Image

പ്രാര്‍ത്ഥനാചൈതന്യം നിറഞ്ഞുപ്രകാശിക്കുന്ന നക്ഷത്രങ്ങളാകണം അല്‌മായര്‍: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

Published on 04 February, 2012
പ്രാര്‍ത്ഥനാചൈതന്യം നിറഞ്ഞുപ്രകാശിക്കുന്ന നക്ഷത്രങ്ങളാകണം അല്‌മായര്‍: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
ബാംഗ്ലൂര്‍: പ്രാര്‍ത്ഥനയുടെ ചൈതന്യം ജീവിതത്തില്‍ ആഴപ്പെടുത്തി നിറഞ്ഞുപ്രകാശിക്കുന്ന നക്ഷത്രങ്ങളാകണം സഭയുടെ അല്‌മായ സമൂഹമെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രസ്‌താവിച്ചു. അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കലിന്റെ നേതൃത്വത്തില്‍ സഭയിലുദിച്ച അല്‌മായ ഉണര്‍വ്‌ അഭിനന്ദനാര്‍ഹമാണെന്ന്‌ നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രത്യേകം സൂചിപ്പിച്ചു. ബാംഗ്ലൂര്‍ ധര്‍മ്മാരാം സെന്റ്‌ തോമസ്‌ ഫൊറോന ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

സഭയുടെ അന്തസത്ത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സഭാസമൂഹത്തിനാകണം. അല്‌മായര്‍ വൈദികരോടു ചേര്‍ന്നുനില്‍ക്കുന്നതാണ്‌ സഭ. അതിനാല്‍ത്തന്നെ സഭാപരമായ കൂട്ടായ്‌മ വളര്‍ത്തിയെടുത്ത്‌ ശക്തിപ്പെടുത്തണം. കുഞ്ഞുങ്ങളുടെ വിശ്വാസവളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധവേണം. ആത്മീയതയുള്ളിടത്ത്‌ ഭൗതീയനന്മകള്‍ വന്നുചേരും. ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുമ്പോള്‍ ഭൗതീകവളര്‍ച്ചയുണ്ടാകും. മത്സരവും മല്ലടിക്കലും നമ്മുടെ വിഷയമല്ല. ആത്മീയതയില്‍ സംഘടിച്ചു ശക്തിപ്പെട്ട്‌ ദൈവവിളികള്‍ ഉയരുവാന്‍ ശ്രദ്ധിക്കണമെന്ന്‌ മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്‌തു.

സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടകത്തില്‍ വിവിധ സീറോ മലബാര്‍ സഭാ രൂപതകള്‍, മിഷന്‍ കേന്ദ്രങ്ങള്‍, ബാംഗ്ലൂരിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുപുറമെ, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള അല്‌മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ബല്‍ത്തങ്ങാടി ബിഷപ്‌ മാര്‍ ലോറന്‍സ്‌ മുക്കുഴി, ഭദ്രാവതി ബിഷപ്‌ മാര്‍ ജോസഫ്‌ എരുമച്ചാടത്ത്‌, മാണ്‌ഡ്യ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, സീറോ മലബാര്‍ മിഷന്‍ ബാംഗ്ലൂര്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര, ധര്‍മ്മാരാം സെന്റ്‌ തോമസ്‌ ഫൊറോന വികാരി റവ.ഡോ.തോമസ്‌ കല്ലുകുളം എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ്‌ റവ.ഡോ.ഫ്രാന്‍സീസ്‌ തോണിപ്പാറ, ധര്‍മ്മാരാം റെക്‌ടര്‍ റവ.ഡോ.തോമസ്‌ ഐക്കര, റവ.ഡോ.ചെറിയാന്‍ തുണ്ടുപറമ്പില്‍, റവ.ഫാ.സിബി കൈതാരന്‍ ഹൈദ്രാബാദ്‌, ബാംഗ്ലൂര്‍ സീറോ മലബാര്‍ ലെയ്‌റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തില്‍ ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച്‌ പ്രതിനിധികള്‍ `കാന്‍സറിനെതിരെ പോരാട്ടം' പ്രതിജ്ഞയെടുത്തു. ഫിലിപ്‌ മാത്യു ബാംഗ്ലൂര്‍, വര്‍ഗീസ്‌ ബല്‍ത്തങ്ങാടി, ജോസ്‌ മാണ്‌ഡ്യ, ലൗലി ജോളി, റോസ്‌ ജെയിംസ്‌, സി.ജോയിസ്‌ സിഎംസി, പ്രെഫ.പി.ജി.സെബാസ്റ്റ്യന്‍, ജോസ്‌ വേങ്ങത്തടം, സാബു ജോര്‍ജ്‌ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.

ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ബാംഗ്ലൂരിലെ സീറോ മലബാര്‍ സഭാംഗങ്ങളായ വ്യവസായ സംരംഭകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ അല്‌മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലും ഓന്‍ട്രപ്രണേഴ്‌സ്‌ കോണ്‍ഫറന്‍സും നടക്കും.
പ്രാര്‍ത്ഥനാചൈതന്യം നിറഞ്ഞുപ്രകാശിക്കുന്ന നക്ഷത്രങ്ങളാകണം അല്‌മായര്‍: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക