Image

ഫൊക്കാനയോട് (ഒരു നര്‍മ്മ ഗീതം:സുധീര്‍ പണിക്കവീട്ടില്‍)

Published on 03 July, 2016
ഫൊക്കാനയോട് (ഒരു നര്‍മ്മ ഗീതം:സുധീര്‍ പണിക്കവീട്ടില്‍)
ഫൊക്കാനക്കിന്നിപ്പോള്‍ പാപ്പാന്മാര്‍ ഒത്തവര്‍
ഒത്തിരി പേരുണ്ടു നല്ല കാര്യം
നെറ്റിയില്‍ പട്ടവും മൗലിയില്‍ കോലവും
ചുറ്റുമകമ്പടിക്കാളുകളും
കൊടിയേറ്റം തൊട്ടു നടയടക്കുംവരെ
കോലാഹലം തന്നെ ചുറ്റുപാടും

അച്ചായന്മാരവരെത്തുന്നു കീശയില്‍
കുത്തി നിറച്ച പണവുമായി
ജാതിമത ഭേദമില്ലാതെ ഏവരും
കണ്ടാല്‍ ചിരിക്കുന്ന പുണ്യസ്ഥാനം
ആമോദത്തോടെ മലയാളികള്‍ക്കെല്ലാം
ഒത്തു ചേരാനൊരു ആനപ്പുറം

പിന്നാലെ പോന്നോളാന്‍ കണ്ണാലെ കാണിച്ച്
മുമ്പെ ഗമിക്കും നതാംഗിമാരും
ഒന്നു വിലസാനവസരം പാര്‍ത്തെത്തും
ടീനേജുകാരുടെ പഞ്ചാരിയും
ഇതു തന്നെ തരമെന്നു കരുതി തങ്ങീടുന്ന
ഇവിടെ വരുന്ന വിരുന്നുകാരും

അന്തസ്സ് കാട്ടാനൊരുമ്പെട്ടു നില്‍ക്കുന്നു
നാല് ദിവസങ്ങള്‍ പൂര്‍ണമായി
സെറ്റായി പെണ്ണുങ്ങള്‍ സെറ്റു മുണ്ടും ചുറ്റി
താലവുമേന്തി വരുന്ന ദ്രുശ്യം
ഉള്‍കണ്ണാല്‍ കണ്ടാ- മനപായസത്തിന്റെ
മധുരം നുണഞ്ഞെത്തും ചേട്ടന്മാരും.

പാപ്പാന്മാര്‍ പ്രതിവര്‍ഷം കൂടുന്നുണ്ടെങ്കിലും
പാവമാണാനക്ക് കൊട്ടിലില്ല
പല പല ദേവന്മാര്‍ വാഴുന്ന കോവിലിന്‍
മുമ്പിലീയാനക്കെഴുന്നള്ളത്തു
കോമരം തുള്ളി പറയുന്നു രണ്ടാണ്ടു -
കൂടുമ്പോള്‍ കൂട്ടേണ്ട ചട്ടവട്ടം
ഏതൊരു ജന്മിക്ക് സ്വന്തമാണീയാന
തട്ടകം മാറ്റുന്നു; വേല തോറും

കവിയിവന്‍ കേട്ടുയീ പൂരത്തില്‍ കുത്തി-
ക്കുറിക്കുന്നവര്‍ക്കുണ്ടു സമ്മാനങ്ങള്‍
നമ്പ്യാരെ** ധ്യാനിച്ചീകവിയും കൈകൂപ്പുന്നു
സമ്മാനം ഇക്കുറി -അടിയനാണെ!

**ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.

Join WhatsApp News
വിദ്യാധരൻ 2016-07-03 21:12:44
ഒത്തിരി മരുമക്കൾ ഉള്ളൊരു അമ്മാവൻ 
വെള്ളം ഇറങ്ങീട്ടു ചാകുകില്ല 
എന്നപോൽ ഒത്തിരി പാപ്പാന്മാരായാലും 
ആന ഇടയുവാൻ  സാധ്യതയാ.
ആനപുറത്തേറി ഒരു  ചുറ്റു ചുറ്റുമ്പോൾ 
'ആനയെൻ' സ്വന്തമെന്നുള്ള തോന്നൽ
ആ തോന്നൽ മൂത്തു കലശലായ്  പാപ്പാന്മാർ
അടിപിടികൂടുന്നു ആനക്കായ് 
പണ്ടൊരു നാളിലാ ആനയെ കിട്ടാഞ്ഞു 
പോയൊരു പാപ്പാൻ ആമ വാങ്ങി 
ആന മുക്കുന്നകണ്ടു ആമമുക്കിയാലത് 
ആനപിണ്ഡമാകുന്നത് എങ്ങനയാ?
കാശുവന്നുള്ള കീശ നിറഞ്ഞാലുടൻ 
അച്ചായന്മാർക്ക് നോട്ടം ആനയോടാ  
അർദ്ധപട്ടിണി കിടന്നാലും വേണ്ടില്ല
കോണകം പുരയുടെ മുകളിൽ വേണം
എന്നപോൽ വാങ്ങണം കുലകൊമ്പൻ ആനയെ
വാങ്ങീട്ട് തൊഴുത്തിൽ കെട്ടവേണം .
ഇങ്ങനെ മോഹങ്ങൾ മൂത്തു മുഴുത്തിട്ട് 
കാട്ടുന്ന ഗോഷ്ടികൾ കഷ്ടമത്രേ! 
സത്യം പറയുന്ന കവികൾക്കും നല്ല 
പാരിദോഷികങ്ങൾ നല്കിടണേ 
രാത്രി ഒട്ടേറെ  വൈകിയെൻ  സ്നേഹിതാ
ഇനിയുള്ള കാര്യങ്ങൾ പിന്നെഴുതാം 
നമ്മളെകൊണ്ടു കവിത കുറിപ്പിക്കാൻ 
ഉണ്ടാകും എന്നാളും കോമരങ്ങൾ  
FOAMAkuttan 2016-07-04 14:38:51
ഈ കവിത അടുത്ത തവണത്തെ ഫൊക്കാനയുടെ ഉണർത്തു പാട്ടായിട്ടു അവന്മാര് ഉപയോഗിക്കും നല്ല കവിത .  വിദ്യാധരൻ അതിനെ കൊഴുപ്പിച്ചു . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക