Image

മോട്ടോക്രോസ് റെയ്‌സ് കാണാന്‍ പോയ ജര്‍മന്‍ മലയാളി അപകടത്തില്‍ മരിച്ചു

Published on 05 July, 2016
മോട്ടോക്രോസ് റെയ്‌സ് കാണാന്‍ പോയ ജര്‍മന്‍ മലയാളി അപകടത്തില്‍ മരിച്ചു

 ബെര്‍ലിന്‍: ജര്‍മനിയില്‍ മോട്ടോക്രോസ് റെയ്‌സ് കാണാന്‍ പോയ മലയാളി യുവാവ് അപകടത്തില്‍പ്പെട്ടു മരിച്ചു. ജര്‍മനിയിലെ മലയാളി രണ്ടാം തലമുറക്കാരന്‍ സാഷാ വിറ്റ്‌വര്‍ (28) ആണ് മരിച്ചത്. 

നോര്‍ത്തറൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഗുമ്മേഴ്‌സ്ബാഹ് നഗരത്തിനടുത്തുള്ള വീല്‍ ബീല്‍സ്റ്റൈന്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മത്സരത്തില്‍ പങ്കെടുക്കവേ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബാരിക്കേഡ് തകര്‍ത്ത് റോഡരികില്‍ കുടുംബസമേതം റേസിംഗ് കണ്ടു നിന്നിരുന്ന സാഷായുടെ മേല്‍ പതിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ പാരാമെഡിക്കുകള്‍ പ്രഥമ ശുശ്രൂശ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുതന്നെ സാഷാ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ സ്റ്റെഫിയും രണ്ടു കുട്ടികളും പരിക്കുകള്‍ കൂടാതെ രക്ഷപെട്ടു. 

കുടുംബസമേതം ഹുല്‍സന്‍ബുഷില്‍ താമസിക്കുന്ന സാഷാ ഓട്ടോമൊബൈല്‍ ബിസിനസുകാരനാണ്. കോഴിക്കോട് കുളത്തുവയല്‍ സ്വദേശിനി ഇടമന കുടുംബാംഗം ലീലയാണ് സാഷയുടെ മാതാവ്. സഹോദരി സീമ വിദ്യാര്‍ഥിനിയാണ്.

അപ്രതീക്ഷിതമായ ഈ സംഭവം ജര്‍മനിയിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിന് ഉത്തരവാദിയായ ബെല്‍ജിയന്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇരുപത്തഞ്ചുകാരനായ ഇയാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലായതിനാല്‍ ഇനിയും മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. സംഭവത്തിന്റെ വെളിച്ചത്തില്‍ റെയ്‌സ് റദ്ദാക്കുകയും ചെയ്തു. 

ജര്‍മനിയിലെ ഓട്ടോമൊബൈല്‍ ക്ലബ്ബായ എഡിഎസിയുടെ മേല്‍നോട്ടത്തില്‍ എംഎസ്‌സി ക്ലബ്ബാണ് ക്രോസ് റേസിംഗ് സംഘടിപ്പിച്ചത്. ഇത്തവണ 20 രാജ്യങ്ങളില്‍ നിന്നായി 220 മോട്ടോസൈക്കിള്‍ വിദഗ്ധര്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. കാഴ്ചക്കാരായി പതിനായിരത്തോളം പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക