Image

ബ്രിട്ടനില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാകും

Published on 10 July, 2016
ബ്രിട്ടനില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാകും

 ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്ന് ആശങ്ക. 

ഇപ്പോഴുള്ള ആകെ നഴ്‌സുമാരില്‍ മൂന്നിലൊന്നോളം പേര്‍ വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ വിരമിക്കും. ഇത്രയധികം പേരുടെ കുറവ് നികത്താന്‍ മാത്രം റിക്രൂട്ട്‌മെന്റുകള്‍ ഇപ്പോള്‍ നടക്കുന്നതുമില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ പത്തിലൊന്ന് ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. കൂടുതലാളുകള്‍ പിരിഞ്ഞു പോകുമ്പോള്‍ ഈ വിടവ് വര്‍ധിക്കുകയേയുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാജ്യത്തെ ആകെ നഴ്‌സുമാരില്‍ മൂന്നിലൊന്ന് അമ്പത് വയസ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരാണ്. റിട്ടയര്‍മെന്റ് പ്രായമെത്തും മുന്‍പേ ജോലി അവസാനിപ്പിക്കുന്നവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. 

ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റഡീസാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു വഴി മാത്രം പരിഹരിക്കാന്‍ സാധിക്കുന്നതല്ല ഈ പ്രതിസന്ധിയെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. 

എന്നാല്‍ ബ്രെക്‌സിറ്റ് സാധ്യമായതോടെ ബ്രിട്ടനിലേയ്ക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രത്യേകിച്ച് മലയാളികളുടെ ഒഴുക്ക് തുടരുമെന്നും ബ്രെക്‌സിറ്റ് മലയാളിക്ക് അടിച്ച ലോട്ടറിയാണെന്നും വിശേഷിപ്പിച്ചവരും ഒക്കെ ഭാവികാര്യങ്ങള്‍ എങ്ങനെയായിത്തീരുമെന്നുള്ള ആശങ്കയിലാണ് എന്നാണ് ബ്രക്‌സിറ്റ് അനുകൂലികള്‍പോലും ഇപ്പോള്‍ പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക