Image

കേന്ദ്രമന്ത്രി പ്രഫുല്‍പട്ടേലിനെതിരെ അഴിമതി ആരോപണം

Published on 04 February, 2012
കേന്ദ്രമന്ത്രി പ്രഫുല്‍പട്ടേലിനെതിരെ അഴിമതി ആരോപണം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രഫുല്‍പട്ടേലിനെതിരെ അഴിമതി ആരോപണം. വ്യോമയാന മന്ത്രിയായിരിക്കെ അദ്ദേഹം ഇന്ത്യയില്‍ ജനിച്ച കാനഡ പൗരനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തല്‍ യു.പി.എ. സര്‍ക്കാറിന് പുതിയ തലവേദനയായി. പ്രഫുല്‍പട്ടേലിന് താന്‍ രണ്ടരലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം ഒരുകോടി 25 ലക്ഷം രൂപ) കൈക്കൂലി നല്‍കിയെന്ന് കാനഡക്കാരനായ നസീര്‍ കരിഗര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

എയര്‍ഇന്ത്യ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ച സുരക്ഷാസംവിധാനത്തിനുള്ള 100 ദശലക്ഷം ഡോളറിന്റെ കരാര്‍ വിദേശകമ്പനിയായ ക്രിപ്‌റ്റോ മെട്രിക്കിന് ലഭിക്കുന്നതിനാണ് പട്ടേലിന് കൈക്കൂലി നല്‍കിയതെന്നാണ് ആരോപണം. എന്നാല്‍ ഈ കരാര്‍ പ്രാവര്‍ത്തികമായില്ല. അതേസമയം പട്ടേല്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. തികച്ചും തെറ്റായ ആരോപണത്തിലേക്ക് തന്റെ പേര്‍ എങ്ങനെയാണ് വലിച്ചിഴച്ചതെന്നറിയില്ലെന്നും ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പട്ടേല്‍ പറഞ്ഞു.

പ്രഫുല്‍പട്ടേലിന് കൈക്കൂലി നല്‍കിയെന്ന കേസില്‍ നസീര്‍ കരിഗറിനെതിരെ കനേഡിയന്‍ പോലീസ് പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചതായി കാനഡയിലെ രണ്ട് പ്രമുഖപത്രങ്ങളില്‍ വാര്‍ത്ത വന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. മുംബൈയിലെ മുന്‍ പോലീസ് കമ്മീഷണര്‍ ഹസ്സന്‍ ഗഫൂറും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.

എയര്‍ഇന്ത്യയുടെ അക്കാലത്തെ സുരക്ഷാ വിഭാഗം മേധാവിയായിരുന്ന ഹസന്‍ ഗഫൂറുമായും ഈ കരാര്‍ ലഭിക്കുന്നതിനായി നസീര്‍ കരിഗര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഗഫൂറുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കരിഗര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി പ്രഫുല്‍പട്ടേല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി.

ബയോമെട്രിക്ക് സംവിധാനത്തിലൂടെ യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള യന്ത്രസംവിധാനത്തിനുള്ള കരാര്‍ എയര്‍ഇന്ത്യയില്‍നിന്ന് കനേഡിയന്‍ കമ്പനിക്ക് നേടിയെടുക്കാന്‍ മന്ത്രിയായിരുന്ന പട്ടേലിനെ കരിഗര്‍ കണ്ടതായി കാനഡയിലെ പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടെ അടുപ്പക്കാരനായ ലക്ഷ്മണ്‍ ധോബ്‌ളെ എന്നയാള്‍ വഴിയാണ് കരിഗര്‍ മന്ത്രിയെ കണ്ടത്. കരാര്‍ സ്വന്തമാക്കാന്‍ മന്ത്രിക്ക് നല്‍കാന്‍ എന്നപേരില്‍ രണ്ടര ലക്ഷം ഡോളര്‍ ഇയാള്‍ ക്രിപ്‌റ്റോ മെട്രിക്‌സ് കമ്പനിയില്‍നിന്ന് നേടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകുമെന്ന ഉറപ്പില്‍ ഇയാള്‍ക്ക് തുക കൈമാറിയതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം മന്ത്രി പട്ടേല്‍ ഈ പണം സ്വീകരിച്ചതായി തെളിവൊന്നുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും കരാര്‍ കനേഡിയന്‍ കമ്പനിക്ക് ലഭിച്ചില്ല.

കരാര്‍ നേടിത്തരാമെന്നു പറഞ്ഞ് തങ്ങളില്‍നിന്ന് രണ്ടരലക്ഷം ഡോളര്‍ കരിഗര്‍ സ്വീകരിച്ചതായി ആരോപിച്ച് ഇയാള്‍ക്കെതിരെ ക്രിപ്‌റ്റോ മെട്രിക്ക് ന്യൂയോര്‍ക്കിലെ കോടതിയില്‍ നിയമനടപടി തുടങ്ങി. കാനഡയിലെ ഒട്ടാവയിലും ന്യൂയോര്‍ക്കിലും, മുംബൈയിലും ഓഫീസുകളുള്ള സ്ഥാപനമാണ് ക്രിപ്‌റ്റോ മെട്രിക്‌സ്. അതേസമയം, പ്രഫുല്‍പട്ടേലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസും എന്‍.സി.പി.യും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക