Image

വിയന്നയില്‍ പിഎംഎഫിന്റെ ദ്വിദിന ഗ്ലോബല്‍ കോണ്‍ഫറന്‍സ്

Published on 10 July, 2016
വിയന്നയില്‍ പിഎംഎഫിന്റെ ദ്വിദിന ഗ്ലോബല്‍ കോണ്‍ഫറന്‍സ്

 വിയന്ന: ജാതിമത, രാഷ്ട്രീയ വിഘടനവാദങ്ങള്‍ക്ക് അവസരം നല്‍കാതെ എല്ലാ തുറകളിലുമുള്ള പ്രവാസി മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തനം ആരംഭിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ നാലാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സും ബിസിനസ് മീറ്റും സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വിയന്നയില്‍ നടക്കും. 

ആദ്യ ദിനമായ സെപ്റ്റംബര്‍ രണ്ടിനു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രമുഖ ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ പങ്കെടുക്കുന്ന മീറ്റും തുടര്‍ന്നു വനിതകളുടെയും യുവജനങ്ങളുടെയും ചര്‍ച്ചാവേദിയും സിമ്പോസിയവും സംഘടിപ്പിക്കും. 

രണ്ടാം ദിനം പൊതുസമ്മേളനം നടക്കും. കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ കലാകാരന്മാരുടെ 'ഓണനിലാവ് 2016' എന്നു പേരിട്ടിരിക്കുന്ന മെഗാ സ്റ്റേജ് ഷോ സമ്മേളനത്തിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. ഓസ്ട്രിയുടെ വിദേശകാര്യമന്ത്രി, ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍, ഓസ്ട്രിയയിലും കേരളത്തിലും നിന്നുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക നേതാക്കന്മാരടക്കം നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ചുരുങ്ങിയ സമയം കൊണ്ടു പ്രവാസലോകത്ത് നിറസാന്നിധ്യമായ സംഘടനയുടെ പ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളില്‍നിന്നു സമ്മേളനത്തിനായി എത്തിച്ചേരും. പിഎംഎഫ് ഓസ്ട്രിയന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പിഎംഎഫ് യൂറോപ്പ് റീജണും പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റിയും സംയുക്തമായാണ് ആഗോള സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നത്. 

സ്വാമി ഗുരുരത്‌നം മുഖ്യരക്ഷാധികാരിയായ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഓസ്ട്രിയന്‍ യുണിറ്റ് പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി, സെക്രട്ടറി ഷിന്റോ ജോസ് അക്കര, യൂറോപ്യന്‍ റീജണ്‍ ചെയര്‍മാന്‍ കുര്യന്‍ മനയാനിപ്പുറത്ത്, പ്രസിഡന്റ് ജോഷിമോന്‍ എര്‍ണാകേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

വിവരങ്ങള്‍ക്ക്: Email: pmfglobalcontact@gmail.com, Website: www.pravasimalayali.org

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക