Image

തോമായുടെ സുവിശേഷം (അപഗ്രഥനം-5)

ആന്‍ഡ്രൂസ്‌ സി. Published on 04 February, 2012
തോമായുടെ സുവിശേഷം (അപഗ്രഥനം-5)
ഇന്നത്തെ ക്രിസ്‌തീയ വിഭാഗങ്ങളില്‍ കാണുന്ന പരദൂഷണവും പരസ്‌പരം ചെളിവാരിയെറിയലും പുതിയ രീതി അല്ല. യേശുവിന്റെ കാലത്തു തന്നെ ശിഷ്യന്മാര്‍ കടിപിടി കൂടുന്നതു കാണാം. അപ്പോസ്‌തലിക പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന പല സഭാവിഭാഗങ്ങള്‍ തമ്മില്‍ കലഹിക്കുന്നതിന്റെ കാരണവും ഇവ തന്നെ. ആദിമസഭയുടെ ചരിത്രം തന്നെ പത്രോസും പൗലോസും തമ്മിലുള്ള പോരാട്ടത്തിന്റെ വിവരണമാണ്‌. CE 100 - 200 കാലഘട്ടത്തില്‍ എഴുതപ്പെട്ട അപ്പോ: പ്രവൃത്തികളില്‍ പുതിയൊരു പ്രവണത കാണാം. പത്രോസ്‌ പക്ഷവും പൗലോസ്‌ പക്ഷവും തമ്മിലുള്ള പോരാട്ടത്തിന്റെ രൂഷത കുറയുന്നു, മാറുന്നു. രണ്ടു കൂട്ടരും സമൂഹത്തില്‍ സ്ഥാനമാനങ്ങളുടെ പദവികള്‍ നിലനിര്‍ത്താന്‍ യോജിക്കുന്നു. ശിഷ്യര്‍ യേശുവിന്റെ തൊട്ടുതാഴെ ശ്രേഷ്‌ഠത നേടുന്നു. അവരുടെ പിന്‍തുടര്‍ച്ച അവകാശപ്പെട്ട മേല്‍പ്പട്ടക്കാര്‍ യേശുവിന്‌ തുല്യമായ രാജ്യവും ശക്തിയും ബഹുമാനവും പിടിച്ചടക്കുന്നു.
പഴയനിയമ പുസ്‌തകങ്ങളും മോശയുടെ പേരില്‍ പുരോഹിതര്‍ എഴുതികൂട്ടിയവയാണ്‌. ലോകം പുരോഹിതര്‍ക്കുവേണ്ടി യഹോവ സൃഷ്‌ടിച്ചതായിട്ടാണ്‌ അവയിലെ വിവരങ്ങള്‍. അവിടെ അഹറോനെ താഴ്‌ത്തി കെട്ടുന്ന പുരോഹിതവര്‍ഗ്ഗം മോശയുടെ പക്ഷമാണ്‌ എന്നുകാണാം. യഹോവയുടെ നിയമം പുരോഹിതന്റെ സുഖഭക്ഷണം ഉറപ്പിക്കുന്നതായി കാണാം. പുരോഹിതന്റെ വസ്‌ത്രത്തിലെ നൂലിഴപോലും എപ്രകാരം എന്ന്‌ യഹോവ കല്‍പ്പിക്കുന്നു.
പ്രവാചകരുടെ കാലത്ത്‌ പ്രവാചകന്‍ പുരോഹിതനേക്കാളും രാജാവിനേക്കാളും ശ്രേഷ്‌ഠനായി മാറുന്നു, യഹോവയുടെ അരുളപ്പാട്‌ പ്രവാചകന്റെ മാത്രം കുത്തക ആയി മാറുന്നു. പുരോഹിതന്‍ എഴുതിയതും പ്രവാചകന്‍ പറഞ്ഞതും യഹോവ പറഞ്ഞതല്ല എന്നത്‌ വ്യക്തമാണ്‌. ഓരോ കാലഘട്ടങ്ങളിലും ശക്തി നേടിയവര്‍ അവരുടെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടാതെ നിലനിര്‍ത്തുവാന്‍ ദൈവത്തെ ഉപയോഗിച്ചു എന്നുമാത്രം.
പുതിയ നിയമ എഴുത്തുകാരും അതേ പ്രവണ തുടരുകയും ക്രിസ്‌തുമതം യഹൂദമതത്തിന്റെ തുടര്‍ച്ചയായി മാറുകയും ചെയ്‌തു. പര്‌സപര വിരുദ്ധമായ വിശ്വാസ സംഹിതയുമായി ക്രിസ്‌തുമതം സ്ഥാപിച്ച പൗലോസ്‌ പോലും യഹൂദക്രിസ്‌ത്യാനികളുമായി ക്രമേണ പൊരുത്തപ്പെടുന്നു. പ്രവൃ: 10-ല്‍ പത്രോസ്‌ പതുക്കെ പുറജാതികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നു. പ്രവൃ: 16 -ല്‍ പൗലോസ്‌ പതുക്കെ പരിച്ഛേദനയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ പത്രോസും പൗലോസും തമ്മില്‍ അടിപിടികൂടുന്ന കാലത്താണ്‌ തോമായുടെ സുവിശേഷം എഴുതിയതെന്നും ന്യായമായി അനുമാനിക്കാം. അതിനാല്‍ മറ്റു സുവിശേഷങ്ങളും ലൂക്കോസിന്റെ സുവിശേഷത്തിന്റെ തുടര്‍ച്ചയായ അപ്പോ: പ്രവൃത്തികളും എഴുതിയതിനു മുമ്പുള്ള കാലത്താണ്‌ തോമായുടെ സുവിശേഷം എഴുതപ്പെട്ടത്‌ എന്ന്‌ അനുമാനിക്കാം. ഇതിന്റെ ഉത്തമ ഉദാഹരണമാണ്‌ 53-ാം വചനം.
തോമായുടെ 53-ാം വചനത്തില്‍ പരിഛേദനയെക്കുറിച്ച്‌ യേശു വളരെ പരിഹാസത്തോടെ സംസാരിക്കുന്നു എന്നതും ശ്രദ്ധിക്കുക. ക്രിസ്‌തുമതം യഹൂദമതത്തില്‍ നിന്നും വളരെ വ്യത്യസ്‌തമായ തത്വസംഹിത ഉള്ള ഒന്നാണ്‌ എന്നാണ്‌ യേശുവിന്റെ വാക്കുകള്‍ ഇവിടെ സൂചിപ്പിക്കുന്നത്‌. പഴയ നിയമത്തിലെ യഹോവയുടെ തുടര്‍ച്ചയാണ്‌ യേശു എങ്കില്‍ മാത്രമേ പ്രസ്ഥാനമായി നിലനില്‍ക്കുന്ന ക്രിസ്‌തുമതത്തിന്‌ നിലനില്‌പ്‌ ഉള്ളു. എന്നാല്‍ പുതിയ നിയമം തന്നെ പലഭാഗത്തായി ക്രിസ്‌തുമതം തീര്‍ത്തും പുതിയൊരു പ്രസ്ഥാനം എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഈ ആശയത്തെ പിന്‍താങ്ങുന്നതാണ്‌ തോമായുടെ 53-ാം വചനം. ക്രിസ്‌തു പ്രസ്ഥാനം തന്നെ പരസ്‌പര വിരുദ്ധമായ ആശയങ്ങളില്‍നിന്ന്‌ ഉടലെടുത്തതാണ്‌.
തോമായുടെ സുവിശേഷത്തിലും മേരിയുടെ സുവിശേഷത്തിലും ഒരിടത്തുപോലും യേശുവിനെ ക്രിസ്‌തു എന്നോ ദൈവപുത്രനെന്നോ സംബോധന ചെയ്യുന്നില്ല. യേശുപ്രസ്ഥാനങ്ങളിലെ വിഭാഗങ്ങള്‍ ആയ ജ്ഞാനവാദികളും നസ്രായരും പൊതുവെ മനുഷ്യജീവിതത്തിന്റെ മൂലാവസ്ഥയിലേക്ക്‌ തിരികെ പോകുവാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ ലളിതമായ വസ്‌ത്രധാരണവും ജീവിതരീതിയും പാലിച്ചു. സമൂഹത്തിലെ അനീതിയെ വെറുത്തവര്‍, സന്യാസജീവിതം നയിച്ചവര്‍, സ്വന്തമായി സ്വത്തുക്കളില്ലാതെ തലചായിക്കാന്‍ ഇടമില്ലാതെ ദേശാടനം ചെയ്യുന്നവര്‍ എന്നൊക്കെ ഇവരെ വിശേഷിപ്പിക്കാം. ചരിത്രത്തിലെ യഥാര്‍ത്ഥയേശു ഇത്തരത്തിലുള്ള ജീവിതം നയിച്ചവന്‍ ആയിരുന്നു.
തിന്നുക, കുടിക്കുക എന്ന പ്രവണത കാണിക്കുന്ന യേശു പൗരാണിക ദൈവങ്ങളുടെ പകര്‍പ്പാണ്‌. വിണ്ണിന്റെ ദേവന്‍ ഡയനോസിയുസിന്റെ പകര്‍പ്പാണ്‌. നസ്രായനായ യേശു വീഞ്ഞ്‌ വാഴ്‌ത്തുകയില്ല, വാറ്റുകയുമില്ല. അന്ത്യ അത്താഴത്തില്‍ വീഞ്ഞ്‌ വാഴ്‌ത്തിയതും പുറജാതികളുടെ സ്‌നേഹവിരുന്ന്‌ പകര്‍ത്തിയതാണ്‌. ആദിമയഹൂദ ക്രിസ്‌ത്യാനികള്‍ മത്സ്യവും അപ്പവും വീഞ്ഞുമാണ്‌ ഉപയോഗിച്ചിരുന്നത്‌. റോമന്‍ ചക്രവര്‍ത്തിയുടെ പ്രീതി നേടാനാണ്‌ കാനാവിലെ കല്യാണത്തിനും അന്ത്യ അത്താഴത്തിനും വീഞ്ഞ്‌ വാഴ്‌ത്തുന്നത്‌. ഇത്‌ നസ്രയനായ യേശുവിന്റെ കഥയല്ല. പുറജാതി പുരാണങ്ങളിലെ ദൈവങ്ങളുടെ കഥകള്‍ പകര്‍ത്തിയതാണ്‌.
യേശുവിനെ നസ്രായന്‍ എന്നുവിളിക്കുന്നത്‌ നസ്രത്തില്‍ താമസിച്ചതുകൊണ്ടല്ല. മത്തായി പറയുന്നതുപോലെ അവന്‍ നസ്രായന്‍ എന്ന്‌ വിളിക്കപ്പെടും എന്ന പ്രവചനം പഴയ നിയമത്തില്‍ ഒരിടത്തുമില്ല. മത്തായിയുടെ സുവിശേഷങ്ങളില്‍ കാണുന്ന അനേകം വിഡ്‌ഢിത്തങ്ങളില്‍ ഒന്നു മാത്രമാണ്‌ ഇത്‌. (Vol - IV കാണുക). എന്നാല്‍ മത്തായി ഉദ്ദേശിക്കുന്നത്‌ നാസിര്‍വ്രതം സ്വീകരിച്ചവന്‍ എന്ന ഉദ്ദേശത്തില്‍ ആയിരിക്കും. (സംഖ്യ: 6:8) -നാസിര്‍ വ്രതകാലത്ത്‌ അവന്‍ യഹോവക്കു വിശുദ്ധന്‍ ആകുന്നു. യൂഹദ രീതിയിലെ നാസിര്‍ വ്രതവും നസ്രായരും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്‌. യഹൂദരുടെ വ്രതം (സംഖ്യ 6:1-21 ല്‍ വിവരിച്ചിരിക്കുന്നു. മറ്റൊരു ഉദാഹരണമാണ്‌, ശിംശോന്‍ ന്യയപ്രമാണങ്ങള്‍ : 13:5-7 നോക്കുക.) ശിംശോന്‍ എന്ന അതിമാനുഷന്‍ യേശുവിന്റെ പൂര്‍വ്വരൂപം എന്ന്‌ തെളിയിക്കാന്‍ മത്തായി ശ്രമിക്കുന്നെങ്കില്‍ വീണ്ടും മത്തായി വിഡ്ഡിത്വം ആവര്‍ത്തിക്കുന്നു. യേശു നസ്രായവ്രതം അനുഷ്‌ഠിക്കുന്നവനെങ്കില്‍ നസ്രായന്‍ എന്ന്‌ വിളിക്കപ്പെടും. നസ്രായന്‍ എന്ന്‌ വിളിക്കപ്പെടുവാന്‍ നസ്രേത്തില്‍ താമസിക്കേണ്ടതില്ല. യേശുവിന്റെ കാലത്ത്‌ നസ്രേത്ത്‌ എന്ന ഗ്രാമം നിലനിന്നിരുന്നില്ല എന്നാണ്‌ ഗവേഷണം തെളിയിക്കുന്നത്‌. CE -300 കാലഘട്ടത്തിലാണ്‌ നസ്രേത്ത്‌ എന്ന ഗ്രാമം ഉണ്ടായത്‌. മത്തായി പറയുന്ന കഥ പൂര്‍ണ്ണമായും കൃത്രിമമാണ്‌.
യേശുവിന്റെ 18 മുതല്‍ 27 വയസ്സുവരെയുള്ള കാലഘട്ടം തീര്‍ത്തും അജ്ഞാതമാണ്‌. യേശുവിനെക്കുറിച്ച്‌ നമുക്ക്‌ ലഭിക്കുന്ന അറിവ്‌ സുവിശേഷങ്ങളില്‍നിന്നു മാത്രമാണ്‌. 4 സുവിശേഷങ്ങളും വളരെ വ്യത്യസ്ഥനായ യേശുവിനെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. 4 സുവിശേഷങ്ങളില്‍ ഒന്നും തന്നെ യേശുവിന്റെ അജ്ഞാതകാലത്തെകുറിച്ച്‌ ഒന്നും പറയുന്നില്ല. ഈ കാലഘട്ടത്തില്‍ ഈജിപ്‌റ്റിലെ തെറാപുട്ടേകളുടെ കൂടെയോ, എസ്സനികളുടെ കൂടെയോ, സീലോട്ടുകള്‍ - അഥവാ ഇസ്‌കരിയേത്തുകള്‍ എന്നറിയപ്പെടുന്ന വിപ്ലവപ്രസ്ഥാനത്തിന്റെ കൂടെയോ പരിശീലനം നേടിയിരിക്കണം യേശു. സുവിശേഷങ്ങളിലെ യേശു ഈ മൂന്നു പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനരീതിയും തത്വചിന്തയും പ്രദര്‍ശിപ്പിക്കുന്നു. (വിശദാംശങ്ങള്‍ക്ക്‌ Vol -V യേശു എന്ന ചരിത്ര പുരുഷന്‍? വായിക്കുക.)
യേശുവും ഈജിപ്‌റ്റുമായി എന്തോ ബന്ധം ഉണ്ടെന്ന്‌ കേട്ടുകേള്‍വികളിലൂടെ മത്തായി അറിഞ്ഞിരിക്കണം. ഒരു വാക്കോ വചനമോ കഥയോ ലഭിച്ചാല്‍ അത്‌ വലിയ പ്രവചന നിവൃത്തിയാക്കി മാറ്റുക എന്നതായിരുന്നു സുവിശേഷകരുടെ എഴുത്തു ശൈലി. ഈ തന്ത്രത്തില്‍ ഏറ്റവും നിപുണത കാണിക്കുന്നത്‌ മത്തായിയുടെ എഴുത്തുകാരാണ്‌. ഉദാഹരണമാണ്‌ മത്തായിയുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന മിസ്രയിം പലായന കഥ. (Vol - IV കാണുക.) കൃത്രിമ കഥ സത്യമെന്നു തോന്നിക്കാന്‍ മത്തായി പല തന്ത്രങ്ങളും നോക്കുന്നുണ്ട്‌.
യേശുവിന്റെ അജ്ഞാത കാലത്തേക്ക്‌ അല്‌പം വെളിച്ചം വീശുന്ന വാക്യങ്ങള്‍ നോക്കുക
തോമ: 86:- കുറുനരികള്‍ക്ക്‌....
മത്തായി. 8:20:- കുറുനരികള്‍ക്ക്‌....
ലൂക്കോസ്‌ 9: 58 കുറുനരികള്‍ക്ക്‌....
ഈ പ്രസ്ഥാനക്കാര്‍ സാധാരണ കുടുംബജീവിതം ഉപേക്ഷിച്ചിരുന്നു. ആന്തരിക വിശുദ്ധി പാലിച്ചിരുന്നു.
തോമ 55; മത്തായി10:37; ലൂക്കോസ്‌ 14: 26 നോക്കുക.
മര്‍ക്കോസ്‌. 7:15 ; മത്തായി. 5:11; തോമ 14: നോക്കുക. സമൂഹത്തിലെ നിന്ദിതരെയും പീഡിതരെയും അവര്‍ താങ്ങി. ചുങ്കക്കാരുടെകൂടെയും വേശ്യകളുടെ കൂടെയും വിരുന്നു കഴിച്ചു. രോഗിക്കാണ്‌ വൈദ്യനെ കൊണ്ട്‌ ആവശ്യം. തോമ. 54; 69; 68. മത്താ. 5:3. 6:10:11 ലൂക്കോ 6:20-22 നോക്കുക
യേശു ധനസമ്പാദനത്തെ അപഹസിച്ചു. തോമ 63, 95 ലൂക്കോ12: 16-20., 6: 30, 34-35 മത്താ 5:4 എന്നിവ നോക്കുക.
എന്നാല്‍ ഈ ചിന്താഗതിയും ജീവിതരീതിയും പുതിയതല്ലായിരുന്നു. BC - 500 മുതല്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ഭാരതത്തിലും നിലനിന്നിരുന്നു ഇത്‌. പൈതഗോറസില്‍ തുടങ്ങിയ ഈ പ്രവണത മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വ്യാപിച്ചിരുന്നു. ബുദ്ധമത സന്യാസികള്‍ ഈ പ്രദേശങ്ങളില്‍ ബുദ്ധധര്‍മ്മം പ്രചരിപ്പിച്ചതോടുകൂടി അതീന്ദ്രിയചിന്തയുടെയും സന്യാസജീവിതത്തിന്റെയും സുവര്‍ണ്ണ കാലഘട്ടമായി ഇക്കാലം മാറി. ഇന്‍ഡ്യയെ ആക്രമിക്കാന്‍ വന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെപ്പോലും മനം മാറ്റാന്‍ ശക്തമായിരുന്നു ബുദ്ധസന്യാസികളുടെ ജീവിതരീതി. അലക്‌സാണ്ടറുടെ കൊട്ടാരത്തില്‍ നഗ്നനായ ബുദ്ധസന്യാസി താമസിച്ചിരുന്നു എന്നതും ചരിത്രസത്യമാണ്‌.
സുവിശേഷങ്ങളില്‍ കാണുന്ന തത്വചിന്തകള്‍ ഏറിയ പങ്കും ബുദ്ധമതതത്വങ്ങള്‍ ആണ്‌. യേശുവിന്റെ അജ്ഞാതകാലം ഇന്‍ഡ്യയില്‍ ചിലവഴിച്ച്‌ ബുദ്ധതത്വങ്ങള്‍ പഠിച്ചു എന്ന അനുമാനം ഉണ്ടാകാനുളള കാരണവും അതു തന്നെ. ബുദ്ധതത്വം പഠിക്കാന്‍ യേശുവിന്‌ ഇന്ത്യയില്‍ വരേണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം യേശുവിന്റെ കാലത്ത്‌ ബുദ്ധതത്വങ്ങള്‍ ഈജിപ്‌റ്റുവരെയുള്ള ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. യേശു ഇന്ത്യയില്‍ എത്തിയിരുന്നെങ്കില്‍ ഒരിക്കലും തിരികെ പോകുകയില്ലായിരുന്നു. കാരണം ഇന്ത്യന്‍ വേദചിന്തയേക്കാള്‍ ഉപരിയായി യാതൊരു വേദചിന്തയും നിലവില്‍ ഇല്ല. ഈജിപ്‌റ്റിലെ അലക്‌സാണ്ടറിയ പട്ടണത്തിനു സമീപം താമസിച്ചിരുന്ന തെറാപുട്ടേകള്‍ (ഗമനപ്രസ്ഥാനം) തത്വത്തില്‍ ബുദ്ധതത്വങ്ങളുമായി വളരെ സാമ്യം പുലര്‍ത്തുന്നു. തെറാപുട്ടേകളുമായി യേശുവിന്‌ അഭേദ്യബന്ധം ഉണ്ടായിരുന്നു. പലരോഗങ്ങളെയും സുഖപ്പെടുത്തുവാനുള്ള രഹസ്യചികിത്സകള്‍ തെറാപുട്ടേകള്‍ക്ക്‌ അറിയാമായിരുന്നു. കുരിശില്‍നിന്നും ഇറക്കിയ യേശുവിനെ 100 റാത്തല്‍ മരുന്നുകള്‍ പുരട്ടി, ശീലയില്‍ പൊതിഞ്ഞു എന്ന്‌ എഴുതിയിരിക്കുന്നത്‌ തെറാപുട്ടേ ചികിത്സാരീതിയാണ്‌. യേശുവിന്റെ കബറിടത്തില്‍ കണ്ട വെള്ള വസ്‌ത്രധാരികള്‍ തെറാപുട്ടേകള്‍ എന്ന്‌ അനുമാനിക്കാം. (Vol V വായിക്കുക)
പലവിധത്തിലുള്ള സന്യാസസമൂഹങ്ങള്‍ പലവിധ മതങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. വളരെ തീവ്രതയോടെ തുടങ്ങിയ പല സന്യാസപ്രസ്ഥാനങ്ങളും പരിവര്‍ത്തനത്തിലൂടെ ലഘൂകരിക്കപ്പെട്ടതും ചിലത്‌ എന്നേക്കുമായി നശിച്ചതും കാണാം. സന്യാസസമൂഹങ്ങളുടെ തത്വവും ജീവിതരീതിയും കാലഘട്ടങ്ങളിലൂടെ അനേകം പരിവര്‍ത്തനത്തിന്‌ വിധേയമായി. ഇത്തരം രൂപാന്തരം യേശുപ്രസ്ഥാനത്തിലും കാണാം.
മര്‍ക്കോസ്‌ .10: 26-27 മത്തായി.19:25-26, ലൂക്കോസ്‌.18 : 26 - 27 ഇവിടെ യേശുപ്രസ്ഥാനത്തിന്റെ കാഠിന്യം കുറയുന്നു. യേശു 40 ദിവസം ഉപവസിച്ചതും സ്‌നാപക യോഹന്നാന്റെ ജീവിതരീതിയും സന്യാസ ജീവിതത്തിന്റെ ഉദാഹരണമാണ്‌. ഇത്‌ മനുഷ്യനുള്ളതല്ല, ദൈവത്തിനുള്ളത്‌ എന്ന ചിന്താഗതി പ്രചരിച്ചതോടുകൂടി മെഡിറ്ററേനിയന്‍ സന്യാസം ലഘൂകരിക്കപ്പെട്ടു. തീവ്രത ആഗ്രഹിച്ചവര്‍ മരുപ്രദേശങ്ങളിലേക്കും മലഞ്ചെരുവുകളിലേക്കും മാറി താമസിച്ചു. തോമായുടെ രീതിയിലുള്ള യേശുപ്രസ്ഥാനം യേരുശലേമില്‍ നിന്ന്‌ സിറിയന്‍ പ്രദേശത്തേക്ക്‌ നീങ്ങിയതിന്റെ കാരണവും അതാകാം. തീവ്രമായ സന്യാസരീതികള്‍ സിറിയന്‍ പ്രദേശങ്ങളില്‍ വളരെ കാലം നിലനിന്നിരുന്നതായും കാണാം.

തോമാപ്രസ്ഥാനത്തിന്റെ തത്വചിന്തയും
ജീവിതരീതിയും

തത്വചിന്തയുടെ ചരിത്രം നോക്കിയാല്‍ തത്വചിന്തകനെ എന്നും അഭിമുഖീകരിക്കുന്ന ചില സ്ഥിരം ചോദ്യങ്ങള്‍ കാണാം. ലോകം എന്താണ്‌? മനുഷ്യന്‍ എന്താണ്‌? മനുഷ്യന്റെ തുടക്കം എന്ത്‌? അവസാനം എന്ത്‌? മനുഷ്യജീവീതിതത്തിന്റെ അര്‍ത്ഥം എന്ത്‌? ഞാന്‍, ആര്‌, എന്ത്‌, എവിടെ നിന്നു വന്നു? എവിടേക്ക്‌ പോകുന്നു? അങ്ങനെ ചോദ്യങ്ങള്‍ പരസ്‌പരം നീളുന്നു എന്നല്ലാതെ വ്യക്തമായ മറുപടി ഇതുവരെ ലഭിച്ചിട്ടുമില്ല. മതങ്ങളും മതചിന്തകളും പല യുഗങ്ങളിലൂടെ പല മറുപടികള്‍ തന്നു. എന്നാല്‍ ഇവയൊന്നും തന്നെ തൃപ്‌തികരമായ മറുപടികള്‍ അല്ലായിരുന്നു. അതിനാല്‍ സംതൃപ്‌തനല്ലാത്ത മനുഷ്യന്‍ എന്നും പുതിയ അറിവിനെ തേടുന്നു.
നിരാശനായ മനുഷ്യന്‍ ഉത്തരം തേടി അലഞ്ഞു. നമ്മുടെ രക്ഷകനായി വന്നവന്‍ നിന്ദ്യമായ രീതിയില്‍ മരത്തില്‍ തൂക്കപ്പെട്ടു. ``അവര്‍ അവന്റെ ജീവനെപ്പോലും വെറുതെ വിട്ടില്ല, പിന്നെ നമ്മള്‍ എങ്ങനെ അവന്റെ സുവിശേഷം ഘോഷിക്കും (മഗ്‌ദലന മറിയത്തിന്റെ സുവിഷേശം പേജ്‌ 10). പൗലോസ്‌ അതേ ആശയം 1 കൊരി 2:6-8 ല്‍ പരാമര്‍ശിക്കുന്നു. തിന്മയുടെ ലോകം നന്മയുടെ ലോകത്തെ കീഴടക്കുന്നു. ഈ നിരാശയില്‍നിന്നും ഉടലെടുത്തതാണ്‌ തോമായുടെ സുവിശേഷം. 1 കൊരി2:9 - തേജസിന്റെ കര്‍ത്താവിനെ ക്രൂശിച്ച ലോകം വൃര്‍ത്ഥമാണ്‌. അതിനാല്‍ ഈ ലോകത്തെ ത്യജിച്ചാല്‍ മാത്രമെ നിത്യമായ ദൈവരാജ്യം ലഭിക്കുകയുള്ളു. നന്മയുടെ ദിവ്യതേജസുകളിലൂടെ ദര്‍ശിച്ചാല്‍ മാത്രമേ നിത്യമായ ലോകത്തെ കാണുകയുള്ളു. ഈ ദര്‍ശനത്തിന്‌ ആവശ്യമായ വെളിച്ചം പകരുവാന്‍ ദീപശിഖയുമായി യേശു മുന്നോട്ടു നീങ്ങുന്നു. അപ്പോള്‍ സാധാരണ ലോകം എന്താണ്‌ എന്ന്‌ മനസ്സിലാകുന്നു. അപ്പോള്‍ ലോകം മൃതമായത്‌ എന്നു മനസ്സിലാക്കുന്നു. (തോമ. 56; 110; 111; 27)
തോമ പറയുന്നു, ലോകം മേന്മയുള്ളതല്ല. എന്നാലോ ശൂന്യവും ജീവനില്ലാത്തതും ആണ്‌. മൃതമായതും ശൂന്യവുമായ ലോകം യേശുവിന്റെ അനുയായികള്‍ക്കു യോജിച്ചതല്ല. ഈ ലോകത്തിലെ ജീവിതം മനുഷ്യന്‍ അനുഭവിക്കുന്ന നിര്‍ഭാഗ്യം മാത്രമാണ്‌. ഈ അധമലോകത്തെ യേശു ഒരിക്കല്‍ കീഴടക്കും. യേശു അതിനെ നന്മയിലേക്ക്‌ നയിക്കും. ഇത്‌ പൗലോസിന്റെ വേദചിന്തയാണ്‌. തോമായുടെ സുവിശേഷം ഇവിടെ പൗലൂസിന്റെ ചിന്തയില്‍നിന്നും വേര്‍പെടുന്നു. യോഹന്നാന്റെ ചിന്തയോട്‌ ചേരുന്നു.
ഈ ലോകം വെറുക്കപ്പെട്ടതാകുന്നു, (യോഹ. 15:18) അതിനാല്‍ ഈ ലോകം വിട്ട്‌ യേശു മറ്റൊരു ലോകത്തേക്ക്‌ പോകുന്നു. യേശു പിതാവിന്റെ രാജ്യത്ത്‌ അനേകം വാസസ്ഥലങ്ങള്‍ ഒരുക്കുന്നു. യേശു വീണ്ടും വരുന്നു. വിശ്വാസികളെ പുതിയ വാസസ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. (യോഹ. 14: 2-3) യേശുവിനെ സ്വീകരിക്കാത്ത ഈ ലോകത്തെ യേശുവും തള്ളിപ്പറയുന്നു. ഇതേ നിരാശ തോമയുടെ സുവിശേഷത്തിലും പ്രകടമാണ്‌.
യോഹന്നാന്റെ യേശുവും തോമായുടെ യേശുവും ലോകത്തെ മുഴുവന്‍ രക്ഷിക്കാനല്ല വന്നത്‌. വിശ്വസിക്കുന്ന ഏവനെയും രക്ഷപെടുത്തുവാനാണ്‌ വന്നത്‌. ദൈവികജ്ഞാനം കുറെ പകര്‍ന്നു കൊടുത്തിട്ട്‌ തന്റെ അനുയായികളെ കൂടെ കൂട്ടി യേശു മടങ്ങുന്നു. (യോഹ. 7:33-34. തോമ. 38; തോമ 49.)
യോഹ. 17-ാം അദ്ധ്യായം നോക്കുക. വളരെ ദീര്‍ഘമായ പ്രാര്‍ത്ഥന യേശു കാഴ്‌ചവെയ്‌ക്കുന്നു. തോമാവചനം 50 നോക്കുക- മനുഷ്യന്‍ എവിടെ നിന്നു വന്നു, എവിടേക്കു പോകുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയുന്നു. ശിഷ്യര്‍ സ്വയം മനസ്സിലാക്കിയ ജ്ഞാനികള്‍ ആയി മാറുന്നു. അതാണ്‌ ജ്ഞാനവാദ പ്രസ്ഥാനം. (GNOSTICISM) - സ്വയം അറിയുക - മുന്‍പ്‌ പറഞ്ഞതുപോലെ വളരെക്കാലം നിലവിലുണ്ടായിരുന്ന തത്വചിന്താപരമായ ജീവിതരീതിയാണ്‌ ജ്ഞാനവാദപ്രസ്ഥാനം.
ശിഷ്യരെ ജ്ഞാനം ഉള്ളവരാക്കി, മറ്റുള്ളവരെ ജ്ഞാനത്തിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തരാക്കുക എന്നതാണ്‌ ഗുരുക്കന്മാരുടെ ധര്‍മ്മം. ജ്ഞാനദേവതയുടെ മഹത്വത്തിന്റെ തേജസ്സ്‌ പല കാലഘട്ടങ്ങളിലും മൂര്‍ത്തീകരിക്കപ്പെട്ടതാണ്‌. കേരളവും ഭാരതവും ഈ ആചാര്യന്മാരുടെ ജന്മത്താല്‍ അനേകം തവണ അനുഗ്രഹിക്കപ്പെടുകയും ചെയ്‌തു. മതം ഏതായാലും മനുഷ്യന്‍ നന്നാവണം എന്നു നമ്മെ പഠിപ്പിച്ച ആചാര്യന്റെ നാട്ടില്‍ ഇന്നു കാണുന്ന അധഃപതനം വളരെ പരിതാപകരമാണ്‌. വിദ്യാഭ്യാസത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കേരളജനത മതത്തിന്റെയും രാഷ്‌ട്രത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞ്‌ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നത്‌ പുരോഗമനം അല്ല. നാശത്തിലേക്കും കിരാതത്തിലേക്കും ഉള്ള വീഴ്‌ചയാണ്‌. മതമോ, രാഷ്‌ട്രമോ, കോടതിയോ ഉണ്ടാക്കുന്ന പരിഹാരം നിത്യമല്ല. മനുഷ്യന്‍ ഉണരണം. നന്മകള്‍ നിറയണം, സ്‌നേഹവും സാഹോദര്യവും സമൂഹത്തില്‍ നിറയണം. എങ്കില്‍ മാത്രമേ ശ്വാശതപരിഹാരം ലഭിക്കുകയുള്ളു.

(തുടരും......)


തോമായുടെ സുവിശേഷം (അപഗ്രഥനം-1)


തോമായുടെ സുവിശേഷം (അപഗ്രഥനം-2)


തോമായുടെ സുവിശേഷം (അപഗ്രഥനം-3)


തോമായുടെ സുവിശേഷം (അപഗ്രഥനം-4)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക