Image

ആറന്മുളയില്‍ വേണ്ടത് ആഭ്യന്തര വിമാനത്താവളം: സുരേഷ് ഗോപി

Published on 03 July, 2016
ആറന്മുളയില്‍ വേണ്ടത് ആഭ്യന്തര വിമാനത്താവളം: സുരേഷ് ഗോപി
ടൊറന്റോ: ആറന്മുളയില്‍ ഒരു എയര്‍പോര്‍ട്ട് ആവശ്യമാണെന്ന് സുരേഷ് ഗോപി എം.പി. പക്ഷെ അത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആവേണ്ട കാര്യമില്ല. കൊച്ചിയിലും തിരുവനന്തപുരത്തും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്ള സാഹചര്യത്തില്‍ ആഭ്യന്തര വിമാനത്താവളം മതി. അതിന് 500 ഏക്കര്‍ സ്ഥലവും മതി.

അതിനുള്ള സ്ഥലം കണ്ടെത്താന്‍ പ്രയാസമില്ല. 2800 ഏക്കര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതാണ്. സര്‍ക്കാര്‍ അതു ചെയ്താല്‍ എയര്‍പോര്‍ട്ടിനും അവിടെ സ്ഥലം  കണ്ടെത്താനാവും.

ഈ നിര്‍ദേശത്തില്‍ വിവേചനപരമായ താത്പര്യമില്ലെന്നദ്ദേഹം പറഞ്ഞു. അങ്ങനെ ചോദിക്കുന്നതിലാണ് വിവേചനം (bias). 

എം.പി ആകേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്നദ്ദേഹം പറഞ്ഞു. മൂന്നുമാസം കൂടി കഴിഞ്ഞേ അഭിനയ രംഗത്തേക്ക് മടങ്ങൂ. അതിനുള്ള പ്രൊജക്ടുകള്‍ അണിയറയിലുണ്ട്. അഭിനയത്തിനും രാഷ്ട്രീയത്തിനും അതാതിന്റെ സമയം നിശ്ചയിച്ചിട്ടുണ്ട്.

കാനഡയിലുള്ള പതിനഞ്ചു വയസുകാരന്‍ അമേരിക്കന്‍ തത്വചിന്തകന്‍ എമേഴ്‌സണെപ്പറ്റി എഴുതിയ പുസ്തകം സ്വീകരിച്ച സുരേഷ് ഗോപി തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചത് എമേഴ്‌സന്റെ ആശയങ്ങളായിരുന്നുവെന്ന് പറഞ്ഞു. 1980- 82 കാലത്ത് ബി.എ ലിറ്ററേച്ചര്‍ ക്ലാസില്‍ ഉപ പാഠപുസ്തകമായിരുന്നു.

പല താരങ്ങളും തങ്ങള്‍ അഭിനയിച്ച സീനുകള്‍ അതേപടി ഓര്‍ത്തുവെയ്ക്കാറുണ്ടല്ലോ എന്ന ചോദ്യത്തിനു ജീവിതത്തിലെ ഓരോ അനുഭവവും അതേപോലെ മനസ്സില്‍ മായാതെ നില്‍പ്പുണ്ടെന്നദ്ദേഹം പറഞ്ഞു. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോയതു കല്‍ക്കരി തീവണ്ടിയിലാണ്. ഷര്‍ട്ടെല്ലാം കല്‍ക്കരി പുകയില്‍ കറുത്തു. അന്ന് പാടവും തെങ്ങിന്‍ തോട്ടവുമെല്ലാം ഇരുവശവും കാണാം. ഇന്ന് യാത്ര മെച്ചപ്പെട്ടു. പക്ഷെ പഴയ ദൃശ്യങ്ങള്‍ കുറഞ്ഞു.

അമേരിക്കയിലുള്ള അനിയന്‍ സനില്‍ ഗോപി തന്റെ മൂന്നാം ജന്മമാണെന്ന് അവകാശപ്പെട്ടാറുള്ളതിനെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. ആദ്യത്തെ അപകടത്തില്‍ താനും പങ്കാളിയായിരുന്നു. സനില്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടാണ് സുരേഷ് ഗോപിയുടെ പുത്രി മരിച്ചത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും മകളുടെ മരണം നെഞ്ചില്‍ നീറുന്ന ഓര്‍മ്മയായി തുടരുന്നു. പട്ടടയില്‍ വെയ്ക്കും വരെ അതു തുടരും. എല്ലാം ദൈവനിശ്ചയം.

പൈലറ്റായ സനില്‍ ന്യൂജേഴ്‌സിയില്‍ വിമാനം തകര്‍ന്ന് വീണ്ടും  ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞശേഷം ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. അതാണ് മൂന്നാം ജന്മമെന്ന് സനില്‍ വിശേഷിപ്പിക്കുന്നത്. ഫൊക്കാന   ട്രഷറര്‍ സ്ഥാനാര്‍ത്ഥികൂടിയാണ് സനില്‍. 

കേരളത്തിലെ കാര്യങ്ങള്‍ പിണറായിയോട് ചോദിക്കണമെന്നു സുരേഷ് ഗോപി പറഞ്ഞു.  
ഇന്ത്യയില്‍ വലിയ മാറ്റം ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് കരുതുന്നവര്‍ക്ക് അങ്ങനെയും, നിരാശപ്പെടുന്നവര്‍ക്ക് അങ്ങനെയും കരുതാമെന്നായിരുന്നു മറുപടി. 

ചുരുങ്ങിയ വിലയ്ക്ക് പാവപ്പെട്ടവന്റെ സ്ഥലംവാങ്ങി സ്ഥലക്കച്ചവടം നടത്തുകയല്ല എയര്‍പോര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ഏതെങ്കിലും ഗ്രൂപ്പിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങാന്‍ ഒരു കലാകാരനാവില്ല. എന്നാല്‍ ഒരു ഗ്രൂപ്പില്‍ കൊണ്ടുപോയി ഒതുക്കിയാല്‍ എന്തിചെയ്യും?

അമേരിക്കയില്‍ ആദ്യം വന്ന ദിവസം അദ്ദേഹം പറഞ്ഞു. 1998-ജൂലായ്  ഒന്ന്. റോച്ചസ്റ്റര്‍ ഫൊക്കാന കണ്‍വന്‍ഷനിലായിരുന്നു അത്. അന്നത്തെ സെക്രട്ടറി മാമ്മന്‍ സി. ജേക്കബിനെ കണ്ടപ്പോള്‍ തന്നെ കൊണ്ടുവന്ന വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചും, തെറ്റിദ്ധരിപ്പിച്ചും എഴുതുന്ന പ്രവണത കേരളത്തിലുണ്ടെന്നദ്ദേഹം പറഞ്ഞു. അതിനാല്‍ മാധ്യമങ്ങളെ സമീപിക്കുന്നത് കരുതലോടെയാണെന്നദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മാധ്യമങ്ങള്‍ അങ്ങനെയല്ല എന്നു പറയുന്നതില്‍ സന്തോഷമുണ്ട്. 

പ്രവാസികള്‍ക്കായി ഒന്നും ചെയ്യില്ല. പക്ഷെ ചെയ്യുന്ന കാര്യങ്ങള്‍ പ്രവാസിക്കും പ്രയോജനപ്പെടണമെന്നുണ്ട്. സിവില്‍ ഏവിയേഷന്‍ നയത്തിലെ മാറ്റം ഒരുദാഹരണം 

ആറന്മുളയില്‍ വേണ്ടത് ആഭ്യന്തര വിമാനത്താവളം: സുരേഷ് ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക