Image

കെ.പി.സി.സി. യോഗത്തില്‍ പോലീസ് നയത്തിന് വിമര്‍ശം

Published on 04 February, 2012
കെ.പി.സി.സി. യോഗത്തില്‍ പോലീസ് നയത്തിന് വിമര്‍ശം
തിരുവനന്തപുരം: കെ.പി.സി.സി. നേതൃയോഗത്തില്‍ പോലീസ് നയത്തിനെതിരെ വിമര്‍ശം. വിമര്‍ശങ്ങളെ നേരിട്ട പ്രസിഡന്‍റ് രമേശ് ചെന്നിത്തല പോലീസ് ഭരണം ആരെയും ഏല്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കെ. സുധാകരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റുമായി സംസാരിച്ച് തീര്‍ക്കട്ടെയെന്നും യോഗം നിര്‍ദേശിച്ചു. ഔദ്യോഗിക പരിപാടികളുമായി മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.

താന്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചിട്ടില്ലെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചാണ് സുധാകരന്‍ സംസാരിച്ചത്. താന്‍ പത്രസമ്മേളനത്തില്‍ എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് വായിച്ചതെന്നും അത് ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞ് സുധാകരന്‍ കുറിപ്പ് മേശപ്പുറത്തുവെച്ചു. നേതാക്കള്‍ തമ്മില്‍ ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ച സ്ഥിതിക്ക് സുധാകരന്‍ മുഖ്യമന്ത്രിയുമായും പ്രസിഡന്‍റുമായും സംസാരിക്കട്ടെയെന്ന് മറ്റംഗങ്ങള്‍ അഭിപ്രായപ്പെടുകയായിരുന്നു.

പാര്‍ട്ടി വക്താവ് എം.എം. ഹസന്റെ വാക്കുകള്‍ നിയന്ത്രിക്കണമെന്ന് അജയ് തറയില്‍ പറഞ്ഞു. വായില്‍ വരുന്നതെന്തും വിളിച്ചുപറയാന്‍ വക്താവിന് അധികാരമില്ലെന്ന് കേന്ദ്രമന്ത്രിമാരെ കുറ്റപ്പെടുത്തി ഹസന്‍േറതായി വന്ന പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്നാല്‍ വക്താവിന് മാത്രമല്ല പാര്‍ട്ടി ഭാരവാഹികളും മിതത്വം പാലിക്കണമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

പോലീസ് നയത്തിനെതിരെ അബ്ദുള്‍ഗഫൂര്‍ ഹാജിയാണ് രംഗത്തുവന്നത്. ഓരോ ജില്ലയിലും പോലീസ് ഭരണം ആരെയെങ്കിലും ഏല്പിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് രമേശ് ചെന്നിത്തല മറുപടി നല്‍കി. എന്നാല്‍ തന്റെ അനുഭവം അങ്ങനെയല്ലെന്ന് ഹാജി കുറ്റപ്പെടുത്തി. തന്റെയും അനുഭവം ഇതാണെന്ന് പൊന്നാനിയില്‍ നിന്നുള്ള അജയ് മോഹന്‍ പറഞ്ഞു.

ഈ പ്രശ്‌നം കേരളത്തില്‍ ആകെയുള്ളതാണെന്ന് പറഞ്ഞ് കെ. സുധാകരന്‍ ഇടപെട്ട് സംസാരിച്ചു. കഴിഞ്ഞ കെ.പി.സി.സി. യോഗത്തില്‍ താന്‍ ഉന്നയിച്ചതും ഇതേ പ്രശ്‌നമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അതിനായി പോസിറ്റീവായ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍ താനുമായും മുഖ്യമന്ത്രിയുമായും സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഭരണവും പാര്‍ട്ടിയും തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതിയുടെ യോഗം ഉടന്‍ ചേരും. ഏകോപനം കൂടുതല്‍ ശക്തിപ്പെടണമെന്നും യോഗം തീരുമാനിച്ചു. പോലീസ് നയത്തെക്കുറിച്ച് യോഗത്തില്‍ വിമര്‍ശമുണ്ടായില്ലെന്നും കണ്ണൂരിലേത് പ്രാദേശികമായി ഉണ്ടായ പ്രശ്‌നമാണെന്നും രമേശ് പറഞ്ഞു. താനും മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ള ധാരണപ്രകാരമാണ് കോഴിക്കോട്ടെ പരിപാടിക്ക് മുഖ്യമന്ത്രി പോയതെന്ന് പ്രസിഡന്‍റ് പറഞ്ഞു.

കണ്ണൂര്‍ വിവാദമുണ്ടായപ്പോള്‍ താന്‍ മൗനമായിരുന്നുവെന്ന ആരോപണം ശരിയല്ല. മുഖ്യമന്ത്രിയുമായും യു.ഡി.എഫ് കണ്‍വീനറുമായും സംസാരിച്ചശേഷമാണ് താന്‍ പ്രതികരിച്ചത്. തനിക്ക് ഉത്തരവാദിത്വത്തോടെയേ സംസാരിക്കാന്‍ കഴിയൂവെന്നും രമേശ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക