Image

ആത്മീയ തീര്‍ഥാടനം നടത്തി

Published on 10 July, 2016
ആത്മീയ തീര്‍ഥാടനം നടത്തി

  ഗ്ലാഡ്‌ബെക്ക്: പാരീസ്, ലിസ്യു, ലൂര്‍ദ്, സാന്‍ഡിയാഗോ, ഫാത്തിമ, ആവില, ബാഴ്‌സിലോണ എന്നിവിടങ്ങളിലേക്ക് ഏഴു വൈദികരും ഇരുപത്തിയൊന്നു കന്യാസ്ത്രീകളും പത്തു അല്‍മായരുമടങ്ങുന്ന സംഘം പത്തു ദിവസത്തെ തീര്‍ഥാടനം വിജയകരമായി നടത്തി. ജര്‍മനിയിലെ ഗ്‌ളാഡ്‌ബെക്കില്‍ താമസിക്കുന്ന ജോസ് പുത്തന്‍പുരയ്ക്കലാണു തീര്‍ഥാടകസംഘത്തെ നയിച്ചത്.

മേയ് 31നു ആരംഭിച്ച യാത്ര ജൂണ്‍ 10 നാണുസമാപിച്ചത്. ജൂണ്‍ ഒന്നിനു പാരീസിലെത്തിയ സംഘം വിശുദ്ധ കൊച്ചുത്രേസ്യയുടെ വീട്, സന്യാസഭവനം എന്നിവ സന്ദര്‍ശിച്ചശേഷം വിശുദ്ധയുടെ ഭൗതികാവശിഷ്ടം സംസ്‌കരിച്ചിരിക്കുന്ന ബസലിക്കയില്‍ ഫാ. ജോബി കുന്നത്തുകര സിഎംഐ ദിവ്യബലിയര്‍പ്പിച്ച് തീര്‍ഥാടക സംഘത്തെ ആശീര്‍വദിച്ചു.

തുടര്‍ന്നു ലൂര്‍ദിലെത്തിയ സംഘം, പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തെ അള്‍ത്താരയില്‍ ഫാ. ആന്റണി അരീച്ചാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പരിശുദ്ധ അമ്മയിലൂടെ ദൈവത്തിനു കൃതജ്ഞതയേകി. രണ്ടു വിവസം ലൂര്‍ദില്‍ തങ്ങിയ സംഘം ത്യാഗോജ്വലമായ കുരിശിന്റെ വഴിയിലും രാത്രിയിലുള്ള മെഴുകുതിരി പ്രദക്ഷിണത്തിലും (രമിറഹല ുൃീരലശൈീി) പങ്കുചേര്‍ന്നു പ്രാര്‍ഥന നടത്തി.

സാന്‍ഡിയാഗോ കമ്പോസ്റ്റെലയില്‍ എത്തിയ ശേഷം വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചിരിക്കുന്ന കത്തീഡ്രലില്‍ ഹോളി സ്പിരിറ്റ് സഭാംഗമായ ഫാ. ജോണ്‍ പീറ്റര്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നു ഫാത്തിമയിലെത്തിയ സംഘം അവിടുത്തെ ഒരു കപ്പേളയില്‍ ഹോളി സ്പിരിറ്റ് സഭാംഗം ഫാ.ജോണ്‍സണ്‍ കാപ്പുകുഴിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

പിറ്റേന്നു രാവിലെ പരിശുദ്ധ മാതാവു പ്രത്യക്ഷപ്പെട്ട സ്ഥലത്തുള്ള കപ്പേളയില്‍ ഹോളി സ്പിരിറ്റ് സഭാംഗം ഫാ. പസാല ബാലസ്വാമി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചും നിയോഗങ്ങള്‍ സമര്‍പ്പിച്ചും പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു ആവിലായിലെത്തിയ സംഘം വിശുദ്ധ അമ്മത്രേസ്യാ സ്ഥാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയത്തില്‍ ഹോളി സ്പിരിറ്റ് സഭാംഗം ഫാ. തോമസ് പുതിയപറമ്പില്‍ മുഖ്യകാര്‍മികനായി ആഘോഷമായ പാട്ടുകുര്‍ബാനയര്‍പ്പിച്ചു.

ബാഴ്‌സിലോണയിലെത്തിയ സംഘം ഡി ലാ സാന്റാക്രുസി സാന്റാ എസ്റ്റാലിയ കത്തീഡ്രലില്‍ സിഎംഐ സഭാംഗം ഫാ. റോയ് പൂപ്പത്തില്‍ മുഖ്യകാര്‍മികനായി ദിവ്യബലിയര്‍പ്പിച്ചു.

തീര്‍ഥാടനത്തിന്റെ അവസാനദിവസം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് താമസസ്ഥലത്തുതന്നെ കൃതജ്ഞതാ ബലിയര്‍പ്പിച്ച് ഗ്ലാഡ്‌ബെക്കിലേക്കു മടങ്ങി. 

വിവിധ സ്ഥലങ്ങളില്‍ അര്‍പ്പിച്ച ദിവ്യബലികള്‍, യാത്രയ്ക്കിടയിലെ ഫലിത വര്‍ത്തമാനങ്ങള്‍, പാട്ടുകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയ കാര്യങ്ങള്‍ ആത്മാവിനും മനസിനും സന്തോഷവും കുളിര്‍മയും നല്‍കി പുതിയൊരുണര്‍വും ഉന്മേഷവും ലഭിക്കാന്‍ ഇടയായെന്നു സംഘാംഗങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക