Image

2 ജി: ചിദംബരത്തിന് എതിരായ ഹര്‍ജിയില്‍ വിധി 12.30 ന്

Published on 04 February, 2012
2 ജി: ചിദംബരത്തിന് എതിരായ ഹര്‍ജിയില്‍ വിധി 12.30 ന്
ന്യൂഡല്‍ഹി: 2 ജി കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹര്‍ജിയില്‍ 12.30 ന് വിചാരണക്കോടതി വിധി പറയും. ചിദംബരത്തിനെതിരായ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

രാവിലെ പത്തിന് കോടതിയിലെത്തിയ സുബ്രഹ്മണ്യന്‍ സ്വാമിയോട് 12.30 ന് വീണ്ടും എത്താന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നിര്‍ദ്ദേശിച്ചു. രാവിലെ കോടതി മുറിയില്‍ പ്രവേശിക്കാന്‍ സ്വാമിയ്ക്ക് മാത്രമാണ് അനുമതി നല്‍കിയത്. 12.30 ന് വിധി പ്രസ്താവിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വിധി ഇന്നുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചിദംബരത്തെ പ്രതിയാക്കണമെന്ന അപേക്ഷ പ്രത്യേക കോടതി തള്ളിയാല്‍ സുബ്രഹ്മണ്യന്‍സ്വാമിക്ക് ഉയര്‍ന്ന കോടതിയെ സമീപിക്കാനാകും. കൂട്ടുപ്രതിയാക്കിയാല്‍ ചിദംബരത്തിനു മേല്‍ രാജിവെക്കാനുള്ള സമ്മര്‍ദം മുറുകും. ടെലികോം മന്ത്രിയായിരുന്ന എ. രാജ ലൈസന്‍സുകള്‍ നല്‍കുന്ന ഒരോ ഘട്ടത്തിലും അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു.

സുപ്രീം കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട സ്വാമി പ്രത്യേക കോടതിയില്‍ ചിദംബരത്തെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിദംബരവുമായി ബന്ധപ്പെട്ട് സി. ബി. ഐ.ക്ക് അന്വേഷണത്തില്‍ ലഭിച്ച എല്ലാ രേഖകളും ഹര്‍ജിക്കാരന് നല്‍കാനുള്ള പ്രത്യേക കോടതിവിധിയും സ്വാമിക്ക് ഗുണകരമായി. സി.ബി.ഐ. ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് എല്ലാം നല്‍കി. പ്രത്യേക കോടതി ജനവരി 21 നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി വിധിപറയാന്‍ ഫിബ്രവരി നാലിലേക്ക് മാറ്റിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക