഒരു അമ്മയുടെ വിലാപവും അവരിലുണ്ടായിരുന്നു. "ഉടഞ്ഞ കപ്പലുപോലെ ഞാനൊരു ബുദ്ധിശൂന്യനായ, ശാരീരിക ദൗര്‍ബല്യമുള്ള !മനുഷ്യകുഞ്ഞിനു ജന്മം കൊടുത്തപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയിരു­ന്നു.'
അമേരിക്കന്‍ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്‌റ്റോറിയ വുഡ്‌­ഹോള്‍, ചരിത്രവും അവലോകനവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക