Image

ഫൊക്കാന ഇലക്ഷന്‍ തീയതി പിന്നീട് പ്രഖ്യാപിക്കും

Published on 04 July, 2016
ഫൊക്കാന ഇലക്ഷന്‍ തീയതി പിന്നീട് പ്രഖ്യാപിക്കും
ടൊറന്റോ: അര്‍ദ്ധരാത്രിവരെ നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലവത്താകാത്തതിനെ തുടര്‍ന്ന് ഫൊക്കന ഇലക്ഷന്‍ പിന്നീട് നടത്തും. ഭരണഘടനാനുസൃതമുള്ള നിശ്ചിത തീയതിക്കകം ഇലക്ഷന്‍ നടത്തുമെന്ന് ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. തീയതിയും സ്ഥലവും ഫൊക്കാന നാഷണല്‍ കമ്മിറ്റിയും, ട്രസ്റ്റി ബോര്‍ഡും ചേര്‍ന്ന് തീരുമാനിക്കും.

അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മലയാളി മഹോത്സവത്തിനു മാനക്കേടും സംഘടനയുടെ ഭാവിയില്‍ ആശങ്കയും ഉണര്‍ത്തുന്ന സംഭവവികാസങ്ങളുടെ ഒടുവിലാണ് ഇലക്ഷന്‍ പിന്നീട് നടത്തേണ്ട സ്ഥിതിവന്നത്. സമാപന ദിനമായ ഇന്നലെ ഒരുമണിക്കുശേഷം ട്രസ്റ്റി ബോര്‍ഡ് യോഗവും ജനറല്‍ബോഡിയും കൂടുകയായിരുന്നു. എന്നാല്‍ ഹാള്‍ ഒഴിഞ്ഞുകൊടുക്കേണ്ടതുകൊണ്ടും കണ്‍വന്‍ഷന്‍ സമാപന പരിപാടികള്‍ നടത്തേണ്ടതുകൊണ്ടും നാലരയ്ക്കു തന്നെ ജനറല്‍ബോഡി അഡ്‌ജേസ് ചെയ്യുന്നതായി പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.

ഇതിനിടയില്‍ നാമം, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) എന്നിവയുടെ അംഗത്വത്തിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. നായര്‍ മഹാമണ്ഡലം ആന്‍ഡ് അസോസിയേറ്റ്‌സ് എന്നാണ് നാമം എന്നും അത് ജാതി സംഘടനയാണെന്നും ഭരണഘടന പ്രകാരം ഫൊക്കാനയില്‍ അംഗത്വത്തിന് അവകാശമില്ലെന്നും ഒരു വിഭാഗം വാദിച്ചു. എന്നാല്‍ നാമം എന്നു മാത്രമാണ് സംഘടനയുടെ പേരെന്നും അതു സാംസ്കാരിക സംഘടനയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എതിര്‍വിഭാഗം രേഖമൂലം ചൂണ്ടിക്കാട്ടി.

മുന്‍ ജനറല്‍ ബോഡിയാണ് ഒമ്പത് സംഘടനകള്‍ക്ക് അംഗത്വം നല്‍കിയതെന്നും അതില്‍ ഉള്‍പ്പെടുന്നതാണ് നാമമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരം ഫൊക്കനയിലല്ലാതെ മറ്റൊരു കേന്ദ്ര സംഘടനയില്‍കൂടി അംഗത്വമുള്ള പ്രാദേശിക സംഘടനകള്‍ക്ക് ഫൊക്കാനയില്‍ പ്രവേശനമില്ല. അങ്ങനെ വന്നാല്‍ 11 അസോസിയേഷനുകള്‍ക്ക് മാത്രമാണ് അംഗത്വത്തിന് അര്‍ഹതയുള്ളതെന്നും ജനറല്‍ബോഡിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

മഞ്ച് എന്നാണ് സ്ഥാപിതമായത് എന്നതിനെപ്പറ്റിയും തര്‍ക്കം വന്നു. യുട്യൂബിലെ ലിസ്റ്റ് പ്രകാരം ഒരു തീയതി ലഭ്യമാണ്. പക്ഷെ അതിനു മുമ്പ് തുടങ്ങി എന്നാണ് അവകാശവാദമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന നേതാക്കളായ ഡോ. എം. അനിരുദ്ധന്‍, ജി.കെ. പിള്ള, മറിയാമ്മ പിള്ള, മാമ്മന്‍ സി ജേക്കബ്, ജോണ്‍ കോരത് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതും ഫലിച്ചില്ല. മാമ്മന്‍ സി. ജേക്കബ്, ജയ്ബു കുളങ്ങര, ജോണ്‍ കോരത് എന്നിവരെ സ്ഥാനാര്‍ത്ഥികളുമായി സംസാരിക്കാന്‍ നിയോഗിച്ചുവെങ്കിലും അവര്‍ക്കും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാനായില്ല.

പതിവിനു വിപരീതമായി 200-ല്‍പ്പരം ഡെലിഗേറ്റുകള്‍ കണ്‍വന്‍ഷനെത്തി. പുതുതായി എത്തിയവര്‍ക്ക് ഭിന്നതയും വക്കാണവും മനംമുഷിപ്പുളവാക്കി. ഇതു പലരും തുറന്നു പറയുകയും ചെയ്തു. ഒരു സംഘടയ്ക്ക് അംഗത്വം കൊടുത്തത് വര്‍ഷങ്ങള്‍ക്കുശേഷം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. അതേസമയം നാമത്തിന് പ്രവേശനം നല്‍കിയതിനെതിരേ ലീഗല്‍ നോട്ടീസ് ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ബോഡിക്ക് സമയം കിട്ടിയില്ല എന്നതു കുഴപ്പമായി. രാവിലെ തന്നെയോ, തലേന്നോ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഒത്തുതീര്‍പ്പ് സാധ്യത ആരായാന്‍ കൂടുതല്‍ സമയം ലഭിക്കുമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.

സംഘടന ഒരു വിഭാഗം സ്ഥിരമായി കയ്യടക്കിവെയ്ക്കുന്നുവെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു. സംഘടനയുടെ ദീര്‍ഘകാല നന്മയെപ്പറ്റി പലരും ആലോചിക്കുന്നില്ലെന്നും അഭിപ്രായമുണ്ടായി. എന്നാല്‍ ദീര്‍ഘകാലമായുള്ള സംഘടനാ പ്രവര്‍ത്തകരെ ഒഴിവാക്കി സംഘടന പിടിച്ചടക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്ന് എതിര്‍വിഭാഗവും ആരോപിക്കുന്നു.

എന്തായാലും കണ്‍വന്‍ഷനിലൂടെ ലഭിച്ച യശസ് ഈ തര്‍ക്കത്തിലൂടെ കളഞ്ഞുകുളിക്കുന്ന സ്ഥിതിയാണ് ദൃശ്യമായ­ത്.
ഫൊക്കാന ഇലക്ഷന്‍ തീയതി പിന്നീട് പ്രഖ്യാപിക്കുംഫൊക്കാന ഇലക്ഷന്‍ തീയതി പിന്നീട് പ്രഖ്യാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക